യാത്രക്കാരുടെ ശ്രദ്ധക്ക് (രാജു തരകന്‍ )

sponsored advertisements

sponsored advertisements

sponsored advertisements

18 September 2022

യാത്രക്കാരുടെ ശ്രദ്ധക്ക് (രാജു തരകന്‍ )

രാജു തരകൻ

റെയില്‍വെ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്‍റിലും, എയര്‍പോര്‍ട്ടിലും യാത്രക്കാരുടെ കാതുകളില്‍ മുഴങ്ങുന്ന ഇമ്പമുള്ള ശബ്ദമാണ് ڇയാത്ര ക്കാരുടെ ശ്രദ്ധക്ക്.ڈ എന്നു തുടങ്ങുന്ന മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനിലാണെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ട്രെയിന്‍ അല്പസമയത്തിനുള്ളില്‍ എത്തിച്ചേരുന്നതാണ്. നിങ്ങള്‍ തയ്യാറായിരിക്കണം എന്നതാണ് ഈ ശബ്ദസന്ദേശം അര്‍ത്ഥമാക്കുന്നത്. പത്ത് വര്‍ഷത്തിനുമുന്‍മ്പ് എന്‍റെ ഒരു സുഹൃത്ത് ദീര്‍ഘവര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്ന് തനിക്ക് ലഭിച്ച അവധി എടുത്ത് സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു. അയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ രാത്രി രണ്ട് മണിക്ക് എത്തിചേര്‍ന്നു. ഇവിടെ നിന്ന് കൊച്ചിയിലേക്ക് യാത്രക്കായി ചെക്ക് ഇന്‍ ചെയ്ത് തന്‍റെ ലഗേജുമായ് കാത്തിരുന്നു. വിലകൂടിയ പെട്ടിയില്‍ വിലപിടിപ്പുളള സാധനങ്ങളാണ് അയാള്‍ കരുതിയിരുന്നത്. കൊച്ചിയിലേക്കുള്ള ഫ്ളൈറ്റ് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പുറപ്പെടുന്നത്. വലിപ്പം ഉളള പെട്ടികള്‍ ഒരു വശത്തായ് അടുക്കിവെച്ചു. ആകെ ആറെണ്ണം അതില്‍ ഒരെണ്ണം തല അല്പം ഉയര്‍ത്തിവെക്കാനായ് ഉപയോഗിച്ചു. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ മൂല്യങ്ങളാണ് പെട്ടിക്കുള്ളില്‍ ഒരു നിധിപോലെ സൂക്ഷിച്ചിരിക്കുന്നത്. യാത്രാ ക്ഷീണം കൊണ്ട് അയാള്‍ ഉറങ്ങാന്‍ തുടങ്ങി. അങ്ങനെ ആ മനുഷ്യന്‍ ഗാഢനിദ്രയിലായിത്തീര്‍ന്നു. മോഷണം തൊഴിലാക്കിയ കളളന്മാര്‍ ഈ സന്ദര്‍ഭം വിനിയോഗിച്ചു. ആ പെട്ടികള്‍ ഒന്ന് ഒഴികെ എല്ലാം അവര്‍ അപഹരിച്ചു. പ്രഭാതത്തില്‍ ഉറക്കം ഉണര്‍ന്ന അയാള്‍ ഞെട്ടി എഴുന്നേറ്റു. ഒരു നിമിഷം അയാള്‍ നിശ്ചലനായി. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന പെര്‍ഫ്യൂം, വിലപിടിപ്പുളള വസ്ത്രങ്ങള്‍, ദീര്‍ഘവര്‍ഷങ്ങള്‍ കൊണ്ട് സ്വരൂപിച്ച എല്ലാ സമ്പാദ്യങ്ങളും ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടത് ഓര്‍ത്ത് ആകെ തളര്‍ന്നു പോയ നിമിഷം. വലിയ പ്രതീക്ഷയോട് കാത്തിരിക്കുന്ന സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും. അയാള്‍ യാത്ര തുടര്‍ന്നു. അത് ഇവിടെ അവസാനിക്കുന്നില്ല. ജീവിതം ഒരു യാത്രയാണ്. ഇവിടെ സംഭവിച്ചത് ഒരു യാഥാര്‍ത്ഥ്യമാണ്, പ്രത്യുത ഇത് ഒരു കഥയല്ല. നഷ്ടമായതിനെ ഓര്‍ത്ത് ദു:ഖിച്ചിട്ടു കാര്യമില്ല. നഷ്ടപ്പെടാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക.
അടുത്ത സമയത്ത് ബസ്സിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയ പിഞ്ചുബാലികയുടെ മരണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട സഭംവമായിരുന്നു. ഖത്തറില്‍ കിന്‍റര്‍ ഗാര്‍ഡന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി രാവിലെ ആറുമണിക്കുളള സ്കൂള്‍ ബസ്സിലെ യാത്രക്കിടയിലാണ് ഉറങ്ങിപ്പോയത്. ബസ്സില്‍ ഉണ്ടായിരുന്ന കുട്ടികള്‍ എല്ലാം സ്കൂളില്‍ ഇറങ്ങിയെങ്കിലും ഉറക്കംമൂലം കുട്ടി ബസ്സില്‍ നിന്ന് ഇറങ്ങിയില്ല. ബസ്സ് ജീവനക്കാര്‍ ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിച്ചതുമില്ല. അവര്‍ ബസ്സ് പാര്‍ക്ക് ചെയ്തുപോയി. മണിക്കൂറുകള്‍ക്ക് ശേഷം അടുത്ത ട്രിപ്പിനായിട്ട് ബസ്സില്‍ പ്രവേശിച്ച ബസ്സ് ജീവനക്കാര്‍ അബോധാവസ്ഥയിലായിരിക്കുന്ന കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അതിഭയങ്കരചൂടിന്‍റെ ആഘാതത്താല്‍ മരണപ്പെട്ട കുട്ടിയെ രക്ഷിക്കുവാന്‍ ഡോക്ടര്‍ക്കും സാധ്യമായില്ല. സ്കൂള്‍ യാത്രക്കിടയില്‍ ഉണ്ടായ കുട്ടിയുടെ ഉറക്കവും ബസ്സ് ജീവനക്കാരുടെ അശ്രദ്ധയുമാണ് മരണത്തിന് കാരണമായത്. യാത്രക്കിടയില്‍ ഉറങ്ങിപ്പോയാല്‍ സംഭവിക്കുന്ന മറ്റൊരു വലിയ വിപത്താണ് നാം കൈവശം സൂക്ഷിച്ചിരിക്കുന്ന പണം നഷ്ടമാകുന്നത്. തിരക്കുളള ട്രെയിന്‍ യാത്രയിലും ബസ്സ് യാത്രയിലുമാണ് ഇത്തരത്തിലുളള ദുരന്തങ്ങള്‍ ഏറെയും സംഭവിക്കുന്നത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല.
നമ്മുടെ ജീവിതവും ഒരു യാത്രയാണ്. യാത്രക്ക് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. തിരുവചനത്തില്‍ ശാരീരികമായ ഉറക്കത്തെയും ആത്മീകമായ നിദ്രയെയും പ്രതിപാദിക്കുന്നുണ്ട്. ശാരീരികമായ ഉറക്കം ആരോഗ്യത്തി ന്‍റെ പ്രധാന ഘടകമാണ്. ശത്രുക്കള്‍ വലയം ചെയ്തപ്പോഴും ദാവീദ് പറയുകയാണ്. ڇഞാന്‍ സമാധാനത്തോടെ കിടന്ന് ഉറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത്ڈ (സങ്കീര്‍ത്തനം 4 ന്‍റെ 8). ദൈവത്തില്‍ അടിയുറച്ച വിശ്വാസം ഉളളവര്‍ക്കാണ് ഭയമില്ലാതെ ഉറങ്ങുവാന്‍ സാധ്യമാകുന്നത്. കോടികള്‍ സമ്പാദിച്ചവരുടെ സാമ്പത്തിക നിലവാരം ഉന്നതമാണെങ്കിലും അവരില്‍ പലരും ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരാത്തവരാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആത്മീയ വിഷയങ്ങളില്‍ ക്ഷീണം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന നിദ്ര.
ദെലീലയുടെ മടിയില്‍ ഉറങ്ങിപ്പോയ ശിംശോന്‍റെ വീഴ്ച ദൈവജനതക്ക് ഒരു മുന്നറിയിപ്പാണ്. ഈ ലോകമാകുന്ന ദെലീലയുടെ മടിയില്‍ സുഖനിദ്രയില്‍ ലയിച്ചാല്‍ ശത്രുവിന്‍റെ മുന്നില്‍ പരാജയമാണ് സംഭവിക്കുന്നത്. നിര്‍മ്മദരായിരിപ്പീന്‍, ഉണര്‍ന്നിരിപ്പീന്‍, നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞുചുറ്റി നടക്കുന്നു (1 പത്രൊസ് 5 ന്‍റെ 8). ഉറങ്ങുന്നവരെ ആക്രമിക്കുവാനാണ് പിശാച് മുന്‍ഗണന കൊടുക്കുന്നത്. അതിന് കാരണം, ഉറങ്ങുന്നവര്‍ക്ക് പ്രതിരോധിക്കുവാന്‍ സാധ്യമല്ല എന്നതാണ്. സുവിശേഷവേല എന്ന ലേബലില്‍ ദുരുപദേശങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പൊസ്തലനായ പൗലോസ് തന്‍റെ പ്രേക്ഷിത ദൗത്യത്തില്‍ ദുരുപദേശക്കാരെ നിങ്ങള്‍ തിരിച്ചറിയണമെന്നാണ് പ്രബോധിപ്പിച്ചിരുന്നത്, (അപ്പൊ:പ്രവൃത്തി 20 ന്‍റെ 31).
മരണനിദ്ര, ആത്മീകനിദ്ര, ശാരീരികനിദ്ര തുടങ്ങിയ വിഷയങ്ങള്‍ തിരുവചനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ വിശുദ്ധന്മാരുടെ മരണം ഒരു നിദ്രയാണ്. കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരുന്ന സുദിനം ആസന്നമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം ഉറക്കത്തിലാണോ?. പ്രത്യാശ ഉളളവരാണോ?, സ്വയം പരിശോധനക്ക് വിധേയപ്പെടുക. ഉറക്കം വിശ്വാസ ജീവിതത്തെ പരാജയപ്പെടുത്തുമ്പോള്‍ ആത്മീയ വിഷയങ്ങളില്‍ മുന്‍ഗണന കൊടുത്താല്‍ തന്മൂലം ലഭ്യമാകുന്ന സന്തോഷം അവര്‍ണ്ണനീയമാണ്.