രാമായണചിന്തകൾ (ഡോ.എസ് രമ )

sponsored advertisements

sponsored advertisements

sponsored advertisements

19 July 2022

രാമായണചിന്തകൾ (ഡോ.എസ് രമ )

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം വാത്മീകി രാമായണത്തെ അപേക്ഷിച്ച് ഭക്തിസാന്ദ്രമാണ്. ധാർമിക ഉൽക്കർഷത്തിന്റെ തത്വചിന്താ ശകലങ്ങൾ അദ്ധ്യാത്മരാമായണത്തിൽ സാരോപദേശങ്ങളായി കഥാസന്ദർഭങ്ങളോട് മനോഹരമായി കോർത്തിണക്കിയിരിക്കുന്നത് വായനക്കാരന്റെ മനസ്സിൽ മായാതെ ഇടം പിടിക്കും.
“ഭോഗങ്ങളെല്ലാംക്ഷണ പ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ.”
ഇത്തരത്തിലുള്ള ദാർശനിക വചനങ്ങൾ രാമായണത്തിലുടനീളം കാണാം..
അധ്യാത്മിക ജീവിതത്തിനു മാത്രമല്ല ഭൗതിക ജീവിതത്തിനും വഴികാട്ടിയായ രാമായണത്തിൽ
കഥാഗതിയിൽ മാറ്റങ്ങൾ വരുത്തുന്ന ആകസ്മിക സന്ദർഭങ്ങൾ കാണാം.സ്ത്രീകഥാപാത്രങ്ങളതിന് ഹേതുവാകുന്നു..
രാമാഭിഷേക വിഘ്നം
മന്ഥരയുടെ വാക്കുകൾ കേൾക്കുന്ന കൈകേയിയുടെ പ്രവർത്തികൾ രാമാഭിഷേക വിഘ്നത്തിനും തദ്വാര രാമന്റെ വനവാസത്തിനും കാരണമാകുന്നു . അഭിഷേകം നിശ്ചയിച്ചിരുന്ന രാമനിൽ നിന്ന് രാജ്യം ഭരതന് ലഭിക്കുന്നതിനുവേണ്ടി ഭർത്താവായ ദശരഥന്റെ തീരുമാനങ്ങളെ മാറ്റുന്നതിനവർ കാരണമാകുന്നു. മകനത് ഇഷ്ടമാകുമെന്നും തന്നോട് കൂടുതൽ കരുതൽ കാണിക്കുമെന്നുമവർ കരുതി .അതിന്റെ പ്രത്യാഘാതം ദശരഥന്റെ മരണത്തിൽ കലാശിക്കുകയും മകനാൽ പോലും തിരസ്കൃതയാകേണ്ട അവസ്ഥയിൽ കൈകേയിയെ എത്തിക്കുകയും ചെയ്യുന്നു.മകന്റെ അതിക്രൂരമായ ഭർത്സനങ്ങളും മരണംവരെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും കേട്ട് കഴിയേണ്ടി വന്ന കഥാപാത്രമാണ് കൈകേയി..
ശൂർപ്പണഖയുടെ ഇച്ഛാഭംഗം
രാമലക്ഷ്മണൻമാരോട് മാറി മാറി വിവാഹാഭ്യർത്ഥന നടത്തി നിരാശയോടെ പിന്മാറുന്ന ശൂർപ്പണഖയുടെ പ്രണയം കടുത്ത കോപമായി പരിണമിക്കുന്നു.രാമലക്ഷ്മണൻമാരെ വധിക്കുന്നതിൽ പരാജയപ്പെട്ട് ഒരു സ്ത്രീയെന്ന നിലയിൽ അപമാനിതയായവൾ മടങ്ങുന്നു. സങ്കടവും വൈരാഗ്യവും കൊണ്ട് സഹോദരൻമാരായ ഖരദൂഷണൻമാരെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് നയിക്കുന്നു.യുദ്ധത്തിൽ ഖരദൂഷണൻമാരും സൈന്യവും ഇല്ലായ്മ ചെയ്യപ്പെട്ടിട്ടും പക തീരാത്ത ശൂർപ്പണഖ തന്റെ മറ്റൊരു സഹോദരനായ രാവണനെ സീതാപഹരണത്തിന് പ്രേരിപ്പിക്കുന്നു .ബലശാലിയും സ്ത്രീലമ്പടനുമായ രാവണൻ സീതയുടെ സൗന്ദര്യവർണ്ണനയിൽ മോഹിതനായി സീതയെ അപഹരിക്കുന്നു. രാവണന്റെ വിനാശമവിടെ തുടങ്ങുകയാണ്.
സീതാപഹരണം
വനവാസം അവസാനിക്കാൻ ഏകദേശം ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് സീത അപഹരിക്കപ്പെടുന്നത്. കേവലമൊരു പൊന്മാനിനോടുള്ള അമിതമായ മോഹം, സന്യാസിയുടെ രൂപം ധരിച്ച രാക്ഷസനെ തിരിച്ചറിയാൻ കഴിയാതെ പോയത്,ഇതൊക്കെ സീതയുടെ ദുരവസ്ഥയ്ക്ക് കാരണമായി.
അമിത മോഹങ്ങളും നിർബന്ധബുദ്ധിയും മനുഷ്യനെ വിനാശത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഈ കഥാസന്ദർഭങ്ങളിൽ നിന്നും മനസ്സിലാക്കാം. വിനാശകാലേ വിപരീത ബുദ്ധി എന്നതിവിടെ അന്വർത്ഥമാകുന്നു.ജീവിതത്തിൽ ദുരിതങ്ങൾ സംഭവിക്കാനുള്ളതാണെങ്കിൽ വന്നു ഭവിക്കുക തന്നെ ചെയ്യും . സദ് വചനങ്ങൾ ചെവികൊള്ളാൻ മനസ്സപ്പോൾ സന്നദ്ധമാവില്ല..

ഡോ.എസ് രമ