മുംബൈ: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനെ അനുസ്മരിച്ച് സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഷെയിന്‍ വോണിന്റെ സൗഹൃദം മിസ് ചെയ്യുമെന്നും അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോള്‍ ക്രിക്കറ്റ് ഫീല്‍ഡിലായാലും പുറത്തായാാലും മുഷിപ്പുണ്ടാക്കുന്ന ഒരു നിമിഷം പോലും ഉണ്ടാകുമായിരുന്നില്ലെന്നും സച്ചിന് ഓര്‍മിച്ചു.
ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ഷെയിന്‍ വോണ്‍ വളരെയേറെ സ്നേഹിച്ചിരുന്നെന്നും തിരിച്ച് ഇന്ത്യക്കാര്‍ക്കും വോണിനോട് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നെന്നും സച്ചിന് ഓര്‍മിച്ചു. ക്രിക്കറ്റ് ഫീല്‍ഡിലും പുറത്തും നല്കിയ നിമിഷങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സച്ചിന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏകദേശം ഒരേകാലഘട്ടത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്ന വോണും സച്ചിനും തമ്മിലുള്ള ക്രിക്കറ്റ് യുദ്ധങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ഷാര്‍ജാ കപ്പിലും നിരവധി ടെസ്റ്റ് പരമ്പരകളിലും ഏകദിനങ്ങളിലും ഇരുവരും കൊമ്പുകോര്‍ത്തിട്ടുണ്ട്. 1998ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം സച്ചിന് തന്നെ ക്രീസിന് പുറത്തേക്ക് ഇറങ്ങി സിക്സര്‍ അടിക്കുന്നത് താന്‍ സ്വപ്നത്തില്‍ കണ്ടിട്ടുണ്ടെന്ന് വോണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.