രഘുനാഥന്‍ പറളി
“സാംതേഗാങ്ങ് സ്മരണകൾ ” എന്നത് തികച്ചും ലളിതവും തീര്‍ത്തും ഭാരരഹിതവുമായ ഒരു ശീര്‍ഷകമായി നമുക്കു തോന്നുന്നുവെങ്കില്‍ അത് അത്രമേല്‍ സ്വാഭാവികം മാത്രമാണ്. ഡോ സുരേഷ് കുമാർ തന്‍റെ ഈ ഭൂട്ടാന്‍ ഓര്‍മ്മകളില്‍ ജീവിതത്തിന്‍റെ ഉപ്പും വിയര്‍പ്പും കാമനയും ആശങ്കയും ആനന്ദവും രതിയും അതിജീവനവും പ്രണയവും ലഹരിയും എല്ലാം പതുക്കെ വിളക്കി ചേര്‍ക്കാന്‍ തുടങ്ങുമ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറുന്നു. ഇവിടെ പക്ഷേ പ്രത്യേകം കാണേണ്ടുന്ന പ്രധാന കാര്യം ഇവയൊന്നും ലേഖകന്‍ ബോധപൂര്‍വ്വം ഈ ഓര്‍മ്മകളില്‍ നിറയ്കുന്നതല്ലെന്നും മറിച്ച് ഭൂട്ടാനില്‍ അധ്യാപകനായി തൊഴില്‍ തേടി എത്തുകയും രണ്ടര വര്‍ഷത്തോളം (കൃത്യമായി പറഞ്ഞാല്‍ 1985 മെയ് 15 മുതല്‍ 1987 ഒക്ടാബര്‍ 10 വരെ- രണ്ടു വര്‍ഷവും നാലുമാസവും ഇരുപത്തിയഞ്ചു ദിവസവും) ഈ ഭൂട്ടാന്‍ ജീവിതത്തില്‍ നിമഗ്നനാകുകയും ചെയ്ത ഒരാളില്‍, ആ ഭൂപ്രകൃതിയും സംസ്കാരവും സമൂഹവും ആഴത്തില്‍ പകര്‍ന്നു നല്കുന്ന കലര്‍പ്പില്ലാത്ത ജീവിതസ്പന്ദങ്ങളുടെ യഥാതഥമായ ആവിഷ്കാരം മാത്രമാണ് സംഭവിക്കുന്നത് എന്നും ആത്മകഥാപരമായ ഈ ആഖ്യാനം അഥവാ “ആത്മഖമണ്ഡം” പെട്ടെന്ന്-വളരെ പെട്ടെന്ന് നമ്മെ ബോധ്യപ്പെടുത്തി തുടങ്ങുന്നു. കാലഗണനയില്‍ അതീവ ഹ്രസ്വമെന്നു പറയാവുന്ന ഒരു കാലയളവിന്‍റെ ഓര്‍മകളും അനുഭവങ്ങളും പക്ഷേ ബൃഹത്തായ ഒരു രചനയ്ക്ക് നാന്ദികുറിക്കുന്നുവെങ്കില്‍, ആ ചെറുകാലയളവില്‍ ഈ ഭൂപ്രേശവുമായി ബന്ധപ്പെട്ടുളള ലേഖകന്‍റെ ജീവിതവിസ്താരവും സ്വതന്ത്രവിഹാരവും എത്ര വിപുലവും വൈവിധ്യാത്മകവുമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ..!

സാംതേഗാങ്ങിലെ ഓര്‍മകള്‍ ആത്മനിഷ്ഠമായ അനുഭവങ്ങളുടെ സങ്കലനമായിരിക്കുമ്പോള്‍ തന്നെ അത്, ചരിത്രം, രാഷ്ട്രീയം, കുടുംബം, വിദ്യാഭ്യാസം, മതം, സംസ്കാരം, ദേശീയത, വംശീയത, ഭാഷ, ഭക്ഷണം, വസ്ത്രം, ലൈംഗികത, ഭരണസംവിധാനം തുടങ്ങി, മനുഷ്യനുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ചില സുപ്രധാന സ്ഥാപനങ്ങളുടെയും സാഹചര്യങ്ങളുടെയും സവിശേഷ വിശകലനങ്ങളും വ്യാഖ്യാനങ്ങളും കൂടി ആയിത്തീരുന്നുണ്ട് എന്നതിനാലാണ് ഈ ഗ്രന്ഥം ഒരു സാധാരണ ഓര്‍മപ്പുസ്തകത്തില്‍ നിന്ന് വ്യത്യസ്തമാകുന്നതും, അത് സ്വയം ഒരു തനതുജീവിതം നേടിയെടുക്കുന്നതും. “ഒളിപ്പിക്കപ്പെട്ട ഹിമാലയ രത്നം” എന്ന് വിശേഷിപ്പിക്കപ്പെടാറുളള ഒരു ഇടം കൂടിയാണ് ഭൂട്ടാന്‍. അതിനു കാരണം സ്വാഭാവികമായും അതിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും “സാസ്കാരിക മൗലികത”യും നിഷ്കളങ്ക ജീവിതചക്രവുമാണെന്നു പറയാം. അറിയാന്‍ ശ്രമിക്കുന്തോറും വികസിക്കുന്ന ഭൂട്ടാന്‍റെ പ്രലോഭനീയമായ ഒരു നിഗൂഢതയും ഒരര്‍ഥത്തില്‍ ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. രാജഭരണം അഥവാ മൊണാര്‍ക്കിയിലുളള ഭൂട്ടാന്‍ 1974 ല്‍ മാത്രമാണ് പുറംലോകത്തിന്, സന്ദര്‍ശകര്‍ക്ക് തങ്ങളുടെ അതിരുകള്‍ തുറന്നുകൊടുത്ത് പ്രവേശനം അനുവദിക്കുന്നത്! ശേഷം ഒരു ദശകം മാത്രം പിന്നിടുമ്പോഴാണ്, കേരളത്തില്‍ വെച്ച് നടന്ന അഭിമുഖത്തിലൂടെ ഭൂട്ടാന്‍ ഗവര്‍മെന്‍റിനു കീഴില്‍ അധ്യാപകനായി നിയമനം ലഭിച്ച് സുരേഷ്കുമാര്‍ ഭൂട്ടാനിലെത്തുന്നത് എന്നതും ഇതിനോട് ചേര്‍ത്തു കാണേണ്ടതുണ്ട്. ബുദ്ധമത വിഹാരങ്ങളുടെയും ആചാരങ്ങളുടെയും പ്രത്യേകതകള്‍ ഭൂട്ടാന്‍ ജീവിതത്തെ ആകെ പുല്‍കി നില്‍ക്കുന്നു. മറ്റു രാജ്യങ്ങള്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിലൂന്നി രാജ്യത്തിന്‍റെ വികസനം കണക്കാക്കുമ്പോള്‍, “മൊത്ത ദേശീയ ആനന്ദ”ത്തിലൂന്നി രാജ്യ പുരോഗതി വിലയിരുത്തുന്ന ഏക രാജ്യവും ഭൂട്ടാനത്രേ! ഇവിടെ സാമ്പത്തിക ശാസ്ത്രമല്ല ജീവിത തത്വചിന്തയാണ് ഭൂട്ടാനില്‍ മുന്നിട്ടു നില്ക്കുന്നതതെന്ന്, ഈ “സാംതേഗാങ് ഓര്‍മകളും” നമ്മെ പഠിപ്പിക്കുക തന്നെയല്ലേ..?! അമേരിക്ക പോലുളള വന്‍ രാജ്യങ്ങള്‍ കോവിഡ് മഹാമാരിക്കു മുന്നില്‍ വലിയ ദുരന്തം നേരിട്ടപ്പോള്‍, ഭൂട്ടാന്‍ ലോകത്ത് ആദ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വീണ്ടും തങ്ങളുടെ അതിരുകള്‍ ഏറ്റവും പെട്ടെന്ന് അടച്ച അപൂര്‍വ്വ രാജ്യമാകുകയായിരുന്നു. സമാനതകളില്ലാത്ത വിധമാമാണ് ഭൂട്ടാന്‍ കോവിഡിനെ നേരിട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയത് എന്ന കാര്യവും ഇവിടെ സാന്ദര്‍ഭികമായി എന്നാല്‍ അര്‍ഥവത്തായിത്തന്നെ ഓര്‍ക്കാം. സുസ്ഥിരവും സമദര്‍ശിയുമായ സാമൂഹിക സാമ്പത്തിക വികസനം, പാരിസ്ഥിതിക സംരക്ഷണം, സംസ്കാരിക പരിരക്ഷണവും പ്രോത്സാഹനവും, ഭരണ നൈപുണിയും മികച്ച പൊതുഭരണവും തുടങ്ങി നാലു പ്രധാന ഘടകങ്ങളിലൂന്നി ജനതയുടെ പ്രതിശീര്‍ഷ ആനന്ദം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു ദേശത്തിന്‍റെ -ചെറുതും സാമ്പത്തികപരിമിതികള്‍ ഏറെ ഉളളതുമായ ഒരു രാജ്യത്തിന്‍റെ- ശ്ലാഖനീയമായ വിജയഗാഥകൂടിയാണത്. തിമ്പുവിലെ ആ വലിയ ബുദ്ധപ്രതിമ മുതല്‍ ലേഖകന്‍ “സ്ലേറ്റ് മൈനി”ല്‍ നിന്നും വീണ്ടും അതിസാഹസികമായി യാത്രചെയ്ത് എത്തിച്ചേരുന്ന ലാംഗ്ഡോണ്‍ മൊണാസ്ട്രി വരെയുളള ആത്മീയ ഇടങ്ങള്‍ ഭൂട്ടാന്‍റെ പ്രത്യേകതയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ അവരുടെ അയഞ്ഞ ലൈംഗികതയെക്കുറിച്ചും ലേഖകന്‍ എഴുതുമ്പോഴാണ് സ്വാഭാവിക ചോദനകളില്‍ സദാചാര മതിലുകള്‍ കെട്ടാത്ത ഒരു ഭൂട്ടാനെക്കുറിച്ചു കൂടി നമ്മള്‍ മനസ്സിലാക്കുക. “ഇവിടെയീ ഡ്രുക് ദേശത്ത് സങ്കല്പത്തില്‍പ്പോലും കല്യാണമില്ല. പ്രണയവും ഒളിച്ചോട്ടവും കൂടെക്കഴിയലുമായി കുടുംബങ്ങള്‍ പുലരുന്ന സംസ്കൃതിയില്‍ കല്യാണച്ചടങ്ങുകളില്ല. രാജാവും കല്യാണംകഴിച്ചിട്ടില്ല. അദ്ദേഹത്തിന് മൂന്ന് ഭാര്യമാരുണ്ടെന്ന് അനൗദ്യോഗികഭാഷ്യം. ആരും പുറത്ത് പറയില്ല. ഭയമാണ്. അങ്ങനെയുള്ളയിവിടെ കല്യാണമെന്തെന്ന് ആര്‍ക്കും മനസ്സിലാവില്ല. അതുകൊണ്ടുതന്നെ ആരെയും ഒന്നും അറിയിക്കാനുമില്ല. ആഘോഷിക്കാനുമില്ല. ദൃശ്യങ്ങളും സന്ദേശങ്ങളുമില്ലാത്ത, 80-കളുടെ ലാളിത്യത്തിന്‍റെ ലോകംڈ എന്ന് അതേക്കുറിച്ച്, ലേഖകന്‍ നാട്ടിലെ തന്‍റെ സഹോദരിയുടെ വിവാഹപശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട്. അതായത് ഇപ്രകാരമുളള വിചിത്രവൈരുധ്യങ്ങള്‍ എപ്പോഴും ഭൂട്ടാനെ പൊതിഞ്ഞു നില്‍ക്കുന്നുണ്ടെന്ന് സാരം.
