അനിൽ പെണ്ണുക്കര
“ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ നർത്തകി തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്”
നൃത്തം ശരീരം കൊണ്ട് എഴുതുന്ന കവിതയാണ്. വിഭിന്നവും വിപുലവുമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നവയാണ് നമ്മുടെ കലകൾ. മാനസികവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച ആദ്യത്തെ മാർഗമായിരുന്നു നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി പരിഗണിച്ചു വരുന്നതും.നൃത്തത്തിന്റെ ലോകത്ത് വിസ്മയം തീർത്ത ഒട്ടനേകം പ്രതിഭകളെ നമുക്കറിയാം. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ കഴിവുള്ള അതുല്യ പ്രതിഭകൾ. മെയ്യും മനസ്സും നൃത്തത്തിനായി സമർപ്പിച്ച് ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നു വന്ന മറ്റൊരു പൊൻതിളക്കം കൂടി മലയാളികൾക്കായി കാലം സമർപ്പിക്കുന്നു.കാലം ഓർത്തിരിക്കേണ്ട നക്ഷത്രം .നർത്തകി, നൃത്തസംവിധായിക , അവതാരക , എഴുത്തുകാരി എന്നീ നിലകളിലെല്ലാം അറിയപ്പെടേണ്ട അപൂർവ വ്യക്തിത്വങ്ങളിൽ ഒരാൾ..
റുബീന സുധർമൻ (ന്യൂജേഴ്‌സി)
ന്യൂജേഴ്സിയിലെ നൃത്ത സദസ്സുകളെ തന്റെ ഉടല്‍വേഗങ്ങള്‍കൊണ്ട് കൊത്തിയ അനുപമമായ നൃത്തശില്‍പ്പങ്ങളിലൂടെ ധന്യമാക്കിയ ഈ നർത്തകിക്ക് വികാരാവിഷ്കരണത്തിനും ആശയസംവേദനത്തിനുംവേണ്ടി നടത്തുന്ന കേവലമായ അംഗചലനങ്ങളല്ല നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. തന്റെ ഉള്ള് ഇത്രയും തീവ്രമായി ആവിഷ്കരിക്കാന്‍ നൃത്തംപോലെ മറ്റൊരു മാധ്യമത്തിനും ശേഷിയില്ലെന്ന ഉറപ്പാണ് പ്രണയത്തോടെയും അര്‍പ്പണബോധത്തോടെയും അരങ്ങിലെത്താന്‍ റുബീനയെ പ്രേരിപ്പിക്കുന്ന ഘടകം . തന്റെ മനസ്സിന്റെ പ്രകാശനസ്ഥലം കൂടിയായിട്ടാണ് അരങ്ങിനെ ഈ നര്‍ത്തകി കാണുന്നത്.വിരഹവും വിഷാദവും വിദ്വേഷവും പ്രണയവും ക്രോധവുമൊക്കെ ഞൊടിയിടയില്‍ മിന്നിമറയുന്ന സുന്ദരമായ മുഖം. ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിക്കാനാണ് ഈ നര്‍ത്തകി എപ്പോഴും ശ്രമിക്കാറുള്ളത്.
മോഹിനിയാട്ടത്തെ അടുത്തറിയുവാൻ
ശ്രമിച്ച നർത്തകി
നൃത്തമെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് മോഹിനിയാട്ടം .കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം.ഇതിലെ പ്രധാന ഭാവരസം ശൃംഗാരമാണ്. ഭാവരാഗതാള സംയോജനമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കലാരൂപമാണിത്. കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപം കൂടിയാണ് മോഹിനിയാട്ടം. റുബീന സുധർമൻ എന്ന നർത്തകി അടുത്തറിയാൻ ശ്രമിച്ചതും മോഹിനിയാട്ടത്തെയാണ് .നാലാമത്തെ വയസ്സിൽ കണ്ണൂരിലെ മനോരമ ബാലകൃഷ്ണനിൽ (ആദ്യ ഗുരു)നിന്ന് നൃത്തം അഭ്യസിച്ചു. അമ്മ ഗീത സുധർമനാണ് റുബീനയിലെ നൃത്ത പ്രതിഭയെ തിരിച്ചറിഞ്ഞത്.അമ്മയുടെ അനുഗ്രഹം കൊണ്ട് നൃത്ത പഠനം തുടങ്ങിയതുകൊണ്ടു തന്നെ വലിയ തോതിൽ നൃത്ത ലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കുവാൻ റുബീനയ്ക്ക് സാധിച്ചു .ഭരതനാട്യം, മോഹിനിയാട്ടം , കഥകളി എന്നിവയിൽ പരിശീലനം നേടിയ റുബീന സുധർമൻ കൃത്യമായ കാൽവെയ്‌പ്പും വ്യക്തമായ അംഗശുദ്ധിയും സൂക്ഷ്മമായ അഭിനയവും ഉള്ള അപൂർവ യോഗ്യതയുടെയും അർപ്പണബോധത്തിന്റെയും പ്രതിരൂപമായി മാറിയതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥയുണ്ട് .
