കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ കലക്കി (രാജു മൈലപ്ര)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 September 2022

കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ കലക്കി (രാജു മൈലപ്ര)

രാജു മൈലപ്ര

സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചുവരെ മെക്സിക്കോയിലെ കാന്‍കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ അരങ്ങേറിയ ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും അവിസ്മരണീയമായി.
അദ്ഭുതങ്ങള്‍ കാഴ്ചവെക്കുന്ന ഒരു കണ്‍വന്‍ഷനാണ് ഭാരവാഹികള്‍ വാഗ്ദാനം ചെയ്തത്. അത് ഏറെക്കുറെ ഭംഗിയായി നിറവേറ്റിയതില്‍ അവര്‍ക്ക് അഭിമാനിക്കാം.
ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം, ഏറ്റവുമധികം ഡെലിഗേറ്റ്സ്, ഒന്നര മില്യനോളം വരുമാനം.
ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു മഹാദ്ഭുതം കാണാം- ഈ കണ്‍വന്‍ഷന്‍ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ച കണക്ക്.
ഭാരവാഹികള്‍ പറഞ്ഞതുപോലെ കാന്‍കൂണ്‍ എയര്‍പോര്‍ട്ടില്‍ അതിഥികളെ സ്വീകരിക്കുവാന്‍ ‘ഫോമ’ ഏര്‍പ്പാടാക്കിയ ബസ് സര്‍വീസ് ഉണ്ടായിരുന്നു- റിസോര്‍ട്ടില്‍നിന്നു തിരിച്ചു എയര്‍പോര്‍ട്ടിലേക്കും. ആ ചുമതല ഏറ്റെടുത്ത ടീം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
താമസിക്കുവാനുള്ള മുറികള്‍ അതിവിശാലമായ റിസോര്‍ട്ട് കോമ്പൗണ്ടില്‍ ചിതറിക്കിടന്നത് ഒരു പോരായ്മയായി തോന്നി. ഇതുപോലെയുള്ള കണ്‍വന്‍ഷനുകള്‍ നടത്തുവാന്‍, വെക്കേഷന്‍ റിസോര്‍ട്ടുകളേക്കാള്‍ നല്ലത്, വലിയ ഹോട്ടലുകളോടു ചേര്‍ന്നുള്ള കണ്‍വന്‍ഷന്‍ സെന്‍ററുകളാണ് കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു.
‘കാന്‍കൂണ്‍’ എന്നു പറഞ്ഞാല്‍ മെക്സിക്കന്‍ ഭാഷയിലെ ഏതോ തെറിയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്.
റൂമില്‍ ചെന്നു കയറിയപ്പോഴും ഒരു വലിയ സര്‍പ്രൈസ് മുറിയുടെ ഒത്ത നടുവിലായി ഒരു മറയുമില്ലാതെ ‘ജക്കുസി’- ഒരു ആവേശത്തില്‍ അതില്‍ കയറി കുളിച്ച പലര്‍ക്കും പിന്നീട് തിരിച്ചു കയറുവാന്‍ ‘ഹൗസ് കീപ്പിംഗി’നെ വിളിക്കേണ്ടി വന്നു,
‘പത്തു പതിനഞ്ചു കൊല്ലത്തിനു ശേഷമാ അവളെ ഇങ്ങനെയൊന്നു കാണുന്നത്- കുറച്ചു തടി വെച്ചിട്ടുണ്ടെന്നു തോന്നുന്നു.’ ഒരു രസികന്‍ ലോബിയിലിരുന്നു സുഹൃത്തിനോടു പറയുന്നതു കേട്ടു.
ഭാരവാഹികള്‍ പറഞ്ഞതുപോലെ ഇരുപത്തിനാലു മണിക്കൂറും ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള മദ്യവും- ‘വന്ന് അര്‍മാഭിക്കുക’ എന്ന ബ്ലോഗന്‍ അങ്ങിനെ അന്വര്‍ത്ഥമായി.
