വിശുദ്ധ മോഷണം (രാജു മൈലപ്ര)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 August 2022

വിശുദ്ധ മോഷണം (രാജു മൈലപ്ര)


രാജു മൈലപ്ര
ഗൗരവമുള്ള ഒരു വിഷയമായതിനാല്‍ മുഖവുരയൊന്നുമില്ലാതെ കാര്യത്തിലേക്കു നേരിട്ടു കടക്കുകയാണ്. ഈ കഴിഞ്ഞ ഒരു ദിവസം പള്ളിയില്‍ വെച്ച് എന്‍റെ ഷൂസ് മോഷണം പോയി. കൃത്യം നടത്തിയത് പള്ളിയില്‍ വെച്ചായതിനാല്‍ ഇത് ഒരു ‘വിശുദ്ധ മോഷണ’മായി ഞാന്‍ പ്രഖ്യാപിക്കുകയാണ്. പള്ളിക്കകത്ത് മോഷണങ്ങള്‍ കാലാകാലങ്ങളായി നടന്നുവരുന്നുണ്ടെന്നു നമുക്കറിയാം. ‘കള്ളന്‍ കപ്പലില്‍ തന്നെ’യായതുകൊണ്ട് നമ്മളതു വലിയ വിഷയമാക്കാറില്ല. അഥവാ ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവരെ പടിയടച്ചു പിണ്ഡം വെയ്ക്കും.
സംഭവം ഇതാണ്: എന്‍റെ ഒരു സ്നേഹിതന്‍, അയാളുടെ പിതാവിന്‍റെ നാല്പതാം ചരമദിനം ആഘോഷിക്കുന്നു. ഞാന്‍ കുടുംബസമേതം അതില്‍ പങ്കെടുക്കണമെന്ന് അയാള്‍ക്കു നിര്‍ബന്ധം. മൂന്നാലു ടോള്‍ പിരിവുള്ള പാലങ്ങള്‍ കടന്നുവേണം അവിടെയെത്താന്‍.
എന്‍റെ ഒരു അസാന്നിദ്ധ്യം കൊണ്ട് അയാളുടെ തന്തപ്പടിയുടെ ആത്മാവിനു മോക്ഷം കിട്ടാതിരുന്നാലോ? അതു മോശമല്ലേ? അതിനാല്‍ അതിരാവിലെ തന്നെ വെച്ചു പിടിപ്പിച്ചു.
പള്ളിയുടെ പ്രവേശനകവാടത്തില്‍ ‘പാദരക്ഷകള്‍ ദയവായി പുറത്തു സൂക്ഷിക്കുക’ എന്നൊരു അറിയിപ്പ് പതിപ്പിച്ചിട്ടുണ്ട്.
പണ്ട് സായിപ്പിന്‍റെ പള്ളികള്‍ വാടകയ്ക്ക് എടുത്തു കുര്‍ബാന നടത്തിയപ്പോള്‍ ഈ ‘പാദരക്ഷ പുറത്ത്’ എന്നൊരു നിയമം ഇല്ലായിരുന്നു. ‘വല്ലവന്‍റേം മുതലല്ലേ നമുക്കെന്തു ചേതം’ എന്ന ആറ്റിറ്റ്യൂഡ്.
സ്വന്തമായി പള്ളികള്‍ ഉണ്ടായപ്പോഴാണ് ഈ ‘ചെരുപ്പ് പുറത്ത്’ നിയമം പ്രാബല്യത്തിലാക്കിയത്.
“നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നും ചെരുപ്പ് ഊരിക്കളയുക” എന്ന് കര്‍ത്താവ് പണ്ടു മോശയോടു പറഞ്ഞതു മുന്‍നിര്‍ത്തിയാണ് വിശുദ്ധ സ്ഥലമായ പള്ളിയില്‍ ചെരുപ്പ് ഇടാന്‍ അനുവദിക്കാത്തത്.
എന്നാല്‍, അതിവിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹായില്‍ അച്ചډാര്‍ക്കും തിരുമേനിമാര്‍ക്കും കിന്നരി തുന്നിപ്പിടിപ്പിച്ച ചെരുപ്പു ധരിച്ചു നടക്കാം. അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ കല്പനകളൊന്നും കത്തനാര്‍ډാര്‍ക്കു ബാധകമല്ലല്ലോ.
പള്ളിയിലെ ധൂപപ്രാര്‍ത്ഥന കഴിഞ്ഞ്, വന്നവര്‍ക്കെല്ലാം ഹാളില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നു.
