അനിൽ പെണ്ണുക്കര
” എന്റെ ബാഡ്ജിന് പിന്നിൽ നിങ്ങളുടേതു പോലെ ഒരു ഹൃദയമുണ്ട് “
ഒരു യഥാർത്ഥ പോലീസ് ഓഫീസർ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതു കൊണ്ടല്ല, മറിച്ച് തന്റെ പിന്നിൽ നിൽക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. മനുഷ്യപ്രയത്നത്തിന്റെ ഓരോ മേഖലയ്ക്കും അതിന്റേതായ സവിശേഷതകൾ ഉണ്ട്. ചിലർ ആ മേഖലയിലേക്ക് ആഗ്രഹിച്ച് കടന്നുവരുന്നവർ. മറ്റു ചിലർ ഒരിക്കലും ആഗ്രഹിക്കാതെ ഒരു നിയോഗം പോലെ കടന്നു വരുന്നവർ. തനിക്ക് ലഭിച്ച ജോലി ഒരു നിയോഗം കൊണ്ട് ലഭിച്ചതാണെന്നും , ജനങ്ങളെ സഹായിക്കാത്ത ശക്തി ശക്തിയല്ലെന്നും അത് മഹാമാരികൾക്ക് തുല്യമാണന്നും നിറഞ്ഞ ചിരിയോടെ നമുക്ക് പറഞ്ഞു തരുന്ന ഒരു മലയാളി അമേരിക്കൻ പോലീസിനെ ഈ വഴിത്താരയിൽ നമുക്ക് പരിചയപ്പെടാം.
റിൻസി ജോൺ കുര്യൻ
തന്റെ ജീവിതത്തിൽ വന്നുപെട്ടതെല്ലാം ഈശ്വരന്റെ നിയോഗമാണെന്ന് വിശ്വസിക്കുന്ന റിൻസി ജോൺ കുര്യൻ ചിക്കാഗോയിലെ പോലീസ് ജോലിയും ദൈവത്തിന്റെ ദാനവും അതിലുപരി തനിക്കായി മാറ്റിവയ്ക്കപ്പെട്ട പദവിയുമാണെന്ന് വിശ്വസിക്കുന്നു.
പത്തനംതിട്ട മുണ്ടിയപ്പള്ളി തുണ്ടിയിൽ ജോൺ കുര്യന്റെയും ചിന്നമ്മയുടെയും മകനായ റിൻസി ജോൺ ചെറുപ്പം മുതൽക്കെ മല്ലപ്പള്ളി പെരുമ്പട്ടിയിൽ അമ്മ വീട്ടിലായിരുന്നു താമസം. അമ്മ വീടിന്റെ സ്വന്തം റിൻസി . പിതാവ് പട്ടാളത്തിൽ ആയിരുന്നു. അമ്മ നേഴ്സും . 1972 ൽ അമ്മയ്ക്ക് അമേരിക്കയിലേക്ക് വിസ ലഭിച്ചതോടെ കുടുംബമായി ചിക്കാഗോയിലേക്ക് കുടിയേറി. റാന്നിയിലും പെരുമ്പെട്ടിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി . ഷിക്കാഗോയിലെത്തി തുടർ പഠനം. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി. കോളേജ് പഠനകാലത്ത് സമ്മറിൽ സിടിഎ ബസ് ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് . 1991 മുതൽ 1995 വരെ മോട്ടറോളയിൽ ജോലി. ജീവിതത്തിന്റെ മറ്റൊരു മേഖലയിലെ വ്യത്യസ്തമാർന്ന ജോലി. പക്ഷെ പെട്ടെന്ന് ജോലിയിൽ നിന്ന് നാട്ടിലേക്ക് പോകേണ്ടി വന്നതും നിയോഗവും, മറ്റുള്ളവർ അറിഞ്ഞിരിക്കേണ്ട കഥയുമാണത്.
