സാഹിത്യവേദി ഒക്ടോബർ 7-ന്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 October 2022

സാഹിത്യവേദി ഒക്ടോബർ 7-ന്

പ്രസന്നൻ പിള്ള

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)

അമൃത വിശ്വ വിദ്യാപീഠം ഏറോസ്പേസ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. ശ്രീകൃഷ്ണൻ എ.ആർ. ആണ് ഇത്തവണ വിഷയം അവതരിപ്പിക്കുന്നത്. “മഹാകവി കൈതക്കൽ ജാതവേദന്റെ രചനാലോകം: ശ്ലോകകവിതകളുടെ പുതിയ കാലവും പുതിയ വഴികളും” എന്നതാണ് വിഷയം.

ശ്രീ കൈതക്കൽ ജാതവേദന്റെ രചനകളെ പൊതുവേയും അദ്ദേഹമെഴുതിയ “വീരകേരളം” എന്ന മഹാകാവ്യത്തെ സവിശേഷമായും പരിചയപ്പെടുത്തുകയും ആധുനിക മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ രചനകൾ അർഹിക്കുന്ന സ്ഥാനത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നു. ലക്ഷണമൊത്ത മഹാകാവ്യമെഴുതി അന്യം നിന്ന മഹാകാവ്യ പ്രസ്ഥാനത്തിന് നവജീവൻ നൽകിയിരിക്കുകയാണ് ശ്രീ ജാതവേദൻ.

ശ്ലോകസാഹിത്യമാണ് കവിയുടെ പ്രധാന രചനാ മേഖല. അതിനാൽ ശ്ലോകസാഹിത്യം, അതിന്റെ മലയാളത്തിലെ വളർച്ച, പരിണാമം, ആധുനികാവസ്ഥ എന്നിവ പരാമർശിക്കുന്നതാണ്. കവിയെ വ്യക്തിപരമായി പരിചയപ്പെടുത്തുവാനും ജാതവേദകവിതയിൽ കാലം, പ്രകൃതി, സമൂഹം, മനുഷ്യസ്വഭാവം എന്നിവയെല്ലാം എങ്ങനെ തനിമയോടെ പ്രതിഫലിക്കുന്നു എന്ന് ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുവാനും ശ്രമിക്കുന്നതാണ്.

മഹാകാവ്യം എന്ന കാവ്യശാഖയുടെ പൊതുസ്വഭാവങ്ങളും “വീരകേരളം” മഹാകാവ്യത്തിന്റെ സാഹിത്യപരമായ സൗന്ദര്യം, ഇതിവൃത്തപരമായ അനന്യത, കാലികപ്രസക്തി തുടങ്ങിയവ ഉദാഹരണസഹിതം ചർച്ച ചെയ്യുന്നതാണ്. മഹാകവിയുടെ ഒരു ലഘുകവിതയുടെയും വീരകേരളമഹാകാവ്യത്തിന്റെ ചില ഭാഗങ്ങളുടെയും സംഗീതാത്മക ആലാപനവും (ശബ്ദ ലേഖനം ചെയ്തത്) ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ മാസ സാഹിത്യവേദിയിൽ ഡൽഹി സർവകലാശാലയിൽനിന്നും വിരമിച്ച പ്രൊഫ. സുജാത (വർമ്മ) സംക്രാന്തി കഥ അവതരിപ്പിക്കുകയും സ്വന്തം രചനകളെപ്പറ്റി സംസാരിക്കുകയും ചെയ്തു. കേരളപാണിനി എ.ആർ. രാജരാജവർമ്മയുടെ ചെറുമകളായ പ്രൊഫ. സുജാത അദ്ദേഹത്തെപ്പറ്റിയുള്ള കുടുംബത്തിലെ കേട്ടറിവുകൾ പലതും പങ്കുവെച്ചു. രാജരാജവർമ്മ പണി കഴിപ്പിച്ച ശാരദാമന്ദിരം എന്ന തറവാട്ടുവീടിന്റെ ഭിത്തിയിൽ കോറിയിട്ടിരുന്ന പേരുകളും ജനനത്തീയതികളും സർക്കാർ ഏറ്റെടുത്തശേഷം പെയിന്റ് ചെയ്തപ്പോൾ നഷ്ടമായത് കുടുംബാംഗങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചു. അതുപോലെ തന്നെ സ്വന്തം സഹോദരനായിരുന്ന രവീന്ദ്രവർമ്മയെ പറ്റിയുള്ള ഓർമ്മകളും പുതുക്കി. മൊറാർജി ദേശായി മന്ത്രിസഭയിൽ ലേബർ മിനിസ്റ്ററായിരുന്നു തികഞ്ഞ ഗാന്ധിയനായിരുന്ന ശ്രീ രവീന്ദ്ര വർമ്മ. മാവേലിക്കര രാജകുടുംബാംഗമായ പ്രൊഫസർ സുജാതയുടെ അവതരണം സാഹിത്യവേദി അംഗങ്ങൾക്കു വളരെയേറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ഒക്ടോബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955

മഹാകവി കൈതക്കൽ ജാതവേദൻ
പ്രൊഫസർ ഡോ. ശ്രീകൃഷ്ണൻ എ.ആർ.
വീരകേരളം മഹാകാവ്യം