ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം-ചില ഓര്‍മ്മത്തുണ്ടുകള്‍ (രാജു മൈലപ്ര)

sponsored advertisements

sponsored advertisements

sponsored advertisements

26 October 2022

ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം-ചില ഓര്‍മ്മത്തുണ്ടുകള്‍ (രാജു മൈലപ്ര)

ന്യൂയോര്‍ക്ക്: സുവര്‍ണ്ണ ജൂബിലി നിറവില്‍ എത്തിനില്‍ക്കുന്ന ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജവുമായി മൂന്നു പതിറ്റാണ്ടിലേറെ ബന്ധമുണ്ടെനിക്ക്. ആജീവനാന്ത അംഗത്വമുള്ള ഞാന്‍ ഈ സമാജത്തിന്‍റെ പല കമ്മിറ്റികളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടുകൂടി പറയട്ടെ.
ഓണം, പിക്നിക്, ആനുവല്‍ ഡിന്നര്‍ എന്നീ മൂന്നു പരിപാടികളാണ് പ്രധാനമായും ആഘോഷിച്ചുപോന്നത്. ഓണത്തിനുള്ള വിഭവങ്ങള്‍ പ്രധാനമായും തയ്യാറാക്കിയിരുന്നത് ജാക്സണ്‍ ഹൈറ്റ്സിലുണ്ടായിരുന്ന സോമന്‍ നായരുടെ വീണാ റെസ്റ്റോറന്‍റില്‍ നിന്നായിരുന്നു. മറ്റു ചില വിഭവങ്ങള്‍ എത്തിയിരുന്നത് കമ്മിറ്റിക്കാരുടെ വീടുകളില്‍നിന്നും. അശ്വമേധത്തിന്‍റെ പത്രാധിപര്‍ എന്ന ലേബല്‍ ഉണ്ടായിരുന്നതുകൊണ്ട് ഒരു ഓണത്തിന് ആശംസാപ്രസംഗത്തിനായി എന്നെയും ക്ഷണിച്ചിരുന്നു. മാന്‍ഹാട്ടണില്‍ 96-ാം സ്ട്രീറ്റിലുള്ള ഒരു സ്കൂളിന്‍റെ ഓഡിറ്റോറിയത്തിലാണ് പരിപാടി. അമേരിക്കയിലെ എന്‍റെ ആദ്യത്തെ പ്രസംഗവേദി. അറിയാവുന്ന കൂട്ടുകാരോടും നാട്ടുകാരോടുമൊക്കെ ഈ വിശേഷവാര്‍ത്ത അറിയിച്ചതിനുശേഷം ത്രീപീസ് സ്യൂട്ടുമണിഞ്ഞ് ഞാന്‍ സമ്മേളനനഗറിലെത്തി. വലിയ ഗമയില്‍ അകത്തോട്ടു പ്രവേശിക്കുവാന്‍ തുടങ്ങിയ എന്നെ വാതില്‍ക്കല്‍ നിന്നിരുന്ന മിസ്സിസ് ലില്ലിക്കുട്ടി ഇല്ലിക്കല്‍ തടഞ്ഞുനിര്‍ത്തി-
“പാസ് എടുത്തതായിരുന്നോ?”
“എന്ത് പാസ്- ഞാന്‍ ഇവിടെ പ്രസംഗകനായി വന്നതാണ്.”
പുതുമുഖമായിരുന്ന എന്നെ അവര്‍ അല്പം പുച്ഛത്തോടെ നോക്കി.
“പിന്നെ, നിന്നെപ്പോലുള്ള പീക്കിരികളാണ് കേരള സമാജത്തില്‍ പ്രസംഗിക്കുന്നത്, ഒന്നു പോടാ ചെറുക്കാ-” എന്ന മുഖഭാവം.
അഞ്ചു ഡോളറിന്‍റെ പാസുമെടുത്ത് ഞാന്‍ അകത്തു കയറി. അന്നത്തെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നത് ബഹുമാനപ്പെട്ട മന്ത്രി വയലാര്‍ രവിയായിരുന്നു. അണ്‍ദ്ദേഹത്തോടൊപ്പം ഭാര്യ മേഴ്സി രവിയുമുണ്ടായിരുന്നു. ദീപിക എഡിറ്റര്‍ തേക്കിന്‍കാട് ജോസഫ് ആയിരുന്നു മറ്റൊരു പ്രസംഗകന്‍.
