രമ്യ മനോജ്,അറ്റ്ലാന്റാ
തൃശ്ശൂർ ടൗണിൽ തന്നെയുള്ള പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളേജിൽ ആയിരുന്നു എന്റെ ബിരുദപഠനം.
ആദ്യമായി തൃശ്ശൂർ ടൗണിലോട്ടു തനിച്ചു ബസ്സ് കയറി പോകാൻ ഒരു അവസരം ലഭിച്ചതാണ് എനിക്ക്. തുടക്കത്തിൽ പ്രൈവറ്റ് ബസ്സിലെ തിരക്കിൽ വളരെയേറെ കഷ്ടപ്പെട്ടു എങ്കിലും പിന്നീടങ്ങോട്ട് ഇതെല്ലാം നിസ്സാരം എന്ന മനോഭാവമായി.
സ്ഥിരമായി കയറുന്ന ആളുകളായിരുന്നു ആ ബസ്സിൽ അധികവും എന്നത് വളരെയേറെ ആശ്വാസമായിരുന്നു.
വീടിനോടു ചേർന്നു റെയിൽവേ സ്റ്റേഷനാണ്. റെയിൽവേ സ്റ്റേഷനു അടുത്തായാണ് ബസ്സ് സ്റ്റോപ്പ്.
റെയിൽ പാളത്തിൽ കൂടെ നടന്നു വന്നാൽ ബസ്സ് സ്റ്റോപ്പിൽ എത്താൻ എളുപ്പമാണ്. ദിവസവും റെയിൽപാളത്തിൽ കൂടെ രാവിലെ ഓടിയാണ് ബസ്സിനെ പിടിച്ചുനിർത്തിയിരുന്നത്. നാട്ടുകാരിയായ ഒരു കുട്ടിയും എന്റെ കൂടെ അതേ ക്ളാസ്സിൽ തന്നെ പഠിക്കുന്നുണ്ടായിരുന്നു.. അവളുടെ പേര് ധന്യ എന്നു വിളിക്കാം (യഥാർത്ഥ പേര് പറയുന്നില്ല).
ഞങ്ങൾ ഒരുമിച്ചാണ് കോളേജിലോട്ട് പോകുന്നതും വരുന്നതും. നല്ല സ്മാർട്ടായ അത്യാവശ്യം സുന്ദരിയായ ഒരു കുട്ടിയായിരുന്നു ധന്യ. ഞാനാണെങ്കിൽ അന്ന് വളരെ പാവമായിരുന്നു.ആരോടും അധികം സംസാരിക്കില്ല.
അവളുടെ കൂടെ പോകുന്നതു എന്റെ വീട്ടിൽ വലിയ സന്തോഷമായിരുന്നു എല്ലാവർക്കും ,അങ്ങനെയെങ്കിലും കുറച്ചു കാര്യങ്ങൾ തനിയെ ചെയ്യാൻ പഠിക്കട്ടെ എന്നാണ് വീട്ടുകാർ കരുതിയത്..
ഇരിങ്ങാലക്കുട നിന്ന് തൃശ്ശൂർക്കു പോകുന്ന ‘വെള്ളാംപറമ്പിൽ’ എന്ന ബസ്സിൽ പുതുക്കാട് റെയിൽവേ സ്റ്റേഷൻ ബസ്സ്സ്റ്റോപ്പിൽ നിന്നു കയറുമ്പോഴേ സൂചി കുത്താൻ പഴുതില്ലാത്തവിധം ആളുകൾ തിങ്ങിനിറഞ്ഞിട്ടുണ്ടാകും.ചില ദിവസങ്ങളിൽ ബസ്സിൽ കയറുന്നതേ ഓർമ്മയുണ്ടാകൂ ..തൃശ്ശൂർ വരെ 14 കി.മീ ഉന്തി തള്ളിയങ്ങ് നിക്കും..
അതിനിടയിൽ ബസ്സിലെ വിശേഷങ്ങൾ എല്ലാം ഒന്നു പോലും വിടാതേ നിരീക്ഷിക്കാറുണ്ട്. ന്യൂസുകൾ അറിയാനും ആളുകളെ നിരീക്ഷിക്കാനുമുള്ള ആകാംക്ഷ അന്നേ ഉണ്ടായിരുന്നു.
കണ്ണുകൾ കൊണ്ട് പ്രേമം കൈമാറുന്ന ഒരു ചേട്ടനും ചേച്ചിയും,
സ്ഥിരമായി സൈഡ് സീറ്റിൽ ഇരിക്കുന്ന സുന്ദരിചേച്ചിയെ, ഏറുകണ്ണിട്ടു നോക്കുന്ന ഒരു ചേട്ടൻ.
