എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. ചിലയിടത്ത് മോര്കറിയെന്നും, ചിലയിടത്ത് മോർകുഴമ്പ് എന്നും മറ്റും പറയുന്നത് കേൾക്കാം
ആവശ്യമുള്ള സാധനങ്ങൾ:
ഒരു കഷണം കുമ്പളങ്ങ(ഏകദേശം 200gm)
2cups(medium)നല്ല പുളിച്ച മോര്(തൈര് നേരിട്ട് ഉപയോഗിക്കരുത്, പിരിഞ്ഞുപോകും)
ഒരു മുറി തേങ്ങ ചിരവിയത്
4-5 പച്ചമുളക്
1 ടീസ്പൂൺ ജീരകം
കാൽ ടീസ്പൂൺ ഉലുവ
ആവശ്യത്തിന് ഉപ്പ്
2 തണ്ട് കറിവേപ്പില
കുമ്പളങ്ങ വലിയ കഷണങ്ങളായി നുറുക്കി നന്നായ് കഴുകിയശേഷം, ഒരു കുക്കറിൽ ഇട്ട്,അര ഗ്ലാസ്സ് വെള്ളം, അരടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി ഒരു വിസിൽ വരുന്നവരെ വേവിക്കുക. പ്രഷർ പോയിക്കഴിഞ്ഞാൽ കുക്കർ തുറന്ന്, വെള്ളം പാകമല്ലെ എന്ന് നോക്കണം. വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ടെങ്കിൽ ഒന്ന് വറ്റിച്ചു കൊടുക്കണം.പിന്നീട് അടിച്ചു വെച്ചിട്ടുള്ള മോര് ഒഴിച്ചു കൊടുത്ത്, ചെറുതീയിൽ മോര് ഒന്ന് പതയുന്നവരെ വേവിക്കുക. എന്നിട്ട് തീ അണക്കുക.
അരപ്പ്: എടുത്തു വെച്ചിരിക്കുന്ന തേങ്ങ, പച്ചമുളക്, ജീരകം ഇവ ഒന്നിച്ച് മിക്സിയിൽ നന്നായ് അരച്ചെടുക്കുക. ആവശ്യത്തിനു മാത്രം ഒന്നോ രണ്ടോ സ്പൂൺ വെള്ളം ചേർത്തു കൊടുക്കാം.
വീണ്ടും സ്റ്റൗ കത്തിച്ച് അരപ്പ് ചേർത്ത് നന്നായ് ഇളക്കുക.അരപ്പ് ഒന്നു ചൂടായാൽ മാത്രം മതി, തീ കെടുത്തുക, എടുത്തു വെച്ചിരിക്കുന്ന കറിവേപ്പില തണ്ടോടു കൂടിത്തന്നെ കറിയിലേക്കിടുക.
വറുത്തിടാൻ: 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, 1 ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ഒരു വറ്റൽമുളക് രണ്ടാക്കി പൊട്ടിച്ചതും കുറച്ച് കറിവേപ്പിലയും ചേർത്ത് വറുത്തിടുക. വറുത്തിട്ട ഉടനെ ഇളക്കരുത്. പാത്രഭാഗം എന്ന് കേട്ടിട്ടുണ്ടോ? വറുത്ത സാധനങ്ങളുടെ വാസനയും രുചിയും തനിയെത്തന്നെ കറിയിൽ ലയിക്കണം. അഞ്ചു മിനിട്ട് കഴിഞ്ഞാൽ വറുത്തിട്ടതെല്ലാം ഇളക്കിയോജിപ്പിച്ച ശേഷം സെർവിങ്ങ് ബൗളിലേക്ക് മാറ്റാവുന്നതാണ്.
Lunch menu:
മോരൊഴിച്ച കൂട്ടാൻ, പയർ മെഴുക്കുപുരട്ടി, കണ്ണിമാങ്ങ അച്ചാർ(a good combo).
അംബിക മേനോൻ