(പില്‍ക്കാലത്ത് ഡോ. ഇല്ലിക്കലും ലില്ലിക്കുട്ടി ഇല്ലിക്കലും അടുത്ത കുടുംബസുഹൃത്തുക്കളായി.)
കേരള സമാജം അന്ന് അരങ്ങേറിണ്‍യ നാടകങ്ങള്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. അതിനു പ്രധാന കാരണക്കാരന്‍ പ്രശസ്ത കലാസംവിധായകനായിരുന്ന തിരുവല്ലാ ബേബിണ്‍യായിരുന്നു. ബേബിച്ചായന്‍റെ രംഗസജ്ജീകരണവും മേക്കപ്പും ആരെയും അതിശയിപ്പിക്കുന്ന വിധമായിരുന്നു.
ഡോ. പുഷ്പമംഗലം, ജോസ് കലയം, ബാവച്ചന്‍, ഡോ. മരങ്ങോലി, മിസ്സിസ് ഇടപ്പാറ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
ആനുവല്‍ ഡിന്നര്‍ നടത്തിയിരുന്നത് അന്നപൂര്‍ണ്ണാ റെസ്റ്റോറന്‍റില്‍ വെച്ചായിരുന്നു. ഡിന്നറിനോടൊപ്പം തന്നെ ഇലക്ഷനും നടത്തുമായിരുന്നു. ഒരിക്കല്‍ ഒരു ആവേശത്തിന് ഞാന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു.
ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജത്തിന്‍റെ പ്രസിഡണ്ടാകമെങ്കില്‍ നീ കുറച്ചുകൂടി മൂക്കണം എന്ന ഭാവമായിരുന്നു അന്നത്തെ അമ്പത് വയസുള്ള കാരണവډാര്‍ക്ക്. നീണ്ട മുപ്പതു വര്‍ഷത്തെ എന്‍റെ ജീവിതത്തിലെ ആദ്യത്തെ തോല്‍വി.
കാലം കഴിഞ്ഞതോടു കൂടി ‘കാരണവര്‍ ക്ലബില്‍’ എന്നെയും ചേര്‍ത്തു. എല്ലാവരുമായും നല്ല സ്നേഹബന്ധം പുലര്‍ത്തുവാനും സാധിച്ചു
കേരള സമാജത്തിന്‍റെ ആഘോഷങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഡോ. പിച്ചുമണി, ഡോ. എ.കെ.ബി. പിള്ള, വി.പി. മേനോന്‍, ടി.പി. മേനോന്‍, ഗോപാലന്‍ നായര്‍, പാനാം കുര്യന്‍, ജോസ് പൂങ്കുടി, സുമാ ട്രാവല്‍സ് സെബാസ്റ്റ്യന്‍, ഫ്രെഡ് കൊച്ചിന്‍, ജോര്‍ജ് ഏബ്രഹാം, ജോയി ലൂക്കോസ്, സി. വിജയന്‍, തോമസ് തോമസ്, മാത്യു ഇടപ്പാറ, ബേബി തോട്ടുകടവില്‍ തുടങ്ങി അനേകം പ്രഗത്ഭരുടെ മുഖങ്ങളാണ് മനസ്സില്‍ തെളിയുന്നത്.
സമാജത്തിന്‍റെ ആദ്യത്തെ പ്രസിഡണ്ട് പ്രൊഫസര്‍ ജോസഫ് ചെറുവേലി സാര്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്നുള്ളത് സന്തോഷകരമായ കാര്യമാണ്.
ഇപ്പോഴത്തെ പ്രസിഡണ്ട് പോള്‍ ജോണ്‍സിന്‍റെയും ബോര്‍ഡ് ഡയറക്ടര്‍ ഷാജ സാമിന്‍റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!