എഴുത്തുകാരന്‍റെ ഭൂട്ടാന്‍ ജീവിതം നിരവധി ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും നടുവിലാണ് ആരംഭിക്കുന്നതെന്ന് ആദ്യത്തില്‍ തന്നെ നമുക്ക് തിരിച്ചറിയാനാകുന്നുണ്ട്. ഏകാന്തഗിരികള്‍ നിറഞ്ഞ ഒരു രാജ്യത്തെ യാത്രകളും തൊഴിലും എത്രമാത്രം സംഘര്‍ഷഭരിതവും അരക്ഷിതവുമായിരുന്നു എന്ന് ഇവിടെ നമ്മള്‍ വായിക്കുന്നു. തീര്‍ത്തും ഒറ്റപ്പെട്ടുപോയ ലേഖകന്‍റെ നിസ്സഹായ രാത്രികള്‍ നമ്മളും അനുഭവിക്കുന്നു. അപ്പോഴും, വൈകാതെതന്നെ ആ ഗ്രാമീണ നിഷ്കളങ്കതയും അവിടുത്തെ കുട്ടികളും, അവിടെ അധ്യാപകരായി എത്തുന്നവരെ പതുക്കെ അലിയിച്ചെടുക്കുന്ന കാഴ്ച ഹൃദയ ദ്രവീകരണക്ഷമമാണ്. നിത്യാധികാരരൂപമായി നിലകൊളളുന്ന തലവന്‍റെ (ഹെഡ്മാസ്റ്റര്‍ ദോര്‍ജി) കഠിന മാനസിക പീഢനങ്ങളെ ലേഖകന്‍ മറികടക്കുന്നത് പക്ഷേ വൃക്ഷനിബിഡമായ ഈ സവിശേഷ ഭൂപ്രകൃതിയുമായും വിദ്യാലയത്തിലെത്തുന്ന കുട്ടികളുമായും നേടിയെടുക്കുന്ന അവിശ്വസനീയമായ ഒരു ലയം കൊണ്ടാണെന്നത് വിസ്മരിക്കാനാകില്ല. (വീണ്ടും കഠിനപരീക്ഷണമെന്നോണം ത്രിപാഠിയുടെ പീഢനങ്ങള്‍ വഴിയെ കാത്തിരിക്കുന്നുണ്ടെങ്കിലും അവിടെയും സത്യസന്ധമായ ഒരു അതിജീവനം ലേഖകനും വാസപ്പന്‍ ഉള്‍പ്പെടുന്ന മറ്റു സഹ മലയാളിയധ്യാപകര്‍ക്കും സാധിക്കുന്നുണ്ട്.) ഭൂട്ടാനിലെ ഭക്ഷണങ്ങളായ എമതാച്ചിയും ബാങ്ചങ്ങും കെവാതാച്ചിയും സൂജയും ചങും ദോമയും ബാങ്ചാങും പായും എമാതാച്ചി ചേര്‍ത്ത തോയും താച്ചുവും ഡാങ്ച്ചുവും മോമുവുമെല്ലാം നമ്മളും ഈ പുസ്തകവായനയ്ക്കിടെ പല തവണ സ്വാദിഷ്ഠമായി കഴിച്ചുപോകാതിരിക്കില്ല. ഭൂട്ടാന്‍റെ ദേശീയ മദ്യമായ “അറ” ഓരോ വീട്ടിലും ലഭ്യമാണെന്നു മാത്രമല്ല, എഴുത്തുകാരനു ലഭിക്കുന്ന ഓരോ സവിശേഷ സല്‍ക്കാരങ്ങള്‍ക്കൊപ്പവും ഒരര്‍ഥത്തില്‍ നമ്മളും അറ കഴിച്ചതുപോലുളള ഉന്മത്താനുഭൂതിയില്‍ അകപ്പെടുക സ്വാഭാവികം മാത്രം..!! വാസ്തവത്തില്‍ ഈവിധം അനുഭവങ്ങളും മാനസിക ചിത്രങ്ങളും സംഘര്‍ഷങ്ങളും ഈ പുസ്തകം നമ്മളിലേക്ക് നിരന്തരം പ്രക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു എന്നതിനാലാണ് അത് ഒരു നോവലാഖ്യാനത്തിനോട് തോളുരുമ്മി നില്‍ക്കുന്നത്. ഒപ്പം അതീവചാരുതയാര്‍ന്ന -കാല്പനികവും ലാവണ്യാത്മകവുമായ-ഒരു ഭാഷ ഈ കൃതിയില്‍ ലേഖകന്‍ ശ്രദ്ധയോടെ നിലനിര്‍ത്തുന്നതും ഈ ഓര്‍മ്മകളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.
