ഒറ്റപ്പെടലിന്റെ ഒറ്റമരങ്ങൾ(കവിത -സജിത വിവേക് )

sponsored advertisements

sponsored advertisements

sponsored advertisements

21 November 2022

ഒറ്റപ്പെടലിന്റെ ഒറ്റമരങ്ങൾ(കവിത -സജിത വിവേക് )

സജിത വിവേക്

ഇലപൊഴിഞ്ഞെല്ലിച്ച ജീവിത ചില്ലയിൽ
ഒരു തളിരില മാത്രമുണ്ടി,ന്നിന്റെ ജീവനായ്
കൊടിയവേനലിൽ പൊള്ളിത്തകർന്നൊരു
ഉടലും വാടി കരിഞ്ഞിടുന്നു.

സ്വപ്നങ്ങളേറെ മനസ്സിലുണ്ടെങ്കിലും
ഒരുകുളിർക്കാറ്റും തഴുകിയില്ല
ഇണക്കിളികൊക്കുകളുരുമ്മിയില്ല
പൂക്കൾ സുഗന്ധം പടർത്തിയില്ല.

ദാഹത്തിനൊരു തുള്ളി സ്നേഹം
കൊതിച്ചു വേരുകളാഴത്തി,ലുറവ തേടി
വറ്റിവരണ്ടൊരു ഹൃദയത്തിലപ്പോഴും
കുഞ്ഞില തളിരായ് മോഹം കിളിർക്കുന്നു.

ഒരിയ്ക്കലും പാടാത്തപക്ഷികൾ വഴിതെറ്റി
ചേക്കേറുവാനായ് വന്നിടുമോ
പ്രണയമാം ശിഖരത്തിൽ പൂക്കൾവിരിയുമോ
പുതുവസന്തത്തിൽ ഋതുക്കൾചിരിക്കുമോ ?

നെഞ്ചിലൊരു വേദന പതിയെ കുറുകുന്നു
ഒരു തുള്ളി കണ്ണുനീർ കാറ്റിൽ ചിതറുന്നു
വിജനമാം വഴിയിൽ ഞാനേകയായീടുന്നു
തണൽപോലുമില്ലാതെ തളർന്നിടുന്നു.