അമ്മയിൽ നിന്ന് പകർന്നു കിട്ടിയ നൃത്തത്തോടുള്ള അഭിനിവേശം പിന്നീട് ആരാധനയായി മാറിയതോടെ നാല് വയസ്സുമുതൽ അഭ്യസിച്ചു വന്ന നൃത്തം തന്നെയാണ് ഇനിയുള്ള പഠനവിഷയം എന്ന് തീരുമാനിച്ചു. എട്ടാം വയസ്സിൽ ബാംഗ്ലൂരിലേക്ക് കൂടുമാറിയ റുബീന ശ്രീമതി വസുധ റാവുവിന്റെ ശിക്ഷണത്തിൽ കലാവാരിധി എന്ന ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തപഠനം തുടർന്നു.വസുധ റാവുവിന്റെ നിരീക്ഷണത്തിൽ കർണാടക സെക്കൻഡറി ബോർഡ് ഓഫ് എജ്യുക്കേഷൻ നടത്തിയ ബേസിക്, സീനിയർ പരീക്ഷകളിൽ വിജയിക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു .തുടർന്ന്
മാധ്യമങ്ങളുടെ വലിയ പിന്തുണയോടുകൂടിയ അരങ്ങേറ്റത്തിന് ശേഷം ഒട്ടനേകം വേദികളിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഗുരു വസുധ റാവുവിന്റെ ആശിർവാദത്തോടെ നിരവധി നൃത്തനാടകങ്ങളിൽ വേഷമിടാൻ സാധിച്ചു.അദ്ദേഹത്തിന്റെ കീഴിൽ പുരന്ദര ദാസ, കൃഷ്ണ ലീല, ഷീല ബാലികേ തുടങ്ങി നിരവധി നൃത്ത നാടകങ്ങളും ബാലെകളും വേഷമിടുവാനും സാധിച്ചു .
ഭരതനാട്യത്തിൽ തുടർപഠനത്തിനായി ശ്രീ ബി. ആർ. തുളസിറാമിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തോടെ 1996 ൽ ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്ത റുബീന കർണാടക സംസ്ഥാനത്ത് “വിദുഷി ” എന്ന പദവി നാലാം റാങ്കോടുകൂടി നേടിയെടുക്കുകയും ചെയ്തു .
മോഹിനിയാട്ടത്തിലേക്കുള്ള റുബീനയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. കലാമണ്ഡലം ജയലക്ഷ്മി ടീച്ചറുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചു വന്നത്. മഹാനായ കഥകളി വിദ്വാൻ ശ്രീ കലാമണ്ഡലം പ്രദീപാണ് റുബീനയെ കഥകളി പരിശീലിപ്പിച്ചത്. പ്രസിദ്ധ മോഹിനിയാട്ടം നർത്തകി ഡോ.നീനാ പ്രസാദിൽ നിന്നും മോഹിനിയാട്ടത്തിന്റെ പാഠങ്ങൾ പഠിച്ച റുബീന ഇപ്പോൾ മോഹിനിയാട്ടത്തിലെ അതുല്യ പ്രതിഭയായ ശ്രീമതി പല്ലവി കൃഷ്ണന്റെ ശിക്ഷണത്തിൽ ഇപ്പോഴും മോഹിനിയാട്ട പഠനം തുടരുകയാണ് .
നൃത്തത്തിലെ വിശാലമായ അറിവുകൾ പ്രിയപ്പെട്ട ഗുരുവിന്റെ ശിക്ഷണത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞത് റുബീനയുടെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി.