യേശുക്രിസ്തു വെള്ളത്തിനു മുകളില്‍ക്കൂടി ഒരു തവണയേ നടന്നുള്ളു. എന്നാല്‍ അതൊക്കെ എന്ത്? കഴിഞ്ഞ മൂന്നു ദിവസം നമ്മുടെ സുഹൃത്തുക്കള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകാണ്. നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ പലരും അവരുടെ റൂം തപ്പി നടക്കുന്നതു കണ്ടു.
കണ്‍വന്‍ഷന്‍റെ രണ്ടാം ദിവസം ഒരാള്‍ റിസോര്‍ട്ടിന്‍റെ റിസപ്ഷന്‍ ഏരിയായില്‍ നില്‍ക്കുന്നതു കണ്ടു- കയ്യില്‍ കാരി-ഓണ്‍ ബാഗുമുണ്ട്.
‘എങ്ങോട്ടാ തോമാച്ചാ അതിരാവിലെ?’
‘ഞാന്‍ കാന്‍കൂണിനു പോകുവാ- ഇങ്ങേരു വരുന്നില്ലേ?’ തലേന്നത്തെ കെട്ടിറങ്ങാത്ത തോമാച്ചന്‍, കാന്‍കൂണിനു പോകുവാന്‍ ചെക്കിന്‍ ചെയ്യുവാനായി കെന്നഡി എയര്‍പോര്‍ട്ടില്‍ നില്‍ക്കുവാണെന്നാണു ധരിച്ചിരിക്കുന്നത്.
റൂം സര്‍വീസും, റസ്റ്റോറന്‍റുകളുമൊക്കെ മികച്ചതായിരുന്നു. എന്നാല്‍ ഇന്‍ഡ്യന്‍ ഫുഡ് ലഭിക്കുന്ന ഏക സ്ഥലമായ ‘ആഗ്രാ റെസ്റ്റോറന്‍റ്’ ഏതോ അതിബുദ്ധമാനായ ഭാരവാഹി തന്‍റെ സ്വന്തക്കാര്‍ക്കുവേണ്ടി ഒരാഴ്ചത്തേക്കു കംപ്ലീറ്റ് ബുക്കു ചെയ്തുകളഞ്ഞു. സാരമില്ല- ഇന്‍ഡ്യക്കാരായ നമ്മള്‍ ഇന്‍ഡ്യന്‍ ഫുഡിനോട് അത്ര ആര്‍ത്തി കാണിക്കേണ്ട കാര്യമൊന്നുമില്ല. (എങ്കിലും ആ മീന്‍ മപ്പാസും മസാല ദോശയും).
ഉദ്ഘാടനത്തിന് തിരിതെളിക്കുന്നത് സാധാരണ നാലോ അഞ്ചോ വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ്. എന്നാല്‍ ഈ അടുത്തകാലത്തു നടക്കുന്ന മലയാളി സമ്മേളനങ്ങളില്‍ തിരി തെളിക്കുവാന്‍ ഒരു അന്‍പതു പേരെങ്കിലും കാണും. ആരും വിട്ടുകൊടുക്കുകയില്ല.
ഉദ്ഘാടകനായ ബഹുമാനപ്പെട്ട മന്ത്രി പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തി. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറു തുറന്നു വിട്ടതുപോലെ കാസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള പഞ്ചായത്തുകളുടെ പേര് ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്‍റെ ലാഘവത്തോടെ ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞ് അദ്ദേഹം സദസ്യരുടെ കൈയടി വാങ്ങി.
പക്ഷേ പിന്നീടു നടന്ന പല പരിപാടികളും നാഥനില്ലാ കളരി പോലെയായി. എല്ലാ പരിപാടികളിലും ‘ലാഗ്’ പ്രകടമായിരുന്നു. വിശാലമായ ഓഡിറ്റോറിയം പലപ്പോഴും വേദികളില്‍ പെര്‍ഫോം ചെയ്യുന്നവരില്‍ മാത്രമായി ഒതുങ്ങി. പല പരിപാടികളുടെ ‘അബ്റപ്റ്റ്’ ആയി നിര്‍ത്തേണ്ടി വന്നു.
