വേവേറിപ്പോയ ചോറ് (കവിത -രാജി പ്രസാദ്)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 April 2022

വേവേറിപ്പോയ ചോറ് (കവിത -രാജി പ്രസാദ്)

അന്നു രാത്രിയിൽ …
ഭാരമൊഴിഞ്ഞുവെന്നച്ഛൻ
സ്വന്തം നെഞ്ചിനെ തൊട്ടു തലോടുന്നു.
കൈസഹായത്തിനാരുമില്ലിനി – യെന്ന്
അടുക്കളയിലേയ്ക്കമ്മ
മിഴി പായിക്കുന്നു
വന്നോരും നിന്നോരുമിട്ടു മാറിയ
തുണിക്കൂമ്പാരം നനച്ചുണക്കാൻ
ആളെത്തെരയണമെന്നച്ചമ്മ പതം പെറുക്കുന്നു
ഇട വഴിയോളം അടിച്ചു വാരാൻ
ഒരു പെണ്ണിനേം കൂട്ടണമെന്നച്ഛൻ
പൊറുപൊറുക്കുന്നു.
എല്ലാറ്റിനും കൂടി കാശെവിടെ എന്നും
പറയുന്നുണ്ട് മൗനമായിട്ടാരോ..

പത്തിൽ തോറ്റോൾക്ക് കച്ചോടക്കാരനെ
കിട്ടിയതുതന്നെ ഭാഗ്യമെന്നു മൊഴിയുമ്പോളും
അവളുടെ വിരൽത്തുമ്പുകൾ
പാത്രം മോറി ചോര പൊടിച്ചതവരറിഞ്ഞില്ലല്ലോ …
തുണി നനച്ചും പിഴിഞ്ഞും, പത്തിൽ
തോറ്റോൾക്ക് നടുപറിയുന്ന
വേദന വന്നതും
അമിതാർത്തവത്താൽ ഉടൽ
പിടഞ്ഞതും , അടുക്കള മുറ്റത്തെ
അഴ നിറഞ്ഞതും
പത്തിൽ തോറ്റതിന്റെ പ്രതിഫലമാകുന്നത്രേ..

കിടന്നുറങ്ങുമ്പോൾ സ്വപ്നവരാത്തവൾ
മുടിമിനുക്കാത്തോൾ
പുതിയ വേഷങ്ങളണിയാനറിയാത്തോൾ
ഭാഗ്യമല്ലേ കച്ചോടക്കാരന്റെ ഭാര്യാപദവി
അലങ്കരിച്ചീടുവാൻ..

പ്രായമായോരച്ഛനുമമ്മയുo
രണ്ടനിയൻമാരും മാത്രം
എന്താണവൾക്ക് അവിടൊരു കുറവെന്നച്ചമ്മ വേലിക്കൽ നിന്നു
പയ്യാരം പറയുന്നു.

ഇതിലുമേറെ പാത്രംമോറി ഉടൽ തളർന്നെന്നും
പുകയടുപ്പിലെ പച്ച വിറകുപോലവൾ
പുകഞ്ഞുകത്തുന്നുവെന്നും
അമിതാർത്തവത്താൽ പിന്നിൽ
ചോരപ്പൂവുകൾ വിരിഞ്ഞെന്നും
അടുക്കളപ്പടിയിലവൾ തലചുറ്റി വീണു
വെന്നും …

അല്ലെങ്കിലുമവൾ വേവേറിപ്പോയ
ചോറു പോലെയെന്ന് അടുക്കളപ്പൂച്ച
മിഴിയടയ്ക്കുന്നു.