മഞ്ഞു പെയ്യുന്ന നഗരവീഥിയിൽ (രാജീവ് പഴുവിൽ )

sponsored advertisements

sponsored advertisements

sponsored advertisements

4 March 2023

മഞ്ഞു പെയ്യുന്ന നഗരവീഥിയിൽ (രാജീവ് പഴുവിൽ )

രാജീവ് പഴുവിൽ

നേരം ഇരുട്ടിയിരുന്നു.
മഞ്ഞു പെയ്തു കൊണ്ടിരിക്കുകയാണ്.
ഒപ്പം മഴയും, ശക്തിയായ കാറ്റും.

വിജനമായ വഴിയിലൂടെ ഒരാൾ കുടയും ചൂടി സാവധാനം നടന്നുവരുന്നു.പലയിടത്തും വഴുക്കലുണ്ടെന്ന് തോന്നുന്നു. നടപ്പാതയുടെ അറ്റത്തെത്തി, റോഡ് ക്രോസ്സ് ചെയ്യാൻ അയാൾ ഇടത്തോട്ട് തിരിഞ്ഞു നിന്നു.

വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ചെരിഞ്ഞു താഴേയ്ക്ക് പതിയ്ക്കുന്ന മഞ്ഞു മഴത്തുള്ളികൾ കാണാനാകുന്നുണ്ട്. തൊട്ടു പിന്നിലായുള്ള ഒരു ബോർഡിൽ അവ്യക്തമായി ‘Monk’ എന്നെഴുതിയത് കഷ്ടിച്ച് വായിച്ചെടുക്കാം.

കുറച്ചു നേരം താഴേക്കു നോക്കി ആലോചിച്ചു നിന്ന ശേഷം കാൽ നീട്ടി വെച്ചു മുന്നോട്ടു ചാടി. പക്ഷേ ഒരു കുഴിയിലേക്കു വീണ പോലെ അയാളുടെ പകുതിയും വെള്ളത്തിലാഴ്ന്നു പോയി. താഴെ നിന്നും വെള്ളവും മഞ്ഞും നാലുപാടും തെറിച്ചു. കൈകളിട്ടടിച്ചു പൊന്തി വരാൻ പരാക്രമത്തോടെ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനാവാത്ത വിധം കുറശ്ശേയായി അയാളുടെ കഴുത്തറ്റം വരെ താണു. ഈ കൊടും തണുപ്പിൽ അവിടെക്കിടന്നു മരണത്തിന് കീഴടങ്ങാനോ അയാളുടെ വിധി?
അവസാനമടുത്തറിഞ്ഞ ആ മനുഷ്യൻ
ഉറക്കെ അലറി വിളിയ്ക്കുന്നുണ്ടോ? വീശിയടിയ്ക്കുന്ന കാറ്റിൽ
ആ ശബ്ദം നേർത്തലിഞ്ഞു പോകുന്നുവോ ?

‘ ഗോപിയേട്ടാ, എന്തു പറ്റി? എന്താണ് ഇങ്ങനെ നിലവിളിക്കുന്നത്?” ലേഖ അയാളെ കുലുക്കി വിളിച്ചു

ഗോപീകൃഷ്ണൻ ചാടിയെണീറ്റ് കണ്ണുതുറന്നു ചുറ്റും നോക്കി. താൻ ഭാര്യയോടും മകനോടുമൊപ്പം കിടക്കയിൽ ആണെന്നറിഞ്ഞ് ആശ്വാസത്തോടെ ഒരു നിമിഷം ഇരുന്നു. പിന്നെ പതിയെ പറഞ്ഞു.
“ഒന്നുമില്ല ഞാൻ ഒരു സ്വപ്നം കണ്ടു. ഒരാൾ റോഡിൽ വീണതായി.”

“ഓ.. അത്രയേ ഉള്ളു മനുഷ്യനെ പേടിപ്പിച്ചു ” ലേഖ പറഞ്ഞു.

