മുലപ്പാല്‍ (രാജു മൈലപ്ര)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 February 2023

മുലപ്പാല്‍ (രാജു മൈലപ്ര)

രാജു മൈലപ്ര

കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി കുറേ അലവലാതികള്‍ കേരളത്തില്‍ നിന്നും റായ്പ്പൂരിലെത്തി അവിടെ അലമ്പു കാണിച്ചു. ഈ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ കയറിക്കൂടിയാല്‍ ഭാവിയില്‍ ഒരു കേന്ദ്രസഹമന്ത്രിയോ, കേരളത്തില്‍ ഒരു മന്ത്രിയോ ആകാമെന്നുള്ള അധികാര അതിമോഹം. ഏതായാലും ഈ മഹാന്മാരുടെ ജീവിതകാലത്തൊന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നില്ല.
രാഹുല്‍മോനെ നേരത്തെ കാണാന്‍ ഒരു വൃത്തിയും വെടിപ്പുമൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ കച്ചിത്തുറു പോലെ മുഖമടച്ചു നരച്ച താടി പടര്‍ന്നു പന്തലിച്ച് അങ്ങനെ നില്‍ക്കുകയാണ്. വല്ലാത്തൊരു എരണക്കേട്!
ഏതായാലും മമ്മിയേയും മോനേയും വിട്ടൊരു കളി കോണ്‍ഗ്രസിന് ഇല്ലെന്നു വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചു പ്ലീനറികള്‍.
ഇത്തവണ നല്ലൊരു തീരുമാനം ഈ സമ്മേളനത്തില്‍ പാസ്സാക്കി. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇനി ഇഷ്ടംപോലെ കുടിക്കാമെന്ന്. ഇതു കേട്ടാല്‍ തോന്നും ഇതുവരെ കോണ്‍ഗ്രസ് നേതാക്കന്മാരൊന്നും കള്ളു കുടിക്കാതെ നടക്കുകയായിരുന്നെന്ന്.
കോണ്‍ഗ്രസുകാര്‍ക്ക് കള്ളു കുടിക്കുവാന്‍ അനുവാദം കിട്ടിയപ്പോള്‍, കമ്യൂണിസ്റ്റുകാര്‍ക്ക് മുലപ്പാല്‍ കുടിക്കുവാനുള്ള മൗനാനുവാദം മുകളില്‍ നിന്നുതന്നെ കിട്ടിയിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. മുലപ്പാലിനോളം ഔഷധഗുണവും പ്രതിരോധശക്തിയുമുള്ള മറ്റൊരു പാനീയവുമില്ലായെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അപ്പോള്‍പ്പിന്നെ ഭരണസിരാകേന്ദ്രത്തില്‍ ഇരിക്കുന്ന ഒരു വന്ദ്യവയോധികന്‍, തന്‍റെ സ്നേഹിതയായ ഒരു സ്വപ്നസുന്ദരിയോട് അല്പം മുലപ്പാല്‍ ചോദിച്ചത് വലിയ തെറ്റായിപ്പോയോ? പുലിപ്പാലും ആനപ്പാലുമൊന്നുമല്ലല്ലോ ചോദിച്ചത്. അല്ലെങ്കില്‍ത്തന്നെ ഇത്തരം വിഷയകാര്യങ്ങളില്‍ അദ്ദേഹം ഒറ്റയാനൊന്നുമല്ലല്ലോ! മന്ത്രിമന്ദിരങ്ങളില്‍ മദാലസകള്‍ കയറിയിറങ്ങുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ.
