മനസ്സിന്റെ ആറാംതിരുമുറിവിൽ
പിന്നെയും വാക്കുകളുടെ കുന്തമുനകൾ
മുറിവുള്ള പച്ച മാംസത്തിൽ പിന്നെയും
തുളയുന്നു സത്യം കുരിശിൽ തറയുന്നു.
ശത്രുപാളയത്തിൽ പരിശീലനങ്ങൾ
ആട്ടിൻതോൽ തലവഴി മൂടുന്നു
ഹൃദയത്തിലമ്പുകൾ ഒളിപ്പിക്കുന്നു
പുതിയൊരു യുദ്ധം പിറക്കുന്നു.
എന്റെ ശിരസ്സിലിതാ മുൾക്കിരീടം
ഒരു അപ്പത്തിലും തീരാത്ത വിശപ്പ്
ഒരു വാക്കിലുമൊതുങ്ങാത്ത മോക്ഷം
ഒരു കണ്ണുനീർതുള്ളിയിലും തീരാത്ത ദാഹം!
പിന്നെയും ഞാൻ തിരിഞ്ഞോടുന്നു
സത്യം കുരിശിൽ തറയുന്നു
നീതിമാന്റെ രക്തം കട്ട പിടിക്കുന്നു
മാലോകർ അന്താളിച്ചു നിൽക്കുന്നു.
കുമ്പസാരകൂടിനുള്ളിൽ
പിടഞ്ഞു പിടഞ്ഞെന്റെ വാക്കുകൾ
കല്ലുപാകിയ ഹൃദയത്തിൽ വീണു
കിളിർക്കുമോ മൂന്നാം നാൾ?
അക്ഷരമായ് കിളിർത്തേക്കാം
ഉയർത്തെഴുന്നേൽപ്പെന്നു ചൊല്ലീടാം
കൂട്ടിവായിക്കുന്ന വാക്കുകൾക്കിടയിൽ
പുകമറ ചുരുളിലൊരു വിശുദ്ധമുഖം..!