” എന്തായാലും ഇനിയിപ്പോ എണീക്കാം. ചേട്ടന് നേരത്തെ പോകാലോ?അല്ലാ,ഇന്നിനി പോണോ? നാലു മണിക്കുശേഷം ചെറിയ മഞ്ഞ് ഉണ്ടാവും എന്ന് ഇന്നലെ ന്യൂസ് കണ്ടതല്ലേ?”

അയാളും പോകണമോ എന്ന് ചിന്തിയ്ക്കുകയായിരുന്നു.സ്വപ്നത്തിൽ കണ്ട മഞ്ഞും, വീണു കിടന്നു പിടയ്ക്കുന്ന ആളും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ആരായിരുന്നു അയാൾ ? ആ ബോർഡിൽ ഭാഗികമായി തെളിഞ്ഞു കണ്ട ‘Monk എന്ന വാക്ക്.ചുവന്ന കളറിലാണ് അക്ഷരങ്ങൾ.അതെഴുതിയിരിക്കുന്ന രീതി.എവിടെയോ കണ്ടിട്ടുണ്ടോ? ഓർത്തെടുക്കാനാകുന്നില്ല.

“ഇന്നത്തെ കസ്റ്റമേഴ്സ് മീറ്റിംഗ് മുൻപേ തീരുമാനിച്ചു വെച്ചതാണ്. ഒഴിവാക്കാൻ പറ്റില്ല. പിന്നെ, മഞ്ഞ്. ഒന്ന് രണ്ട് ഇഞ്ച് അല്ലേ പറഞ്ഞിരിക്കുന്നത്? ഒരു തുള്ളി പോലും കാണില്ല. നമ്മൾ ഇതൊക്കെ കുറെ കണ്ടിട്ടുള്ളതല്ലേ?”

ഇറങ്ങുന്നതിനു മുൻപ് അയാൾ ടിവിയിൽ ഒന്ന് കൂടെ കാലാവസ്ഥ നോക്കി. മാറ്റമൊന്നുമില്ല. ഒന്ന് രണ്ട് ഇഞ്ച് തന്നെയാണ് ഇപ്പോഴും പറയുന്നത്. അത് റോഡിൽ വാഹനങ്ങൾ ഓടുമ്പോഴേ ഉരുകി പ്പോകും. മഞ്ഞ് പെയ്തെന്നു തന്നെ തോന്നില്ല.

ഓഫീസിൽ തിരക്കുപിടിച്ച മറ്റൊരു ദിവസമായിരുന്നു.നാലുമണിയോടെ മീറ്റിംഗ് തീർന്നെങ്കിലും അത്യാവശ്യമായ ഒന്ന് രണ്ട് കാര്യങ്ങൾ കൂടെ ചെയ്യാൻ അയാൾ പിന്നെയും ഇരുന്നു. പുറത്ത് ചെറിയതോതിൽ മഞ്ഞു വീണു തുടങ്ങിയത് പിന്നിലെ ജനലിലൂടെ കണ്ടെങ്കിലും കാര്യമാക്കിയില്ല. അവസാനം പണി നിർത്തി എണീറ്റപ്പോൾ സമയം അഞ്ചര. പുറത്ത് ഇരുൾ പരന്നിരിയ്ക്കുന്നു.ജനലിലൂടെ മഞ്ഞു പെയ്യുന്നത് കാണാം. തിരക്കിട്ട് താഴേക്കിറങ്ങി ഓഫീസിനു പുറത്തുവന്നപ്പോൾ അയാൾ അന്തിച്ചു നിന്നു.

ശക്തിയായ മഞ്ഞ്, അതോ ആലിപ്പഴമോ?മഴയുമുണ്ട്.
പോരാത്തതിന് കാറ്റും.

സ്വപ്നത്തിൽ കണ്ടതു പോലെ.

രാജീവ് പഴുവിൽ,ന്യൂജേഴ്‌സി