ലഹരിമുക്ത കാമ്പസുകള്‍ക്കായി ഋഷിരാജ് സിംഗ്

sponsored advertisements

sponsored advertisements

sponsored advertisements


12 September 2022

ലഹരിമുക്ത കാമ്പസുകള്‍ക്കായി ഋഷിരാജ് സിംഗ്

അനിൽ പെണ്ണുക്കര

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എത്രത്തോളം സമൂഹത്തോട് അടുത്തു നില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് ഋഷിരാജ് സിംഗ് എന്ന മനുഷ്യന്‍. കേരളത്തിലെ ഏറ്റവും ജനപ്രിയനായ പൊലീസ് ഉദ്യോഗസ്ഥരില്‍ പ്രധാനപ്പെട്ട ഒരാള്‍. കേരള പൊലീസില്‍ താരപരിവേഷത്തില്‍ തലപ്പൊക്കമുള്ളയാള്‍. നീതികൊണ്ടും ധര്‍മ്മം കൊണ്ടും അദ്ദേഹം തന്‍റെ പോലീസ് ജീവിതത്തില്‍ ഇതുവരെ മറ്റൊരാളും നടന്നിട്ടില്ലാത്ത വഴികളിലൂടെ നടന്നയാള്‍. ഗുണ്ടാ അതിക്രമം അവസാനിപ്പിക്കല്‍, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, വ്യാജ സിഡിക്കെതിരായ റെയിഡുകള്‍, വ്യാജ മദ്യ – ലഹരി മാഫിയയെ അടിച്ചമര്‍ത്തല്‍, വൈദ്യുതി മോഷണം തടയല്‍ തുടങ്ങിയ പ്രത്യേക ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഋഷിരാജ് സിംഗ് ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പോലീസുകാരനായി മാറിയ അദ്ദേഹം റിട്ടയര്‍മെന്‍റ് ജീവിതത്തിലും സജീവം. പോലീസ് എന്നാല്‍ ഭീതിയോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹത്തെ സ്നേഹം കൊണ്ടും, സഹകരണം കൊണ്ടും അദ്ദേഹം ചേര്‍ത്ത് പിടിക്കുന്നു ഇപ്പോള്‍. കേരളത്തിലെ കാമ്പസുകളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളുമായി സജീവമാവുകയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഈ അടുത്ത കാലത്ത് അദ്ദേഹത്തോടൊപ്പം നിരവധി കാമ്പസുകളില്‍ വേദികള്‍ പങ്കിടുവാന്‍ അവസരം ലഭിച്ചിരുന്നു. ഓരോ യാത്രകളിലും ഋഷിരാജ് സിംഗ് എന്ന മനുഷ്യസ്നേഹി പങ്കുവച്ച ആശങ്കകള്‍ അദ്ദേഹത്തിന് കേരളത്തിലെ പുതുതലമുറയോടുള്ള കരുതല്‍ വ്യക്തമാക്കുന്നതായിരുന്നു.
പുനലൂര്‍ എ.എസ്.പിയായി സര്‍വീസ് തുടങ്ങിയ ഋഷിരാജ് സിംഗ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്മിഷണറായിരിക്കേ നടത്തിയ ഗുണ്ടാവേട്ട കേരളം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. ഗതാഗത കമ്മീഷണറായിക്കേ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിര്‍ബന്ധമാക്കി റോഡപകടത്തിലെ മരണനിരക്ക് കുറച്ചതും കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കേ വന്‍കിട സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ 700 കോടിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയതും അദ്ദേഹത്തിന്‍റെ പോലീസ് ജീവിതത്തിലെ പൊന്‍തൂവലായി. റെയ്ഡിലൂടെ 38 ലക്ഷം വ്യാജ സിഡിയും, എക്സൈസ് കമ്മിഷണറായിരിക്കെ 3000 കോടിയുടെ മയക്കുമരുന്നും ഋഷിരാജ് സിംഗ് പിടിച്ചു. എല്ലാ ജില്ലകളിലും ലഹരി വിരുദ്ധകേന്ദ്രങ്ങള്‍ തുറന്നു. അങ്ങനെ കേരള ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ അറിയുന്ന ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലേക്ക് അദ്ദേഹം വളരുകയായിരുന്നു.
36 വര്‍ഷത്തോളം പോലീസ് സേനയില്‍ പ്രവര്‍ത്തിച്ച ഋഷിരാജ് സിംഗ് തന്‍റെ ജീവിതത്തിന്‍റെ പൂര്‍ണ്ണ ഭാഗവും ജനങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചു. നീതി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സാമൂഹികമായ പല കാര്യങ്ങളിലും ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.
