എവിടെയോ, എന്തോ ഒരു പന്തികേട് (രാജു മൈലപ്രാ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 April 2022

എവിടെയോ, എന്തോ ഒരു പന്തികേട് (രാജു മൈലപ്രാ)


ഒരു ജനപ്രതിനിധി അദ്ദേഹത്തിന്‍റെ ഡ്രൈവറോടൊപ്പം ഒരു ഹോട്ടലില്‍ കയറി ബ്രേക്ഫാസ്റ്റു കഴിച്ചു. വലിയ വിശപ്പൊന്നും ഇല്ലാതിരുന്നതിനാലാവാം അഞ്ച് അപ്പവും രണ്ടു മുട്ടറോസ്റ്റും വീതമേ ഓരോരുത്തരും കഴിച്ചുള്ളൂ. (തെരഞ്ഞെടുപ്പു കാലത്തു സ്റ്റൈല്‍ വേറെയാണ്. തട്ടുകടയില്‍നിന്നും കട്ടന്‍, ദളിതന്‍റെ വീട്ടില്‍ ഊണ്, ആദിവാസി കോളനിയില്‍ കിടപ്പ്).
ബില്ലു വന്നപ്പോള്‍ ജനസേവകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സാധാരണ ആരെങ്കിലും മരിക്കുമ്പോഴാണ് ഇവര്‍ ഞെട്ടാറുള്ളത്. പണ്ടു മുഹമ്മദാലി മരിച്ചപ്പോള്‍ ഒരു മന്ത്രി ഞെട്ടിയ ഞെട്ടല്‍ കണ്ട കേരളീയരുടെ ഞെട്ടല്‍ ഇന്നു മാറിയിട്ടില്ല. ബില്ലിലേക്കു തിരിയെ വരാം. നൂറ്റി എണ്‍പത്തിനാലു രൂപാ – അതും ഒരു മുട്ടയ്ക്ക് വെറും അഞ്ചു രൂപാ മാത്രമുള്ള കേരളത്തില്‍ – ഹോട്ടലുകാരുടെ തീവെട്ടിക്കൊള്ള – അതും ‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന്’ ഘോരഘോരം രാപ്പകല്‍ ഓടിനടന്നു പ്രസംഗിക്കുന്ന ഒരു ജനപ്രതിനിധിയോട് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ!
കൊടുത്തു കംപ്ലയിന്‍റ് കളക്ടര്‍ക്ക്!
ഉത്തരവിറങ്ങി – ഉടന്‍തന്നെ.
ഹോട്ടലുകളിലെ വിലനിലവാരവും ഗുണനിലവാരവും കര്‍ശനമായി പരിശോധിക്കുവാന്‍ –
ജനപ്രതിനിധിയുടെ സമയോചിതമായ ഇടപെടല്‍ ഫലം കണ്ടു.
ഇപ്പോള്‍ മിക്ക ഹോട്ടലുകളിലും പാലപ്പത്തിന്‍റെ കൂടെ മുട്ടറോസ്റ്റു ഫ്രീയാണത്രേ!
ദോശയോടൊപ്പം കിട്ടുന്ന സമ്മന്തിപോലെ!
പോലീസുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ബില്ലുകൊടുക്കുന്നു.
വിവരദോഷികളുള്ള ഒരു നാടായി കേരളം അധപ്പതിച്ചു.
പോയല്ലോ, ഭഗവാനേ!
* * * * *
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി വരുന്നു. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് അദ്ദേഹം സി.പി.എം. കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണു ശിക്ഷണ നടപടി. തോമസ് മാഷ് ആ സെമിനാറില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍, “ഞങ്ങളങ്ങുലത്തിയേനേ” എന്ന മട്ടിലാണു മറ്റുള്ള കോണ്‍ഗ്രസ് നേതാക്കډാരുടെ പ്രതികരണങ്ങള്‍. പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന ആന്‍റണിസാറാണു അച്ചടക്കസമിതിയുടെ അദ്ധ്യക്ഷന്‍. ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും.
പണ്ടെങ്ങാണ്ട് തോമസ്മാഷ് ചിരുത പൊരിച്ചതും കറിവെച്ചതും നെഹ്റു കുടുംബക്കാര്‍ക്ക് കാഴ്ചവെച്ച സ്ഥാനമാനങ്ങള്‍ അടിച്ചുമാറ്റിയെന്നാണ് ഇവരുടെ പരാതി. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ അത് അങ്ങേരുടെ കഴിവ്. അതിനു മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെങ്കില്‍ ഇപ്പോള്‍ അധികാരവുമില്ല, പത്തിന്‍റെ പൈസാ കൈയിലെടുക്കാനുമില്ല. സമീപകാലത്തെങ്ങും അവര്‍ ഇന്ത്യയിലൊരിടത്തും ഭരണത്തിലെത്തുമെന്നു തോന്നുന്നില്ല.
