രാജു മൈലപ്ര
വിലക്കയറ്റം, ക്രമസമാധാനനിലത്തകര്‍ച്ച, ഗുണ്ടാ വിളയാട്ടം – ഇതൊന്നുമല്ല ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. യുവജനങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം ഓടിനടക്കുന്ന ഊര്‍ജസ്വലയായ ഒരു യുവതി അനേകവര്‍ഷത്തെ ഗവേഷണത്തിനു ശേഷം സമര്‍പ്പിച്ച പ്രബന്ധത്തിനു ‘ഡോക്ടറേറ്റ്’ നല്‍കിയതിനെ ചുറ്റിപ്പറ്റിയാണ്. ഈ പ്രബന്ധം സസൂക്ഷ്മം പരിശോധിച്ചാല്‍ ചില ‘സാങ്കേതിക പിഴവുകള്‍’ മാത്രമാണ് അതിലുള്ളതെന്നു മനസ്സിലാകും. പ്രബന്ധം കോപ്പിയടിച്ചതാണെന്നുള്ള ഒരു ആരോപണവുമുണ്ട്. കോപ്പിയടികളുടെ ഒരു ആകെത്തുകയാണല്ലോ ഈ ജീവിതം.
(പി.എച്ച്.ഡിക്കുവേണ്ടി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.)
“മലയാളത്തിന്‍റെ പ്രിയ കവികളായ വൈലോപ്പിള്ളി ശ്രീധരമേനോനും, ചങ്ങമ്പുഴ കൃഷ്ണപിള്ളയും ജനിച്ചത് ഒരേ വര്‍ഷമാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം അത്ര സ്മൂത്ത് ആയിരുന്നില്ല. ഒരാള്‍ മേനോനും മറ്റേയാള്‍ പിള്ളേച്ചനും ആയിരുന്നു എന്നതാണ് പ്രധാന കാരണം. വൈലോപ്പിള്ളിക്ക് മാമ്പഴത്തിനോടാണ് താല്പര്യമെങ്കില്‍, ചങ്ങമ്പുഴക്ക് പ്രിയം വാഴക്കുലയായിരുന്നു.
ഇങ്ങനെയിരിക്കെ ചങ്ങമ്പുഴ, വര്‍ക്കിമാപ്ലയുടെ പറമ്പിലെ കുടികിടപ്പുകാരനായിരുന്ന മലയപ്പുലയന്‍റെ മാടത്തിന്‍റെ മുറ്റത്ത് ഒരു വാഴ നട്ടു. മലയപ്പുലയന്‍റെ പെണ്ണുംപിള്ളക്കും പിള്ളേര്‍ക്കും പെരുത്ത സന്തോഷമായി. ആ വാഴ വളര്‍ന്നു വലുതായി, കുലച്ചു കുലയായി, പഴമായി, അതു തിന്നുന്ന കാര്യമോര്‍ത്തപ്പോള്‍ പുലയക്കിടാങ്ങളുടെ വായില്‍ വെള്ളമൂറി. അവര്‍ ചങ്ങമ്പുഴ പിള്ളേച്ചനെ വാനോളം പുകഴ്ത്തി. പറഞ്ഞു പറഞ്ഞു ഈ വാഴക്കുലയുടെ കാര്യം നാടാകെ പാട്ടായി.
ഇതു വൈലോപ്പിള്ളി മേനോനു അത്ര സുഖിച്ചില്ല. ഇതിനിടക്ക് മറ്റൊരു സംഭവമുണ്ടായി. വര്‍ക്കിമാപ്ലയുടെ ഭാര്യ മറിയാമ്മച്ചേടത്തിയുടെ ജിമിക്കികമ്മല്‍, വര്‍ക്കി മാപ്ല കട്ടോണ്ടു പോയി. ഇതിന്‍റെ വാശിക്ക് മറിയാമ്മച്ചേടത്തി, വര്‍ക്കി മാപ്ല ഒളിച്ചുവെച്ചിരുന്ന ബ്രാണ്ടി കുടിച്ചു പൂക്കുറ്റിയായി.
എന്നാല്‍ ഇതു സത്യമല്ല. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കി കമ്മല്‍ ധരിക്കുന്നവരല്ല. അങ്ങനെയുണ്ടെങ്കില്‍തന്നെ, അതിന്‍റെ വിഷമത്തില്‍, അപ്പന്‍റെ ബ്രാണ്ടിക്കുപ്പിയെടുത്തു കുടിച്ചു തീര്‍ക്കുന്ന അമ്മമാരും കേരളത്തിലില്ല. പിന്നെ എന്തുകൊണ്ടാണ് ഈ ജിമിക്കികമ്മല്‍ ഇത്ര ഹിറ്റായത്. ഇതൊരു മുതലാളിത്ത, ബൂര്‍ഷ്വാ പിന്തിരിപ്പന്‍, നയ സംസ്കാരം നമ്മുടെ നാട്ടിലേക്കു കടത്തി വിടുവാനുള്ള അമേരിക്കന്‍ സാമ്രാജ്യശക്തിയുടെ ഹിഡന്‍ അജണ്ടയാണ്. ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇവിടെ സ്ഥാപിച്ച്, നമ്മുടെ വിലപ്പെട്ട സാമ്പത്തിക നയരേഖകള്‍ ഹൈജാക്കു ചെയ്യുവാന്‍ നടത്തിയ ശ്രമത്തെ നമ്മള്‍ സമരം ചെയ്ത് പരാജയപ്പെടുത്തിയ കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്.