അമേരിക്കയിലെയും സിംഗപ്പൂരിലെയും നർത്തകിയും
നൃത്ത അധ്യാപികയും
ഒരു നർത്തകി എന്നതിനോടൊപ്പം തന്നെ ഒരു നൃത്ത അധ്യാപികയായും റുബീന തിളങ്ങി നിൽക്കുകയാണിപ്പോൾ .ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ താന്‍തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്. അതുകൊണ്ടുതന്നെ നൃത്തത്തിലുള്ള ഓരോ ചുവടും സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്.സിങ്കപ്പൂരിലും അമേരിക്കയിലും നൃത്തത്തിൽ അതിയായ താല്പര്യം ഉള്ള കുട്ടികളെ ഒന്നിച്ചു ചേർത്ത് “വേദിക പെർഫോമിങ് ആർട്സ് ” എന്ന ആശയത്തിനു രൂപം നൽകി. പിന്നീടുള്ള 16 വർഷത്തോളം സിങ്കപ്പൂരിലും, ഇന്ത്യയിലും, ന്യൂജേഴ്‌സിയിലുമൊക്കെയായി പ്രായഭേദമന്യേ കുട്ടികളെ നൃത്തം പഠിപ്പിച്ചു വരുന്നു . സിങ്കപ്പൂരിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നൃത്ത അധ്യാപികയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. ന്യൂജെഴ്‌സിയിലെ “നാട്യസംഗമം” എന്ന പെർഫോമിങ് ഗ്രൂപ്പിലെ അംഗമായ റുബീന സിങ്കപ്പൂരിലെ പ്രശസ്തമായ നിരവധി നൃത്തമത്സര വേദികളിൽ വിധികർത്താവായി പങ്കെടുത്തു.സിംഗപ്പൂർ, ഇന്ത്യ, സിഡ്‌നി, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ കഴിഞ്ഞ 16 വർഷമായി വിവിധ പ്രായത്തിലുള്ള നിരവധി വിദ്യാർത്ഥികളെ റുബീന പരിശീലിപ്പിച്ചിട്ടുണ്ട്. റുബീനയുടെ വിദ്യാർത്ഥികൾ സിംഗപ്പൂരിൽ ഡാൻസ് ഐക്കൺ പദവി നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈനിൽ വിദ്യാർത്ഥികൾക്കും നൃത്ത പ്രേമികൾക്കും പരിശീലനം നൽകുകയും ആ സമയത്ത് പലർക്കും അനുഭവപ്പെട്ടിരുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കുവാനും അപ്പോൾ നടത്തിയിരുന്ന നൃത്ത ക്ലാസുകൾക്ക് കഴിഞ്ഞിരുന്നതായും റുബീന വിശ്വസിക്കുന്നു . . അടുത്ത തലമുറയ്ക്ക് ശരിയായ പദാവലി ഉപയോഗിച്ച് നൃത്ത രൂപങ്ങൾ പഠിക്കാനും അവതരിപ്പിക്കാനും കഴിയണമെന്ന് വിശ്വസിക്കുന്ന റുബീനയുടെ വഴിയും നൃത്ത ഗവേഷണം തന്നെ .അതുകൊണ്ടു തന്നെ
പ്രിയദർശിനി ഗോവിന്ദ്, നരേന്ദ്ര കുമാർ ലക്ഷ്മിപതി, നീന പ്രസാദ്, അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങി ഇതിഹാസ നർത്തകരുടെ നൃത്ത ശില്പശാലകളിലും റുബീന സജീവമാണ് .എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുക,താൻ പഠിക്കുന്നത് തന്റെ ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകുക എന്ന മഹനീയ കർമ്മത്തിലൂടെ മറ്റുള്ളവർക്കും മാതൃകയാവുകയാണ് റുബീന സുധർമൻ .