വീണ്ടും കേരളത്തിലേക്ക്
പൊട്ടാത്ത പാരമ്പര്യത്തിന്റെ കണ്ണി
മോട്ടറോളയിലെ ജോലി അഞ്ചാം വർഷത്തിലേക്ക് കടന്നപ്പോൾ ചില പ്രതിസന്ധികൾ കമ്പനിക്കുണ്ടാവുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. അമേരിക്കയിൽ ഒരു ജോലിയില്ലാതെ നിൽക്കുക പ്രയാസമായി തോന്നി . അപ്പോഴാണ് ചെറുപ്പം മുതൽ വളർത്തിയ അപ്പച്ചന് ഒരു സ്ട്രോക്ക് വന്ന് ആശുപത്രിയിലാകുന്നത് (അമ്മയുടെ പിതാവ് ഇട്ടി ജോൺ ) . പെൺമക്കളുടെ മക്കളെ നോക്കി വളർത്തുന്നതിൽ അർത്ഥമില്ല എന്ന് പാവം അപ്പച്ചനോട് ആരൊക്കെയോ പറഞ്ഞു കൊടുത്തു വിഷമിപ്പിച്ചിരുന്നു. അപ്പച്ചനും അമ്മച്ചിയും സുഖമില്ലാതെ ഇരിക്കുന്ന വേളയിൽ ഒരു ഫോൺ കോൾ “മോനെ നീയിങ്ങ് വരു. നമുക്ക് ഇവിടെ ജീവിക്കാം ” എന്ന വാക്കിൽ ഒരു തീരുമാനമെടുത്തു. നാട്ടിലേക്ക് പോകാം. അപ്പച്ചനേയും അമ്മച്ചിയേയും നോക്കണം. തന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിൽ അവരുടെ സ്നേഹമാണിത് . അവരുടെ തലോടലിന്റെ കരുതലാണ് ഇവിടെ വരെയുള്ള വഴിയിലെ ചൂട്ടു വെളിച്ചം. പിതാവും , മാതാവും ജോലിക്ക് സമയങ്ങളിൽ ഒപ്പം ഓടി നടന്ന് സംരക്ഷിച്ചവർ , ശ്വാസനിശ്വാസങ്ങളെ കാത്തവർ. അവർക്ക് വയസ്സുകാലത്ത് താങ്ങും തണലുമായി നിൽക്കേണ്ടത് താൻ തന്നെയാണ്. അടുത്ത വിമാനത്തിൽ കുടുംബസമേതം റിൻസി കുര്യൻ പെരുമ്പട്ടിയിലെത്തി. ഇട്ടി ജോണിനും, മറിയാമ്മ ജോണിനുമൊപ്പം അവരുടെ കൊച്ചുമകനായി എട്ടു വർഷക്കാലം നിറഞ്ഞ സന്തോഷത്തോടെ ജീവിതം.
റിൻസി എന്ന ആനപ്രേമിയും
രാധാകൃഷൻ എന്ന ആനയും
മദ്ധ്യതിരുവിതാംകൂർ എന്നും ഉത്സവങ്ങളുടെ നാടാണ്.മല്ലപ്പള്ളിയും പെരുമ്പട്ടിയുമൊക്കെ പടയണിയുടേയും, നാട്ടുകലകളുടേയും നാട്. ഉത്സവങ്ങളുടെ നാട്. ഉത്സവങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എഴുന്നെള്ളത്തുകൾ. അതിനായി കൊണ്ടു പോകുന്ന കൊമ്പനാനകൾ റിൻസിക്ക് എന്നും ഹരമായിരുന്നു. കടലുകടന്നുവന്നെങ്കിലും ആനപ്രേമം ഉപേക്ഷിച്ചിരുന്നില്ല. വീടിന്റെ മുൻവശത്തുള്ള പുഴയിൽ ആനയെ കുളിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ആന പാപ്പാൻ മാരുമായി ചെങ്ങാത്തം കൂടി. ആനയെ കുളിപ്പിച്ച് കഴിഞ്ഞ് പറമ്പിൽ കെട്ടിയിടാൻ അപ്പച്ചനിൽ നിന്ന് അനുവാദം വാങ്ങി കൊടുത്തിരുന്നു. ആനയുമായി കൂടുതൽ അടുക്കുവാനുള്ള