BREAKING NEWS

Chicago
CHICAGO, US
4°C

സംഘാടനത്തിന്റെ വേറിട്ട ശബ്ദം; രഞ്ജൻ എബ്രഹാം (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

14 June 2022

സംഘാടനത്തിന്റെ വേറിട്ട ശബ്ദം; രഞ്ജൻ എബ്രഹാം (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“വിജയിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങൾ ഇഷ്ടപ്പെടുന്നത് കണ്ടെത്തുകയും സേവനത്തിന്റെ രൂപത്തിൽ മറ്റുള്ളവർക്ക് അത് നൽകാനുള്ള വഴി കണ്ടെത്തുകയും ചെയ്യുക എന്നതാണ് “

അമേരിക്കൻ മലയാളി സംഘടനാ ചരിത്രം പരിശോധിച്ചാൽ നൂറുകണക്കിന് സംഘടനകൾ, ആയിരക്കണക്കിന് നേതൃത്വങ്ങൾ ഈ സമൂഹത്തിന്റെ വഴിത്താരയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.നമ്മുടെ മുൻപിൽ കൂടി കടന്നു പോയ എത്രയോ മുഖങ്ങൾ .അതിൽ വ്യത്യസ്തമായ ഒരു മുഖം നമുക്ക് പലപ്പോഴും ഓർത്തെടുക്കുവാൻ സാധിച്ചു എന്ന് വരില്ല .
എന്നാൽ ഏത് സംരംഭങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്താലും അവ നടപ്പിലാക്കുന്നതിൽ വ്യത്യസ്തനായ ഒരു സാമൂഹ്യ പ്രവർത്തകനെ ഈ വഴിത്താരയിൽ നമുക്ക് പരിചയപ്പെടാം.
രഞ്ജൻ എബ്രഹാം .
ആമുഖം ആവശ്യമില്ലാത്ത സംഘാടകൻ, സാമൂഹ്യ പ്രവർത്തകൻ.

നമുക്ക് ഓരോരുത്തർക്കും വിരലടയാളം പോലെ തന്നെ വ്യക്തിഗതമായ മറ്റൊരു മുദ്ര ഉണ്ട്. അത് നാം സ്വയം ഉണ്ടാക്കിയെടുക്കുന്ന അല്ലെങ്കിൽ നമുക്ക് സമൂഹം സമ്മാനിക്കുന്ന ഒന്നാവാം. ആ മുദ്ര സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നയാളാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ . അങ്ങനെയൊരു ചിന്തയും, പ്രവൃത്തിയും അമേരിക്കൻ മലയാളി സമൂഹത്തിന് സമ്മാനിക്കുന്ന രഞ്ജൻ എബ്രഹാം പത്തനംതിട്ട , തടിയൂർ ഏറാട്ട് ഏബ്രഹാമിന്റേയും, ഏലിയാമ്മയുടേയും അഞ്ച് മക്കളിൽ ഇളയ പുത്രനാണ്.
തടിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ, തടിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം .ഹൈസ്‌കൂൾ കാലഘട്ടത്തിൽ സ്പോർട്സിൽ രണ്ടുവർഷം സ്‌കൂൾ ചാമ്പ്യൻ ആയിരുന്നു .ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രി പഠനം. പിന്നീട് ഐ. ടി.സി യിലേക്ക് . ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. പക്ഷെ കോഴ്സ് പൂർത്തിയാക്കിയില്ല. തുടർന്ന് നാട്ടിൽ ഇലക്ട്രിക് ജോലികൾ ചെയ്യാൻ തുടങ്ങി. ഏത് ജോലി ചെയ്താലും അതിൽ തന്റേതായ ഒരു പൂർത്തീകരണം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.ഏറ്റെടുക്കുന്ന ജോലികളിലെ കൃത്യത കൊണ്ട് നിരവധി വീടുകളുടെ ഇലക്ട്രിക് ജോലികൾ അക്കാലത്ത് ലഭിച്ചു. ജീവിതത്തിന്റെ കണക്ക് പുസ്തകത്തിലെ അധികമാരും അറിയപ്പെടാത്ത ഒരു കാലഘട്ടമായിരുന്നു അത്.

