ആത്മശാന്തി (കഥ -രമ പ്രസന്നകുമാർ, പഴുവിൽ)

sponsored advertisements

sponsored advertisements

sponsored advertisements

16 April 2022

ആത്മശാന്തി (കഥ -രമ പ്രസന്നകുമാർ, പഴുവിൽ)

ആവർത്തന വിരസമായ
ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
വേദന ശരീരത്തെയും മനസ്സിനെയും തളർത്തുന്നു. ദേവേശ് ഓർത്തു..
താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിത പർവ്വത്തിലൂടെ തനിക്കു കടന്നു പോകേണ്ടി വരുന്നു. ഓട്ടങ്ങൾക്കിടയിൽ പലർക്കും സാന്ത്വനം നൽകാൻ താൻ മറന്നു പോയിരുന്നു. അവർ ഏറെ പ്രതീക്ഷിച്ചതും, താൻ നൽകാതിരുന്നതും..
ഉത്തരവാദിത്വങ്ങൾ മനപ്പൂർവ്വം മറക്കുന്നതല്ലായിരുന്നു. അന്നത്തെ തന്റെ ബോധം തനിക്കു കാട്ടിയ വഴിയിലൂടെ സഞ്ചരിച്ചെന്നു മാത്രം.
ഹൃദയം തന്നോടും, മറ്റുള്ളവരോടും സംവദിച്ചത് വളരെ കുറച്ചു മാത്രം.
എന്നാൽ ഇന്ന് ഹൃദയം സംസാരിക്കുന്നു ബോധം അത് ശ്രവിക്കുന്നു, ആജ്ഞകളില്ല. എല്ലാം അറിയുന്ന നിശ്ശബ്ദ നിശ്ചലാവസ്‌ഥ..

ചിൻമയിയിൽ തന്റെ മനസ്സ് നിൽക്കാ തായത് എന്ന് മുതലാണെന്നോർമ്മയില്ല.
അവൾക്ക് ആദ്യമൊന്നും അത് മനസ്സിലായില്ല. മനസ്സിലായപ്പോൾ അവൾ തന്നെ വിട്ടു പോയി. തനിച്ചുള്ള യാത്രയിൽ, പലരും പലതും വന്നു പോയി. ഒന്നും സ്ഥായിയായി കൂടെ നിന്നില്ല. ഉള്ളിലെ പ്രകാശം മാത്രം കെടാതെ കൂടെ നിൽക്കുന്നു. അതിന്റെ ബലത്തിലാണ് ജീവനും ജീവിതവും.

“എന്താ ദേവേഷ് ജി, സ്വപ്നം കാണുകയാണോ? നഴ്സ് ചോദിച്ചു.

“ചിൻമയിയെ ഒന്നു കാണണമെന്ന് മോഹമുണ്ട്, അതൊരു സ്വപ്നം മാത്രം ആയിരിക്കും എന്നറിയാം… സിസ്റ്റർ.. എങ്കിലും…

“നമുക്ക് ശ്രമിക്കാം..”.. പ്രത്യാശയുടെ ഒരു കണിക നൽകിക്കൊണ്ട് നഴ്‌സ്‌ മുറി വിട്ടുപോയി.

“ഇന്ന് ഹേമന്തിനെ കണ്ടില്ലല്ലോ.. എന്ന് മനസ്സിലോർത്തപ്പോഴേക്കും
അയാൾ മുറിയിലേക്ക് കടന്നു വന്നു.
തന്റെ ഏക സന്ദർശകൻ..

ഒരു പാട് തുറന്നു പറച്ചിലുകൾ തങ്ങൾ ക്കിടയിൽ നടക്കുന്നത് താനറിയുന്നുണ്ട്.
അത് ആശ്വാസമാകുന്നുമുണ്ട്.
ആരുമില്ലെന്ന തോന്നലിന്റെ അറ്റത്തു വച്ചാണ് താൻ ഹേമന്തിനെ പരിചയപ്പെടുന്നത്. അതു വഴി മറ്റൊരുപാട് പേരെയും.
സൗഹൃദ വലയം വലിയ ബലമാകുന്നത്
അറിയുന്ന ദിവസങ്ങൾ…
തനിക്കിനിയും ഒരുപാട് കാലം ജീവിക്കണം…
കാണാതെ പോയവരെ കാണണം, അറിയണം…
അങ്ങനെ മയങ്ങിപ്പോയി..പതിനഞ്ചോളം ഗുളികകൾ.. ദിവസവും.. പലവട്ടമായി.
അകത്തു ചെല്ലുന്നു…മയക്കം സ്വാഭാവികം..

ഹേമന്തും പോയിരിക്കുന്നു. തന്റെ ദിനങ്ങളിൽ ഇത്തിരി വെളിച്ചവുമായി
എത്തുന്നവരെ കൃതജ്ഞതയോടെ ഓർത്തു ബെഡിൽ തന്നെ…

* * * * *
അന്ത്യ വിശ്രമത്തിനായി ഒരിടം ഒരുങ്ങുന്നത് അന്നം തേടിയെത്തിയ നാട്ടിൽ തന്നെയായത് നിയോഗം ആവാം.
പക്ഷെ അതറിയാതൊരു ആത്മാവ് പിറന്ന മണ്ണിലേക്ക് മുൻപേ പോയിരുന്നു..

രമ പ്രസന്നകുമാർ, പഴുവിൽ