റഷ്യയുടെ യുക്രെയിനുമേലുള്ള ആരോപണങ്ങളും ആക്രമണവും (കോര ചെറിയാന്‍)

sponsored advertisements

sponsored advertisements

sponsored advertisements

3 March 2022

റഷ്യയുടെ യുക്രെയിനുമേലുള്ള ആരോപണങ്ങളും ആക്രമണവും (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ.: നവയുഗത്തിലെ ഹിറ്റ്ലറായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനെ എങ്ങിനെ ലോകരാജ്യങ്ങളും ജനതയും നേരിടുമെന്ന ആശങ്കയും ചോദ്യവും ഉത്തരം ഇല്ലാതെ അവശേഷിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ പവറുള്ള യുദ്ധ കുറ്റവാളിയായ റഷ്യയുടെമേലുള്ള നടപടിക്രമങ്ങള്‍ ഒന്നുംതന്നെ യു.എന്‍. ല്‍നിന്നും സമീപ ഭാവിയില്‍ ഉണ്ടാകുക അസാദ്ധ്യമാണ്. 1974 ല്‍ സൗത്ത് ആഫ്രിക്കയെ ശക്തമായ വര്‍ണ്ണ വിവേചനംമൂലം യു.എന്‍. ജനറല്‍ അസംബ്ലി നീക്കം ചെയ്തതുപോലെ റഷ്യന്‍ വീറ്റോയെ അതിലംഘിച്ചു റഷ്യയെ നീക്കം ചെയ്യുകയും ഇന്‍ഡ്യയടക്കം സകല ലോക രാജ്യങ്ങളും യോജിച്ചു ഇക്കണോമിക് സാങ്ഷന്‍സ് നടപ്പാക്കണം. കര്‍ക്കശമായ ഇക്കണോമിക് സാങ്ഷന്‍സ് റഷ്യമേല്‍ മന്ദഗതിയില്‍ മാത്രമേ ബാധിക്കുകയുള്ളൂവെങ്കിലും ലോകജനതയുടെ പ്രതിഷേധം പ്രകടമാകും.

യുക്രെയ്ന്‍ ജനതയുടെ സ്വയരക്ഷയ്ക്കുവേണ്ടി ആയുധങ്ങള്‍ അയയ്ക്കുവാനുള്ള സമയവും അതിക്രമിച്ചു. അന്തര്‍ദേശീയ തലത്തില്‍ പുടിന്‍ തന്‍റെ പ്രതിഛായ വര്‍ദ്ധിപ്പിക്കുവാന്‍വേണ്ടി യുക്രെയ്ന്‍ ആക്രമണം നീതീകരിക്കുവാന്‍ തന്ത്രപ്പെടുകയാണ്. യുക്രെയ്ന്‍ ഭരണാധിപരും നേതാക്കളും ഹിറ്റ്ലറിന്‍റെ അനുയായികളായ നാസികളാണെന്നും റഷ്യന്‍ഭാഷ സംസാരിക്കുന്നവരെ കൂട്ടക്കൊല ചെയ്യുകയും റഷ്യയെ ഭീകരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പുടിന്‍ പരസ്യപ്രസ്താവന നടത്തി. റഷ്യന്‍ ചേരിയിലുള്ള രാജ്യങ്ങളടക്കം സകല ലോകരാഷ്ട്രങ്ങളും പുടിന്‍റെ കാപട്യം നിറഞ്ഞ പ്രസ്താവനകളെ സമഗ്രമായി തന്നെ നിരാകരിച്ചു. റഷ്യന്‍ ആക്രമണം ആരംഭിച്ചതിനോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ യഹൂദനായ യുക്രെയ്നിയന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലന്‍സ്കി ഗദ്ഗദകണ്ഠനായി പറഞ്ഞു “രണ്ടാം ലോകമഹായുദ്ധത്തില്‍ എന്‍റെ കുടുംബാംഗങ്ങള്‍ അടക്കം 80 ലക്ഷത്തിലധികം യഹൂദന്മാരെ നിര്‍ദ്ധാരുണ്യം വധിച്ച നാസികളോടൊപ്പം എന്നെ ചേര്‍ക്കരുത്.”