അവസരമായി അത്. വീണ്ടും നാടെത്തിയപ്പോൾ ആന പ്രേമം വീണ്ടും തലപൊക്കി. പെട്ടെന്നൊരു തീരുമാനമെടുത്തു. രാധാകൃഷ്ണൻ എന്ന ആനയെ സ്വന്തമാക്കി. ജീവിതത്തിലെ മറ്റൊരു നിയോഗം . ഒപ്പം പെരുമ്പട്ടിയിലെ വിശാലമായ കൃഷിയിടത്തിൽ വാഴയും, ചേമ്പും, ചേന കൃഷിയുമായി എട്ടു വർഷം. കൂട്ടിന് രാധാകൃഷ്ണനും. 1998 ൽ അപ്പച്ചനും അമ്മച്ചിയും മരിച്ചു. വീണ്ടും അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു. അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത ഒരു കുടുംബവീടിനെക്കുറിച്ച് ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു. രാധാകൃഷ്ണനെ വിറ്റു. ജീവിതത്തിലുണ്ടായ മറ്റൊരു വിഷമമായിരുന്നു രാധാകൃഷ്ണനെ പിരിയുക എന്നത് . അവൻ ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വത്താണ്. രാധാകൃഷ്ണനെ വാങ്ങിയവർ ഗുരുവായൂരിൽ നടയിരുത്തി.
വീണ്ടും അമേരിക്കയിലേക്ക്
ഫർണ്ണീച്ചർ കടയിൽ നിന്ന്
അമേരിക്കൻ പോലീസിലേക്ക്
റിൻസി ജോൺ കുര്യന്റെ ജീവിതം നിയോഗങ്ങളുടേതാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല . 2003 ൽ പെരുമ്പട്ടിയിൽ നിന്ന് ചിക്കാഗോയിലേക്ക് തിരിച്ചെത്തുമ്പോൾ മുൻപ് കണ്ട അമേരിക്കയായിരുന്നില്ല. എല്ലാ മേഖലകളിലും ഉണ്ടായ സമൂലമായ മാറ്റം അത്ഭുതപ്പെടുത്തി. ആദ്യം ഒരു മലയാളിയുടെ ഫർണീച്ചർ കടയിൽ ജോലിക്ക് കയറി. പിന്നീടാണ് അപ്രതീക്ഷിതമായി പോലീസ് ടെസ്റ്റ് എഴുതുന്നതും അമേരിക്കൻ പോലീസിൽ കയറുന്നതും. ഒരു പോലീസിന് നിയമപരിജ്ഞാനം മാത്രം ഉണ്ടായാൽ പോരാ മനുഷ്യ മനസ്സിന്റെ ഭയം, അരക്ഷിതാവസ്ഥകൾ എന്നിവയെക്കുറിച്ചും അറിവുണ്ടായിരിക്കണം എന്ന് ജീവിതത്തിൽ നിന്ന് മനസിലാക്കിയിരുന്നതു കൊണ്ട് ആ ജോലിയിലും താൻ വളരെ സുരക്ഷിതനാണെന്ന് തോന്നി.ഒരു വ്യക്തി പോലീസ് ഓഫീസർ ആകുന്നത് സമൂഹത്തിലെ ആ വ്യക്തിയുടെ സ്വീകാര്യതയ്ക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്.നിസ്വാർത്ഥമായ സേവനമാണ് ഓരോ ജോലിയുടേയും കാതൽ. പക്ഷെ പോലീസ് ജോലിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഒരാൾ പോലീസിനെ സമീപിക്കുന്നത് അവസാന പിടിവള്ളി എന്ന നിലയിലാകും. അവിടെ നമ്മുടെ ഉത്തരവാദിത്വം പൂർണ്ണഹൃദയത്തോടെ നിർവ്വഹിച്ചാൽ ആളുകൾ നമ്മെ അംഗീകരിക്കും.