ആദ്യം പരാമര്‍ശിച്ചതുപോലെ, എന്നെ സംബന്ധിച്ചിടത്തോളം ഈ കൃതി ഏറെ ആകര്‍ഷകമാകുന്നത്, അതിന്‍റെ ആഖ്യാനം ഒരു ഫിക്ഷനു ഏറ്റവും അടുത്തുനില്‍ക്കുന്നു എന്നതിനാല്‍ കൂടിയാണ്. ഗ്രന്ഥകാരന്‍ പലപ്പോഴും വൈകാരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു നോവലിലെ ആഖ്യാതാവിനെപ്പോലെത്തന്നെ നമുക്കു പ്രത്യക്ഷമാകുന്ന സന്ദര്‍ഭങ്ങള്‍ കുറച്ചല്ല. ത്രിപാഠിയും ഠാക്കൂറും ദോര്‍ജിയും വേക്ക്ലിയും റോബിന്‍ ഗുരുങ്ങും ദച്ചനും വാങ്മുവും സങയും കര്‍മ്മയും കൊത്തയും വാസപ്പനും മധുവും വേണുവും രാജുവും ജെയിംസും കരള്‍ പാറ്റേഴ്സണും റിച്ചാര്‍ഡ് മോര്‍ഗനും മൈത്രയും കെന്‍ട്രുപ്പും ഡാഷോ ജിഗ്മി ടിന്‍ലേയും വാങ്ചുക്ക് നാംഗേയും മറ്റു ലോപ്പന്‍മാരും തുടങ്ങി അസംഖ്യം അധ്യാപകരും വ്യക്തികളും വിദ്യാര്‍ഥികളും അധികാരികളും ഈ കഥാത്മക സ്മരണകളിലെ നിറയുന്ന സാന്നിധ്യങ്ങളാകുന്നത് നമ്മളെ കൗതുകപ്പെടുത്തും. ഫുന്‍ഷോലിങ്ങും തിമ്പുവും വാങ്ടിയും ചുസുംസായും ഗലേഖയും സാംതേഗാങ്ങും നോബ്ഡിങ്ങും തോങ്സായും നാഹിയും സ്ളേറ്റ്മൈനും ഗ്രഫ് പട്ടാളക്യാമ്പുകളും തുടങ്ങി നിരവധി ഭൂട്ടാന്‍ സ്ഥലങ്ങള്‍, നമ്മുടെ തന്നെ നാട്ടുവഴികള്‍ പോലെ ചിരപരിചിതമാകുമ്പോള്‍-പൈന്‍മരങ്ങളും നെല്‍പ്പാടങ്ങളും ഗോതമ്പുനാമ്പുകളും നമ്മളെയും ഗാഢം തഴുകുമ്പോള്‍, സ്വയമറിയാതെ ഒരു ഭൂട്ടാന്‍ കഥാപാത്രമാകുന്നുവോ എന്ന സന്ദേഹം തീര്‍ച്ചയായും നമ്മളെയും പിടിമുറുക്കാതിരിക്കില്ല. ഡ്രുക്പകള്‍ ധരിക്കുന്ന ദേശീയ വസ്ത്രവും ഡ്രുക്പിണികളുടെ വസ്ത്രമായ കീരയും നമ്മുടെ കണ്ണകള്‍ക്കു മുന്നില്‍ മന്ദം ഉലഞ്ഞുനീങ്ങുന്നതും ഇവിടെ അനുഭവസ്ഥമാകുന്നു. പക്ഷേ, അതിനെല്ലാം അടിസ്ഥാന കാരണം മുന്‍പു പറഞ്ഞ ഈ കൃതിയുടെ ആഖ്യാനമികവുതന്നെയാണെന്നതില്‍ തര്‍ക്കമില്ല. (കീരയുടെ സൗന്ദര്യാത്മകമായ വസ്ത്രധാരണ രീതിയെക്കുറിച്ച് ലേഖകന്‍ ഒരിടത്ത് പ്രത്യേകം വിശദീകരിക്കുന്നുമുണ്ട്.)
ഭാഷയുടെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഓരോ ഡ്രൂപ്കയും/ഡ്രൂപ്കിണിയും (ഭൂട്ടാന്‍ നിവാസികള്‍) പുലര്‍ത്തുന്ന പ്രത്യേക ശ്രദ്ധ വിദ്യഭ്യാസത്തിലും പ്രകടമത്രേ. ഭൂട്ടാന്‍ ഭാഷയായ ജോംഖാ പഠിപ്പിക്കുന്നത് നോക്കാന്‍ ജോംഖാ ഇന്‍സ്പെക്ടര്‍ സ്കൂളിലെത്തുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുമ്പോള്‍, ലോപ്പډാര്‍ക്ക് അഥവാ ഭാഷാ അധ്യാപകര്‍ക്ക് ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച്, څവാങ്ചുക് നംഗേയും പെമാവാങ്ടിയും അഭിമാനത്തോടെ ചിരിച്ചുകൊണ്ട് പുറത്തുവന്നു. ഭൂട്ടാന്‍റെ ദേശീയഭാഷയ്ക്ക് ടിബറ്റന്‍ ഭാഷയോടായിരുന്നു സാദൃശ്യം. സാഹിത്യം ഇനിയും കുറവായ ജോംഖായുടെ വികസനത്തില്‍ റോയല്‍ ഗവണ്‍മെന്‍റിന് അതീവ താല്‍പര്യമാണുളളത്. അതിന്‍റെ ഭാഗമാണ് ഈ ഇന്‍സ്പെക്ഷന്‍. ഹിമവല്‍ താഴ്വരയില്‍, ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തേക്കാള്‍ ചെറുതായ ഈ രാജ്യത്ത്, ഇവര്‍ക്ക് അവരുടെ ഭാഷയോടും സംസ്കാരത്തോടുമുള്ള തീവ്രസ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നുچ എന്ന് സുരേഷ്കുമാര്‍ എഴുതുന്നുണ്ട്. അതേസമയം സാംതേഗാങ്ങിലെ കുട്ടികളില്‍ മിക്കവരും ഏഴുഭാഷകള്‍ സംസാരിക്കുന്നവരത്രേ! ‘ജോംഖാ’ തന്നെയാണ് ഭൂട്ടാന്‍ ദേശീയഭാഷയെങ്കിലും കിഴക്കന്‍ ഭൂട്ടാനില്‍നിന്നുള്ളവര്‍ ‘കൂര്‍ത്തേപ്’, മറ്റു ചിലര്‍ ‘ഷാര്‍ചോപ്’ എന്നീ ഭാഷകളും നേപ്പാളി, ഹിന്ദി എന്നീ ഭാഷകളും സംസാരിക്കുന്നു. സ്കൂളില്‍ ഏവരും പഠനമാധ്യമമയാ ഇംഗ്ലീഷ് സംസാരിക്കുന്നു. അങ്ങനെ മിക്കവാറും അവര്‍ക്കെല്ലാം ഏഴു ഭാഷകള്‍ വഴങ്ങുമ്പോള്‍, അതാരും പ്രത്യേകം പഠിപ്പിച്ചിട്ടല്ല എന്നതും അവര്‍ സ്വാഭാവികമായി ആര്‍ജ്ജിക്കുന്നതാണ് എന്നതുമാണ് കൂടുതല്‍ പ്രസക്തമാകുന്നത്.
ഏകാന്തതയും തണുപ്പും അന്ധകാരവും അനിശ്ചിതത്വവും നിറഞ്ഞ സുരേഷ്കുമാറിന്‍റെ ഭൂട്ടാന്‍ ജീവിതസ്മരണകള്‍ ആത്മകഥാനുഭവങ്ങള്‍ കൂടിയാണെന്നത് ആദ്യം സൂചിപ്പിച്ചിരുന്നുവല്ലോ ഒരുവിധ ആശയവിനിമയ സംവിധാനങ്ങളും ലഭ്യമല്ലാത്ത- മൊബൈല്‍ ഫോണ്‍ പോയിട്ട് ഫോണ്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഒരു ഹിമാലയത്തുരുത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഈ മനുഷ്യര്‍ക്ക് നാട്ടിലേക്ക് ഒരു കത്തയച്ച മറുപടി ലഭിക്കാന്‍ തന്നെ ഒരു മാസത്തോളം സമയമെടുക്കുമെന്നത് സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നതാണ്. ദിനപത്രം പോലുമില്ലാത്ത ഭൂട്ടാനിലിരുന്നുകൊണ്ട് റേഡിയോയിലൂടെ മാത്രം ലോകത്തെ അറിഞ്ഞുകൊണ്ടിരുന്നതിന്‍റെ വിവരണം അവിശ്വസനീയമാണ്..! ڇറേഡിയോയുടെ വൈവിധ്യങ്ങള്‍ ആസ്വദിക്കുക ഏക വിനോദമാര്‍ഗ്ഗമായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷില്‍ ലോകവാര്‍ത്തകള്‍ പറയുന്ന ‘ബി.ബി.സി. വേള്‍ഡ് സര്‍വ്വീസ്,’ അമേരിക്കന്‍ റേഡിയോ- ‘വോയ്സ് ഓഫ് അമേരിക്ക’, റേഡിയോ ജര്‍മ്മനി, റേഡിയോ ആസ്ട്രേലിയ, നമ്മുടെ ആകാശവാണി ഒക്കെ കൂട്ടുകാര്‍. ഓരോ മണിക്കൂറും കഴിയുമ്പോള്‍ ബി.ബി.