പെൺപിള്ളേരെല്ലാം സ്ഥിരമായി വായ്നോക്കിയിരുന്നസുന്ദരനായ ഒരു ചേട്ടൻ, കണ്ടക്ടറെ മാത്രം വായ്നോക്കുന്ന കുറച്ചു പെൺകുട്ടികൾ, വീട്ടിലെ ജോലിയെല്ലാം തീർത്ത് സ്ഥിരം ഓട്ടപാച്ചിലിൽ ബസ്സിൽ കയറിപററുന്ന കുറേയധികം അമ്മമാർ ഇങ്ങനെ പലവിധത്തിലുള്ള ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിചേരാൻ അക്ഷമരായി ആ ബസ്സിൽ ദിവസേനേ കാണാം..
9.10നു തൂശ്ശൂർ റൗണ്ടിൽ ബസ്സ് എത്തും അവിടെയാണ് ഞങ്ങൾ ഇറങ്ങുന്നത്. കോളേജ് അവിടെ നിന്നും ഒന്നര കി.മീ നടന്നു വേണം പോകാൻ . അതിനു എളുപ്പവഴിയായി റൗണ്ടിൽ നിന്ന് വടക്കുംനാഥന്റെ പൂരപറമ്പിൽ കയറും.
പൂരപറമ്പിൽ കൂടെ കുറച്ചു ദൂരം നടന്നാൽ വീണ്ടും മറുവശത്ത് റോഡ് ക്രോസ്സ് ചെയ്ത് കോളേജ് റോഡിന്റെ അവസാനത്തിൽ ആണ് ഞങ്ങളുടെ കോളേജ്.
തൃശ്ശൂർ അറിയാവുന്നവർക്കു അറിയാം ടൗണിനുളളിൽ വൺവേ ആയതിനാൽ പല സ്ഥലത്തേക്കും ആളുകൾ എളുപ്പ വഴിയായി പൂരപറമ്പിൽ കയറി മറുവശത്തിറങ്ങുകയാണ് പതിവ് ..
ഞാനും ധന്യയും റൗണ്ടിൽ ഇറങ്ങുന്നത് 9.10നു ആണ് അവിടെ നിന്ന് നടന്ന് കോളേജ് എത്തുമ്പോഴേക്കും 9.30 ആയിട്ടുണ്ടാകും .. ഞങ്ങളുടെ കോളേജിനു മുൻപായി, അതേ റോഡിൽ തന്നെയാണ് തൃശ്ശൂരിലെ പ്രശസ്തമായ ഒരു ബോയ്സ് കോളേജ്..
ഈ ബോയ്സ് കോളേജ് മറികടക്കാതെ ഞങ്ങൾക്കു പോകാനാകില്ല എന്നതു തുടക്കത്തിൽ ഞങ്ങൾക്കെല്ലാം വലിയ പേടിയായിരുന്നു.. റോഡിന്റെ ഇരുവശത്തും ബോയ്സ് കോളേജിന്റെ മുൻവാതിലുകൾ ആണ്. അവിടെ എത്തുമ്പോഴേ കമന്റടികൾ, കളിയാക്കലുകൾ, കൂക്കിവിളികൾ എല്ലാം പതിവായിരുന്നു.
ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയത്ത് കുറച്ച് ആൺകുട്ടികൾ ബസ്സ് സ്റ്റോപ്പുമുതൽ കോളേജ് വരെ ഞങ്ങൾക്ക് അകമ്പടി ആയി വരാൻ തുടങ്ങി. അവർക്കു ഞങ്ങളുടെ പേര് അറിയണം ,എന്താ പഠിക്കുന്നത് എന്നറിയണം. അങ്ങനെ ദിവസവും പിന്നാലെ നടന്നു ചോദ്യങ്ങളും കമന്റടികളും , ഞങ്ങൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന വിധേനേ നടന്നകന്നു..