പോലീസ് ഒരു കൗൺസിലർ കൂടിയാണ്
പോലീസ് ഉദ്യോഗം വെറുമൊരു ജോലിയല്ല എന്ന് റിൻസി ജോൺ തിരിച്ചറിയുന്നത് കുടുംബപ്രശ്നങ്ങൾ പോലീസിലേക്ക് എത്തുമ്പോഴാണ്. അത്തരം വിഷയങ്ങളിൽ പോലീസിന് നല്ലൊരു മോട്ടിവേറ്റർ ആകാനും കഴിയുമെന്ന് റിൻസി ജോൺ പലതവണ തെളിയിച്ചിട്ടുണ്ട്. മലയാളിയായ പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പല പ്രശ്നങ്ങളും പോലീസിലേക്ക് എത്തുന്നതിന് മുൻപ് തനിക്ക് കോൾ വരുമെന്നും ഒരു പരിധിവരെ അവയൊക്കെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അതൊക്കെയാണ് പോലീസ് ജീവിതത്തിലെ ധന്യമായ മുഹൂർത്തമെന്നും അദ്ദേഹം വിലയിരുത്തുന്നു.
മാദ്ധ്യമ പ്രവർത്തനവും
സാമൂഹ്യ പ്രവർത്തനവും
1992 -1995 കാലഘട്ടത്തിൽ ചിക്കാഗോ മലയാളികൾക്കായി കേരളത്തിലെ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിന് ഒരു റേഡിയോ പ്രോഗ്രാമിന് തുടക്കം കുറിച്ചു. നാട്ടിൽ നിന്ന് വാർത്തകൾ ഫാക്സ് ചെയ്ത് ലഭിക്കും അവ എഡിറ്റ് ചെയ്ത് ആഴ്ചയിൽ കേരളത്തിലെ വാർത്തകൾ കൂടി ഉൾപ്പെടുത്തി ചിക്കാഗോ മലയാളികൾക്കായി അവതരിപ്പിക്കും. പക്ഷെ ടി.വിയുടെ വരവോടെ ആ പരിപാടി നിലച്ചു. അന്ന് കേരളത്തിലെ വാർത്തകൾ അമേരിക്കൻ മലയാളികൾക്ക് അറിയുവാൻ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ആസ്വദിച്ച് ചെയ്ത മറ്റൊരു ജോലിയായിരുന്നു അത്. 1991-1992കാലഘട്ടത്തിൽ ഡോ .എം അനിരുദ്ധൻ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിൽ റിൻസി ജോൺ കുര്യൻ ആയിരുന്നു ജോ.സെക്രട്ടറി. വയലാർ രവി, ഡോ. കെ.എം. തരകൻ ,ബാലചന്ദ്രമേനോൻ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അസ്സോസിയേഷന്റെ ഇരുപത്തിയൊന്നാം വാർഷികം ആഘോഷിച്ചു. എങ്കിലും ” Leader with out title ” എന്ന സങ്കല്പമാണ് സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ച് റിൻസിക്ക് ഉള്ളത്. സഹായങ്ങൾ അർഹിക്കുന്നവർക്ക് ഒട്ടും താമസമില്ലാതെ എത്തിക്കുക എന്നതാണ് സാമൂഹ്യ സേവനത്തിന്റെ കാര്യത്തിൽ പ്രഥമനയം. ഒരിക്കൽ കുവൈറ്റിൽ വീട്ടുജോലിക്ക് കൊണ്ടുവന്ന ഒരു തമിഴ് സ്ത്രീയെ അറബിക്ക് ഇഷ്ടപ്പെടാത്തതിനാൽ ചെന്നൈയിലേക്ക് തിരിച്ചയച്ചു. അവർക്ക് മസ്ക്കറ്റിലേക്ക് ടിക്കറ്റെടുത്തു കൊടുത്തു അറബി. മസ്ക്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് പോകാൻ കാശില്ലാത്തതിനാൽ മസ്കറ്റിൽ നിന്നും കുവൈറ്റിലേക്ക് തിരികെയയക്കാൻ എയർപോർട്ട് അധികൃതർ തീരുമാനിച്ചു. ഭാഷയറിയാതെ , സംഭവിച്ചത് എന്താണെന്നറിയാതെ പൊട്ടിക്കരഞ്ഞ ആ അമ്മയ്ക്ക് സഹായമായി എത്തിയത് അവിടെയുണ്ടായിരുന്ന റിൻസി ആയിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാ ആളുകളേയും ഏകോപിപ്പിച്ച് പണം സ്വരൂപിച്ച് ചെന്നൈയിലേക്ക് ടിക്കറ്റെടുത്ത് യാത്രയാക്കി. ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു അത്. ചെയ്തു നൽകിയ സഹായങ്ങൾ എത്രയെന്ന് ഇതുവരെയും ഓർമ്മിച്ചെടുത്തിട്ടില്ല . അർഹതയുള്ളവർ ആര് സഹായം അഭ്യർത്ഥിച്ചാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് തന്റെ പോളിസി എന്ന് അദ്ദേഹം പറയുന്നു.