അവതാരക ,എഴുത്തുകാരി ,സംഘാടക
“വേദി ” എന്ന പ്ലാറ്റ്‌ഫോം
നർത്തകി, നൃത്തഅധ്യാപിക എന്നീ വേഷങ്ങൾക്ക് പുറമെ ഒരു എഴുത്തുകാരി കൂടിയുണ്ട് റുബീന എന്ന ഈ കലാകാരിക്കുള്ളിൽ. നൃത്തവുമായി ബന്ധപ്പെട്ട ഒട്ടനേകം ലേഖനങ്ങൾ ,അഭിമുഖങ്ങൾ ഇതിനോടകം തന്നെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ന്യൂജേഴ്‌സിയിൽ താമസിക്കുന്ന റുബീനയ്ക്ക് വിവിധ കലാരൂപങ്ങളിലേക്കും അതിന്റെ പശ്ചാത്തലത്തിലേക്കും പ്രേക്ഷകരെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാവുകയും അങ്ങനെ ശാസ്ത്രീയമായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി”വേദി ” എന്ന ഒരു പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയും ചെയ്തു.കലാകാരന്റെ
സർഗ്ഗാത്മകതയ്ക്കും അനുബന്ധ കഴിവുകൾക്കും സാമൂഹിക അംഗീകാരം ലഭിക്കുന്ന കലാകാരന്റെ ഇടം കൂടിയാകുന്നു വേദി .ഇത് വിദ്യാർത്ഥികളെയും അധ്യാപകരെയും എല്ലാ കലാപ്രേമികളെയും ശരിയായ വിവരങ്ങളുമായി ബന്ധിപ്പിക്കാനും ഒരു കലാ സമൂഹത്തെ പരിപോഷിപ്പിക്കാനും റുബീനയെ സഹായിക്കുന്നു.അവതരണത്തിനും അധ്യാപനത്തിനും പുറമേ, കഴിഞ്ഞ 16 വർഷമായി നൃത്തവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങളും അവർ എഴുതുന്നു. നർത്തകി ഡോട്ട് കോം പോലുള്ള ആഗോള സൈറ്റുകളിൽ നൃത്ത സംബന്ധിയായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .കൂടാതെ പ്രഗത്ഭരായ മോഹിനിയാട്ട പ്രതിഭകളെ അഭിമുഖം നടത്തി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു റുബീന.
കൂടാതെ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ശിൽപശാലകളും പ്രഭാഷണങ്ങളും സജീവ സാന്നിധ്യവുമാണ് റുബീന സുധർമ്മൻ . റുബീന ഇപ്പോൾ ന്യൂയോർക്ക്/ന്യൂജേഴ്‌സി ഏരിയയിൽ സജീവമായ പെർഫോമിംഗ് ആർട്ടിസ്റ്റാണ്, കൂടാതെ പ്രിയദർശിനി ഗോവിന്ദ്, നരേന്ദ്ര കുമാർ ലക്ഷ്മിപതി, നീന പ്രസാദ്, അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയ പ്രമുഖർ നടത്തുന്ന ഭരതനാട്യം, മോഹിനിയാട്ടം ശിൽപശാലകളിൽ സ്ഥിരം പങ്കാളിയുമാണ്. ന്യൂജേഴ്‌സി നാട്യസംഗമം പെർഫോമിംഗ് ഗ്രൂപ്പിലെ അംഗം കൂടിയായ റുബീന അവരോടൊപ്പം നിരവധി നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നു. സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ നൃത്ത മത്സരങ്ങളിൽ അവർ വിധികർത്താവായിരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ, സിംഗപ്പൂർ, യുഎസ്എ എന്നിവിടങ്ങളിൽ നിരവധി വേദികളെയാണ് റുബീന തന്റെ നൃത്ത വൈഭവം കൊണ്ട് ധന്യമാക്കിയത് .
കലകൾ ആത്മീയതയ്ക്കും മതത്തിനും എതിരല്ലെന്ന് മാത്രമല്ല അവ സ്വയമേ ആത്മീയോന്നതിക്കുള്ള മാർഗം കൂടിയാണ് . ശരീരത്തിന്റെ ചിട്ടപ്പെടുത്തലാണ് നൃത്തത്തിൽ സംഭവിക്കുന്നത്. ചെടികൾ പൂക്കുന്നത് പോലെ, കടൽവെള്ളം മഴയായി പെയ്യുന്നത് പോലെയോ ഉള്ള ഒരു സർഗ്ഗ പ്രക്രിയയാണ് നൃത്തവും. മനസ്സിനെ ശുദ്ധീകരിച്ച് നമ്മെ നല്ല മനുഷ്യരാക്കാൻ നൃത്തത്തിന് സാധിക്കുമെന്ന് റുബീന വിശ്വസിക്കുന്നു .
അവാർഡുകൾ ,നേട്ടങ്ങൾ ,അധ്യാപനം
നിരവധി വേദികളിൽ അരങ്ങു തകർത്ത റുബീനയെ തേടി ഒട്ടനേകം പുരസ്‌കാരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. 2016 ൽ ഗ്ലോബൽ അച്ചീവേഴ്‌സ് അവാർഡ്, 2017 ൽ ആര്യഭട്ട ഇന്റർനാഷണൽ അവാർഡ് ,
തിയേറ്റർ ജി ന്യൂയോർക്കിന്റെ മികച്ച പ്രകടനത്തിനുള്ള അവാർഡ് എന്നിവ ലഭിച്ചപ്പോൾ തന്റെ നൃത്തച്ചുവടുകൾക്കായി ലഭിച്ച വേദികളും ഒരു പുരസ്കാരം പോലെ മനസിൽ സൂക്ഷിക്കുകയാണ് റുബീന .