ഉള്ളിൽ നല്ല പേടിയുമുണ്ട് കാരണം പ്രിൻസിപ്പൽന്റെ കൺമുമ്പിൽ പെട്ടാൽ തീർന്നു.അദ്ദേഹം കോളേജ് തുടങ്ങുന്ന സമയത്തും കഴിയുന്ന സമയത്തും ടൗണിൽ മുഴുവൻ ഒന്നു കറങ്ങും, ആ സമയത്ത് ആൺകുട്ടികളുമായി വർത്തമാനം പറയുന്നതു കണ്ടാൽ പിന്നെ താക്കീതായിരിക്കും ലഭിക്കുന്നത് . ഈ പേടി ഉള്ളിൽ ഉള്ള കാരണം ഞങ്ങൾ ഈ ആൺകുട്ടികളെ അവഗണിച്ച് പോകാൻ ശ്രമിച്ചിരുന്നു.
അവർ സ്ഥിരമായി ഞങ്ങളുടെ ബസ്സ് വരുന്ന സമയം മനസ്സിലാക്കി ബസ്സ്സ്റ്റോപ്പിൽ വെയിറ്റ് ചെയ്യാൻ തുടങ്ങി ..
സ്ഥിരം ചോദ്യങ്ങളും കമന്റടികളുമായി കോളേജ് വരെ ദിവസവും കൊണ്ടുവിടും. ഞങ്ങൾ അവരെ അവഗണിക്കലുമായി കുറച്ചു ദിവസം കടന്നുപോയി .
അവർ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നു തുടക്കത്തിൽ, പിന്നെ രണ്ടുപേർ മാത്രം ബാക്കിയായി ഈ സ്ഥിരം അകമ്പടി യാത്രയിൽ..
ഇതു ശല്യമായപ്പോൾ ഞങ്ങൾ തീരുമാനിച്ചു നമുക്കു തെറ്റായ ഒരു പേരു പറയാം ,അങ്ങനെയെങ്കിലും ഇവൻമാർ പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതി.
പേരും തീരുമാനിച്ചു
എന്റെ പേര് ഐശ്വര്യ, ഐശ്വര്യറായിയെ മാത്രം മനസ്സിൽ ധ്യാനിച്ച് പറഞ്ഞ പേരാണ്. കൂട്ടുകാരിയുടെ പേര് മാളവിക.
വീട് ഇരിങ്ങാലക്കുട ആണെന്നും പറഞ്ഞു.. ആ സമയം അതിൽ ഒരുത്തൻ, ഞാൻ ഐഷൂന്നേ വിളിക്കൂ കേട്ടോ !
ഓ ആയിക്കോട്ടേ, എന്ന ഒരു പുച്ഛഭാവത്തിൽ ഞാനും.
അങ്ങനെ കുറച്ചുനാൾ അവൻമാർ പിന്നാലെ നടന്നു.. എന്തൊക്കെ ചെയ്തും ഞങ്ങൾ വലിയ കമ്പനി ആകുന്നില്ലയെന്നു മനസ്സിലായി പതുക്കെ അകമ്പടി വരുന്നതു കുറഞ്ഞു തുടങ്ങി .. ഞങ്ങളും ഇവൻമാരെ കാണുമ്പോഴേ നല്ല സ്പീഡിൽ നടക്കാനും തുടങ്ങി ..
ഒരു ദിവസം ഇങ്ങനെ സ്പീഡിൽ പോകുന്ന നേരം പിന്നിൽ നിന്ന് ഒരു പെൺശബ്ദം ഞങ്ങൾ രണ്ടാളുടെയും യഥാർത്ഥ പേര് ഉറക്കെ വിളിക്കുന്നു .. അതും ബോയ്സ് കോളേജിന്റെ ഗേറ്റിനടുത്തായി തന്നെ എത്തിയ നേരം.
തിരിഞ്ഞു നോക്കിയ ഞങ്ങൾ ഞെട്ടണോ ചിരിക്കണോ എന്ന അവസ്ഥയിലായി ..
ഞങ്ങളുടെ ക്ളാസ്സ് മേറ്റായ ഒരു പെൺകുട്ടി അവൻമാരുടെ കൂടെ നടന്നു വരുന്നു, അവളാണ് ഞങ്ങളുടെ യഥാർത്ഥ പേര് വിളിച്ചത്..
ഞങ്ങളുടെ അടുത്തെത്തിയ പയ്യൻമാർ നിങ്ങളുടെ യഥാർത്ഥ പേര് ഇതാണല്ലേ! ഞങ്ങളെ ഇത്രനാൾ മണ്ടൻമാരാക്കിയല്ലേ എന്ന ചോദ്യത്തിന് ഒരു വളിച്ച ചിരി ചിരിച്ച് കൂട്ടുകാരിയെ നോക്കി പല്ലുറുമ്മിയത് ഞാനും ധന്യയും ഒരുമിച്ചായിരുന്നു..
