മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്; ഇരുണ്ട ഒരു ചെകുത്താൻ കവിത (രഘുനാഥൻ പറളി)

sponsored advertisements

sponsored advertisements

sponsored advertisements

21 November 2022

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്; ഇരുണ്ട ഒരു ചെകുത്താൻ കവിത (രഘുനാഥൻ പറളി)

രഘുനാഥൻ പറളി

നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത, മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രം തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടു. ഒരു നടൻ എന്ന നിലയിൽ വിനീത് ശ്രീനിവാസൻ നടത്തുന്ന മുന്നേറ്റം വിസ്മയിപ്പിക്കുന്നതാണ്. മോട്ടോർവാഹന അപകട ഇൻഷൂറൻസ് മേഖലയിലെ കറുത്ത ലോകങ്ങൾ സിനിമ ശക്തമായി അനാവരണം ചെയ്യുന്നു..! അധാർമ്മികവും കിരാതവുമായ ചെയ്തികളിൽ ‘കവിത’ കണ്ടെത്തുകയും, അത്തരം ‘ഇരുൾ ചെയ്തികളെ’ കൂടുതൽ ‘കാവ്യാത്മകമാക്കാൻ’ യത്നിക്കുകയും ചെയ്യുന്ന ഒരു വില്ലൻ അഥവാ പ്രതിനായകൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല എന്നു പറയാം.

ഹിംസയും ചതിയുമാണ് മുകുന്ദൻ ഉണ്ണി രചിക്കുന്ന സുന്ദരവും ഭീതിദവുമായ അയാളുടെ ചെകുത്താൻ കവിതകളുടെ പ്രമുഖ രൂപകവും ധ്വനിയുമെന്നത് സിനിമയെ പുതുമയുള്ളതാക്കുന്നു. സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്ന് തയ്യാറാക്കിയ തിരക്കഥ ഏറെക്കുറെ സൂക്ഷ്മമാണ് എന്നത് സിനിമയുടെ ശക്തിയാക്കുന്നുണ്ട്. ആയത് വിനീത് ശ്രീനിവാസനിൽ ഇത്രമാത്രം ഭദ്രമാകുന്നുവെന്നത് ആദ്യം സൂചിപ്പിച്ചതു പോലെ കൗതുകകരവുമാണ്. തികച്ചും നിസ്സംഗനും നിർമ്മമനും ആയ ഒരു കഥാപാത്രമാണ് തന്റേതെന്ന തികഞ്ഞ ബോധ്യം നടന്റെ ചലനങ്ങളിൽ അടിമുടി കാണാം. വിഷം പുരണ്ട അയാളുടെ മോണലോഗുകൾ അഥവാ ആത്മഗതങ്ങൾ സിനിമയെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ആ അർത്ഥത്തിൽ മലയാള സിനിമയിലെ സുന്ദരമായ ഒരു പുതിയ ആഭിചാരം പോലെ ഈ ചിത്രം നിലകൊള്ളുന്നു..!

രഘുനാഥൻ പറളി