നിർദ്ധാരണം ( കവിത-സജിത അനിൽ )

sponsored advertisements

sponsored advertisements

sponsored advertisements

20 April 2022

നിർദ്ധാരണം ( കവിത-സജിത അനിൽ )

നിനക്കിന്നലെവരെ ഞാനൊരു
സുഗന്ധം നിറയ്ക്കും പനിനീർപ്പൂവായിരുന്നു …..
ഇന്നോ, നിന്റെ സിരകളിൽ
അശാന്തിപടർത്തുന്നൊരു
ശവംനാറിപ്പൂവ്

നിനക്കിന്നലെവരെ ജിവിതത്തിന്റെ
കണക്കുപുസ്തകത്തിൽ,
കൂട്ടിക്കിഴിച്ചുകിട്ടിയത്
ലാഭമായിരുന്നു.
ഇന്നോ നഷ്ടങ്ങൾ മാത്രം !

വേനൽച്ചൂടിനാലുരുകിയ നിന്റെ ജീവിതപാതയിൽ,
ഒരു കുഞ്ഞിളംത്തെന്നലായ്
എത്തിയ ഞാൻ
ഇന്നോ നിനക്കൊരു ഉഷ്ണക്കാറ്റായ് മാറി.

വിരസമായ ഏകാന്തതയുടെ
മൗനവാല്മീകത്തിന്റെ പുറം തോടെനിക്കായ്
നീ പൊട്ടിച്ചെറിഞ്ഞപ്പോൾ,
സ്വപ്നങ്ങൾ നിറഞ്ഞ പ്രതീക്ഷകളുടെ
സങ്കൽപ്പരഥത്തിലേറി
എത്രയോതവണ
നമ്മൾ യാത്രയായി.

ഇന്നു നീയെന്നിലെ
സർവ്വസമവാക്യങ്ങളെ
നിർദ്ധാരണം ചെയ്തിടുമ്പോൾ,
ഉത്തരം കിട്ടാതുഴറുന്ന
നിന്റെ മുഖമെനിക്ക് കാണാം.

ഒരിക്കൽ നിന്റെ നിർദ്ധാരണത്തിനുത്തരം കിട്ടും.
ചോദ്യങ്ങളൊന്നുമില്ലാത്ത ലോകത്തിലേക്കുള്ള
എന്റെ
യാത്രയിൽ
നിന്റെ സർവ്വസമവാക്യങ്ങൾ
പൂർണ്ണമായും
നിർദ്ധാരണം ചെയ്യപ്പെടും
ഒരൊറ്റ ശിഷ്ടം പോലുമില്ലാതെ….

സജിത അനിൽ