വിദേശകാര്യ മന്ത്രാലയം (സിംഗപ്പൂർ),വേൾഡ് മലയാളി കൺവെൻഷൻ ( സിംഗപ്പൂർ ),കലാ ഉത്സവം (സിംഗപ്പൂർ 2012,2013,2014) ,മാർഗഴി മഹോത്സവം (ന്യൂജേഴ്സി യുഎസ്എ),ന്യൂജേഴ്സി ദസറ നൃത്തോത്സവം (ന്യൂജേഴ്സി),സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന്റെ ദീപാവലി സാംസ്കാരിക പ്രദർശനം, പത്മശ്രീ കെ ജെ യേശുദാസിന്റെ സിംഗപ്പൂർ എസ്പ്ലനേഡ് 2013 പ്രോഗാമിൽ നൃത്താവതരണം ,നൃത്യോത്സവം 2016,2017 ന്യൂജേഴ്‌സി,കെഎച്ച്എൻഎ കൺവൻഷൻ ,കർണാടക ലേഖക സംഘം (ബാംഗ്ലൂർ), 2002 മുതൽ 2014 വരെ സിംഗപ്പൂർ കേരള അസോസിയേഷനുവേണ്ടി ഭരതനാട്യം , മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചു.വസന്തം സെൻട്രൽ ചാനലിന്റെ (സിംഗപ്പൂർ) പ്രകടനം
2015ലെ ന്യൂജേഴ്‌സി നാട്യ ശിരോമണി പുരസ്‌കാരത്തിന്റെ വിധിനിർണയ സമിതിയിൽ അംഗം,സിംഗപ്പൂരിലെ പാപനാശം ശിവം മത്സരങ്ങളുടെ ജഡ്ജിംഗ് പാനൽ അംഗം ,പ്രശസ്തമായ ജങ്കാർ ഇന്റർനാഷണൽ ഇന്റർസ്‌കൂൾ മത്സരങ്ങളുടെ (സിംഗപ്പൂർ) ജഡ്ജിംഗ് പാനൽ അംഗം ,റസിഡന്റ് കൊറിയോഗ്രാഫർ വുഡ്‌ലാൻഡ്സ് കമ്മ്യൂണിറ്റി സെന്റർ (സിംഗപ്പൂർ),ശ്രീനാരായണ ഗുരുവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് (ശ്രീ നാരായണ മിഷൻ സിംഗപ്പൂർ) ശ്രീ ഗുരു ചരിതം ഡാൻസ് ഡ്രാമയുടെ നൃത്തസംവിധായിക ,സിംഗപ്പൂരിലെ നേവൽ ബേസ് കേരള അസോസിയേഷൻ ഫിലിം അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനം.കുട്ടികൾക്കുള്ള നൃത്ത ശിൽപശാലകൾ (സിംഗപ്പൂർ)
മാരിയമ്മൻ ക്ഷേത്രം, മുരുക ക്ഷേത്രം, ശിവകൃഷ്ണ ക്ഷേത്രം (സിംഗപ്പൂർ 2002-2014) എന്നിവിടങ്ങളിലെ നവരാത്രി പ്രകടനങ്ങൾ ,കരുണ ചാരിറ്റീസ് ന്യൂയോർക്ക് ഫണ്ട്റൈസർ പ്രോഗ്രാം 2018 ,ന്യൂജേഴ്‌സിയിലെ വേദി കച്ചേരി പരമ്പരയുടെ ക്യൂറേറ്റർ,നോർത്ത് അമേരിക്കയിലെ KHNA കൺവെൻഷൻ 2019-ന്റെ മെഗാ മോഹിനിയാട്ടം പ്രകടനം, IPCNA (ഇന്ത്യൻ പ്രസ് കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്ക) 2019-ന്റെ പ്രകടനം,
.ന്യൂയോർക്ക് 2019-ൽ തിയേറ്റർ ജി-യുടെ പ്രകടനം,മാർഗഴി മഹോത്സവം 2015,2016,2017,2018,2019 ന്യൂജേഴ്‌സി,കെഎച്ച്എൻഎ 2021 കൺവെൻഷനു വേണ്ടി മെഗാ മോഹിനിയാട്ടം,അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടത്തിയ പ്രകടനം.ക്രിയേറ്റീവ് ഡാൻസ്, മ്യൂസിക് പ്രൊഡക്ഷൻസ് എന്നിവയ്ക്ക് സാമൂഹിക അംഗീകാരം നൽകുന്നതിനായി “വേദി” ഒരു കച്ചേരി പരമ്പര കൂടി തുടങ്ങി .എത്ര ചെറിയ അംഗീകാരമാണെങ്കിലും അവയെ അതിന്റെ എല്ലാ പവിത്രതയോടെയും സ്വീകരിക്കുകയാണ് റുബീനയുടെ ലക്‌ഷ്യം .