ഡൽഹിയിൽ നിന്നും അമേരിക്കയിലേക്ക്
1986 ൽ ഡൽഹിയിലേക്ക് . ആരോഗ്യമേഖലയിലെ ജോലി ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നു അത്. ഹരിയാനയിലെ സിർസയിൽ ജീവിതത്തിന്റെ മറ്റൊരു ലക്ഷ്യത്തിനായി അന്വേഷണം. ലബോറട്ടറി കോഴ്സ് പഠനത്തിന് ചേർന്നു.അതിനു ശേഷം മൂന്ന് വർഷം ഡൽഹിയിൽ ജോലി. ഇക്കാലത്താണ് 1989 ൽ സൗദിയിൽ നേഴ്സായ കോട്ടയം മുട്ടുചിറ ജോസഫിന്റേയും, ഏലിയാമ്മയുടെയും മകൾ ലില്ലി രഞ്ജൻ എബ്രഹാമിന്റെ ജീവിത സഖിയാകുന്നത്. 1992 ൽ രഞ്ജൻ അമേരിക്കയിലേക്ക്.നിരവധി ജോലികൾക്കായി ശ്രമിച്ചുവെങ്കിലും ഒന്നും ലഭിച്ചില്ല. ഒരു സുഹൃത്തിന്റെ സഹായത്തോടെ മിക് ഡൊണാൾസിൽ ജോലി ലഭിച്ചു. ആറുമാസം കഴിഞ്ഞപ്പോൾ മാനേജർ തസ്തികയിലേക്ക് ഉയർന്നു. 3 വർഷം അവിടെ ജോലി ചെയ്തു. കമ്പനികൾ മാറി മാറി ചില ജോലികൾ കൂടി ചെയ്തു . 2002 ൽ ഗ്യാസ് സ്റ്റേഷൻ ബിസിനസിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഈ ബിസിനസിൽ മുന്നോട്ട്.

ചിക്കാഗോ മലയാളി
അസ്സോസിയേഷനിലേക്ക്
അമേരിക്കയിൽ എത്തിയ ശേഷം ചിക്കാഗോ മലയാളി അസ്സോസിയേഷൻ മെമ്പറായി. തുടർന്ന് ബോർഡ് മെമ്പർ , 2002 ൽ ജോ.സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, 2017 – 18 കാലയളവിൽ പ്രസിഡന്റും ആയി. കേരളം വിട്ടാൽ മലയാളിയുടെ സാമൂഹ്യ ബോധത്തിന്റെ നന്മ തിരിച്ചറിഞ്ഞ നാളുകളിലൂടെയുള്ള യാത്രയാണ് അവരുടെ പൊതുപ്രവർത്തന കാലം. രഞ്ജൻ എബ്രഹാമും ആസ്വദിച്ച ഒരു പ്രവർത്തന കാലയളവായിരുന്നു അത്.
നിരവധി പ്രവർത്തനങ്ങളിലൂടെ ഒരു സമൂഹത്തിൽ മാറ്റവും, സന്തോഷവും ഉണ്ടാക്കുവാൻ സാധിക്കുന്നിടത്താണ് സമാധാനം നിലകൊള്ളുന്നത്. പാഴായിപ്പോകാത്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കാലമായിരുന്നു അതെന്ന് അദ്ദേഹം ഓർമ്മിച്ചെടുക്കുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കുവാൻ വേണ്ട പദ്ധതികൾ തയ്യാറാക്കി. എല്ലാ മാസവും ജീവിതത്തിരക്കിനിടയിൽ എല്ലാവരുമായി ഒത്തുകൂടാനുള്ള വേദിയാക്കി സംഘടനയെ വളർത്തിയെടുത്തു.