ഒരു കണ്‍വന്‍ഷന്‍റെ വിജയ പരാജയങ്ങളുടെ അളവുകോല്‍ സമാപന സമ്മേളനവും ബാങ്ക്വറ്റുമാണ്. ഭാരവാഹികള്‍ അവകാശപ്പെട്ടതുപോലെ, ഇതൊരു കുടുംബസംഗമമായി.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അഞ്ചുപേരുടെയും ജനനം മുതല്‍ ഇതുവരെയുള്ള ചരിത്രം, വീഡിയോ ക്ലിപ്പിംഗിലൂടെ പ്രദര്‍ശിപ്പിച്ചു. കൂട്ടത്തില്‍ വിട്ടുപോയെങ്കിലും ഇടയ്ക്കാരോ വന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍റെ ജീവചരിത്രവും കാന്‍വാസില്‍ കാണിച്ചു. ആത്മപ്രശംസ അധികമായാല്‍ തികച്ചും അരോചകമാണ്.
കാണികള്‍ ഹര്‍ഷപുളകിതരായി രോമാഞ്ചമണിഞ്ഞുപോയി. ഈ പാതകത്തിനു മാത്രം ഏതാണ്ട് ഒരു മണിക്കൂറോളം സമയമെടുത്തു.
പിന്നീട് ഈ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട എല്ലാവരേയും ഒന്നിനു പിറകെ ഒന്നായി സ്റ്റേജില്‍ വിളിച്ചു കയറ്റി. ഒരു പൊന്നാട കൊണ്ട് എഴുപതു പേരെയെങ്കിലും മാറി മാറി പുതപ്പിച്ചു. എല്ലാവര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുത്തു.
ഏഴു തിരിയുള്ള നിലവിളക്കില്‍ എഴുപതു പേരെങ്കിലും തിരിതെളിയിച്ചു കാണണം.
കത്തിക്കും – കെടുത്തും-
കത്തിക്കും – കെടുത്തും-
ഓരോന്നു കഴിയുമ്പോഴും ഫോട്ടോ സെക്ഷന്‍.
ഇങ്ങനെയുള്ള അവസരങ്ങളില്‍ ഫോട്ടോ എടുക്കുന്നതല്ലാതെ, പിന്നീട് അതാരെങ്കിലും കണ്ടതായി എന്‍റെ അറിവിലില്ല. ഫോട്ടോയില്‍ മുഖം പതിയാനുള്ള തള്ളിക്കയറ്റം കാണുമ്പോള്‍, സത്യത്തില്‍ സങ്കടമാണു വരുന്നത്.
ഇതിനിടയില്‍ ഹാളിന്‍റെ ഒരു വശത്ത് ‘ബുഫെ ‘ ഓപ്പണ്‍ ചെയ്തു. ഫുഡ് എന്നു കേട്ടാല്‍ മലയാളികള്‍ വെറുതെയിരിക്കുമോ? സ്റ്റേജില്‍ എന്ത് കുന്തമെങ്കിലും നടക്കട്ടെ, ആഹാരമാണല്ലോ മുഖ്യം.
ഫൊക്കാനാ, ഫോമാ മുതലായ ദേശീയ സംഘടനകളിലെ ബാങ്ക്വറ്റ് നൈറ്റില്‍ സാധാരണ ഒരു ‘സിറ്റ് ഡൗണ്‍ ഡിന്നറാണു’ പ്രതീക്ഷിക്കുന്നത്.
സാലഡ്, സൂപ്പ്, ബ്രഡ്, ആപിറ്റൈസേഴ്സ്.
മെയിന്‍ കോഴ്സ്- ചിക്കന്‍, ഫിഷ്, ബീഫ്.
ഡെസേര്‍ട്ട് ആന്‍ഡ് കോഫി.
ദോഷം പറയരുതല്ലോ – ഹാളില്‍ ഇരുവശത്തും ഫുള്‍ബാര്‍ ഉണ്ടായിരുന്നു.
പതിവിനു വിപരീതമായി, അവിടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ പ്രസംഗം ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവിടെ നാലുവാക്ക് ‘നേരെ ചൊവ്വേ’ പറയുവാന്‍ കഴിവുള്ളവര്‍ ആരും ഉണ്ടായിരുന്നില്ല എന്നുള്ളതാണു സത്യം.
