രാജു മൈലപ്രാ
എല്ലാം ഒന്നു കെട്ടടങ്ങിയെന്നുകരുതി കുറച്ചുനാളായി നല്ല മനസ്സമാധാനത്തില് കഴിയുകയായിരുന്നു. അപ്പോള്‍ ദേ കിടക്കുന്നു ചട്ടീം കലോം.
‘ദേ പിന്നേം തല്ലുകൊള്ളിക്കാന്‍ ഇറങ്ങി വരുന്നു’ എന്നു പണ്ടു കൊല്ലച്ചെക്കന്‍ പറഞ്ഞതു പോലെയായി സംഗതിയുടെ കിടപ്പ്.
‘ഫൊക്കാനാ’ എന്ന തറവാട്ടു സംഘടനയിലെ ചില കാരണവൻമാരുടെ കുത്സിത പ്രവൃത്തികള്‍ സഹിക്കാന്‍ പറ്റുന്നില്ലായെന്നും പറഞ്ഞ്, വീതം പോലും വാങ്ങിക്കാതെ, കണ്ണീരോടെ പടുത്തുയര്‍ത്തിയ സംഘടനയാണ് ‘ഫോമാ’. ദോഷം പറയരുതല്ലോ, ‘കണ്ണുനീരോടെ വിതയ്ക്കുന്നവന് ആര്‍പ്പോടെ കൊയ്യും’ എന്നു പറഞ്ഞതുപോലെ, ചുരുങ്ങിയ കാലംകൊണ്ട് ഫോമയ്ക്കുണ്ടായ വളര്‍ച്ച അസൂയാര്‍ഹമായിരുന്നു. ഫോമക്ക് സ്വന്തമായ ഒരു ഐഡന്റിറ്റി ഉണ്ടായെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍, ചില ചില്ലറ പ്രശ്നങ്ങള്‍ അവിടെയുമിവിടെയുമൊക്കെ തല പൊക്കിത്തുടങ്ങി. കഴിഞ്ഞ കുറേക്കാലമായി ചില ആരോപണ പ്രത്യാരോപണങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു.
എല്ലാം ഒന്നു ‘സോള്‍വ്’ ആക്കുവാന് വേണ്ടിയാണ് കേരളം പോലെ പ്രകൃതി രമണീയമായ ഫ്ളോറിഡായില്‍ ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടിയത്. ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നു പറഞ്ഞതു പോലെയായി കാര്യങ്ങളുടെ പോക്ക്. ‘ആദ്യമൊക്കെ വീട്ടുകാരു കേട്ടു, പിന്നെ അയല്‍ക്കാര്‍ കേട്ടു, ഇപ്പോള്‍ നാട്ടുകാര്‍ക്കു മുഴുവന്‍ കേള്‍ക്കാം’ എന്ന നിലയിലായി. കോറം ഉണ്ടായിരുന്നെന്നും ഇല്ലായിരുന്നെന്നും മൈക്കു തട്ടിപ്പറിച്ചെന്നും പൂരപ്പാട്ടു പാടിയെന്നും കള്ളു പാര്‍ട്ടി നടത്തിയെന്നും പെണ്കൊച്ചുങ്ങള് നെഞ്ചത്തടിച്ചു നിലവിളിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നു.
ഏതായാലും ഒന്നു കൂടിയതല്ലേ, കുറച്ചു തീരുമാനങ്ങള്‍ എടുത്തു കളയാമെന്നു തീരുമാനിച്ചു. പുറത്താക്കിയവരെ അകത്താക്കിയും അകത്തുള്ളവരെ പുറത്താക്കിയും ചില തീരുമാനങ്ങള്‍ എടുത്തു.
സംഗതിയെല്ലാം സ്മൂത്തായി എന്നു ആശ്വസിച്ചിരിക്കുമ്പോഴാണ്, ഇക്കഴിഞ്ഞ ജനറല്‍ ബോഡി തീരുമാനങ്ങള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ അസാധുവാക്കിയെന്ന വാര്‍ത്ത വരുന്നത്. പോരേ പൂരം?
ഇനി ജനറല്‍ ബോഡി സൂമില്‍ വിളിച്ചു ചേര്‍ക്കുവാന്‍ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി നാല്‍പ്പത്തിയഞ്ചു ദിവസത്തെ വ്രതമെടുക്കണമെന്നു നിര്‍ബന്ധമുള്ളതിനാല്‍, ജൂലൈ അവസാനത്തോടെ ആയിരിക്കും ജനറല്‍ ബോഡി. അതിന്റെ തീരുമാനങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നറിയുവാന്, അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷയോടുകൂടി കാത്തിരിക്കുകയാണ്.
‘ഫൊക്കാന’ക്ക് ആശ്വാസത്തിനു വകയുണ്ട്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ന്യൂയോര്‍ക്ക് സുപ്രീം കോടതിയുടെ ഓര്‍ഡറിന്റെ കാലാവധി അവസാനിച്ചു. ഇനി മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ബാധം തുടരുവാന്‍ കഴിയുമെന്നാണ് ഫൊക്കാനക്കു ലഭിച്ച നിയമോപദേശം.

അപ്പോള്‍ ഇതുവരെ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവെച്ചിരിക്കുകയായിരുന്നോ? ആരും ഒന്നും പറഞ്ഞില്ല. പക്ഷേ ഇടയ്ക്കിടെ നേതാക്കന്മാരുടെ പടം പ്രത്യക്ഷപ്പെടുന്നതു കാണാമായിരുന്നല്ലോ!
~ഒരു കോടതി വിധി നേരത്തെ സമ്പാദിച്ച ‘ഒറിജിനല്‍ ഫൊക്കാനക്കാര്’ ഇനിയും വല്ല കോടതിവിധിയും ഒപ്പിക്കുമോ ആവോ.
ഓരോന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനവുമില്ല. രണ്ടു കൂട്ടരുടേയും കണ്‍വന്‍ഷനുകള്‍ പടിവാതില്ക്കല് എത്തി നില്‍ക്കുകയാണ്. രണ്ടു കണ്‍വന്‍ഷനുകളും ‘ഓവര്‍ ബുക്ക്ഡ്’ ആയി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.
വിഴുപ്പലക്ക് തുടര്ന്നുകൊണ്ടേയിരിക്കുമോ – എന്തോ? ഏതായാലും ഒന്നേ പറയാനുള്ളൂ. കാന്‍കൂനില്‍ പോയി നാറ്റിക്കരുത്. അവിടുത്തെ ലോക്കല്‍സ് നമ്മളേക്കാള്‍ ചെറ്റകളാണെന്നാണ് പറഞ്ഞുകേട്ടത്.
അവന്മാർ നമ്മുടെ ‘കൂന്’ ഇടിച്ചു പരത്തി ‘കാനി’ലാക്കിത്തരും.