ശബരിമല തീർത്ഥാടനം റെയിൽവേ സ്റ്റേഷൻ റോഡുകൾ നവംബർ 5 ന് മുമ്പ് പൂർത്തിയാക്കും: തോമസ് ചാഴികാടൻ എംപി

sponsored advertisements

sponsored advertisements

sponsored advertisements

25 October 2022

ശബരിമല തീർത്ഥാടനം റെയിൽവേ സ്റ്റേഷൻ റോഡുകൾ നവംബർ 5 ന് മുമ്പ് പൂർത്തിയാക്കും: തോമസ് ചാഴികാടൻ എംപി

കോട്ടയം : ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നവംബർ ആദ്യവാരം തുറന്നു നൽകുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.

റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുൻവശത്തെയും പാർക്കിംഗ് ഭാഗത്തെയും റോഡുകളുടെ ടാറിങ് ജോലികളും നവംബർ 5 ന് മുൻപ് പൂർത്തിയാക്കും. നാഗമ്പടം ഗുഡ് ഷെഡ് റോഡിൽ മിറ്റിൽ വിരിച്ച് സഞ്ചാരിയോഗ്യമാക്കി നവംബർ 10ന് മുൻപ് തുറന്നു നൽകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അവലോകനയോഗത്തിൽ എംപിക്ക് ഉറപ്പു നൽകി.

റബ്ബർ ബോർഡ് മേൽപ്പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായഭാഗം പുനർ നിർമിക്കുന്നതിന് ഡിസൈനുകൾ റെയിൽവേ മേലധികാരികൾക്ക് സമർപ്പിച്ചിരിക്കുകയാണ്. അനുവാദം ലഭിച്ചാൽ ഉടൻ ഈ റോഡിൻറെ നിർമ്മാണം ആരംഭിക്കും.

നാഗമ്പടം ഭാഗത്തു നിന്നു ഗുഡ്സ് ഷെഡ് റോഡ് വഴി കെഎസ്ആർടിസി ബസുകൾ സ്റ്റേഷനിലേക്ക് എത്തും വിധമാണ് ഇത്തവണത്തെ ക്രമീകരണം. രണ്ട് കെഎസ്ആർടിസി ബസുകൾ ഒരേസമയം പിൽഗ്രിം സെന്ററിനു മുന്നിൽ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശബരിമല സീസൺ പരിഗണിച്ച് പിൻഗ്രിം സെൻറർ ഒരു മാസത്തെ ടെൻഡർ നൽകി ഒക്ടോബർ 22 മുതൽ തീർത്ഥാടകര്‍ക്കായി തുറന്നു നൽകിയിട്ടുണ്ട്. നവംബർ 22 മുതൽ മൂന്നു വർഷത്തെ കരാർ നൽകും. മൂന്നുനിലകളിലായുള്ള പിൽഗ്രിം സെന്ററിൽ ഓരോ നിലയിലും പത്ത് കുളി മുറിയും, പത്ത് ശുചിമുറികളുമാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഭിന്നശേഷിക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ട്രോളി പാത്ത് നവംബർ 15 നുള്ളിൽ പൂർത്തിയാക്കും.

അഞ്ചു നിലയിൽ വിഭാവനം ചെയ്തിട്ടുള്ള രണ്ടാം കവാടത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണന്ന് എംപി അറിയിച്ചു. 5 കോടി രൂപ മുടക്കിയാണ് രണ്ടാം കവാടം നിർമ്മിക്കുന്നത്. ഇപ്പോൾ മൂന്ന് നിലയിലായാണ് നിർമ്മാണമെങ്കിലും ഭാവിൽ അഞ്ച് നിലവരെ ഉയർത്താനുള്ള ശേഷി ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷന് ഉണ്ട്. മൂന്നു നിലകളിലും കൂടി 34800 ചതുരശ്രഅടി വിസ്തീർണ്ണമുണ്ട്. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, യാത്രക്കാരുടെ വിശ്രമത്തിനുള്ള സൗകര്യം, കഫക്ടീരിയ, ഓഫീസർമാർക്കും ലോക്കോ പൈലറ്റ് മാർക്കും ഉള്ള വിശ്രമമുറി തുടങ്ങിയവ ഈ കെട്ടിടത്തിൽ ഉണ്ടാകും.

ഇതുവരെയുള്ള നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിനായി നവംബർ 4 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഡി.ആർ.എമ്മിന്റെ സാന്നിധ്യത്തിൽ വിശദമായ അവലോകനയോഗം വിളിച്ചു ചേർക്കുമെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു.

റെയിൽവേ അസിസ്റ്റൻറ് ഡിവിഷണൽ മാനേജർ വിനയൻ, സീനിയർ സെക്ഷൻ എൻജിനീയർ അനിൽ ജെ.ആർ, സീനിയർ സെക്ഷൻ എൻജിനീയർ കെ.വി ജോസഫ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സക്കറിയ, ബാബു തോമസ് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്, മഹേഷ് റെയിൽവേ സ്റ്റേഷൻ അസിസ്റ്റൻറ് സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥർ തോമസ് ചാഴികാടൻ എംപി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സന്നിഹിതരായിരുന്നു.