ഫോമയിലേക്ക്
ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് പദവിയിൽ നിന്ന് ഫോമയുടെ അംഗത്വത്തിലേക്കും, റീജിയണൽ ട്രഷററായും ഇപ്പോൾ സെക്രട്ടറിയായും വളർന്നു. 2022-2024 കാലയളവിൽ ചിക്കാഗോ ആർ. വി.പി. യായും മത്സര രംഗത്തുണ്ട്.ഗ്ലെൻവ്യൂ മലയാളികൾ സംഘടിപ്പിച്ച ജൂലൈ നാല് സ്വാതന്ത്ര്യ ദിന പരേഡ് ചെയർമാൻ, ഫോമ യൂത്ത് ഫെസ്റ്റിവൽ ചെയർമാൻ എന്നീ നിലകളിൽ നേതൃത്വപരമായ അംഗീകാരത്തിന് രഞ്ജൻ എബ്രഹാമിനെ തെരഞ്ഞെടുക്കുമ്പോൾ പുതുതലമുറയുടെ പൾസ് കൂടി തിരിച്ചറിയാവുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാവുകയായിരുന്നു രഞ്ജൻ ഏബ്രഹാം . ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ കലാമേളയ്ക്ക് ഏഴ് തവണ ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന് ലഭിച്ച ആദരവുകൂടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും. ഏത് സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചാലും ആത്മാർത്ഥമായും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവർത്തിക്കുക എന്നതാണ് രഞ്ജൻ എബ്രഹാമിന്റെ പോളിസി.

എക്യുമെനിക്കൽ പ്രവർത്തനങ്ങൾ
നാട്ടിൽ തെള്ളിയൂർ സെന്റ് ഫ്രാൻസിസ് സേവിയർ മലങ്കര കാത്തലിക്ക് പള്ളി ഇടവക അംഗമാണ് രഞ്ജൻ എബ്രഹാം.ചിക്കാഗോ സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ചിന്റെ മെമ്പർ എന്ന നിലയിൽ ഏകദേശം എട്ടു വർഷം ട്രഷററായും, ജോ. സെക്രട്ടറിയായും , ജോ. ട്രഷററായും നിസ്വാർത്ഥ പ്രവർത്തനം. സഭാ കൗൺസിൽ അംഗം, പാസ്ടറൽ കൗൺസിൽ അംഗം , എക്യുമെനിക്കൽ കൗൺസിൽ ട്രഷറർ, ഓഡിറ്റർ , കൂടാതെ എക്യുമെനിക്കൽ കൗൺസിൽ മെമ്പർ ആയി വർഷങ്ങളായി പ്രവർത്തനം. സാമൂഹ്യ പ്രവർത്തന വഴികൾക്കൊപ്പം ആത്മീയതയുടെ പ്രവർത്തനങ്ങളിലും സജീവമായതിന് പിന്നിൽ ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന് . സദാ കർമ്മ നിരതനായിരിക്കുക, മറ്റുള്ളവർക്ക് നന്മയുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ,സാമൂഹ്യ പ്രവർത്തന ലക്ഷ്യവും മതപരമായ സംഘടനാ പ്രവർത്തന ലക്ഷ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.

ചിക്കാഗോ മലയാളി അസ്സോസിയേഷൻ കലാമേള , ഫോമ കലാമേള, എക്യുമെനിക്കൽ കലാമേള എന്നിവയ്ക്കെല്ലാം രഞ്ജൻ എബ്രഹം നേതൃത്വം നൽകിയിട്ടുണ്ട് . ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് അസ്സോസിയേഷന്റെ വകയായി ഇരുപതിനായിരം ഡോളർ സഹായം നൽകി. കെ.ജെ. മാക്സി എം.എൽ. എ യ്ക്കൊപ്പം കേരള മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തുക നൽകുവാനും സാധിച്ചു. സഹായം ആവശ്യമുണ്ടെന്ന് തോന്നുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒരു നിമിത്തമായി മാറാൻ രഞ്ജൻ എബ്രഹാം ശ്രമിക്കാറുണ്ട്.

ചിക്കാഗോ ഇംപീരിയൽ ക്ലബ് പ്രസിഡന്റ്, കേരളാ ക്ലബ് മെമ്പർ, ചിക്കാഗോ ചെണ്ട ക്ലബ് സെക്രട്ടറി (2018),എന്നീ നിലകളിലും സജീവമായ രഞ്ജൻ ഏബ്രഹാം കലാ,സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രത്യേക അഭിരുചിയും ,കഴിവും ഉള്ള വ്യക്തിയാണ്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ കൃത്യതയോടെയും പരാതികൾക്ക് ഇടനൽകാതെയും ചെയ്യുക എന്നതാണ് ഒരു പൊതുപ്രവർത്തകന്റെ ദൗത്യം എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുകയാണ് രഞ്ജൻ ഏബ്രഹാം.

