അഡ്വ. രതീദേവി
സോഷ്യലിസ്റ്റ് സമൂഹത്തിലെ സ്ത്രീ സാമൂഹികമായും സാമ്പത്തികമായും സ്വതന്ത്രയായിരിക്കും. ഏറ്റവും ചെറിയ തോതിലെങ്കിലും ചൂഷണത്തിനോ ആധിപത്യത്തിനോ വിധേയമാകാത്തവള്‍, ശാരീരിക സവിശേഷതയും പ്രസവം പോലെയുള്ള ലൈംഗിക ധര്‍മ്മങ്ങളും ആവശ്യപ്പെടുന്ന ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ പുരുഷന് ലഭിക്കുന്ന അതേ വിദ്യാഭ്യാസസൗകര്യവും ജീവിത സാഹചര്യവും ലഭിക്കുന്നവള്‍, താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ തെരഞ്ഞെടുക്കുന്നവള്‍, താന്‍ ആരുടെ പ്രണയിനി ആയിരിക്കണമെന്ന് സ്വയം തീരുമാനിക്കാന്‍ പ്രാപ്തിയുള്ളവള്‍, ആര്‍ജ്ജിതമായ അച്ചടക്കവും ആത്മജ്ഞാനവും കൈമുതലായുള്ള സ്ത്രീകളായിരിക്കും-ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിലെ സ്ത്രീകളെക്കുറിച്ച് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ ഓഗസ്റ്റ് ബെബല്‍ വിഭാവനം ചെയ്യുന്നതിങ്ങനെയാണ്.
1905-06 കാലത്ത് റഷ്യന്‍ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജര്‍മ്മനിയിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ റോസ ലുക്‌സംബര്‍ഗിനൊപ്പം ക്ലാര സെറ്റ്കിന്‍ വ്യാപകമായ കാമ്പെയിന്‍ നടത്തി. 1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുംവരെ സൈനികവത്ക്കരണത്തിനും സാമ്രാജ്യത്വ യുദ്ധത്തിനുമെതിരെ അവര്‍ ഊര്‍ജ്ജിതമായി പ്രചാരണം നടത്തി. യുദ്ധത്തില്‍ പ്രതിഷേധിക്കുന്നതിനായി 1915 മാര്‍ച്ച് 15 ന് ഒരു രഹസ്യ സമ്മേളനം വിളിച്ചുകൂട്ടാന്‍ അവര്‍ മുന്‍കയ്യെടുത്തു. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, റഷ്യ, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം സ്വാതന്ത്യത്തിലും സമാധാനത്തിനും വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ ലീഗ് ഓഫ് വിമന്‍ രൂപീകരിച്ചു. യുദ്ധത്തെ അപലപിക്കുന്ന ഒരു പ്രമേയം അംഗീകരിച്ചു. മാത്രമല്ല, അധ്വാനിക്കുന്ന സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു മാനിഫെസ്റ്റോ പുറത്തിറക്കി. ആ മാനിഫെസ്റ്റോയില്‍ പറയുന്നു.
നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ എവിടെയാണ് ? നിങ്ങളുടെ മക്കള്‍ എവിടെയാണ് ? ദശലക്ഷക്കണക്കിനാളുകള്‍ ശവമാടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ആര്‍ക്കാണ് ഈ യുദ്ധംകൊണ്ട് ലാഭം. ഓരോ രാജ്യങ്ങളിലെയും നിസാരമായ ഒരു ന്യൂനപക്ഷത്തിന്, തോക്കുകളും തിരകളും നിര്‍മ്മിക്കുന്നവര്‍ക്ക്, യുദ്ധക്കൊതിയന്മാര്‍ക്ക്. എല്ലാം നഷ്ടപ്പെടുന്നത് സാധാരണക്കാര്‍ക്കാണ്. എല്ലാറ്റിനുപരിയായി സ്ത്രീകള്‍ക്കാണ്. യുദ്ധം നശിക്കട്ടെ.! സോഷ്യലിസം മുന്നോട്ട്.