റഷ്യന്‍സേന യുക്രെയ്ന്‍ പിടിച്ചെടുത്തശേഷം യന്ത്രപാവയെ പോലുള്ള നിര്‍ഗുണനായ ഒരു ഭരണാധികാരിയെ നിയമിക്കുവാനുള്ള അണിയറ ഒരുക്കങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍തന്നെ യുക്രെയ്നിയന്‍ ജനത പ്രക്ഷോപണങ്ങളുമായി തെരുവിലിറങ്ങും. തെരുവിലിറങ്ങുന്നവരെ റഷ്യന്‍ വിരുദ്ധ പ്രക്ഷോപണക്കാരെന്നു മുദ്രകുത്തി വെടിവെച്ചു കുലചെയ്ത്, 4 കോടി 41 ലക്ഷം യുക്രെയ്ന്‍ ജനസംഖ്യ കുറയ്ക്കുവാനുള്ള തന്ത്രവും ആക്രമണവും അജണ്ടയില്‍ ഉള്ളതായി സെലന്‍സ്കി പറയുന്നു.
66 ശതമാനം ഓര്‍ത്തഡോക്സും 8 ശതമാനം കാതോലിക്സും 2 ശതമാനം പ്രൊട്ടസ്റ്റന്‍റും യഹൂദന്മാരും മുസ്ലീംസും തികച്ചും സൗഹൃദമായി വസിക്കുന്ന യുക്രെയ്നില്‍ വര്‍ഗ്ഗ വിവേചനവും നരഹത്യയും അനിയന്ത്രിതമായി വര്‍ദ്ധിച്ചെന്നും റഷ്യന്‍ഭാഷ സംസാരിക്കുന്നവരെ നിര്‍ദ്ദാരുണ്യം തെരുവില്‍ പരസ്യമായി കൊല്ലുന്നതായും പുടിന്‍ അസത്യമായുള്ള റുമെഴ്സ് പ്രചരിപ്പിയ്ക്കുന്നു. ശാന്തസുന്ദരമായ ഒരു സ്വതന്ത്രരാജ്യമായി യുക്രെയ്ന്‍ സമീപഭാവിയില്‍ത്തന്നെ അറിയപ്പെടുമെന്നും അക്രമികളും കൊലപാതകരും ആയവരെ നിയമത്തിന്‍റെ മുന്നില്‍ എത്തിയ്ക്കുവാന്‍വേണ്ടി ശ്രമിയ്ക്കുകയാണെന്നുമുള്ള സത്യവിരുദ്ധ പ്രസ്ഥാവനകള്‍ നടത്തി ചില രാജ്യങ്ങളുടേയും വ്യക്തികളുടേയും സഹതാപവും സപ്പോര്‍ട്ടും പുടിന്‍ ഒരു പരിധിവരെ നേടിയിട്ടുണ്ട്. 2020, ഒക്ടോബര്‍ 15ന് സിറിയാ യില്‍ ഏകാധിപത്യഭരണം നടത്തുന്ന റഷ്യന്‍ ചേരിയിലുള്ള പ്രസിഡന്‍റ് ബാഷര്‍ അല്‍- ആസ്സഫിന്‍റെ ഭീകര ഭരണം സംരക്ഷിക്കുവാന്‍വേണ്ടി പുടിന്‍റെ പട്ടാളം സ്കൂളുകളും ആശുപത്രികളും കമ്പോളങ്ങളും ബോബിംങ് നടത്തി ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളെ വധിച്ചു.


യു.എന്‍. ജനറല്‍ അസ്സംബ്ലി പുടിന്‍റെ സത്യവിരുദ്ധ പ്രസ്ഥാവനകളേയും പ്രസംങ്ങങ്ങളേയും തെളിവുസഹിതം വെളിപ്പെടുത്തി ലോകരാഷ്ട്രങ്ങളെ അറിയിയ്ക്കണം. കഴിഞ്ഞ ബുധനാഴ്ച നടന്ന യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗില്‍ റഷ്യയുടെ അംബാസിഡര്‍ വെസ്ലി നെബന്‍സിയുടെ പ്രസംഗത്തില്‍ അയല്‍രാജ്യമായ യുക്രെയ്നില്‍ നടക്കുന്ന സദാചാരവിരുദ്ധവും ഹീനവുമായ പ്രവര്‍ത്തനങ്ങളില്‍ റഷ്യ വളരെയധികം ഉത്കണ്ഠയില്‍ ആണെന്നും സൈനീക നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നുമുള്ള പരസ്യപ്രസ്താവന നടത്തി. ക്രൂര പരിഹാസ സ്വരത്തില്‍ റഷ്യയുടെ ആക്രമണം യുക്രെയ്ന്‍ ജനതയുടെ പരിരക്ഷയ്ക്കുവേണ്ടി നേതൃത്വത്തോട് മാത്രമെന്നും നെബന്‍സിന്‍ ആവര്‍ത്തിച്ചുപറഞ്ഞു.
റഷ്യന്‍ ജനതയെ സംബോധന ചെയ്തു റഷ്യന്‍ ഭാഷയിലുള്ള പുടിന്‍റെ പ്രസംഗത്തിന്‍റെ പരിഭാഷ “റഷ്യന്‍ പ്രസിഡന്‍റ് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട യുക്രെയ്ന്‍ പ്രസിഡണ്ടിനെ നീക്കംചെയ്തു ക്രെമിലിന്‍ – റഷ്യന്‍ – നിയന്ത്രണത്തിലുള്ള പുതിയ പ്രസിഡന്‍റിനെ നിയമിയ്ക്കുവാനും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുന്നവരെ കൊല്ലുവാനുള്ള അധികാരം ഉണ്ടെന്നും” പുടിന്‍ മുന്നറിയിപ്പ് നല്‍കി.

പുടിന്‍റെ നിര്‍ദ്ദയവും ഭീകരവുമായ നരവേട്ടയെ തുടര്‍ന്നു ഭയചകിതരായി പോളണ്ടിലേയ്ക്കുള്ള മെദ്യക്കാ അതിര്‍ത്തി ക്രോസ്സ് ചെയ്തു യുക്രെയ്നില്‍നിന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ റൊമാനിയ, പോളണ്ട്, ഹംഗറി, മൊഡോവ്, സ്ലോവാക്കിയ അടക്കമുള്ള അയല്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറി പാര്‍ക്കുവാന്‍ തുടങ്ങി.
ആയിരങ്ങള്‍ അതിവേദനയോടെ അന്ത്യശ്വാസം വലിച്ചു റഷ്യന്‍ ആക്രമണത്തില്‍ അനുദിനം മരിയ്ക്കുന്നു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ പിതാക്കന്മാരുടെ ചേരിചേരാനയവും ജനതയ്ക്കു നല്‍കിയ സ്വാതന്ത്ര്യവും അനുകരണീയവും ആശ്വാദ്യകരവുമാണ്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യലബ്ദിയ്ക്കു മുന്‍പായി അനേകം ലോകനേതാക്കള്‍ അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്ന ജനപ്പെരുപ്പം തടയണമെന്നും കുടുംബാസൂത്രണം നിര്‍ബന്ധിതമായിരിക്കണമെന്നുമുള്ള ഉപദേശങ്ങളേയും അഭിപ്രായങ്ങളെയും ഇപ്പോഴും നിരാകരിയ്ക്കുന്നു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യകാലഘട്ടത്തില്‍ കുടുംബാസൂത്രണം നിര്‍ബന്ധിതമായിരുന്നെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ സകല സമൃദ്ധിയിലും പരസ്യ ആണവ ശക്തിയടക്കം വന്‍ ശക്തിയായി ഇന്‍ഡ്യ മാറുമായിരുന്നു. ഇച്ഛാനുസരണം വായ് തുറന്നു ലോകത്തിലുള്ള അനീതിയ്ക്കും അഹങ്കാരത്തിനും എതിരായി പോരാടി സര്‍വ്വോപരി അയല്‍ രാജ്യങ്ങളെ ഭയപ്പെടാതെ സ്വസ്തതയിലും സുഖസമൃദ്ധിയിലുമുള്ള ജീവിതത്തില്‍ ഇന്‍ഡ്യന്‍ ജനത എത്തിച്ചേരുമായിരുന്നു.

കോര ചെറിയാന്‍