നാട്ടിലെ രാഷ്ട്രീയക്കാരൻ
എന്നും കോൺഗ്രസുകാരനായി നടക്കുക എന്നതാണ് റിൻസിജോൺ കുര്യന്റെ ആഗ്രഹം. നാട്ടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നാലും, അസംബ്ലി തെരഞ്ഞെടുപ്പ് ആയാലും, പാർലമെന്റ് തെരഞ്ഞെടുപ്പ് ആയാലും റിൻസി കുര്യൻ നാട്ടിലെത്തും. വോട്ടു പിടിക്കുവാൻ വീടുവീടാനന്തരം കയറും. വോട്ടു പിടിക്കുന്നതിനെക്കാളുപരിയായി നാട്ടുകാരുമായി പരിചയം പുതുക്കുക സുഖവിവരങ്ങൾ അന്വേഷിക്കുക എന്ന ഒരു കൗതുകം കൂടി തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് പിന്നിലുണ്ട്. അടിസ്ഥാനപരമായി കോൺഗ്രസ് പ്രവർത്തകൻ ആണെങ്കിലും അമേരിക്കയിലെത്തുന്ന എല്ലാ ഇടതു വലതു നേതാക്കളുമായി നല്ല ബന്ധം ഉണ്ട്. രാഷ്ട്രീയം ജനനന്മയ്ക്ക് എന്നതാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ ചിന്ത.
കുടുംബം
ഒപ്പമുള്ള നന്മ ജെസ്സി
ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിൽ ഒരു സ്ത്രീയുണ്ടായിരിക്കും എന്ന് പറയും പോലെ റിൻസിയുടെ ജീവിത വഴിത്താരയിലെ വഴികാട്ടിയെ നാം പരിചയപ്പെടേണ്ടതുണ്ട്. പെരുമ്പട്ടി സ്വദേശിയും സ്കൂൾ കാലം മുതൽ ഒപ്പം പഠിച്ച ജെസ്സി റിൻസിയുടെ സ്വന്തമായതു മുതൽ ജീവിതത്തിന്റെ വലം കൈയ്യാണെന്ന് പറയാം. ജെസ്സി ഡിഗ്രി പഠനകാലത്ത് രണ്ട് തവണ തിരുവല്ല മാർത്തോമ കോളജിൽ വൈസ് ചെയർമാൻ ആയിരുന്നു . കെ.എസ്.യു പാനലിൽ വിജയിച്ച ജെസ്സി തിരുവനന്തപുരം ലോ കോളജിൽ എൽ എൽ ബിയും പൂർത്തിയാക്കിയാണ് ജെസ്സി അമേരിക്കയിൽ എത്തിയത് .ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരളാ ചാപ്റ്റർ സെക്രട്ടറി കൂടിയാണ് ജെസ്സി.. റിൻസിയുടെ പോലീസ് ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം ജെസ്സിയുടെ സ്വാധീനവും നിർദ്ദേശവും വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇരുമെയ്യാണെങ്കിലും മനമൊന്ന് എന്ന തത്വം റിൻസി – ജെസ്സി എന്നിവരുടെ കാര്യത്തിൽ കൃത്യമാകുന്നു. ജെസ്സിയുടെ അമ്മച്ചി സൂസി തോമസ് ,ഒപ്പം മക്കളായ ബെഞ്ചമിൻ (ഡോക്ടർ),മരുമകൾ റ്റീന(സോഫ്റ്റ് വെയർ എൻജിനീയർ ), ജോഷി (അക്കൗണ്ടന്റ് ) , പൗലോസ് (7-ാം ക്ലാസ്) എന്നിവരുടെ പൂർണ്ണ പിന്തുണ കൂടിയാകുമ്പോൾ ഈ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതം കൂടുതൽ ധാർമ്മിക മൂല്യമുള്ളതായി മാറുന്നു.
