ഓണമാഘോഷിക്കാം….പക്ഷേ, പള്ളികളില്‍ വേണ്ടാ (രാജു മൈലപ്ര)

sponsored advertisements

sponsored advertisements

sponsored advertisements

14 September 2022

ഓണമാഘോഷിക്കാം….പക്ഷേ, പള്ളികളില്‍ വേണ്ടാ (രാജു മൈലപ്ര)

കുര്‍ബാനാനന്തരം പതിവുപോലെ അറിയിപ്പുകള്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഇന്ന് ഓണാഘോഷമാണെന്നും അതിനോടനുബന്ധിച്ച് ഓണസദ്യ ഉണ്ടായിരിക്കുമെന്നും അതിന്‍റെ ചെലവിലേക്കായി ഓരോ വീട്ടുകാരും സംഭാവന നല്കണമെന്നും അറിയിച്ചു.ഇന്ന് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചത് നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളാവസ് തിരുമേനിയാണ്.
ഓര്‍ത്തഡോക്സ് പള്ളികളില്‍ ഓണാഘോഷങ്ങള്‍ നടത്തുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മറ്റു ജാതിമതസ്ഥരുടെ ആചാരങ്ങളും ആഘോഷങ്ങളും പള്ളികളിലും അതേപടി അനുകരിക്കുന്നത് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാല്‍ ഓണദിവസം പള്ളികളില്‍
‘പരിശുദ്ധന്മാരെ നിങ്ങള്‍
പ്രാര്‍ത്ഥിപ്പിന്‍ മാവേലിയോടായ്’ എന്ന് ചില ഗീതങ്ങള്‍ തിരുത്തിയെന്നും വരാം.
സാംസ്കാരിക സംഘടനകള്‍ നടത്തുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അത് ഓര്‍ത്തഡോക്സ് പള്ളികളില്‍ കുര്‍ബാനാനന്തരം ആഘോഷിക്കുന്നതിനോടാണ് തനിക്കു വിയോജിപ്പുള്ളതെന്നും അഭിവന്ദ്യ നിക്കോളാവസ് തിരുമേനി പ്രസ്താവിച്ചു.അമേരിക്കന്‍ പള്ളികളില്‍ ഓണമാഘോഷിക്കുവാന്‍ തുടങ്ങിയത് ചില നേതാക്കന്മാർക്ക് ഇവിടെയുള്ള കലാ-സാംസ്കാരിക സംഘടനകളോടുള്ള അലര്‍ജി മൂലമാണെന്നു ഞാന്‍ കരുതുന്നു.
അസോസിയേഷന്‍ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചിലര്‍ അസോസിയേഷന്‍ നടത്തുന്ന പരിപാടി പൊളിക്കുവാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു വളഞ്ഞവഴിയായിരുന്നു ആദ്യകാലങ്ങളില്‍ ഇത്. പിന്നീട് ഇത് ഒരു ആചാരമായി, സമാജങ്ങള്‍ ഓണം നടത്തുന്ന അതേ സമയം തന്നെ തെരഞ്ഞെടുത്ത് ഓണസദ്യ നല്കുന്ന സംഭവങ്ങള്‍ പതിവാണ്.
കേരളീയ രീതിയില്‍ സ്ത്രീകള്‍ സെറ്റുടുത്തും പുരുഷന്മാർ മുണ്ടും ജൂബയും ധരിച്ചു വരണമെന്നും ഭാരവാഹികള്‍ നിര്‍ദേശിക്കാറുണ്ട്.
ചില പള്ളികളില്‍ കുര്‍ബാനയ്ക്കുശേഷം താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടി മാവേലിത്തമ്പുരാനെ ‘എഴുന്നെള്ളുന്നു, മാവേലി എഴുന്നെള്ളുന്നു…’ എന്ന പാട്ടിന്‍റെ അകമ്പടിയോടെ വരവേല്‍ക്കുന്നപതിവുമുണ്ട്. സ്ത്രീകളുടെ തിരുവാതിരകളിയും പുരുഷന്മാരുടെ വള്ളംകളിയും മേളത്തിനു കൊഴുപ്പു കൂട്ടാറുണ്ട്.
അഭിവന്ദ്യ തിരുമേനി സന്ദര്‍ഭവശാല്‍ സഭാംഗങ്ങളെ ഓര്‍മ്മപ്പെടുത്തിയെന്നു മാത്രം. അല്ലാതെ അദ്ദേഹത്തിന്‍റെ അരമനയില്‍ നിന്നുമുള്ള ഒഫീഷ്യല്‍ കല്പനയല്ല.
ഓണമില്ലെങ്കില്‍ത്തന്നെയും പല പള്ളികളിലും ഓണത്തല്ലും വടംവലിയും കസേരകളിയും നടത്തിപ്പോരാറുണ്ട്. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു.

അഭി.സഖറിയ മാര്‍ നിക്കോളാവസ്
രാജു മൈലപ്ര