ഇന്ന് വീട് പൊളിയ്ക്കുമെന്നറിയിച്ചത് വല്യേട്ടനാണ്. പിറന്ന വീട്…. നോസ്റ്റാൽജിയ എന്നു പറക വയ്യ, ഒരു നോവിന്റെ തരി ഉള്ളിലെവിടെയോ ഇല്ലില്ലെന്നെത്ര പറഞ്ഞിട്ടും, ഉണ്ട്, ഞാനിവിടുണ്ട് എന്ന് കുറുകുന്നു.
അച്ഛന്റെ സൂക്ഷിപ്പുകളിൽ നിന്നുയർന്ന ചെങ്കൽ മതിൽ തകരുമാദ്യം, കൂടെ അമ്മ പാലു വിറ്റുണ്ടാക്കിയ താമരഗേറ്റ് തകർന്നു വീഴും ഇരുമ്പിനെ ഞെരിച്ച് ബുൾഡോസർ അകത്തേയ്ക്ക്…
ഏടത്തി, ഏട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ ചായകൊണ്ടുവച്ച് മുഖം താഴ്ത്തി നിന്ന ഉമ്മറം, അച്ഛനെ ഉമ്മറത്തു നിന്നും തെക്കോട്ടെടുക്കവേ അമ്മ വന്ന് വട്ടം പിടിച്ച് തടഞ്ഞ ഉമ്മറ വാതിൽ….
വെട്ടുകല്ലുകൾക്കിടയിൽ കുഴമണ്ണുവച്ച്, നേർമ്മയിൽ കോൺക്രീറ്റിട്ട്, വിള്ളൽ ഭദ്രമായടച്ച് കുമ്മായം തേച്ച ചുവരുകൾക്ക് എത്ര നേരം പറഞ്ഞു നിൽക്കാനാവും…..
മൂത്താശാരി ചതുരത്തിലും ഉരുട്ടിയും പണിഞ്ഞ ജനലഴികളോരോന്നും മുറിഞ്ഞും, ചതഞ്ഞും ചിതറുന്നുണ്ടാവും.
ജീവിതത്തിലൊരു നേർവര വരയ്ക്കാൻ അതിൽ നിന്നൊരു റൂൾത്തടിയെടുത്തു വയ്ക്കാൻ പറയണമെന്നോർത്തൂ അയാൾ.
വീട്ടിലെ സ്ത്രീകൾക്ക്, പുറത്തു നിന്നു വരുന്നവരോട് സേഫ് ഡിസ്റ്റൻസിൽ സംവദിയ്ക്കാൻ കഴിയുന്ന മുകളിലും താഴെയുമായി രണ്ടായ് പകുത്തു പണിത ഇടവാതിൽ, ചിലവധികമെന്നറിഞ്ഞിട്ടും അച്ഛന്റെ നിർബ്ബന്ധമായിരുന്നു.
അനിയന്മാർ സ്റ്റാമിന തെളിയിച്ചിരുന്നത് ആ വാതിൽ വട്ടംചാടിയായിരുന്നുവല്ലൊ! അതിപ്പോൾ യന്ത്രക്കൈകൾ വലിച്ചു പുഴക്കിയിരിയ്ക്കും. വീട്ടിനും, വിരുന്നിനും വച്ചുവിളമ്പിയ അടുക്കളയും അതിലെ പാതിയമ്പുറവുമാകും അടുത്ത ലക്ഷ്യം.
അതിനപ്പുറം അടുക്കളത്തളം, പിന്നെ ഇടതു തിരിഞ്ഞ് കിടപ്പുമുറികൾ. പ്രൈവസി എന്നതൊരു കൺസെപ്റ്റേ അല്ലാതിരുന്ന വീട്. അതിലെവിടെയോയൊക്കെയാണ് ഓരോരുത്തരും പിറന്നു വീണത്.
‘പിറക്കാനിടമുണ്ടായിട്ടേ ഉണ്ണികൾ പിറക്കാവൂ’ എന്നതും അച്ഛന്റെ ശാഠ്യങ്ങളിലിടം പിടിച്ചിരുന്ന ഒന്നായിരുന്നത്രേ!
അമ്മ മനം കാത്തിരുന്നതേഴാണ്ടാണ്ട്!
‘പിന്നെ ചിരട്ടയും നാഴിയും പോലെ….’
അമ്മയുടെ ശബ്ദമില്ലാച്ചിരി യന്ത്രത്തിന്റെ ശബ്ദത്തിൽ മുങ്ങിപ്പോയിരിയ്ക്കും.
ശബ്ദവീചികൾ മൃതിയടയാറുണ്ടോ?
ഇപ്പോൾ യന്ത്രം എല്ലാം തൂത്തു പെറുക്കിയടുക്കി….. പണത്തിനായി തുമ്പിക്കെെ നീട്ടുകയാവും….
ഒരു തലമുറയുടെ വിയർപ്പിന് ഇനിയൊരു തലമുറ നൽകുന്ന വില!
ഫോൺ ശബ്ദിച്ചു അപ്പുറത്ത് വല്ല്യേട്ടൻ,
ചോദിയ്ക്കും മുൻപെ ഉത്തരം വന്നു.
രാവിലെ ഉണർന്നപ്പോൾ മുതൽ അമ്മയുടെ നിശ്ശബ്ദമായൊരു തേങ്ങൽ പിൻ തുടരും പോലെ……
ഒന്നും പറയാതെ അടർന്നുവീഴാത്തൊരു കണ്ണീർത്തുള്ളി നിറഞ്ഞ കലങ്ങിയ കണ്ണുകൾ എവിടെ നിന്നൊക്കെയോ സങ്കടത്തോടെ നോക്കുമ്പോലെ……..
പൊളിയ്ക്കണ്ടാന്നു വച്ചു.
ആവുമ്പോൾ ഓരോരുത്തർ വന്നു താമസിയ്ക്കാം. തനിയെ വീണു പോവും വരെ…..
പിറകിൽ നിശ്ശബ്ദമായ ചിരി….
ശബ്ദവീചികളും, നിശ്ശബ്ദചിത്രങ്ങളും കാലത്തെ മാത്രമല്ല ദൂരത്തേയും…..
അസ്തമയം കണ്ണുകളിലുടക്കാഞ്ഞതൊരു കണ്ണീർത്തുള്ളി മറയിട്ടതിനാൽ……