നിയമപാലകരുടെ പ്രശ്നം അഴിമതിയല്ല, ആ അഴിമതിയുടെ സമ്പൂർണ്ണ നിഷേധമാണ് എന്ന് റിൻസി ജോൺ കൂര്യൻ തുറന്നു പറയുമ്പോഴും റിട്ടയർമെന്റ് ജീവിതത്തിൽ ജെസ്സിയോടൊത്ത് പെരുമ്പെട്ടിയിലെ വീട്ടിലെത്തി താമസിക്കണമെന്നാണ് ആഗ്രഹം. അവിടുത്തെ മണ്ണിനോടും, പൂക്കളോടും, പുഴയോടും കഥ പറഞ്ഞ് നാട്ടു നന്മകളിൽ ഒരു ജീവിതം,അതാണ് ആഗ്രഹം..
” പോലീസിന്റെ തൊഴിൽ മറ്റൊരു തൊഴിലിനെയും പോലെയല്ല . നിങ്ങളുടെ അയൽപക്കത്തെ ഒരു കൊച്ചു കുട്ടി സുഖമായി ഉറങ്ങുമോ എന്നത് നിങ്ങളുടെ ഡ്യൂട്ടിയെ ആശ്രയിച്ചാണിരിക്കുക. ഒരു സ്ത്രീക്ക് രാത്രിയിൽ ജോലിയിൽ നിന്ന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ കഴിയുമോ എന്നത് നിങ്ങളുടെ ഡ്യൂട്ടിയെ ആശ്രയിച്ചിരിക്കുന്നു. ”
ക്രൂരന്മാരായ എല്ലാ വേട്ടക്കാരേയും അകറ്റി നിർത്താൻ കഴിയുന്ന ഒരു സിംഹത്തെ പോലെയാവണം ഓരോ പോലീസ് ഉദ്യോഗസ്ഥനും.
റിൻസി ജോൺ കുര്യൻ ഈ വഴിത്താരയിൽ ഒരു പ്രതീകമാകുന്നു. ജീവിതത്തിന്റെ വിജയം ജീവിതങ്ങളെ ഉയർത്തുക എന്നതാണ്. അവരുടെ പുഞ്ചിരിയിൽ വിജയം കാണുക. അവിടെ ഹൃദയങ്ങളെ കീഴടക്കുക . അതിനുള്ള ഹൃദയാർജ്ജവം നിങ്ങൾക്കുണ്ട്. റിൻസി ജോൺ കുര്യൻ ഈ വഴിത്താരയിൽ മുന്നോട്ട് പോകുമ്പോൾ നമുക്ക് അഭിമാനിക്കാം..
തൊട്ടു മുൻപിൽ നടന്നു പോകുന്നത് ഹൃദയങ്ങളെ കീഴടക്കിയ ഒരു മനുഷ്യനാണെന്ന് .
നിങ്ങൾ നടന്നുകൊണ്ടേയിരിക്കുക. ഒരു കുടുംബവും, ഒരു സമൂഹവും നിങ്ങൾക്കൊപ്പമുണ്ട് …