ശർക്കരപ്പായസം (കവിത -രാജി പ്രസാദ് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 May 2022

ശർക്കരപ്പായസം (കവിത -രാജി പ്രസാദ് )

അറിയാമോ ?
ഒരുവൾ നിത്യവും
മരിക്കാൻ പോകുമായിരുന്നെന്ന് ..
മാധവേട്ടന്റെ കടേലെ
പറ്റു ബുക്കിലെഴുതിച്ച്
ഒരു കുപ്പിവെള്ളവും
ഒരു കൂട് മിക്സ്ചറും
കയ്യിൽ കരുതിയിരുന്നെന്ന്.
മരണത്തിലെങ്കിലും മക്കൾ
വിശക്കാതിരിക്കണമെന്ന്
അവൾ ആശിച്ചു പോയെന്ന്
നാലുവയസ്സുള്ള പെൺകുഞ്ഞിനെ
മുന്നിൽ നടത്തി
രണ്ടാം ചെറുക്കനെ
ഒക്കത്തിരുത്തി
ഇളയ കുഞ്ഞിനെ
പിടിച്ചു നടത്തി
നിത്യവും അവൾ മരിക്കാൻ
പോയിരുന്നെന്ന് .
വഴുവഴുത്ത വരമ്പത്ത്
അപ്പോഴുമുണ്ടായിരുന്നു
ഞണ്ടിൻ മാളങ്ങൾ
നീർക്കോലി പാടുകൾ
നടീലിനെത്തുന്ന പെണ്ണുങ്ങളുടെ
കലപില ശബ്ദങ്ങൾ
അവരോടവൾ പറഞ്ഞുവെന്ന്
സഹിക്കുന്നതിനും ഒരതിരുണ്ടെന്ന്.
കരഞ്ഞു മടുത്ത മനസ്സിന്
ഇനിയൊന്നും ആവില്ലെന്ന് .
ആറ്റിലെ വെള്ളത്തിന്റെ
മരണക്കുതിപ്പിലേയ്ക്ക്
മക്കളെ എറിഞ്ഞിട്ട്
കൂടെച്ചാടണമെന്ന്.
ഇന്നവൾ
ആ കഥ പറഞ്ഞ്
കണ്ണീർ വാർത്ത് ചിരിച്ചപ്പോൾ
ഞാനറിയാതെ ചോദിച്ചു പോയ്
എന്തേ നീ അന്ന്
മരിക്കാഞ്ഞതെന്ന്??
അവളുടെ മറുപടി കേട്ട്
ഞാനും ചിരിച്ചു.
കുട്ടികൾ പറഞ്ഞത്രേ
മുത്യമ്മ , ശർക്കരപ്പായസം
വെച്ചു തരുമെന്നാണയിട്ടെന്ന്.
അതു കൂടിച്ചിട്ട് ചത്താൽ
മതിയെന്ന്.
അങ്ങനെയവൾ
കുട്ട്യോളേം കൊണ്ട്
തിരിച്ചു നടന്നുവെന്ന് ..