രമ്യ മനോജ്: ഓര്‍മ്മകള്‍ക്ക് ഉറങ്ങാതെ കൂട്ടിരിക്കുന്ന കഥാകാരി

sponsored advertisements

sponsored advertisements

sponsored advertisements

16 September 2022

രമ്യ മനോജ്: ഓര്‍മ്മകള്‍ക്ക് ഉറങ്ങാതെ കൂട്ടിരിക്കുന്ന കഥാകാരി

അനിൽ പെണ്ണുക്കര
ഓര്‍മ്മകള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്നവരാണ് എഴുത്തുകാര്‍. ഗൃഹാതുരത്വം നിറഞ്ഞ എത്രയോ ചിന്തകള്‍ കൊണ്ട് അവര്‍ തങ്ങളുടെ രാത്രികളെ അതിജീവിച്ചിട്ടുണ്ടാകും. നാടും അതിന്‍റെ പൈതൃകവും ഹൃദയത്തിലേറ്റിക്കൊണ്ട് എത്ര ദൂരങ്ങള്‍ അവര്‍ സഞ്ചരിച്ചിട്ടുണ്ടാകും അതിന്‍റെ വലിയൊരു അടയാളമാണ് രമ്യ മനോജ് എന്ന എഴുത്തുകാരി.
ഓര്‍മ്മകളുടെ അറ്റമില്ലാത്ത ഒരു കടല്‍ ഉള്ളിലൊളിപ്പിച്ചു കൊണ്ട് അവരുടെ കഥകള്‍ മീന്‍കുഞ്ഞുകളെ പെറ്റു കൂട്ടുമ്പോള്‍ മുഖ പുസ്തകത്തിനു അതൊരു വലിയ സമ്പത്തായി മാറുകയായിരുന്നു. തൃശ്ശൂരില്‍ പുതുക്കാട് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായിരുന്ന രവിയുടേയും രുഗ്മാവതിയുടേയും മകളായി ജനനം. തൃശ്ശൂരില്‍ തന്നെയുള്ള കോളേജുകളില്‍ ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം നാട്ടില്‍ തന്നെയുള്ള ഒരു ബാങ്കില്‍ താത്കാലികമായി ജോലിലഭിച്ചു. വിവാഹത്തോടെ കേരളം വിടേണ്ടിവന്നതോടെ ഓരോ രാത്രികളിലും നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. അത് പലപ്പോഴും പല രൂപത്തിലായി സംഭവിച്ചുകൊണ്ടിരുന്നു.
കേരളം വിട്ട് ഒരിക്കല്‍ പോലും പുറത്തു പോകാതിരുന്ന ഒരാള്‍ക്ക് പിന്നീട് കാണുന്നതെല്ലാം അത്ഭുതങ്ങളായിരുന്നു. ഓരോ കാഴ്ചകളും അവര്‍ പുതിയ ജീവിതങ്ങള്‍ പോലെ തൂണിചേര്‍ത്ത് ഒരു തൂവാലയാക്കി. പല സംസ്ക്കാരങ്ങളും പല തരം ആളുകളും അവരുടെ ജീവിതരീതികളും രമ്യയെ വല്ലാതെ സ്വാദീനിച്ചിരുന്നു. അതുകൊണ്ടുതന്നെ രമ്യയുടെ എഴുത്തുകളില്‍ പല സംസ്കാരങ്ങളും പല ജീവിതരീതികളും പല തരത്തിലുള്ള മനുഷ്യരും വന്നു പോകുന്നുണ്ട്.
ഓര്‍മ്മകള്‍ എഴുതുമ്പോള്‍ പലപ്പോഴും അത് എഴുത്തുകാരിയുടെ മാത്രം ലോകം ആകാറുണ്ട്. എന്നാല്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അനുഭവങ്ങള്‍ എഴുതുന്നതാണ് രമ്യയുടെ രീതി. അതുകൊണ്ടുതന്നെ ഓരോ അനുഭവങ്ങളും വായനക്കാരുടേത് കൂടിയാക്കാന്‍ രമ്യയ്ക്ക് കഴിയുന്നുണ്ട്. ഓര്‍മ്മകുറിപ്പുകള്‍ എഴുതുമ്പോള്‍ പലപ്പോഴും കണ്ണുനിറയാറുണ്ടെന്ന് രമ്യ തന്നെ പറയുമ്പോള്‍ ഒരു എഴുത്തുകാരിയ്ക്ക് അനുഭവങ്ങള്‍ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അത്രയേറെ മനസ്സില്‍ നിന്നു എടുത്തെഴുതുന്നവയാണ് രമ്യയുടെ എഴുത്തുകള്‍. ഓര്‍മ്മകള്‍ എഴുതുമ്പോഴെല്ലാം എം ടി എന്ന എഴുത്തുകാരന്‍ രമ്യയെ വളരെയധികം സ്വാധീനിച്ചിട്ടുള്ളതായി രമ്യയുടെ എഴുത്തുകളില്‍ നിന്ന് മനസിലാക്കാം.
സാഹിത്യത്തില്‍ നിന്നും ശരീരവും മനസ്സും മറ്റെല്ലാവരേയുംപോലെ വ്യതിചലിച്ചു പോയ ഒരു കാലഘട്ടം രമ്യയ്ക്കും ഉണ്ടായിരുന്നു. ഉള്ളില്‍ ഒരു എഴുത്തുകാരിയുണ്ടെന്നു പോലും ഞാന്‍ തന്നെ മറന്ന കാലങ്ങള്‍ ആയിരുന്നു അതെന്ന് രമ്യ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാലങ്ങള്‍ കടന്നു പോയതിന് ശേഷം പിന്നീടെപ്പോഴോ സോഷ്യല്‍ മീഡിയയില്‍ വ്ളോഗിന്‍റെ രൂപത്തില്‍ എഴുതി തുടങ്ങിയപ്പോഴാണ് രമ്യ വീണ്ടും തന്‍റെ സ്വത്വത്തെ തിരിച്ചെടുക്കുന്നുന്നത്. തന്നില്‍ ഒരു എഴുത്തുകാരിയുണ്ടെന്ന് ഭര്‍ത്താവായ മനോജ് പോലും തിരിച്ചറിയുന്നത് അപ്പോഴാണെന്ന് രമ്യ ഓര്‍ത്തെടുക്കുന്നു. പിന്നീട് ഒരു പ്രിയ സുഹൃത്തിന്‍റെ വാശിയേരിയ പ്രോത്സാഹനമാണ് രമ്യയ്ക്ക് എഴുതിലേക്ക് തിരിച്ചു വരാനുള്ള ശക്തി നല്‍കിയത്.
എന്ത് തന്നെയായാലും എഴുത്തിന്‍റെ ലോകത്ത് രമ്യയിന്ന് ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഓര്‍മ്മകള്‍ താണ്ടി അത് ജീവിതത്തിന്‍റെ യാഥാര്‍ഥ്യങ്ങളിലേക്ക് ചെന്നെത്തിയിരിക്കുന്നു. മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും എഴുത്തിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന, രമ്യയുടേ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നയാളാണ് ഭര്‍ത്താവായ മനോജ്. എന്തു എഴുതിയാലും രമ്യ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കും.
ഐടി ജോലിക്കാരനാണെങ്കിലും തന്‍റെ തിരക്കുകള്‍ മാറ്റി വച്ച് മനോജ് സഹധര്‍മ്മിണിക്കൊപ്പം ചേരും. മക്കളായ സ്മൃതി, സരയു എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ ആണ് ഇപ്പോള്‍ രമ്യയുടെ താമസം. ഒരുപാട് എഴുതാനും അനുഭവങ്ങളെ വായനക്കാരിലേക്ക് പകര്‍ത്താനുമാണ് തന്‍റെ ജീവിതം ഇങ്ങനെ കടല് പോലെ നീണ്ടു കിടക്കുന്നതെന്ന് രമ്യ പറയുന്നു.