കോവിഡ് കാലമായതിനാല്‍ പള്ളിക്കകത്തു മാസ്ക്ക് നിര്‍ബന്ധം. എന്നാല്‍, ഭക്ഷണശാലയില്‍ മാസ്ക്കു വേണ്ട. പരസ്പരം കെട്ടിപ്പിടുത്തവും പൊട്ടിച്ചിരിയും.
പള്ളിക്കു പുറത്ത് കടന്ന ഞാന്‍ എന്‍റെ ഷൂസു ഭദ്രമായി വെച്ചിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ അതവിടെ കാണാനില്ല. ആരെങ്കിലും അബദ്ധത്തില്‍ മാറിക്കൊണ്ടു പോയിക്കാണുമെന്നു കരുതി ഞാന്‍ അവിടെത്തന്നെ നിന്നു. അവസാനം ഒരു ജോഡി ഷൂസുമാത്രം അവിടെ ശേഷിച്ചു. കണ്ടിട്ടു സാല്‍വേഷന്‍ ആര്‍മിക്കാരു ദാനം കൊടുത്തതാണെന്നു തോന്നും. ആകപ്പാടെ കീറിപ്പറിഞ്ഞ ഒരു സാധനം. ആ ഷൂസില്‍ തൊട്ടാല്‍ മങ്കി പോക്സ് വരുമെന്നുറപ്പ്.
എന്‍റെ ഷൂസു നല്ല കുടുംബത്തില്‍ പിറന്ന ഒരു ഇനമായിരുന്നു. എന്‍റെ അമിതഭാരം താങ്ങാനുള്ളതായതുകൊണ്ട് ഞാന്‍ വിലയുടെ കാര്യത്തില്‍ പിശുക്കു കാണിച്ചില്ല.
‘താറാവു പാദങ്ങള്‍’ ഉള്ള എനിക്ക് ‘വൈഡ് വിഡ്ത്ത്’ ഷൂസു മാത്രമേ ധരിക്കുവാന്‍ പറ്റുകയുള്ളൂ.
ആ ‘ഇറ്റാലിയന്‍’ ഷൂസു അടിച്ചുമാറ്റിയിട്ടാണ് ആ പരമദ്രോഹി ഈ സോമാലിയന്‍ ഷൂസു ഇവിടെ ഇട്ടിട്ടു പോയത്.
പണ്ട് പാഞ്ചാലിയുടെ പാദരക്ഷ ഒരു പട്ടി കടിച്ചുകൊണ്ടു പോയെന്നും അതില്‍ കോപിഷ്ഠയായ അവര്‍ പട്ടിയെ ശപിച്ചെന്നും പുരാണങ്ങളിലൊന്നും ഇല്ലാത്ത ഒരു ‘കെട്ടുകഥ’ പ്രചാരത്തിലുണ്ട്.
അതുപോലെ ഒരു ശാപം എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നതാണ്.
ഇനിയും വാങ്ങിക്കുമ്പോള്‍ ദാസേട്ടനെപ്പോലെ, വെള്ള നിറത്തിലുള്ള ഷൂസു വാങ്ങിച്ചാലോ എന്നു ഞാന്‍ ആലോചിക്കുകയാണ്.
ഷൂസുമായി സിന്‍ഡ്രലയെ അന്വേഷിച്ചു നടന്ന രാജകുമാരനെപ്പോലെ, ഷൂസുമായി എന്നത്തേടി അയാള്‍ അലയുമെന്നു കരുതുന്നില്ല. കാരണം ഇതു കരുതിക്കൂട്ടി നടത്തിയ ഒരു മോഷണമാണ്. ജയരാജന്‍ സഖാവു പറഞ്ഞതുപോലെ ‘കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിച്ച’ ഒരു കള്ളനാണവന്‍.
ഏതായാലും ഞാനൊരു സത്യക്രിസ്ത്യാനി ആയിപ്പോയല്ലോ!
“ശത്രുക്കളെ സ്നേഹിപ്പിന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍” എന്നാണല്ലോ തിരുവചനം. അതുകൊണ്ട് എന്‍റെ ചെരുപ്പു മോഷ്ടാവിനു വേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്.
“കര്‍ത്താവേ! എന്‍റെ ചെരുപ്പു കട്ടവനേ ഞാന്‍ സ്നേഹിക്കുന്നു. അവന് ഒരു കാലത്തും ഗുണം പിടിക്കല്ലേ, ആമ്മീന്‍.”

രാജു മൈലപ്ര