ബാഹുമാനപ്പെട്ട തച്ചങ്കരി സാറിനെയും ഡയറക്ടര്‍ കെ. മധുവിനെയും മറ്റും ക്ഷണിച്ചതിന്‍റെ പിന്നിലെ യുക്തി എന്താണാവോ? കുറച്ചുപേര്‍ക്ക് ട്രോഫി വിതരണം ചെയ്യുന്ന ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു.
അവാര്‍ഡുകളുടെ പെരുമഴ പെയ്ത രാവായിരുന്നു. അവാര്‍ഡുകള്‍ വാരിക്കോരി കൊടുക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കുന്ന അവാര്‍ഡിന്‍റെ പ്രസക്തി പോലും അപ്രസക്തമാകും.
അടുത്തതായി കാണികള്‍ ആകാംക്ഷാഭരിതരായി കാത്തിരുന്ന ഗാനമേള ആരംഭിക്കുകയായി. മലയാളത്തിന്‍റെ പ്രിയഗായകന്‍, നമ്മള്‍ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം ശ്രീക്കുട്ടന്‍, ഇന്‍ഡ്യയിലെ മികച്ച ഗായകനുള്ള അവാര്‍ഡു നേടിയ എം.ജി. ശ്രീകുമാറിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ വേദിയിലേക്കു ക്ഷണിക്കുന്നു. ഒരു വലിയ കൈയടികൊണ്ട് നമുക്ക് അദ്ദേഹത്തെ വരവേല്‍ക്കാം. പിന്നേ, ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴല്ലേ കൈയടി? ‘ഹൃദയത്തിന്‍റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നു, ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു’ എന്ന വാക്കുകളാണ് പ്രസംഗകര്‍ ഏറ്റവുമധികം ഉപയോഗിച്ചത്. ആരു കണ്ടുപിടിച്ചതാണെങ്കിലും, കുറേപ്പേര്‍ അത് ഏറ്റെടുത്തിട്ടുണ്ട്.
ശ്രീക്കുട്ടന്‍റെ ‘ഗാനമേള’ ഗംഭീരമായിരുന്നു. ഉപ്പിനുപോലും അകമ്പടി സേവിക്കുവാന്‍ ഒരു ഓര്‍ക്കസ്ട്രക്കാരന്‍ ഉണ്ടായിരുന്നില്ല.
താന്‍ ആദ്യം പാടിയ പാട്ട്, സിനിമയില്‍ ആദ്യം മൂളിയ പാട്ട്, എന്നെ ഞാനാക്കിയ പാട്ട് എന്നിങ്ങനെ എങ്ങും തൊടാതെ കുറേ പാട്ടുകളുടെ ഏതാനും വരികള്‍ പാടി. പരിപാടി പാളുന്നുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ഈ അപമാനം തനിയെ ഏല്‍ക്കണ്ടായെന്നു കരുതിയായിരിക്കാം, അദ്ദേഹം ബഹുമാനപ്പെട്ട ‘ഗായിക കം എംഎല്‍എ’ ദലീമജീയേയും സ്റ്റേജിലേക്കു ക്ഷണിച്ചു.
‘ഞാന്‍ പാടിയ ഈ തെന്നലും…. എന്ന പാട്ടു വേണോ, അതോ ആ തെന്നലും…. എന്ന പാട്ടു വേണോ?’ എന്ന് ബഹുമാനപ്പെട്ട എംഎല്‍എ സദസ്യരോടു ചോദിച്ചു. ‘പിന്നേയ്, ദലീമ പാടിയ പാട്ടുകളൊക്കെ ഓര്‍ത്തിരിക്കയല്ലേ?’ എന്ന് ആരോ വിളിച്ചു കൂവി. ടോമിന്‍ തച്ചങ്കരി സാറും ഗാനമേള ട്രൂപ്പില്‍ പങ്കുചേര്‍ന്നു.
‘കുട്ടന്‍ എനിക്കുവേണ്ടി പാടിയ ആദ്യത്തെ പാട്ട് ഓര്‍ക്കുന്നുണ്ടോ?’
‘പിന്നെ, ഞാനെങ്ങനെ മറക്കാനാ.’