ഒക്ടോബര്‍ വിപ്ലവസമയത്ത് ലെനിന്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം കൈവരാതെ തൊഴിലാളി വര്‍ഗത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നേടാനാകില്ല. സോവിയറ്റ് യൂണിയന്‍ ചൂണ്ടിക്കാണിച്ച സ്ത്രീവിമോചനത്തിന്റെ പാത ലോകമെങ്ങും ഒരു പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു. ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം ഒരു സാര്‍വദേശീയ നേതാവെന്ന നിലയില്‍ ക്ലാര സെറ്റ്കിന്‍ ലെനിനെ പലതവണ കണ്ടിരുന്നു. അതിനെക്കുറിച്ച് ക്ലാര ഇങ്ങനെ സ്മരിക്കുന്നു. ”സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ലെനിന്‍ എന്നോട് നിരന്തരം ചര്‍ച്ച ചെയ്തിരുന്നു. ലെനിന്റെ ക്രെംലിനിലെ പഠനമുറിയില്‍വച്ച് 1920 ല്‍ നടത്തിയ സംഭാഷണത്തില്‍ ലെനിന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. വ്യക്തമായ സോഷ്യലിസ്റ്റ് അവബോധത്തിലൂടെ നമുക്ക് ശക്തമായ ഒരു സാര്‍വദേശീയ മഹിളാ പ്രസ്ഥാനം സൈദ്ധാന്തിക അടിത്തറയില്‍ കെട്ടിപ്പടുക്കണം. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമില്ലാതെ നല്ലവണ്ണം പ്രവര്‍ത്തിക്കുവാന്‍ ഒരു സംഘടനയ്ക്കും കഴിയില്ല. കമ്യൂണിസ്റ്റുകാരായ നമുക്ക് ഈ മഹിളാ പ്രസ്ഥാനത്തെക്കുറിച്ച് താത്വികവും വ്യക്തവുമായ ഒരു ധാരണ രൂപീകരിക്കുന്നതിനുമുമ്പ് ഉണ്ടാക്കണം”.
അങ്ങനെ യൂറോപ്പിലെയും അമേരിക്കയിലെയും വൻ നഗരങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കിടയിൽ വിമോചനത്തിന്റെയും സമത്വത്തിന്റെയും ഉയിർത്തെഴുന്നേൽപ്പുണ്ടായി. യുക്തിയുഗം പത്തൊമ്പതാം നൂറ്റാണ്ടോടെ യൂറോപ്പിൽ ഉടലെടുത്തു. നവോത്ഥാനത്തിന്റെയും ഹ്യൂമനിസത്തിന്റെയും സർഗാത്മകതയുടെ സമ്പുഷ്ടമായ ഒരു കാലമായിരുന്നു അത്. ഗെയ്ഥെ, ഷില്ലർ, ഹെഗൽ, ഡാർവിൻ, മിൽ, സ്പെൻസർ, ഹക്സലി, കൂടാതെ മാർക്സിന്റെയും എംഗൽസിന്റെയും കൃതികൾ-എംഗൽസിന്റെ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉൽപ്പത്തി, ഈ കൃതി സ്ത്രീ തൊഴിലാളികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു.
1919 ൽ ലെനിൻ പ്രഖ്യാപിച്ചു. ”ബൂർഷ്വാ ജനാധിപത്യം വാക്കിൽ സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, പ്രവൃത്തിയിൽ ഏറ്റവും പുരോഗമിച്ചത് ഉൾപ്പെടെ ഒരൊറ്റ ബൂർഷ്വാ റിപ്പബ്ലിക്കുപോലും സ്ത്രീക്ക് പൂർണ്ണ സമത്വം നൽകുകയോ പുരുഷന്മാരുടെ മേലുള്ള ആശ്രയത്വത്തിൽനിന്നും, അവരുടെ മർദ്ദനത്തിൽനിന്നും മോചിപ്പിക്കുകയോ ചെയ്തിട്ടില്ല. ലോകത്തിലെ പുരോഗമിച്ചതും പ്രബുദ്ധവും ജനാധിപത്യപരവുമായ റിപ്പബ്ലിക്കുകളും കൂടി കഴിഞ്ഞ 130 വർഷങ്ങൾക്കിടയിൽ ചെയ്തിട്ടുള്ളതിലും കൂടുതൽ കാര്യങ്ങൾ സ്ത്രീകളെ വിമോചിപ്പിക്കുവാനും അവരെ പുരുഷന്മാരോട് തുല്യരാക്കാനും വേണ്ടി യൂറോപ്പിലെ ഏറ്റവും പിൻനിരയിൽ കിടക്കുന്ന രാജ്യങ്ങളിലൊന്നിൽ സോവിയറ്റധികാരം രണ്ടുവർഷംകൊണ്ട് ചെയ്തിട്ടുണ്ട്”.
1864 ൽ മാർക്സ് ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ-ഒന്നാം ഇന്റർനാഷണൽ-സ്ഥാപിച്ചു. സ്ത്രീകളുടെ അവകാശത്തിന്റെ പ്രശ്നം 1868 ൽ അദ്ദേഹം ഒന്നാം ഇന്റർനാഷണലിൽ ഉന്നയിച്ചു. വ്യവസായശാലകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതുകൊണ്ട് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്നും അതിനാൽ അവര്‍ക്ക് തൊഴിൽ നൽകേണ്ടതില്ലെന്നുമുള്ള വാദങ്ങളെ മാർക്സ് എതിർത്തു. വ്യവസായശാലകളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കണമെന്നും സ്ത്രീതൊഴിലാളികളുടെ പ്രത്യേക താൽപര്യങ്ങൾ സംരക്ഷിക്കാൻ നിശാ ജോലി നിർത്തലാക്കുക തുടങ്ങിയ നിയമനിർമ്മാണങ്ങൾ വേണമെന്നും മാർക്സ് ആവശ്യപ്പെട്ടു. ആ കാലത്ത് രാത്രിസമയങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ട്രേഡ് യൂണിയൻ അവകാശങ്ങളും അതിൽ ചേർന്ന് പ്രവർത്തിക്കാനുള്ള അവകാശവും ഉണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. ഒന്നാം ഇന്റർനാഷണൽ അതംഗീകരിച്ചു. അങ്ങനെയാണ് ലോകത്തിൽ ആദ്യമായി ട്രേഡ് യൂണിയനുകളിൽ സ്ത്രീകള്‍ക്ക് അംഗത്വം നൽകിത്തുടങ്ങിയത്.
അതിനുശേഷം ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ സ്ത്രീ തൊഴിലാളികൾ സംഘടിതമായി ട്രേഡ് യൂണിയനുകളിൽ അംഗമാകാൻ തുടങ്ങി. ലിയാൻസിൽറ്റ് ഫാക്ടറിയിലെ എണ്ണായിരം സ്ത്രീതൊഴിലാളികൾ പണിമുടക്കി ഒന്നാം ഇന്റർനാഷണലിൽ ചേരുകയുണ്ടായി.
1871 ലെ മഹത്തായ പാരിസ് കമ്മ്യൂണിൽ 2000 ത്തോളം സ്ത്രീകളെ തടവുകാരായി പിടിച്ചു. അതിൽ ഒട്ടനവധി പേരെ ഗില്ലറ്റിനിൽ വധിച്ചു. സ്ത്രീകൾ നടത്തിയ അത്യപൂർവ ഐതിഹാസിക പോരാട്ടമായിരുന്നു പാരിസ് കമ്മ്യൂൺ. ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകൾമുതൽ മധ്യവർഗ ബുദ്ധിജീവികൾവരെ ഇതിൽ രക്തസാക്ഷികളായി. അക്കാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ ക്ലാര സെറ്റ്കിൻ, തുല്യത എന്ന വനിതാ മാസികയുടെ എഡിറ്ററായിരുന്ന റോസ ലുക്സംബർഗ്(പിന്നീട് വധിക്കപ്പെട്ടു)-റോസയുടെ മാർക്സിയൻ ലേഖനങ്ങള്‍കൊണ്ട് ഈ മാസിക സ്ത്രീത്തൊഴിലാളികൾക്കിടയിൽ ഏറെ പ്രചാരം നേടി. കൂടാതെ മാർക്സിന്റെ മകൾ ലോറ 1882 ൽ പാരിസിലേക്ക് പോയി, അവിടെ പണിയെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് ബെബൽ സ്ത്രീകളെ സംബന്ധിച്ച് അമൂല്യങ്ങളായ മൂന്ന് പുസ്തകങ്ങൾ എഴുതി. വിമൻ അണ്ടർ സോഷ്യലിസം, വിമൻ ഇൻ ദ പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ എന്നിവ. അടിച്ചമർത്തലിന്റെ കാരണം സാമ്പത്തികമായ ആശ്രയത്വമാണെന്ന് ബെബൽ വിശദീകരിച്ചു. ഇതായിരുന്നു ഭൂതകാല സ്ത്രീകളുടെ അവസ്ഥ. എംഗൽസിന്റെ കൃതികളും സ്ത്രീതൊഴിലാളികൾക്കിടയിൽ ഏറെ പ്രചാരം നേടി. ഇവരുടെ ആശയങ്ങൾ ക്ലാരാ സെറ്റ്കിന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു.
അമേരിക്കയിലെ ന്യൂയോർക്കിൽ 1800 കളിൽ പണിയെടുക്കുന്ന സ്ത്രീകൾ പുരുഷന്മാരുടെ യൂണിയനിൽ സജീവമായി. പിന്നീട് പുരുഷ കേന്ദ്രീകൃതമായ യൂണിയനുകൾ സ്ത്രീകളുടെ അവകാശങ്ങൾ അവഗണിക്കുന്നതായി തിരിച്ചറിഞ്ഞു. 1820 ൽ അമേരിക്കയിലെ എല്ലാ വനിതാ യൂണിയനുകളും ചേർന്ന് അമേരിക്കയിലെ തന്നെ ന്യൂ ഇംഗ്ലണ്ട് എന്ന സ്ഥലത്ത് ടെയ്‌ലറിങ് ട്രെഡുകളുടെ നേതൃത്വത്തിൽ ഒരു പൊതുപണിമുടക്ക് നടത്തി. ആ പണിമുടക്ക് വിജയിച്ചില്ലെങ്കിലും 1857 മാർച്ച് എട്ടിന് 20000 സ്ത്രീ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പണിമുടക്ക് ഭാഗികമായി വിജയിച്ചു. അതിലൂടെ ബാലവേല നിരോധനത്തിന് കഴിഞ്ഞു. അവർ ഉന്നയിച്ച ആവശ്യങ്ങൾ, പുരുഷനോടൊപ്പം തുല്യവേതനം, മെച്ചപ്പെട്ട സാഹചര്യത്തിൽ ജോലി ചെയ്യുവാനുള്ള അവസരം തുടങ്ങിയവയായിരുന്നു.
1910 ൽ കോപ്പൻഹേഗനിൽ ചേർന്ന രണ്ടാം വിമൻസ് സോഷ്യലിസ്റ്റ് ഇന്റർനാഷണൽ സമ്മേളനത്തിൽ ക്ലാരാ സെറ്റ്കിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ അമേരിക്കയിലെ സ്ത്രീതൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോർക്കിലെ വനിതായൂണിയനുകൾ നടത്തിയ പണിമുടക്കുകൾ എല്ലാം മാർച്ച് എട്ടിന് ആയതിനാൽ ആ ദിനം ലോകമെമ്പാടുമുള്ള തൊഴിലാളി സ്ത്രീകളെ ബഹുമതിക്കുന്ന ഒരു ദിനമായി ആഘോഷിക്കണമെന്ന് സെറ്റ്കിൻ വാദിച്ചു. പ്രമേയം സമ്മേളനത്തിൽ പാസാക്കപ്പെട്ടു. ഓരോ രാജ്യത്തെയും വർഗബോധമുള്ള രാഷ്ട്രീയ ട്രേഡ് യൂണിയൻ സംഘടനകളുമായി ആലോചിച്ച് എല്ലാവർഷവും മഹിളാദിനം ആചരിക്കേണ്ടതാണെന്ന് സർക്കുലർ ഇറക്കി. ഇതിന്റെ പരമമായ ലക്ഷ്യം വോട്ടവകാശം, തുല്യജോലിക്ക് തുല്യവേതനം, തൊഴിൽമേഖലയിലെ സുരക്ഷിതത്വം, ജോലിസമയം കുറയ്ക്കുക എന്നതായിരുന്നു. അങ്ങനെ 1911 മാർച്ച് എട്ടിന് ലോകത്തിന്റെ പല ഭാഗത്തും ആദ്യത്തെ വനിതാദിനം ആചരിച്ചു.
ആദ്യത്തെ വനിതാദിനം കഴിഞ്ഞ് ദിവസങ്ങൾക്കകം 1911 മാർച്ച് 25 ന് ആണ് ന്യൂയോർക്കിലെ വസ്ത്ര നിർമ്മാണശാലയ്ക് തീപിടിച്ചത്. മരിച്ച 1460 പേരിൽ 123 സ്ത്രീതൊഴിലാളികള്‍ ഉൾപ്പെട്ടിരുന്നു. തീ പിടിക്കുമ്പോള്‍ പുറത്തുനിന്നും വാതിലുകള്‍ എല്ലാം പൂട്ടിയിരുന്നു. വെന്തുമരിച്ചവരില്‍ ഭുരിഭാഗവും ഇറ്റലിയില്‍ നിന്നുമുള്ള കുടിയേറ്റക്കാരായ 14 നും 22 നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു . ഈ സംഭവം സ്ത്രീകള്‍ ജോലിചെയ്യുന്നിടത്തെ സുരക്ഷ മെച്ചപ്പെടുത്തുവാന്‍ ഇടയായി. ഇതിനായി പോരാടിയ ഇന്റര്‍നാഷണല്‍ ലേഡിസ് ഗാര്‍മെന്‍റ്സ് വര്‍ക്കേഴേസ് യൂണിയന്റെ വളര്‍ച്ചക്ക് ഇത് കാരണമായി. വനിതാദിനത്തോടൊപ്പം വനിതകളുടെ അവകാശപോരാട്ടങ്ങളും വളർന്നു. 1918 ഓഗസ്റ്റ് 17 ലെ ലണ്ടൻ ഗതാഗത വനിതാ സമരം, 1937 ഫെബ്രുവരി 27 ലെ വൂൾവർത്തിന്റെ സിറ്റ് ഡൗൺ സമരം, 1968 ജൂൺ 7 ലെ ഡാഗെൻഹാം വിമൻസ് സ്ട്രൈക്ക്, 1970 ഓഗസ്റ്റ് 26 ന് ന്യൂയോർക്കിൽ സമത്വത്തിനായുള്ള വനിതാ സമരം, 1977 ഓഗസ്റ്റ് 23 ലെ ഗ്രൻവിക് തർക്കം, 2016 ജൂൺ 3 ലെ നി ഉന മെനോസ് മാർച്ച്, 2016 ഒക്ടോബർ 3 ന് പോളണ്ടിൽ നടന്ന കറുത്ത തിങ്കൾ സമരം എന്നിവ വനിതാപോരാട്ടങ്ങളുടെ തിളക്കമാർന്ന അധ്യായങ്ങളാണ്.
ഇന്നു ലോകമെങ്ങും സ്ത്രീകള്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഹോങ്കോംഗ്, ലെബനൻ, സുഡാൻ, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളില്‍ ശക്തമായി മുന്നേറ്റങ്ങൾ നടത്തുമ്പോള്‍,
2022 സെപ്റ്റംബർ 16 ന്, 22 കാരിയായ മഹ്‌സ അമിനി എന്ന ഇറാനിയൻ സ്ത്രീയെ ഹിജാബ് തെറ്റായി ധരിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് മതപരമായ സദാചാര പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ മർദ്ദനമേറ്റ് മരിക്കുകയും ചെയ്തു. അമിനിയുടെ മരണം ആഗോള ശ്രദ്ധ നേടുകയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു, ഇത് ലോകമെമ്പാടും നിർബന്ധിത ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായി. വരി 9, 2023 വരെ.
64 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ കുറഞ്ഞത് 481 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു .
പ്രതിഷേധങ്ങൾ “രാജ്യവ്യാപകമായി, സാമൂഹിക ക്ലാസുകൾ, സർവ്വകലാശാലകൾ, തെരുവുകൾ പിന്നീട്
സ്‌കൂളുകളിലേ ക്കും പ്രതിഷേധം വ്യാപിച്ചു .
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ സർക്കാരിനോടുള്ള “ഏറ്റവും വലിയ വെല്ലുവിളി” എന്ന് വിളിക്കപ്പെട്ടു. പ്രതിഷേധങ്ങൾ താമസിയാതെ “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്ന പ്രസ്ഥാനത്തെ രൂപപ്പെടുത്തി, നിക്കാ ഷക്കരാമി, സറീന എസ്മയിൽസാദെ, ഹാദിസ് നജാഫി, ഖോഡനുർ ലോജി, കിയാൻ പിർഫലക് തുടങ്ങിയ പ്രമുഖരായ . സ്ത്രീ പ്രതിഷേധക്കാർ പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന മുഖങ്ങളാണ്.
ഇന്ത്യയുടെ അടിത്തറ ഹിന്ദുത്വമാന്നെന്ന് പുനർനിർവചിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ട തകര്‍ക്കാനും ഇന്ത്യയെ സംരക്ഷിക്കുവാനുമായി ഡല്‍ഹിയില്‍ കൈകുഞ്ഞുങ്ങലുമായി അമ്മമാര്‍ നടത്തിയ ഷഹിന്‍ബാഗ് സമരം ഒക്കെയും ലോക ഫെമിനിസ്റ്റ് പ്രസ്ഥാനം . ഉറ്റുനോക്കുകയാണ്. വംശഹത്യക്കും ഫാസിസത്തിനും എതിരെ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഊര്‍ജ്ജവും അവബോധവും കമ്മ്യൂണിസ്റ്റ് അവബോധമാണ്. പോരാടുന്ന ജനസമൂഹത്തിന് അതൊരു പ്രതീക്ഷയും പ്രതീകവുമാണ്