വാഴക്കുല വിളഞ്ഞു പഴുക്കാറായപ്പോള്‍, ഒരു ദിവസം പാതിരാ നേരത്ത്, ഒരു കൈയില്‍ എരിയുന്ന പന്തവും മറ്റേ കൈയില്‍ ഊരിപ്പിടിച്ച വാളുമായി വൈലോപ്പിള്ളി, മലയപ്പുലയന്‍റെ മുറ്റത്തെത്തി, കുലവെട്ടി. ഒരു പ്രത്യേക രീതിയില്‍ ഉണ്ടായ ശബ്ദം കേട്ട് മുറ്റത്തേക്കു ചാടിയ മലയപ്പുലയന്‍ ഈ കാഴ്ച കണ്ടു കോപാകുലനായി.
‘താനെന്തു പോക്രിത്തരമാണടോ കാണിച്ചത്’ പുലയന്‍ കത്തിജ്വലിക്കുകയാണ്.
‘എന്‍റെ പൊന്നു മലയപ്പുലയാ – താന്‍ ചൂടാകാതെ. ഞാന്‍ വേണ്ട പരിഹാരം ഉണ്ടാക്കാം.’
‘പുലയനും പറയനുമൊക്കെ പണ്ട്. ഇനി താന്‍ ഇതാവര്‍ത്തിച്ചാല്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നു പറഞ്ഞ് ഞാന്‍ ‘മനുഷ്യാവകാശ കമ്മീഷനി’ല്‍ കേസു കൊടുക്കും. മിസ്റ്റര്‍ മലയന്‍, അല്ലെങ്കില്‍ മലയന്‍ സാര്‍ – ഇനി അങ്ങനെ വിളിച്ചാല്‍ മതി.’
‘ഒരബദ്ധം പറ്റിയതാ, മിസ്റ്റര്‍ മലയന്‍ സാറേ! ദയവായി ക്ഷമിക്കണം.’
‘ക്ഷമിച്ചിരിക്കുന്നു. പക്ഷേ ഒരു കാര്യം. ഒരു ഏരിയായിലെ ഒരു കുലയും വെട്ടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. വെട്ടിയതു വെട്ടി. അതുകൊണ്ടു നോക്കുകൂലി തന്നിട്ടു കുലയുംകൊണ്ടു പോകണം മിസ്റ്റര്‍ മേനോന്‍.’
അങ്ങനെ വൈലോപ്പിള്ളി ശ്രീധരമേനോന്‍, മലയപ്പുലയന്‍റെ നോക്കുകൂലി കൊടുത്ത് ‘വാഴക്കുല’ തന്‍റെ സ്വന്തമാക്കി. അങ്ങനെ എന്‍റെ അനേകനാളത്തെ ഗവേഷണഫലമായി ഇനിമുതല്‍ ‘വാഴക്കുല’യുടെ അവകാശം ചങ്ങമ്പുഴ കൃഷ്ണപിള്ളക്കല്ല, മറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോനാണെന്നു സംശയലേശമന്യെ തെളിയിച്ചിരിക്കുന്നു.
ബന്ധപ്പെട്ടവര്‍ ഈ ഗവേഷണ പ്രബന്ധം വായിച്ച് എനിക്കു ഡോക്ടറേറ്റു നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രബന്ധം തയാറാക്കുന്നതിന് എനിക്കുവേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുതന്ന സഖാക്കളുടെ പേരുവിവരം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.”
* * *
(ഈ പ്രബന്ധം അംഗീകരിച്ച് ഡോക്ടറേറ്റ് നല്‍കിയ ശേഷം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്:
നമ്മുടെ യുവജനങ്ങളുടെ ആവേശമായ ഈ തീപ്പൊരി യുവതിയെ ഒരു ലക്ഷം രൂപാ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി ‘യുവജന കമ്മീഷന്‍ ചെയര്‍മാനായി’ നിയമിച്ചിരിക്കുന്നു. ഈ പ്രബന്ധം ഉടന്‍തന്നെ സിലബസില്‍ ഉള്‍പ്പെടുത്തുവാന്‍ ശിപാര്‍ശ ചെയ്യുന്നു.)