‘അലകടലില്‍ വലയെറിയും മുക്കുവരേ-‘ എന്ന പാട്ടല്ലേ.
അതിനു പിന്നാലെ തച്ചങ്കരി സാറു രസകരമായ ഒരു സംഭവവും പറഞ്ഞു.
ആ പാട്ടിന്‍റെ ഗാന ചിത്രീകരണത്തിന് കുട്ടന്‍ വന്നത് കുട്ടിയുടുപ്പും, ടൈറ്റ് ജീന്‍സുമിട്ടു കൊണ്ടാണത്രേ! മുക്കുവന്‍റെ വേഷം. ഏതായാലും അവിടെക്കണ്ട ഒരുത്തന്‍റെ തുണി പറിച്ച് കുട്ടനെ മുക്കുവനാക്കി.
ഈ കഥ കേട്ട ജനം ചിരിച്ചു വശക്കേടായി- എന്തൊരു സെന്‍സ് ഓഫ് ഹ്യൂമര്‍! നെപ്പോളിയന്‍ എന്ന പ്രശസ്ത തമിഴ് സിനിമാ താരവും പലതവണ സ്റ്റേജില്‍ കയറി ഇറങ്ങി. ‘മുണ്ടക്കല്‍ ശേഖരന്‍’ എന്ന വിശേഷണം പലതവണ മുഴങ്ങി- അദ്ദേഹവും ഒരു ഗാനത്തില്‍ കൈവെച്ചു.
ആദ്യ ദിവസത്തില്‍ തിളങ്ങിയ സുരാജ് വെഞ്ഞാറമ്മൂട്, അവസാനമായപ്പോഴേക്കും ആവര്‍ത്തന വിരസതയിലേക്കു വഴുതി വീണു.
എങ്കിലും, എന്തെങ്കിലും ഒന്ന് ഓര്‍ത്ത് വെക്കുവാന്‍ ഉള്ളത് സുരാജ് വെഞ്ഞാറമ്മൂടിന്‍റെ പെർഫോമൻസ് മാത്രമാണ്.
‘ചിരിയരങ്ങിനെ’പ്പറ്റി ഒരു വാക്ക്- അതിന്‍റെ ചുമതല എന്നെയാണ് ഏല്‍പ്പിച്ചത്. രാവിലെ പത്തര മുതല്‍ പതിനൊന്നുവരെ- അതിനു തൊട്ടുമുന്‍പേ മീഡിയാ സെമിനാര്‍, വിമന്‍സ് എംപവര്‍മെന്‍റ്, പിന്നാലെ ബിസിനസ് ലഞ്ച്. പരിപാടിക്കു കണ്ടെത്തിയ റൂമില്‍ മൈക്കുമില്ല, വെളിച്ചവുമില്ല. പലരും എന്നോടു പരിപാടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും സത്യത്തില്‍ ഭാരവാഹികള്‍ ആ പരിപാടി അത്ര കാര്യമായി എടുത്തിട്ടില്ലെന്ന് എനിക്കു മനസ്സിലായി.
‘ചിരിയരങ്ങ്’ നടക്കാഞ്ഞത് നന്നായി. അതു നടന്നിരുന്നെങ്കില്‍ത്തന്നെയും പ്രത്യേകിച്ചൊരു ഗുണവും ആര്‍ക്കും ഉണ്ടാകുമായിരുന്നില്ല. ‘ചിരിയരങ്ങിനു’ പകരം അയാള്‍ വന്ന് ‘തെറിയരങ്ങു’ നടത്തി എന്നു പേരുദേഷം ഒഴിവായിക്കിട്ടി- ഭാരവാഹികള്‍ക്കു നന്ദി.
വാശിയേറിയ ഒരു തെരഞ്ഞെടുപ്പു മത്സരമായിരുന്നു ഇത്തവണ നടന്നത്. പണം ഒഴുകുകയായിരുന്നു എന്നാണു കേട്ടത്. പത്തു പൈസാ ഈയുള്ളവനു തടഞ്ഞില്ല- സാരമില്ല. പോട്ടെ! ഫോമാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസിനും മറ്റു ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍!