രാജു മൈലപ്ര
തന്നെ ഒരു തരത്തിലും ബാധിക്കാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവന് ‘കടന്നല്‍ക്കൂടില്‍ കൈ ഇടുന്ന ഭോഷനു തുല്യം’ എന്ന് കണ്‍ഫ്യൂഷ്യസ് എന്ന ചൈനീസ് ചിന്തകന്‍ തന്റെ ‘കണ്ഫ്യൂഷന് തീര്‍ക്കണമേ’ എന്ന് ചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈയിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ ‘ദുക്റോനോ’ എന്നൊരു വാക്ക് ചേര്‍ത്തിട്ടുണ്ട്.
എന്താണ് ദുക്റോനോ? ഇത് ഏതു ഭാഷയാണ്? മലയാളത്തില്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ മുഴുവന്‍ മലയാളത്തില്‍ എഴുതിക്കൂടേ? ഇതാണൊരു വായനക്കാരന്റെ സംശയം.
വാര്‍ത്ത കൊടുത്തവരോ പത്രാധിപരോ ഭാഷാപണ്ഡിതډാരോ വായനക്കാരന് സംശയനിവൃത്തി വരുത്തുമെന്നു കരുതി രണ്ടുമൂന്നു ദിവസം കാത്തിരുന്നു.
പത്രാധിപډാര്‍ക്കു പരിധിയുണ്ട്. കൊടുത്ത വാര്‍ത്ത വള്ളിപുള്ളി തെറ്റാതെ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വാര്‍ത്ത വളച്ചൊടിച്ചെന്നോ, മാധ്യമസൃഷ്ടിയാണെന്നോ മറ്റോ ആരോപണം വരും.
വാര്‍ത്ത കൊടുത്തയാള്‍ക്കും ഒരുപക്ഷേ ഈ വാക്കിന്റെ അര്‍ത്ഥം അത്ര പിടി കാണില്ല. കേട്ടു തഴമ്പിച്ച ഒരു വാക്ക്-കുക്കിലിയോന്, ഹൂത്തോമ്മോ, കാദിശോ, ഹൂസോയോ, പ്രൊമിയോന്‍, തുബ്ദേന്‍ അങ്ങനെ സാധാരണ വിശ്വാസികള്‍ക്ക് അര്‍ത്ഥമറിയാത്ത എത്രയെത്ര വാക്കുകള്‍ കാലാകാലങ്ങളായി നമ്മുടെ ഇടയില്‍ കിടന്നു കറങ്ങുന്നു. ആ വാക്കുകള്‍ മലയാളത്തിലേക്കൊന്നു തര്‍ജ്ജമ ചെയ്യുവാന്‍ ആരും മെനക്കെടാറില്ല. ഇതറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല എന്നാണ് വിശ്വാസികളുടെ പക്ഷം. എങ്കില്‍പ്പിന്നെ ഒരു എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷമണിഞ്ഞ് വിഷയം ഞാന്‍ തന്നെ ഏറ്റെടുത്താലോ എന്നാലോചിച്ചു ‘ഗൂഗിള്‍’ എന്ന സര്‍വ്വംസഹ സംശയനിവാരണിയെത്തന്നെ ശരണം പ്രാപിച്ചു.
‘ദുക്റോനോ’- അത്ര മോശക്കാരനൊന്നുമല്ല. ഗ്രീക്കിലും സുറിയാനി ഭാഷയിലും വിലസുന്നവന്- ‘റിമംബറന്‍സ്’ എന്നാണ് ഇംഗ്ലീഷ് തര്‍ജ്ജമ. ‘അനുസ്മരണം’ എന്നാണ് ലളിതമായ മലയാളപദം.
പക്ഷേ, വാര്‍ത്ത കൊടുക്കുമ്പോള്‍ അതിനൊരു ‘പഞ്ചൊ’ക്കെ വേണ്ടേ? അതിന് ഇത്തരം വാക്കുകള്‍ ആവശ്യാനുസരണം എടുത്തു പ്രയോഗിക്കുന്നത് നല്ലതാണ്.
‘നീതിമാന്റെ ഓര്‍മ്മ വാഴ്വിനായിത്തീരുന്നു.’
