നമ്മൾ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകൾ (രമ്യ മനോജ്,അറ്റ്ലാന്റ)

sponsored advertisements

sponsored advertisements

sponsored advertisements

7 March 2023

നമ്മൾ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകൾ (രമ്യ മനോജ്,അറ്റ്ലാന്റ)

രമ്യ മനോജ് ,അറ്റ്ലാന്റ

കോളേജ് കാലത്തിൽ പിജി ക്കു മാത്രമാണ് മിക്സഡ് കോളേജിൽ പഠിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായതു എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ,അന്ന് അവിടെ ഉണ്ടായിരുന്ന മിക്ക ചെറുക്കന്മാർക്കും പൊക്കമില്ല, പൊക്കമുള്ളവർക്കെല്ലാം ലൈനും ഉണ്ടായിരുന്നു. അങ്ങനെ എനിക്കും എന്റെ ഫ്രണ്ട്‌നും അവിടെ വെച്ച് ഒരു പയ്യനോട് ക്രഷ് തോന്നി. അമീർഖാനും അക്ഷയ് ഖന്ന യും മിക്സായ ഒരു രൂപം. സീനിയർ ആണ്, കുറെ പെൺപിള്ളേരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആളാണ് എന്ന് ഞങ്ങൾക്ക് അറിയാം അതുകൊണ്ടു ഞങ്ങളെ ഒന്നും തിരിഞ്ഞു നോക്കുകയേ ഇല്ല എന്ന സത്യം അറിയാം,
എന്നാലും അവൻ ആ വഴി ഈ വഴി കടന്നുപോകുമ്പോൾ പരസ്യത്തിലെ പെൺകുട്ടികളെ പോലെ ,മുഖത്തു കാറ്റടിച്ചു ബോധം പോയ പോലെ ഉള്ള എക്‌സ്പ്രെഷൻ ഒക്കെ ഇട്ടു ഞങ്ങൾ ഇരിക്കും.
പക്ഷേ എല്ലാവരെയും,ഈ എന്നെയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം അവൻ വന്നു എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. ഉയരം കൂടിയ വണ്ണം ഇല്ലാത്ത പെൺകുട്ടികളോട് ആണത്രേ അവനു ക്രഷ്.
എന്നാൽ അപ്പോഴാണ് ആ ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത് അവൻ എന്നേക്കാൾ പൊക്കം കുറവാണ്. അപ്പൊ തന്നെ എയർ അഴിച്ചുവിട്ട ബലൂൺ പോലെ എന്റെ ക്രഷ് പോയി കിട്ടി. ഇഷ്ടം നിരസിച്ചെങ്കിലും അന്ന് അവൻ പറഞ്ഞ വാചകം പിന്നീടങ്ങോട്ട് എനിക്ക് തന്നത് ചില്ലറ ആത്മവിശ്വാസം ഒന്നുമല്ല.( പൊക്കകുറവുകൊണ്ടു മാത്രമല്ല വേറെയും ചില കാരണങ്ങൾ ഉള്ളതുകൊണ്ടാണ് ആ ഇഷ്ടം നിരസിച്ചത്)
കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്തു ആണ് ഉയരം കൂടിയത് പണിയാണെന്നു വീണ്ടും മനസിലായത്. 5’6 ഉള്ളു എങ്കിലും വണ്ണം തീരെ ഇല്ലാത്തതിനാൽ ഒരു 5’8 ന്റെ ഉയരം തോന്നും. അന്ന് ബ്രോക്കർമാർ 5’10 ഉള്ള ചെറുക്കനെയൊക്കെ ഒപ്പിച്ചു കൊണ്ടുവരും. എന്നാലും ഒന്നും അങ്ങോട്ടു മാച്ച് ആകുന്നില്ല. അങ്ങനെ കുറെ ആലോചനകൾക്കു ഒടുവിൽ ഒരു ആറടിക്കാരനെ കെട്ടി. അതിനു ശേഷം ആണ് ഹീൽ ഉള്ള ചെരിപ്പുകൾ ഇടാൻ തന്നെ തുടങ്ങിയത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ലല്ലോ ല്ലേ !
കല്യാണം കഴിഞ്ഞു കുറച്ചു കാലം ജീവിച്ചത് ‘പൂനെ’എന്ന സിറ്റിയിൽ. അവിടെ ചെന്നപ്പോൾ ആണ് ഉയരം ഒരു ഭംഗി ആണ് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. വണ്ണമില്ലായ്മയെക്കുറിച്ചും ഉയര കൂടുതലിനെക്കുറിച്ചും നിരവധി പ്രശംസകൾ കിട്ടിയപ്പോൾ ആണ് ഇത്രകാലം കേരളത്തിലെ ഗ്രാമവാസികളുടെ ഇടയിൽ ജീവിച്ചതിൽ വിഷമം തോന്നിയത്.
പിന്നീടങ്ങോട്ടു ഉയരം എന്നത് എന്റെ അഹങ്കാരമോ അഭിമാനമോ സന്തോഷമോ ഒക്കെ ആയി മാറി. പക്ഷെ കേരളത്തിൽ വരുന്ന സമയത്തെല്ലാം തടി ഇല്ലാത്തതിനെക്കുറിച്ചു പല പല കളിയാക്കലുകൾ കേട്ടിട്ടുണ്ട്.അപ്പോഴേക്കും ഇത്തരം കളിയാക്കലുകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ ഞാൻ പഠിച്ചിരുന്നു. പറയുന്നവർ പറയട്ടെ അവരുടെ പലതരത്തിലുള്ള വിഷമങ്ങൾ അങ്ങനെ തീർക്കുന്നതാണ് എന്ന് അപ്പോഴേക്കും ഞാൻ പഠിച്ചിരുന്നു.
പിന്നെ ഇവിടെ അമേരിക്കയിൽ വന്നപ്പോൾ ആണ് നമ്മുടെ പൊക്കമൊന്നും ഒന്നുമല്ല എന്നു മനസ്സിലായത്.
കഴിഞ്ഞ ഭാഗം വായിച്ചു പലരും ചോദിച്ചു ഇതാണോ ഇത്ര വലിയ ഉയരം , ഇതിനേക്കാൾ എത്ര ഉയരമുള്ളവരെ ഞങ്ങൾക്ക് അറിയാം, ഉയരം ഉള്ളത് നല്ലതല്ലേ എന്നൊക്കെ
ഇതിനെല്ലാം കൂടെ ഒരു ഉത്തരം ഉള്ളു, ഞാൻ അനുഭവിച്ചതല്ലേ എനിക്ക് പറയാൻ കഴിയൂ. നമ്മൾ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകൾ ആയി തോന്നും എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ!

രമ്യ മനോജ് ,അറ്റ്ലാന്റ