കേരളത്തിന്‍റെ ‘സിങ്കം’ എന്ന പേരിലാണ് ഋഷിരാജ് സിംഗ് അറിയപ്പെട്ടിരുന്നത്. തന്‍റെ ജീവിതത്തില്‍ ഏറിയ പങ്കും അദ്ദേഹം കഴിഞ്ഞത് കേരളത്തിലായിരുന്നു. ഋഷിരാജ് സിംഗിന്‍റെ അച്ഛനും അമ്മയുടെ അച്ഛനും രാജസ്ഥാന്‍ പോലീസിലായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഐ. പി. എസ് തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഭാഷ പഠിക്കനുള്ള പ്രത്യേക കഴിവ് ഉപയോഗിച്ച് മലയാളം പഠിച്ചെടുത്തു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്. പി. ജിയുടെ ഭാഗമായും സി.ബി.ഐയില്‍ ജോയിന്‍റ് ഡയറക്ടറായും ദീര്‍ഘകാലം ഋഷിരാജ് സിംഗ് പ്രവര്‍ത്തിച്ചിരുന്നു. കേരളം ജയില്‍ ഡി ജി പി ആയിട്ടാണ് അദ്ദേഹം വിരമിച്ചത്.
വിരമിക്കലിന് ശേഷവും അദ്ദേഹം കേരളത്തില്‍ തന്നെ തുടര്‍ന്നു. ലഹരിക്കെതിരെയുള്ള വിവിധ സംഘടനകളുടെ പോരാട്ടത്തിനും കേരളത്തിലെ കാമ്പസുകളെ ലഹരിവിമുക്ത കലാലയങ്ങളായി മാറ്റുവാനുള്ള ശ്രമത്തിലുമാണ്. സ്കൂളുകള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഓടിനടന്നു ക്ളാസുകള്‍ നയിക്കുന്നു. ഒരു കുട്ടിയെങ്കിലും ലഹരിക്ക് അടിമപ്പെടാതെയിരിക്കട്ടെ എന്നതാണ് അദ്ദേഹത്തിന്‍റെ പക്ഷം .’അമ്മമാരുടെ സങ്കടം കാണാന്‍ വയ്യ .അച്ഛന്മാരുടെ വിതുമ്പലുകള്‍ കാണാന്‍ വയ്യ’.
നല്ല തലമുറകളെ വാര്‍ത്തെടുക്കേണ്ടതിന്‍റെ, ലഹരി വിമുക്തമായ ഭാരതത്തെ സൃഷ്ടിച്ചെടുക്കുന്നതിന്‍റെ പ്രാധാന്യം എല്ലാം അദ്ദേഹം എല്ലാ വേദികളിലും പറയാറുണ്ട്. സമൂഹത്തോട് അദ്ദേഹത്തിന് വല്ലാത്തൊരു പ്രതിബദ്ധതയാണ്. ഒരു കുട്ടിയെ കണ്ടാല്‍ ആ കുട്ടിക്ക് എത്രത്തോളം കരുതല്‍ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. മനുഷ്യന്‍റെ മനസ്സിനെ അത്രത്തോളം അടുത്തറിയാന്‍ ശ്രമിക്കുന്നു ഈ പച്ച മനുഷ്യന്‍.
ഏറ്റവുമധികം ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന, വഴിതെറ്റുന്ന ഒരു വലിയ തലമുറയെക്കുറിച്ച് വേവലാതിപ്പെടുന്ന ഋഷിരാജ് സിംഗിനെ ഞാന്‍ കണ്ടു. ലഹരി മൂലം ഒരു കുട്ടി പോലും നശിച്ചു പോകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അദ്ദേഹം പല പരിപാടികളും പങ്കെടുക്കുന്നത്. മാനുഷികമൂല്യങ്ങള്‍ക്കാണ് ഋഷിരാജ് സിംഗ് എന്ന മനുഷ്യന്‍ വില നല്‍കുന്നത്. ആ വില തന്നെയാണ് അദ്ദേഹത്തിന് നമ്മളൊക്കെ തിരിച്ചും നല്‍കുന്നത്. വളരെ സൗമ്യനായ സ്നേഹവാനായ ഒരു മനുഷ്യന്‍ അതിലുമപ്പുറം അദ്ദേഹത്തെ നിര്‍വചിക്കാന്‍ വേറെ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല.
കുട്ടികളില്‍ കൗമാര പ്രായത്തില്‍ ആരംഭിച്ചിരുന്ന ലഹരി ഉപയോഗം ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുന്നതില്‍ വലിയ ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. നമുക്ക് ചുറ്റുപാടുമുള്ള മനുഷ്യരെ എടുത്തുനോക്കിയാല്‍ ചുരുക്കം ചിലര്‍ മാത്രമേ ലഹരി ഉപയോഗിക്കാത്തവരായി ഉണ്ടാവുകയുള്ളൂ, മറ്റുള്ളവരെല്ലാം ലഹരിക്ക് അടിമ ആയിട്ടുണ്ടാവും. അത്തരത്തില്‍ അടിമയാകുന്ന ഒരു അവസ്ഥ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാനാണ് ഋഷിരാജ് സിംഗിന്‍റെ ശ്രമം.
സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന്‍റെ നമ്പറിലേക്ക് എപ്പോള്‍ വേണമെങ്കിലും വിളിക്കാം, എന്തും തുറന്നു പറയാം. അതെ, അയാള്‍ ഒരു പകരക്കാരനില്ലാത്ത മനുഷ്യനാണ്, അന്നും ഇന്നും എന്നും അതങ്ങനെ തന്നെ.