രമ്യ മനോജ് ,അറ്റ്ലാന്റ
നിങ്ങളിതുവരെ ഉയരം കുറഞ്ഞവരുടെ കദനകഥകളും കളിയാക്കൽകഥകളും മാത്രമേ കേട്ടിട്ടുണ്ടാകൂ . എന്നാൽ എന്നെപോലെ ഉയരം കൂടിയവരുടെ മാനസിക സംഘർഷങ്ങൾ ആരും അറിഞ്ഞിരുന്നില്ല.
ഉയരം കൂടുതൽ ഉള്ളത് നല്ലതല്ലേ, ഉയരം ഉണ്ടെന്നു അറിയിക്കാനാണോ ഇടക്കിടെ അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ അപകർഷതാബോധം തോന്നിയിട്ടുള്ളതും ബോഡി ഷൈമിംഗ് നേരിട്ടിട്ടുള്ളതും ഈ ഉയരം കൂടുതൽ കാരണം ആണ്.
ഇപ്പൊ നിങ്ങൾ ആലോചിക്കുന്നേ എത്രയാ ഈ പറയുന്ന ഉയരകൂടുതൽ എന്നല്ലേ ! അഞ്ചടി ആറിഞ്ചു നീളം ഉള്ളു, അത് തന്നെ തൊണ്ണൂറു, രണ്ടായിരം കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് കൂടുതൽ ആണെന്നാണ് കാർന്നോമ്മാര് പറയുന്നത്.
ഉയരം കൂടുതൽ മാത്രമല്ല വണ്ണവും ഇല്ല. അപ്പൊ പറയണ്ടല്ലോ ബാക്കി. നല്ല ഉയരം തോന്നുമായിരുന്നു.
ഒരു 5-ാം ക്ലാസ് മുതലേ പൊക്കം വെച്ച് വെച്ച് അങ്ങോട്ടു തോട്ടികോലു പോലെ പോയി. എല്ലാ ക്ലാസ്സിലും അസംബ്ലി ക്കു വരിയായി നിക്കുമ്പോൾ അവസാന രണ്ടു പേരിൽ വരും എപ്പോഴും.
ഉയരം കൂടിയത് കൊണ്ട് കേട്ട വട്ടപ്പേരുകൾ ആണ് മുരിങ്ങകോൽ, തോട്ടികോൽ, പിന്നെയും ഞാൻ അറിയാത്ത പേരുകൾ എന്തൊക്കെയോ ഉണ്ടായിരുന്നു.
ഇതൊന്നും കൂടാതെ നാട്ടുകാരും ബന്ധുക്കളും കാണുമ്പോൾ കാണുമ്പോൾ ‘ഈ കൊച്ചു ഇതെങ്ങോട്ടാ പൊക്കം വെച്ച് പോകുന്നെ, ഇങ്ങനെ തോട്ടികോലു പോലെ പോയാൽ ചെക്കനെ കിട്ടില്ല’. എന്ന ഉപദേശം വേറെ.
അമ്മക്ക് ആണെങ്കിൽ ഞാൻ പൊക്കം വെച്ച് പോകുന്നതിൽ വലിയ ടെൻഷൻ ആയിരുന്നു. കല്യാണം കഴിയുന്ന വരെ ഹീൽ ഉള്ള ഒരു ചെരുപ്പ് പോലും ഇടാൻ സമ്മതിച്ചിട്ടില്ല.പാട്ടുപാവാട ഇട്ടാൽ ഉയരം കൂടുതൽ തോന്നും, സാരി ഉടുത്താൽ ഉയരം തോന്നും അങ്ങനെ അങ്ങനെ ഉയരം ഒരു പ്രശ്നം ആയി നിക്കുന്ന സമയത്താണ് ഗുജറാത്തിൽ ഉള്ള ചെറിയമ്മയുടെ മകൾ വെക്കേഷന് വരുന്നത്.
അവൾ എന്നെ കാണുമ്പോൾ കാണുമ്പോൾ പറയും,’ചേച്ചി ചേച്ചിടെ ഉയരം എനിക്ക് തരുമോ,എന്റെ തടിയിൽ നിന്ന് കുറച്ചു ഞാൻ അങ്ങോട്ട് തരാം.
ഞാൻ ചെറിയ ഒരു പുച്ഛത്തോടെ അവളെ നോക്കി ‘ഈ ഉയരം കാരണം ഞാൻ പൊറുതിമുട്ടിയിരിക്കാ നീ എടുത്തോ, എന്നെ വെട്ടിമുറിച്ചു ആയാലും ഞാൻ തരും’.
അപ്പോൾ ആണ് അവൾ ആ നഗ്‌ന സത്യം വെളിപെടുത്തുന്നത്. ‘ഇവിടെ കേരളത്തിൽ മാത്രേ ഉയരം കൂടിയാൽ കുഴപ്പം ഉള്ളു. മുംബൈ,സൂററ്റ്, ഡൽഹി മുതലായ വികസിത സിറ്റികളിൽ ഒക്കെ പെൺകുട്ടികൾ ഉയരം എത്ര കൂടുന്നോ അത്രയും ഭംഗി ആണെന്നു കരുതുന്നവരാണ്. പൊക്കം ഉള്ളവരുടെ പിന്നാലെ ആണ് ചെറുക്കൻമാർ.
ചേച്ചിടെപോലെ പൊക്കം ഉള്ളവർക്കു മോഡലിംഗ് ചെയ്യാം.
ഉയരം മാത്രമല്ല ആ കഴുത്തിലെ എല്ല് തെളിഞ്ഞു നിക്കുന്നത് ആണ് ഫാഷൻ, മോഡൽസിനു തീരെ വണ്ണം പാടില്ല,നല്ല ഉയരവും വേണം ചേച്ചിടെ ബോഡി പെർഫെക്റ്റ് ആണ്. ഞാനൊക്കെ എന്റെ കഴുത്തിലെ എല്ല് തെളിഞ്ഞു വരാൻ പട്ടിണി കിടക്കുകയാണ്.’
‘അതുശരി ,അങ്ങനെ പറയ് ഞാൻ ഈ കേരളത്തിലെ കുഗ്രാമത്തിലൊന്നും ജനിക്കേണ്ടവളല്ലായിരുന്നു. ഇവിടെ എനിക്ക് ഒരു പട്ടിണിയും കിടക്കാതെ നാച്ചുറൽ ആയി കിട്ടിയ കഴുത്തിലെ എല്ലുകൾ ആണ്,എന്നിട്ടു ഇന്നലെയും കൂടെ ‘ഒരു നാഴി വെള്ളം ഒഴിക്കാലോ ആ കഴുത്തിലെ കുഴിയിൽ’ എന്ന് ആ നാരായണിയമ്മ പറഞ്ഞത് കേട്ട് അമ്പലത്തിൽ ഉണ്ടായിരുന്നവർ കുടു കുടാ ചിരിക്കുന്നത് ഞാൻ കണ്ടതാ. അഹ് പോട്ടേ, അവർക്കു എന്ത് അറിയാം ഗ്രാമവാസീസ് അല്ലെ!’
അങ്ങനെ ചെറിയമ്മയുടെ മകളുടെ വാക്കുകൾ പിന്നെ അങ്ങോട്ടു ഒരു സമാധാനം ആയിരുന്നു. കേരളം വിട്ടുപോയാൽ എനിക്ക് മോഡൽ ആകാം, ഈ വിവരമില്ലാത്ത ബന്ധുക്കളുടെയും, നാട്ടുകാരുടെയും ഇടയിൽ പെട്ടുപോയതും, ഒരു ഫാഷൻ സെൻസും ഇല്ലാത്ത ,മോഡലിംഗ് എന്താ എന്ന് പോലും അറിയാത്ത വീട്ടുകാരുടെ ഇടയിലും ജീവിക്കേണ്ടി വന്ന എന്നെ കുറിച്ചോർത്തു ഞാൻ തന്നെ ‘പാവം കുട്ടി, എന്ന് ഇടക്കിടെ പറയാറുണ്ട്.
അല്ലെങ്കിലും കേരളത്തിലെ പെൺകുട്ടികൾക്ക് എന്തിനാ ഇത്രയും ഉയരം ല്ലേ !