പുതിയ തലമുറ, രാഷ്ട്രീയം
അമേരിക്കയിലെ മലയാളി സമൂഹത്തിൽ നിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് അമേരിക്കൻ രാഷ്ട്രീയധാരയിൽ സജീവമാകുന്നത്. ഇതിന് ഒരു മാറ്റമുണ്ടാകണമെന്ന് രഞ്ജൻ എബ്രഹാം ആഗ്രഹിക്കുന്നു. മലയാളി പുതുതലമുറയിലെ കുട്ടികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകണം. ഓരോ വില്ലേജിൽ നിന്നും അവരുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. അതിന് മലയാളിസമൂഹത്തിന്റെ പിന്തുണ ഉണ്ടാവണം. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് മലയാളി യുവസമൂഹം ചുവടുറപ്പിക്കുന്ന കാലം അതിവിദൂരമല്ലെന്ന് അദ്ദേഹം സ്വപ്നം കാണുന്നു.

കുടുംബം,ശക്തി
ഒരു കാരുണ്യ പ്രവർത്തനവും, അത് എത്ര ചെറുതാണെങ്കിലും ഒരിക്കലും അത് പാഴായി പോകില്ല എന്ന ചിന്താഗതിയിലാണ് രഞ്ജൻ എബ്രഹാമിന്റെ സാമൂഹ്യ പ്രവർത്തനം നിലകൊള്ളുന്നത്. ഇതിന് പിന്തുണ നൽകുന്നത് നേഴ്സുകൂടിയായ ഭാര്യ ലില്ലിയും മക്കളായ റിജിൽ (ഒക്കുപ്പേഷണൽ തെറാപ്പി), റിനിൽ (ഫാർമസി ) എന്നിവരാണ്. ഒപ്പം നിൽക്കുന്ന ഈ മൂവർ സംഘമാണ് രഞ്ജൻ എബ്രഹാമിന്റെ പ്രവർത്തനങ്ങളുടെ നട്ടെല്ല് എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങളും വ്യത്യസ്തങ്ങളായ കഴിവുകളും ഈശ്വരൻ നൽകിയിട്ടുണ്ട്. അവർ മറ്റുള്ളവർക്കായി നൽകാൻ അതുല്യമായ സമ്മാനങ്ങൾ കരുതി വയ്ക്കുന്നു. അവ വാക്കായും പ്രവൃത്തിയായും മാറുന്നതോടെ അവയുടെ ലക്ഷ്യം പൂർണ്ണതയിലെത്തുന്നു. എല്ലാ ലക്ഷ്യങ്ങളുടേയും പൂർണ്ണത ആത്മാവിന്റെ ആനന്ദവും ആഹ്ളാദവും കൂടിയാണ്. അത് കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുകയും അതിൽ പരിപൂർണ്ണ വിജയം കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ഒരു സാമൂഹ്യ പ്രവർത്തകൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്.
അതെ,രഞ്ജൻ ഏബ്രഹാം വ്യത്യസ്തനായ ഒരു മനുഷ്യനാണ്. ഒപ്പമുള്ളവരെ നന്മയിലേക്ക് ഉയർത്തുവാൻ, പിന്നാലെ വരുന്നവർക്ക് താങ്ങും തണലുമാകാൻ ,തന്റെ വഴിത്താരയിൽ പൂത്തുനിൽക്കുവാൻ സദാ തയ്യാറായി നിൽക്കുന്ന ഒരു നന്മമരം.
ഈ വഴിത്താരയിൽ അവയെല്ലാം വരും തലമുറയ്ക്ക് തണൽ മരമാകുവാൻ രഞ്ജൻ എബ്രഹാമിന് സാധിക്കട്ടെ .
പ്രാർത്ഥനകൾ ..