നൃത്തവും അധ്യാപനവും തുല്യപ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടു പോവുകയാണിപ്പോൾ. നാട്ടിൽ പഠിച്ച രീതി തന്നെ അമേരിക്കയിലെ തന്റെ ശിഷ്യകൾക്കും പകർന്നു നൽകുകയാണ് റുബീന . ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പുലർത്തുന്ന എല്ലാ അച്ചടക്കവും തന്റെ ശിഷ്യരേയും പഠിപ്പിക്കുകയാണ്ഈ നർത്തകി .ഇപ്പോൾ ചെറിയ ബാച്ചുകളായി തിരിച്ച് നേരിട്ട് ക്ളാസുകൾ എടുക്കുന്നു . വിവിധ സ്റ്റേറ്റുകളിലുള്ള കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകളും നടത്തുന്നുണ്ട് .നൃത്തത്തെ കേവലം ഒരു കലാരൂപം മാത്രമായി കാണാതെ ഒരു സംസ്കാരത്തിന്റെ മുഖമുദ്രയായി സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുകയാണ് റുബീന സുധർമൻ എന്ന ഈ കലാകാരി. പലപ്പോഴായി നമ്മൾ മറക്കുന്ന നമ്മുടെ സംസ്കാരവും പൈതൃകവും നമ്മളിലേക്ക് തിരിച്ചു വരാൻ ഇത് സഹായകമാകുമെന്ന് റുബീനയുടെ പ്രവർത്തനങ്ങളും അതിലെ സത്യസന്ധതയും തെളിയിക്കുന്നു .
നൃത്തത്തിലുള്ള ഓരോ ചുവടും
സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്
ഏതൊരു കലാകാരിക്കും തന്റെ കലാപ്രവർത്തങ്ങൾക്ക് കുടുബത്തിന്റെ പിന്തുണ കൂടിയേ തീരു ,ഭർത്താവിന്റെയും മകളുടെയും പിന്തുണ റുബീനയ്ക്ക് നൽകുന്ന സന്തോഷം ചെറുതല്ല .ആത്യന്തികമായി ഒരുനർത്തകിയായും ഒരു കലാകാരി എന്ന നിലയിലും തിരിച്ചറിയപ്പെടേണ്ട വ്യക്തിത്വമാണ് റുബീനയുടേത് .എല്ലാം കലയുടെ വിവിധമേഖലകളാണല്ലോ. എന്നാല്‍ ഇതില്‍ ഏറ്റവും വലിയ വികാരം റുബീനയ്ക്ക് നൃത്തം തന്നെയാണ്. കാരണം റുബീന ജനിച്ചുവളര്‍ന്നത് നൃത്തത്തിലാണ്. ജീവിതത്തിനു മൊത്തത്തില്‍ അതിന്റെ റിഥം ഉണ്ട് നൃത്തം ജീവിതത്തോടൊപ്പം തുടരുന്നതാണ് വലിയ സന്തോഷം അതില്ലാതെ അവർക്ക് ജീവിക്കാന്‍ കഴിയില്ല.കാരണം മറ്റൊന്നുമല്ല ജനിച്ചപ്പോള്‍ തന്നെ മനസ്സിൽ ചേക്കേറിയതാണ് നൃത്തം .അതില്ലാതെ റുബീനയ്ക്ക് ഒരു ജീവിതമില്ല .
റുബീനയുടെ നൃത്ത ക്‌ളാസുകൾ മറ്റു വിവരങ്ങൾ അറിയുവാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക
www.rubinasudharman.com
www.vedhikarts.com