സ്വന്തം ലേഖകൻ
സംഗീതം ജീവിതത്തിന്റെ വഴി വിളക്കുകളാക്കി മാറ്റുന്ന അനേകം മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരാൾ, സിനിമയുടെ സാധ്യതകളിലേക്ക് അമേരിക്കൻ മണ്ണിൽ നിന്ന് കടന്നു വരുമ്പോൾ, അത് മലയാളികളുടെ അഭിമാനത്തിനുമേലുള്ള ഒരു പൊൻതൂവലായി മാറുകയാണ്. തൃശ്ശൂർ സ്വദേശി സാധക അലക്സാണ്ടറാണ് അത്തരത്തിൽ “ഓടിച്ചിട്ടൊരു കല്യാണം” എന്ന സിനിമയിൽ പാടി തന്റെ ശബ്ദ മാധുര്യം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചത്. സംഗീതത്തിന് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവച്ച മനുഷ്യനാണ് സാധക അലക്സാണ്ടർ. അതുകൊണ്ട് തന്നെ സിനിമയെന്ന സ്വപ്നത്തിലേക്കെത്താൻ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ സാധ്യമായി.
തൃശ്ശൂർ അരിമ്പൂർ സ്വദേശിയായ സാധക അലക്സാണ്ടർ ഒരു പതിറ്റാണ്ട് മുൻപ് അമേരിക്കയിൽ എത്തുകയും, തുടർന്ന് മലയാളികളായ കുട്ടികളെ സംഗീതത്തിന്റെ സ്നേഹവഴികളിലേക്ക് കൈ പിടിച്ചു നടത്തുകയുമായിരുന്നു. ധാരാളം മലയാളി വിദ്യാർത്ഥികൾ അദ്ദേഹത്തിൽ നിന്ന് കർണാട്ടിക് സംഗീതത്തിന്റെ മാധുര്യം നുകർന്നു. പാട്ടിനോടിഷ്ടമുള്ള പലരെയും ശരിയായ വഴികളിലേക്ക് കൈ പിടിച്ചു നടത്താനും തെറ്റുകൾ തിരുത്തി നല്കാനും അദ്ദേഹം സമയം കണ്ടെത്തി. അമേരിക്കൻ മലയാളികൾക്കിടയിലെ പ്രിയപ്പെട്ട പാട്ടുകാരനും, പാട്ടുപോലെ മധുരമുള്ള മനുഷ്യനുമാണ് സാധക അലക്സാണ്ടർ.
പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം കഴിഞ്ഞ സാധക അലക്സാണ്ടർ പ്രഗത്ഭരുടെ ശിക്ഷണത്തിൽ പിന്നീട് ധാരാളം വർഷം സംഗീതം അഭ്യസിച്ചു. തുടർന്ന് അമേരിക്കയിൽ തന്നെ ന്യൂയോര്‍ക്ക് ആസ്ഥാനമായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ആരംഭിക്കുകയായിരുന്നു. റോക്ക് ലാൻഡിലെ സൈക്കാട്രി സെന്ററിൽ പ്രൊജക്റ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ജോലികൾക്കിടയിലും സംഗീതത്തെ തുടർന്ന് കൊണ്ടുപോന്നു. തന്റെ നാടിന്റെ ഗ്രാമീണതയിൽ നിന്ന് സംഗീതം ഗ്രഹിച്ചെടുത്തത് കൊണ്ട് തന്നെ ഓരോ പാട്ടും നാടിനോടുള്ള സ്നേഹാദരമായാണ് അലക്സാണ്ടർ കാണുന്നത്. നിലവിലിപ്പോൾ തന്റെ ജന്മനാടിന്റെ ഭംഗിയും സംഗീതവും ഒരുമിച്ച് ചേർത്ത് സ്വന്തമായി അവതരിപ്പിക്കാനാണ് അലക്സാണ്ടർ ലക്ഷ്യമിടുന്നത്.സംഗീതത്തോടൊപ്പം സംഗീതത്തെ സ്നേഹിക്കുന്നവരെ ആദരിക്കുവാനും സാധക അലക്‌സാണ്ടർ ഇപ്പോഴും മുൻപന്തിയിൽ തന്നെ .പ്രശസ്ത ഗായകരായ പണ്ഡിറ്റ് രമേശ് നാരായണൻ ,മധുശ്രീ നാരായണൻ ,എം ജി ശ്രീകുമാർ,രഞ്ജിനി ജോസ് ,പി .ഉണ്ണികൃഷ്ണൻ,ഉത്തര ഉണ്ണികൃഷ്ണൻ ,കെ എസ് ഹരിശങ്കർ എന്നിവരെ സാധക മ്യൂസിക് അക്കാദമി ആദരിച്ചിട്ടുണ്ട് .കൂടാതെ പുൽവാമയിലെ ജവാന്മാർ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചപ്പോൾ അവരുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് സാധക അലക്‌സാണ്ടറും തന്റെ സംഗീത വിദ്യാർത്ഥികളും ചേർന്ന് എഡിസൺ ഹോട്ടലിൽ വച്ച സംഗീതാർച്ചന നടത്തിയിരുന്നു.
മലയാള സിനിമാ രംഗത്തെ അലക്‌സാണ്ടറിന്റെ അരങ്ങേറ്റം വലിയ തരത്തിൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹത്തിന്റെ മധുര ശബ്ദവും, സംഗീതത്തോടുള്ള അർപ്പണവും സിനിമാ രംഗത്തു തന്നെ പുതിയ വഴികൾ നേടിയെടുക്കാൻ സഹായകമാകും. ഗുഡ് വേ എൻന്റർടൈൻമെന്റസിന്റെ ബാനറിൽ അമിത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമ്പാടി ദിനിലാണ്. ലെജിൻ ചെമ്മണിയുടെ വരികൾക്ക് മുരളി അപ്പാടത്തു സംഗീതം നൽകിയ പാട്ടാണ് സാധക അലക്സാണ്ടറിന്റെ അരങ്ങേറ്റത്തെ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ന്യൂയോർക് സെനറ്റർ വരെ മികച്ച പ്രവർത്തനത്തിന് പുരസ്‌കാരം നൽകി ആദരിച്ച അലക്സാണ്ടർ സംഗീതത്തിൽ തന്റെതായ പറുദീസകളിലേക്ക് യാത്ര ചെയ്യുകയാണ്.