രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

sponsored advertisements

sponsored advertisements

sponsored advertisements

25 January 2022

രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ഡല്‍ഹി: നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊര്‍ജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളെ ഓര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ നിശബ്ദമാക്കിയേക്കാം. എന്നാല്‍ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനം രണ്ട് ദിവസം മുമ്പാണ് നമ്മള്‍ ആചരിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയര്‍ത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നല്‍കുന്നതാണ്.

ഇപ്പോള്‍ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന്മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തില്‍ ലോക സമ്പദ്‌വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെപുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്.

നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തില്‍ നിന്ന് അകന്ന് അവര്‍ മാതൃരാജ്യത്തിന് കാവല്‍ തുടരുന്നു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര്‍ സമാധാന ജീവിതം ആസ്വദിക്കുന്നത്.

ധീരനായ ഒരു സൈനികന്‍ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.