അര്‍ദ്ധരാത്രിയില്‍ അദ്ദേഹം ചാറ്റു ചെയ്തത് ഒരു വലിയ തെറ്റൊന്നുമല്ല. ഇവിടെയും ചാറ്റിംഗും ചീറ്റിംഗും ഒക്കെ നടക്കുന്നുണ്ട്. അതും പൊക്കിപ്പിടിച്ചോണ്ട് പെണ്ണുങ്ങള്‍ നടക്കുന്നതിലൊന്നും വലിയ കാര്യമൊന്നുമില്ല.
ഒരു പെണ്ണു വിചാരിച്ചാല്‍ ഒരൊറ്റ മിനിറ്റു തികച്ചു വേണ്ടാ, ഈ ചാറ്റിംഗും അസമയത്തെ ഫോണ്‍ വിളിയും നിര്‍ത്തുവാന്‍ എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എനിക്കു പറയുവാന്‍ കഴിയും.
അസോസിയേഷന്‍റെ ഒരു പിക്നിക് പരിപാടിയില്‍ ചിക്കന്‍ ബാര്‍ബക്യു ചെയ്തുകൊണ്ടിരുന്ന എന്‍റടുത്തു വന്ന് “ചൂടത്തുനിന്ന് ക്ഷീണിച്ചു കാണുമല്ലോ! കുടിക്കാന്‍ വല്ലതും വേണോ?” എന്നൊരു ഭാരവാഹി മഹിള എന്നോടു ചോദിച്ചപ്പോള്‍, എനിക്കൊരിതു തോന്നി. പിക്നിക് ലഹരിയില്‍ ഉറങ്ങാന്‍ കിടന്ന ഞാന്‍, എന്തിനായിരിക്കണം അവര്‍ എന്നോട് അങ്ങനെ ചോദിച്ചതെന്ന് വെറുതേ ആലോചിച്ചു. അവസാനം, ഒരു ലാര്‍ജ് അകത്താക്കി, ധൈര്യം സംഭരിച്ച്, രണ്ടുംകല്പിച്ച് ഞാന്‍ ആ തരുണീമണിയെ ഫോണില്‍ വിളിച്ചു.
“ഏലിക്കുട്ടി ഉറങ്ങിയതായിരുന്നോ?”
“ഇല്ല, ഞാന്‍ കിടക്കാന്‍ തുടങ്ങുന്നതേയുള്ളൂ.” ഏലിക്കുട്ടിയുടെ മണിനാദം.
“വറീച്ചന്‍ എന്തിയേ? പിക്നിക്കിനു കണ്ടില്ലല്ലോ!”
ഏലിക്കുട്ടിയുടെ ഭര്‍ത്താവ് വറീച്ചന്‍ അവിടെയില്ലെന്ന് ഉറപ്പുവരുത്തണമല്ലോ!
“പുള്ളിക്കാരന്‍ നാട്ടില്‍ പോയിരിക്കുകാ. അമ്മച്ചിക്കു നല്ല സുഖമില്ല.”
ആ മറുപടി കേട്ടപ്പോള്‍ എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു. ഞാന്‍ പതിയെ ചൂണ്ടയെറിഞ്ഞു.
“തനിയെ കിടക്കാന്‍ പേടിയുണ്ടോ?”
“ഇല്ല, എന്താ അങ്ങനെ ചോദിച്ചത്?”
“അല്ല തനിയെ കിടക്കാന്‍ പേടിയുണ്ടെങ്കില്‍, ഞാന്‍ വേണമെങ്കില്‍ കൂട്ടിനു വരാം.” എന്നിലെ ‘രവീന്ദ്ര’നാദം മൊഴിഞ്ഞു.
“ഭ്ാാ- തെണ്ടി പട്ടി. നാണമില്ലല്ലോടോ തനിക്കൊന്നും. സമൂഹത്തില്‍ വല്യ മാന്യന്മാരായിട്ടു നടന്നിട്ട്, ഇതൊക്കെയാണ് കൈയിലിരിപ്പ്, ശവങ്ങള്!”
“അല്ല, ഏലിക്കുട്ടീ ഞാന്‍…”
“പോടാ, പരട്ട നാറി… ഭ്ാാ…” ഏലിക്കുട്ടിയുടെ ആ ഒരൊറ്റ ആട്ടിന്‍റെ ശക്തിയില്‍ ഞാന്‍ കട്ടിലില്‍ നിന്നും തെറിച്ചു താഴെവീണു.
അപ്പോള്‍ സ്ത്രീകളൊന്നു മനസ്സുവെച്ചാല്‍ അനവസരത്തിലുള്ള ഈ ചാറ്റിംഗും ചീറ്റിംഗും ഒക്കെ മുളയിലെ നുള്ളിക്കളയാം… ഓ.കെ.!

രാജു മൈലപ്ര