സി വേള്‍ഡ് ന്യൂസ് ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷില്‍ വാര്‍ത്തവായന. ഒപ്പം ബി.ബി.സിയുടെ ഇടയ്ക്കിടയ്ക്കുള്ള വാര്‍ത്തയില്‍ ലോകത്താകമാനമുള്ള പ്രധാന സംഭവങ്ങള്‍ ലഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ 8.30 വരെയുള്ള സമയത്ത് ബി.ബി.സി. കേള്‍ക്കും. ലോകവാര്‍ത്തകള്‍. ബ്രിട്ടീഷ് പ്രസ്റിവ്യൂ. സീനിയര്‍ ന്യൂസ് റീഡറായ ‘മാര്‍ക്ക്ടലി’ ആയിരുന്നു മിക്കപ്പോഴും. അദ്ദേഹത്തിന്‍റെ അതിമനോഹര വാര്‍ത്താവായന. ഇംഗ്ലീഷിലൂടെ ലോകമാകെ തത്സമയമൊഴുകി കാതിലൂടെ ഹൃദയം നിറയ്ക്കും. സോവിയറ്റ് യൂണിയനിലെ വിവിധ രാഷ്ട്രങ്ങളിലെ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു. ശ്രീലങ്കയിലെ വംശപ്രശ്നത്തിന്‍റെ വഴിത്തിരിവുകള്‍, ദക്ഷിണാഫ്രിക്കന്‍ പ്രക്ഷോഭങ്ങള്‍ ഒക്കെയറിയാന്‍ കഴിയുന്നു. ഇവയൊക്കെയെന്‍റെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുകയായിരുന്നു. നാട്ടിലും ലോകത്തും നടക്കുന്ന പ്രധാന സംഭവങ്ങള്‍ കേള്‍ക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഏറെ സഹായിച്ചു. രാത്രിയില്‍ ഐ.എസ്.ടി. 9 ന് ആകാശവാണി ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലീഷ് വാര്‍ത്ത, രാത്രി 11.05 നുള്ള വാര്‍ത്തയൊക്കെ കേള്‍ക്കാതെ ഉറങ്ങില്ലായിരുന്നു. ഭൂട്ടാനില്‍ ദിനപത്രമില്ല. ആഴ്ചയില്‍ ഒന്നുമാത്രം പ്രസിദ്ധീകരിക്കുന്ന ‘ക്യുന്‍സല്‍’ ആണ് ഔദ്യോഗികപത്രം. അത് വരാന്‍ ഒരാഴ്ചയെടുക്കും. പത്രവും മറ്റു മാധ്യമങ്ങളും എത്തിച്ചേരാത്ത ഹിമവല്‍ താഴ്വരയില്‍ പഴഞ്ചനാകാതെ നിലനില്‍ക്കാനായതിന് സഹായിച്ചത് റേഡിയോ ആണ്. ഒരു വിദൂര ഹിമവല്‍ മലയാളിയുടെ രക്ഷപ്പെടല്‍ തുരുത്തുകള്‍. അതിശക്തമായ ബുള്ളറ്റ് കണക്കെ മൂര്‍ച്ചയുള്ളവയായിരുന്നു ഈ റേഡിയോ അനുഭവങ്ങള്‍ڈ എന്ന് ലേഖകന്‍ എഴുതുമ്പോള്‍, ഈ പുസ്തകം ആത്മകഥാപരമായിരിക്കുമ്പോള്‍ തന്നെ, ആ കാലയളവിലെ സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ രാഷട്രീയത്തിന്‍റെയും സാമൂഹിക സാഹചര്യങ്ങളുടെയും ഒരു സൂക്ഷ്മ വിശകലന രേഖയായിത്തീരുന്നത് എങ്ങനെയാണെന്നതിന്‍റെ മറുപടി കൂടിയാണ് നമുക്ക് ലഭിക്കുന്നത്. “റൊനാള്‍ഡ് റെയ്ഗന്‍ വൈറ്റ്ഹൗസിലും മാര്‍ഗരറ്റ് താച്ചര്‍ വെസ്റ്റ്മിന്‍സ്റ്ററിലും ഇരുന്നുകൊണ്ട് ലോകം നിയന്ത്രിക്കുന്നതായി ഭാവിക്കുന്നു. 1985 ഏപ്രില്‍ രണ്ടാംവാരം താച്ചര്‍ ഇന്‍ഡ്യ സന്ദര്‍ശിക്കും. അവര്‍ താരയുദ്ധത്തിന്‍റെയും കമ്പോളാധിഷ്ഠിത വലതുപക്ഷചായ്വിന്‍റെയും അച്യുതണ്ടില്‍ ലോകം വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. മിഖായേല്‍ ഗോര്‍ബച്ചേവ് തുടങ്ങിവച്ച ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്ന പരിഷ്ക്കാരങ്ങള്‍ സോവിയറ്റ് യൂണിയനില്‍ ദീര്‍ഘനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തഃസംഘര്‍ഷങ്ങളെ പുറത്തുകൊണ്ടുവരുമെന്ന തോന്നല്‍ വ്യാപകമാവുന്നു.” എന്നിങ്ങനെ ഈ ഭൂട്ടാന്‍ സ്മരണകള്‍ സുരേഷ്കുമാര്‍ ആരംഭിച്ചതില്‍ പോലും ഈ ലോകചലനങ്ങള്‍ പിടിച്ചെടുക്കുന്ന ഈ “റേഡിയോ മനസ്സ് “സജീവമാണെന്നു സാരം.
