മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതയാത്ര പുതുപ്പളളിയില്‍ നിന്ന് ആരംഭിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

6 August 2022

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതയാത്ര പുതുപ്പളളിയില്‍ നിന്ന് ആരംഭിക്കുന്നു

രാജു തരകന്‍

കേരളത്തില്‍ കോട്ടയം ജില്ലയിലെ അതി മനോഹര ഗ്രാമമാണ് പുതുപ്പളളി. പുതുപ്പളളി ഗ്രാമത്തിനും സവിശേഷതകള്‍ ഏറെയുണ്ട്. ഗ്രാമീണ ഭംഗിയേക്കാള്‍ ആ നാടിനെ പ്രശസ്തിയുടെ കൊടിമുടിയില്‍ എത്തിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആര്‍ക്കാണ് വിസ്മരിക്കുവാന്‍ കഴിയുക?. രാഷ്ട്രീയ നീരീക്ഷകന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.അതിനുകാരണം അദ്ദേഹത്തിന്‍റെ സൗമ്യതയും സാമൂഹ്യപ്രതിബദ്ധതയുമാണ്. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രതിപക്ഷത്തോടുളള സമീപനം, ഭരണതലത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ പരിഹരിച്ച മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ എല്ലാം ജനങ്ങള്‍ വളരെ ആകാംഷയോടെയാണ് വീക്ഷിച്ചിരുന്നത് .ജനങ്ങള്‍ സംതൃപ്തരായിരുന്നു എന്നതിന്‍റെ തെളിവാണ് എല്ലാ തെരഞ്ഞെടുപ്പിലും തനിക്ക് ലഭിച്ച വിജയം. വ്യക്തി ജീവിതത്തില്‍ എതിരാളികള്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയപ്പോഴും അവിടെയെല്ലാം ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ആയുധം കൊണ്ടായിരുന്നു, അല്ലെങ്കിലും രാഷ്ട്രീയം തികച്ചും വ്യക്തിപരമായിരിക്കണം. ഇഷ്ടമുളള പാര്‍ട്ടിയില്‍ അംഗത്വം എടുക്കുവാനും പ്രചരണം നടത്തുവാനും എല്ലാവര്‍ക്കും അവകാശമുണ്ട് നമ്മുടെ രാജ്യത്ത്. മറ്റുളളവര്‍ എതിര്‍പാര്‍ട്ടിയില്‍ ആയാലും നമ്മുടെ ശത്രുക്കള്‍ അല്ല എന്ന ചിന്താഗതിയാണ് ആവശ്യം. അങ്ങനെയുളള ജനസേവകരാണ് ജാതിയും മതവും രാഷ്ട്രീയവും വിസ്മരിച്ച് പൊതുവേദികളില്‍ പങ്കെടുക്കുകയും സ്നേഹസല്‍ക്കാരങ്ങളില്‍ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നത്. ജനസേവകരുടെ മുഖമുദ്രയായിരിക്കണം മുകളില്‍ ഉദ്ധരിച്ച ഘടകങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിത വിജയവും ഇതൊക്കെ തന്നെ ആയിരിക്കണം.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ധാരാളം വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടിരിക്കുന്നു. മനസ്സിന്‍റെ ഒരാഗ്രഹമായിരുന്നു ഉമ്മന്‍ചാണ്ടിയെ നേരിട്ട് കാണണമെന്ന്. എന്തായാലും മനസ്സിന്‍റെ ആഗ്രഹം സഫലമായ ഒരു സുദിനമായിരുന്നു കഴിഞ ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച. എന്‍റെ സുഹൃത്ത് അഡ്വ. ഡി.വിജയകുമാര്‍ മുഖേന സന്ദര്‍ശന സമയം നിശ്ചയിച്ച് ഞങ്ങള്‍ ചെങ്ങന്നൂരില്‍ നിന്ന് പുതുപ്പള്ളിയിലേയ്ക്ക് യാത്ര തിരിച്ചു.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഉന്നത പദവികള്‍അലംങ്കരിച്ചിട്ടുളള അഡ്വ. ഡി. വിജയകുമാര്‍ പാര്‍ട്ടിക്കും ചെങ്ങന്നൂര്‍ നിവാസികള്‍ക്കും സുപരിചിതനാണ്. സന്ദര്‍ശന സുദിനം ഞായറാഴ്ച തിരഞ്ഞെടുക്കുവാനുളള പ്രധാനകാരണം ഉമ്മന്‍ചാണ്ടിക്ക് അന്ന് തിരക്കില്ലാത്ത സുദിനമായിരിക്കുമെന്നു കരുതി എങ്കിലും തന്‍റെ ഭവനാങ്കണത്തില്‍ വന്‍ തിരക്കായിരുന്നു. ഞായറാഴ്ച ആയിട്ടും എം.സി.റോഡില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞരാത്രിയില്‍ പെയ്ത മഴ കാറിന്‍റെ വേഗതയെ കുറയ്ക്കുന്ന കുഴികളാണ് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത്. എങ്കിലും നിശ്ചിതസമയത്ത് ഞങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നു.