ഭരണം കൈയിലുള്ളവര്‍ക്കുവരെ ഹോട്ടലുകാര്‍ ബില്ലു കൊടുക്കുന്നു. അപ്പോള്‍, പിന്നെ അധികാരമില്ലാത്തവന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
മരിച്ചാലും താന്‍ കോണ്‍ഗ്രസ് വിടില്ല എന്നാണു മാഷ് കട്ടായം പറയുന്നത്. പേഴ്സണലായി പറയുകയാണെങ്കില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലുമില്ലേ ഒരു കോണ്‍ഗ്രസ്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കില്‍ നേതാക്കډാര്‍ തമ്മിലടി തുടര്‍ന്നു പോരുന്നു. സതീശനാണോ ചെന്നിത്തലയാണോ പ്രതിപക്ഷ നേതാവ് എന്ന കാര്യത്തില്‍ ഇന്നും കണ്‍ഫ്യൂഷന്‍. സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുപോലും നേരെ ചൊവ്വേ നടത്താന്‍ പറ്റാത്ത പാര്‍ട്ടി.
ഈ അവസരത്തില്‍ പ്രായവും പക്വതയും ബുദ്ധിയുമുള്ള കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിലേക്കു ചേക്കേറുന്നതാണു നല്ലത്. എന്തെങ്കിലും ബോര്‍ഡു ചെയര്‍മാനോ, കമ്മീഷന്‍ അദ്ധ്യക്ഷ പദവിയോ മറ്റോ കിട്ടിയാല്‍ കയ്ക്കുമോ? വയസുകാലത്ത് മാഷ് പത്തു പുത്തനുണ്ടാക്കട്ടെന്നേ! ആര്‍ക്ക് എന്തു ചേതം? കോണ്‍ഗ്രസില്‍ കിടന്ന് കറങ്ങിയിട്ട് എന്തു ചേതം?
* * * * *
കഴിഞ്ഞ കുറെ നാളായി കേരളത്തില്‍ ഒരു നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു കേസു നടക്കുകയാണ്. വാര്‍ത്തകള്‍ കണ്ടാല്‍ പ്രതികള്‍ തന്നെയാണു കേസ് അന്വേഷിക്കുന്നതെന്നും തെളിവു ശേഖരിക്കുന്നതെന്നും തോന്നിപ്പോകും. ചോദ്യം ചെയ്യലിനു വിളിച്ചാല്‍ “ഇപ്പോള്‍ സൗകര്യപ്പെടില്ല” എന്നാണു മറുപടി. സ്റ്റേഷനിലേക്കു വിളിച്ചാല്‍, “നടക്കുന്ന കാര്യം വല്ലോം പറ സാറേ! മുന്‍കൂര്‍ അനുവാദം വാങ്ങി വീട്ടില്‍ വന്നാല്‍ നോക്കാം” എന്നാണു മറുപടി.
ഈ പോലീസു വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണു കോവിഡുകാലത്ത്, പൊതുജനങ്ങളെക്കൊണ്ട് ഏത്തമിടീച്ചതും പോലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നും പറഞ്ഞ് ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം കുട്ടിച്ചോറാക്കിയതും.
* * * * *
അതൊക്കെ അങ്ങനെ കിടക്കട്ടെ! ഏതായാലും ഇത്തവണത്തെ ഓശാന പെരുന്നാള്‍ വളരെ സമാധാനപരമായി നടന്നു. കുഞ്ഞാടുകളേക്കാള്‍ കൂടുതല്‍ പോലീസുകാരെ പങ്കെടുപ്പിച്ചതില്‍ പിതാക്കډാര്‍ക്ക് അഭിമാനിക്കാം.
യേശു തമ്പുരാന്‍ ഒരു കഴുതയെ തന്നെ തന്‍റെ വാഹനമായി തെരഞ്ഞെടുത്തത് എന്തിനായിരിക്കാം?
ഇനി ദുഃഖവെള്ളിയാഴ്ച വരുന്നു –
യഹൂദർ ക്രിസ്തുവിനെ ഒരുതവണ മാത്രമേ ക്രൂശിച്ചുള്ളൂ… സത്യക്രിസ്ത്യാനികള്‍ ദിനംപ്രതി ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു.
എല്ലാവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!

രാജു മൈലപ്രാ