ഭൂട്ടാന്‍ ഭൂപ്രകൃതിയും ജീവിതവും മാത്രമല്ല, വിദ്യാഭ്യാസ ചിന്തകളും പരിഷ്കാരങ്ങളും കൂടി ഈ സ്മരണകളില്‍ നിറഞ്ഞിരിക്കുന്നു. സ്കൂളില്‍ ഇടയ്ക്ക് രണ്ടു ചുമതലകള്‍ ഒരുമിച്ച് വിഹിക്കേണ്ടി വരുന്നതിന്‍റെ വിവരണത്തില്‍ നിന്ന് അത് നമുക്ക് വ്യക്തമാകുന്നുണ്ട്. “യാദൃശ്ചികമായി എനിക്ക് ടീച്ചര്‍-ഓണ്‍-ഡ്യൂട്ടിയും ടീച്ചര്‍-ഇന്‍-ചാര്‍ജ്ജും ഒന്നിച്ച്. സ്കൂളിലെ എല്ലാ കാര്യങ്ങളും എ മുതല്‍ ഇസഡ് വരെ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥ. വെളുപ്പിന് അടുക്കളയില്‍ ധാന്യം, പച്ചക്കറി, ഉണക്കമീന്‍ എന്നിവ അളന്നുകൊടുക്കണം, അടുക്കളയിലെ ശുചിത്വപരിപാലനം, ഭക്ഷണമെനു തീരുമാനിക്കണം, കുട്ടികളുടെ പഠനത്തിന് മേല്‍നോട്ടം, രോഗികളായ കുട്ടികളുടെ പരിചരണം, സ്കൂളിലെ ജലലഭ്യതയുടെ ശ്രദ്ധ, സ്കൂള്‍ കാമ്പസ് ക്ലീനിംഗ്, ഡോര്‍മിറ്ററി പരിശോധന, സ്കൂള്‍ അങ്കണത്തില്‍ മൃഗങ്ങള്‍ കടക്കാതെ വേലിസംരക്ഷണം, പ്രാര്‍ത്ഥനയോടെ ഭക്ഷണവിതരണം, രോഗികള്‍ക്ക് പ്രത്യേകം, കുട്ടികളുടെ ഹൈജീന്‍, രോഗമുള്ളവരെ ബി.എച്ച്.യുവില്‍ എത്തിക്കല്‍, സ്വയംസജ്ജമായി വന്ന് സ്കൂള്‍അസംബ്ലി, എല്ലാ ക്ലാസ്സിലും എല്ലാ പീരീഡും പഠനം നടന്നുവെന്നുറപ്പാക്കല്‍, ഉച്ചഭക്ഷണവിതരണം, ഓഫീസ് സംബന്ധമായ പേപ്പര്‍ നോക്കുക, സന്ദര്‍ശകരെ നേരിടുക, കുട്ടികളുടെ ഹാജര്‍നില പരിശോധന, സ്റ്റേഷനറി വേണ്ടവര്‍ക്ക് വിതരണം, കാട്ടിലേയ്ക്ക് വലിയുന്നവര്‍ക്ക് ശിക്ഷ, അധ്യാപകരുടെ ടീച്ചിംഗ് നോട്ടുനോക്കല്‍, സ്കൂള്‍ സമയശേഷം കള്‍ച്ചറല്‍ പരിപാടി, സ്പോര്‍ട്സ്, കളികള്‍, കൃഷിയിടത്ത് നനയ്ക്കല്‍, വൈകുന്നേരം പ്രാര്‍ത്ഥന, സ്റ്റഡിഹാളില്‍ മേല്‍നോട്ടം, പെട്രോമാക്സ് തയ്യാറാക്കല്‍, രാത്രിഭക്ഷണവിതരണം, രോഗികളെ വീണ്ടും നോക്കല്‍, 9 മണിക്ക് എല്ലാവരും ഡോര്‍മിറ്ററിയില്‍ ഉണ്ടെന്നുറപ്പാക്കല്‍, രാത്രിയില്‍ അവിടെയുണ്ടാവാന്‍ പ്രത്യേക ശ്രദ്ധ ഇത്രയുമാണ് താന്‍ വഹിച്ച ഡബിള്‍ ചാര്‍ജ്ജ്. ഇതിനിടെ എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ അടിയിലേയ്ക്ക് വലിഞ്ഞു. മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം ഉണ്ടാക്കിതന്നത് ആശ്വാസമായി. ഈ കര്‍ത്തവ്യനിര്‍വ്വഹണം എന്നെ ഒരുപാട് ശക്തനാക്കിയെന്നത് പില്‍ക്കാലത്ത് ബോധ്യപ്പെട്ടു.” എന്ന് ലേഖകന്‍ വളരെ കൃത്യമായി വിവരിക്കുന്നുണ്ട്. പുതിയ പ്രൈമറിസ്കൂള്‍ സമീപനത്തിന്‍റെ പയലറ്റ് സ്കൂള്‍ ആയി സ്കൂള്‍ മാറുന്നത് അതിനും ശേഷമാണ്. ന്യൂ അപ്രോച്ച് ഇന്‍ പ്രൈമറി എഡ്യൂക്കേഷന്‍ നടപ്പാക്കുന്നതിന് ഒന്നാംഘട്ടത്തില്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി എട്ടു സ്കൂളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സാംതേഗാങ് വിദ്യാലയം ഉള്‍പ്പെടുന്നുണ്ട്. പരിസരവുമായി സംവദിച്ചുളള (ഋി്ശൃീിാലിേ രലിൃലേറ) പഠനം, ശിശുകേന്ദ്രീകൃത ബോധനം എന്നിവ വിഭാവനം ചെയ്യുന്നതായിരുന്നു ഈ പുതിയ സമീപനം. പാഠപുസ്തകപഠനത്തിന്‍റെ സങ്കുചിതത്വങ്ങളില്‍നിന്നു മോചിതമായി പഠനത്തെ സങ്കല്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ സാംതേഗാങിലെ 1987 വര്‍ഷത്തെ അധ്യാപകര്‍ക്കൊക്കെ ഒരുമാസത്തെ പരിശീലനം നല്‍കുന്നു എന്ന സന്ദേശം അവധിയിലെത്തിയ ലേഖകന് ലഭിക്കുന്നുണ്ടെന്നത് ഇവിടെ ഓര്‍ക്കാം. ഒപ്പം ഒരു ഘട്ടത്തില്‍ ഭൂട്ടാനിലെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ബഹുസ്വരതയെക്കുറിച്ച് ലേഖകന്‍ കൗതുകപ്പെടുന്നുമുണ്ട്. സാംതേഗാങില്‍ മലയാളികള്‍, ബംഗാളികള്‍, ഒറീസ്സക്കാരന്‍, നേപ്പാളി, ഭാഷാധ്യാപകരായ ദേശീയര്‍, മറ്റുവിഷയപഠനത്തിന്‍റെ ദേശീയ അധ്യാപകര്‍ ഇവരുടെയൊക്കെ നേതൃത്വത്തിലെ പഠനാനുഭവങ്ങള്‍, ജീവിതചര്യ, ഭാഷാനുഭവം, പെരുമാറ്റരീതി, സാംസ്കാരിക മൂലധനം, ഭക്ഷണരീതി, ശുചിത്വസങ്കല്‍പ്പം, ജനാധിപത്യബോധം, കലാവാസനകള്‍, കാഴ്ചപ്പാട് എന്നിവയുടെ സമ്മിശ്രചേരുവ കുട്ടികള്‍ക്ക് ലഭിക്കുന്നതിലെ സൗഭാഗ്യവും അത്തരത്തില്‍ അവയൊന്നും വിലയിരുത്തപ്പെടുന്നില്ലല്ലോയെന്ന ആശങ്കയുമാണ്, പിന്നീട് അക്കാദമികമായി പല തലങ്ങളില്‍ കേരളത്തില്‍ ഇടപെട്ട ഡോ സുരേഷ് കുമാർ ഈ കൃതിയില്‍ പങ്കുവെക്കുന്നത്.
ചുരുക്കത്തില്‍ നാട്ടില്‍ ജോലി ലഭിച്ച് മടങ്ങുന്നതുവരെയുളള കഠിന പ്രയത്നങ്ങളുടേയും പ്രതിരോധങ്ങളുടെയും പ്രലോഭനങ്ങളുടെയും ഒരു നിത്യഭൂമികയായി ഭൂട്ടാന്‍ നിലകൊണ്ടതെങ്ങനെയെന്ന് ഏറെ ഹൃദയസ്പര്‍ശിയായി ഈ കൃതി വിവരിക്കുകയാണ്. നാട്ടില്‍ ഒരു “പ്രണയവണ്ടി” തെറ്റുന്നതും (തീവണ്ടി മാറിക്കയറി ഒരു പ്രണയം നഷ്ടമാകുന്നത്) ഭൂട്ടാനില്‍ അറയുടെ ഉന്മാദത്തിൽ ന്യൂസിലാന്‍റുകാരി കരളുമായി ഒരു കട്ടിലില്‍ കിടക്കുമ്പോള്‍ “സദാചാരവിശുദ്ധി”യുടെ ഭാരം കൊണ്ട് ഖിന്നനാകുന്നതുമെല്ലാം ആത്മനൊമ്പരത്തിന്‍റെ ഹാസ്യാത്മക പ്രതിസ്പന്ദങ്ങളായിട്ടാണ് നമുക്ക് വായിക്കാന്‍ കഴിയുക. ഭൂട്ടാനിലെ തന്‍റെ കഠിന വിധിയില്‍ നിന്നു തന്നെ, ഭൂട്ടാന്‍കാരുടെ വിരാമമില്ലാത്ത നിത്യാധ്വാനവും അത്ഭുതകരമായ അതിജീവനശേഷിയും മാതൃകയാക്കി, അവിടെനിന്നു തന്നെ തനിക്കുവേണ്ട നിധി കണ്ടെത്തുന്ന ഒരു സാഹസികനായ സുരേഷ്കുമാറിനെക്കൂടിയാണ് ഈ കൃതി അനാവരണം ചെയ്യുന്നത്. ഭൂട്ടാനിലെ കൊയ്ത്തുല്‍സവമായ “ട്യൂ” വില്‍ മുതല്‍ ബുദ്ധിസ്റ്റ് ആത്മീയതയുടെ കാതലായ “ത്രിചക്രങ്ങ”ളില്‍ വരെ സുരേഷ് കുമാർ തന്‍റെ നാടിനെയും സംസ്കാരത്തെയും അന്വേഷിച്ചുകൊണ്ടേയിരുന്നുവെന്നത് ഈ പുസ്തകത്തിന്‍റെ ഹൃല്‍സ്പന്ദമായി നമ്മളില്‍ നിറയുന്നുണ്ട്. “സാംതേഗാങ് സ്മരണകള്‍”ആ അര്‍ഥത്തിലും കൂടിയാണ് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ സ്മരണകളുടെ ഒരു സമാഹാരം കൂടിയായിത്തീരുന്നത്!
(ഭൂട്ടാനിൽ അധ്യാപകനായിരുന്ന ഡോ. സുരേഷ് കുമാർ പിന്നീട് ഡയറ്റ് അധ്യാപകനും SCERT ഫാക്കൽറ്റിയും ആയി വിരമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭൂട്ടാൻ ജീവിതവും അവിടുത്തെ വിദ്യഭ്യാസ അനുഭവങ്ങളും ചേർന്ന ഒരു പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ പ്രസിദ്ധീകരിക്കുന്നു.. അതിനായി , സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ രഘുനാഥൻ പറളി എഴുതിയ അവതാരിക)