തന്‍റെ ഭവനാങ്കണത്തില്‍ വിവിധ ആവശ്യങ്ങളുടെ നിവേദനവുമായ് വലിയ ജനക്കൂട്ടം. നാനാദിക്കില്‍ നിന്നും ജനങ്ങള്‍ ഇവിടെ സന്ദര്‍ശകരായ് എത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സെക്രട്ടറിയാണ് സന്ദര്‍ശകരെ നിയന്ത്രിച്ചിരുന്നത്. അദ്ദേഹം വ്യക്തിപരമായ് സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ തിരക്കിയതിനുശേഷം നമ്പര്‍ കൊടുത്ത് സന്ദര്‍ശകരെ ക്യൂവില്‍ നിര്‍ത്തുന്നു. ഞങ്ങള്‍ക്ക് മുമ്പുകൂട്ടി അനുമതി ലഭിച്ച കാരണത്താല്‍ സന്ദര്‍കരുടെ മുറിയില്‍ പ്രവേശനം ലഭിച്ചു. വിസിറ്റിംങ് മുറിയില്‍ ഞങ്ങളെ സ്വീകരിച്ചത് ഉമ്മന്‍ചാണ്ടിയുടെ രണ്ട് സഹോദരങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ എഴുതപ്പെടാത്ത കുടുംബവിശേഷങ്ങള്‍ അവര്‍ ഞങ്ങളുമായി പങ്കുവെച്ചു. അല്പസമയം കഴിഞ്ഞ് ഉമ്മന്‍ചാണ്ടി ഞങ്ങള്‍ ഇരിക്കുന്ന വിസിറ്റിംങ് റൂമില്‍ വന്നു. പരിചയപ്പെട്ടതിനുശേഷം പ്രവാസി മലയാളികളുടെ സാമൂഹ്യപ്രശ്നങ്ങള്‍ തന്‍റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഈ സന്ദര്‍ഭം ലഭിച്ചതില്‍ എനിക്ക് അതിയായി സന്തോഷമുണ്ട്. പ്രവാസിമലയാളികള്‍ക്ക് തന്നാല്‍ കഴിയുന്ന എല്ലാവിധ സഹായവും ചെയ്യുവാന്‍ സന്നദ്ധനാണെന്ന വാഗ്ദാനത്തിന് മുന്നില്‍ ആ നല്ല മനസ്സിന്‍റെ ഉടമയെ ആര്‍ക്കാണ് തിരസ്ക്കരിക്കുവാന്‍ കഴിയുക?.
ഉമ്മന്‍ചാണ്ടിയും തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കേരളം ഭരിക്കുന്ന കാലഘട്ടം. എസ്.എസ്.എല്‍.സി പരീക്ഷാസമയത്ത് പവ്വര്‍കട്ട് പിന്‍വലിക്കണമെന്ന ആവശ്യമായ് കെ.എസ് യു. ക്കാര്‍ കോട്ടയത്ത് സമരത്തില്‍ ഏര്‍പ്പെട്ടു. ഭരണകൂടം സമരത്തെ പോലീസിനെക്കൊണ്ട് പ്രതിരോധിച്ചു. പോലീസിന്‍റെ ലാത്തിചാര്‍ജില്‍ പലര്‍ക്കും പരക്കുപറ്റി. സമരത്തിന് നേതൃത്വം കൊടുത്തവരെ അറസ്റ്റു ചെയ്ത് തടവിലാക്കി. ജയിലില്‍ ഉമ്മന്‍ചാണ്ടി നിരാഹാര സമരം ആരംഭിച്ചു. പവ്വര്‍കട്ട് പിന്‍വലിച്ചതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി നിരാഹാരം അവസാനിപ്പിച്ചത്. വിപ്ലവത്തെ പ്രതിരോധിച്ച് സമാധാനത്തിന്‍റെ പാന്ഥാവ് പിന്‍ തുടരണമെന്ന ഗാന്ധിജിയുടെ ആദര്‍ശമാണ് ഉമ്മന്‍ചാണ്ടിക്ക് സ്വീകാര്യം. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം അഴിമതിയും കൈക്കൂലിയും കൊണ്ട് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കരങ്ങള്‍ ശുദ്ധമാണ്. ഭരണകര്‍ത്താക്കളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അഴിമതിരഹിത ഭരണമാണ്.
ഉമ്മന്‍ ചാണ്ടിയും പ്രണയലേഖനം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? അത് മറ്റാര്‍ക്കും അല്ല. വിവാഹം ഉറപ്പിച്ചതിന് ശേഷം തന്‍റെ പ്രതിശ്രുത വധുവായ മറിയാമ്മയ്ക്ക്. നമ്മള്‍ എഴുതിയിട്ടുള്ള അഥവാ എഴുതുവാന്‍ ആഗ്രഹിച്ചതുപോലെയുളള സുദീര്‍ഘമായ പ്രണയലേഖനമല്ല ഉമ്മന്‍ചാണ്ടി എഴുതിയത്. ഇത്രമാത്രം ڈതെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് ڈ പ്രാര്‍ത്ഥിക്കുമല്ലോ?. ഉമ്മന്‍ചാണ്ടിയും കുടുംബവും പ്രാര്‍ത്ഥനയില്‍ വിശ്വാസമുളളവരാണ്. സ്വന്തം ശബളത്തില്‍ നിന്ന് എല്ലാമാസവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുന്ന ജനകീയ നേതാവെന്ന സവിശേഷതയും തനിക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. പുതുപ്പള്ളിയില്‍ നിന്ന് വിട പറയുംമ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വരം ڈപ്രവാസികളായ എല്ലാ ജനങ്ങള്‍ക്കും എന്‍റെ സഹായവും സഹകരണവും എക്കാലവും ഉണ്ടായിരുക്കുന്നതാണ്.ڈ തന്‍റെ ഈ വാഗ്ദാനം കേരളത്തിലെ ജനങ്ങള്‍ക്കും അതോടൊപ്പം ലോകമെമ്പാടുമുളള പ്രവാസി ജനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ്.