നീല നിറമുള്ള ഷാൾ ; മികച്ചകഥകളുടെ സമാഹാരം (സജിത വിവേക്)

sponsored advertisements

sponsored advertisements

sponsored advertisements

31 August 2022

നീല നിറമുള്ള ഷാൾ ; മികച്ചകഥകളുടെ സമാഹാരം (സജിത വിവേക്)

സജിത വിവേക്

കവിയും കഥാകൃത്തും ഗാനരചയിതാവുമായ വർഗീസ് വഴിത്തലയുടെ ‘നീല നിറമുള്ള ഷാൾ’ മനുഷ്യന്റെ വിവിധങ്ങളായ വികാരങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്ന വായനാസുഖം തരുന്ന മികച്ചകഥകളുടെ സമാഹാരം തന്നെയാണ്, പതിനഞ്ചു കഥകളെ മനോഹരമാക്കി തുന്നിപ്പിടിപ്പിച്ച നീല നിറമുള്ള ഷാൾ ജീവിതഗന്ധിയായ അനുഭവങ്ങളുടെ നൂലുകൾ കൊണ്ട് നെയ്തെടുത്തതാണ്. മികച്ച ഭാഷയും വായനക്കാരിൽ മടുപ്പുണ്ടാകാത്ത ലാളിത്യവും കഥകളിൽ ഇഴചേർത്തു വെച്ചിരിക്കുന്നു.

സമയവും സമയത്തിന്റെ അളവുകോലുകളും മനഃപാഠമാക്കിയ ‘ചാരുശീല’ എന്ന കഥയിലെ ശക്തമായ സ്ത്രീ കഥാപാത്രം സൗദാമിനി സദാചാരവിരുദ്ധമായ പ്രവർത്തിയാണ് ചെയ്യുന്നതെങ്കിലും വായനക്കാരുടെ മനസ്സിൽ അവൾ പരിശുദ്ധയായി മാറ്റപ്പെടുന്നതാണ് ഈ കഥയിലെ വിജയം.

‘വടക്കോട്ടു നടക്കുന്നവർ’ എന്ന കഥ കൊറോണ എന്ന മഹാമാരി അതിന്റെ ആദ്യഘട്ടത്തിൽ വിതച്ച കൊടും ദുരന്തത്തിൽ സാധാരണക്കാരായ മനുഷ്യർ നേരിടേണ്ടി വന്ന ദുരിതങ്ങളും ലോക്‌ഡോൺ കാലത്തു സ്വന്തം നാടും വീടുമണയാൻ ഒരു സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കു കാൽനടയായി യാത്ര ചെയ്യുകയും അതിനിടയിൽ നേരിടേണ്ടിവരുന്ന കടുത്ത അനുഭവങ്ങളുമാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെ കഥയിലൂടെ അവതരിപ്പിചിരിക്കുന്നത്. കണ്ണുകളെ ഈറനണിയിക്കുന്ന ബബിതയും ബബ്‌ലുവും രുക്കുവും മനസ്സിൽ വേദനപടർത്തുന്നു. കടന്നുപോയ ആ ചരക്കുവണ്ടിയുടെ ഞരക്കം വായനകഴിഞ്ഞിട്ടും കാതുകളിൽ തങ്ങി നിൽക്കുന്നു. റയിൽപ്പാളത്തിലെ ചോരയിൽ കുതിർന്ന കബന്ധങ്ങളും മനസ്സിൽ പതിഞ്ഞു കിടക്കുന്നു.മലയാളികളുടെ സഹതാപവും കാരുണ്യവും നിറഞ്ഞ മനസ്സുള്ളൊരാളെ അവിടെയും കണ്ടുമുട്ടുന്നു.

സംരക്ഷിക്കപ്പെടേണ്ടവർ തന്നെ ഹിംസിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ ശോചനീയ അവസ്ഥയെ പരിഹസിക്കുന്ന കഥയാണ് ‘ചൂളം വിളി’ ഗോപൻ എന്ന ട്രെയിൻ യാത്രികനൊപ്പം അൽപനേരം യാത്ര ചെയ്യുമ്പോൾ ജീവിക്കാൻ പാടുപെടുന്ന മനുഷ്യരും അവരെ ആക്രമിക്കുന്ന നരഭോജികളേയും കാണുന്നു. ക്രൂരപ്രവർത്തനങ്ങൾക്കു കൊടുത്ത ശിക്ഷയും ഒട്ടും മോശമായില്ലെന്നു അവസാനം സമാധാനപ്പെടുന്നു.

ഒരുകാലത്തെ ജനങ്ങളുടെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഗ്രാമങ്ങളിലെ വായനശാലകളിലൂടെ തഴച്ചു വളർന്നിരുന്നു ഓരോ ഗ്രാമങ്ങളുടെയും നട്ടെല്ലായിരുന്നു ആ നാടിന്റെ വായനശാലകൾ. കാലം മാറിയപ്പോൾ വായനശാലകൾ മനുഷ്യമണം ഇല്ലാത്ത ഇടങ്ങളായി. നിർജീവമായി മാറിക്കൊണ്ടിരിക്കുന്ന വായനശാലയിലെ പുസ്തക സൂക്ഷിപ്പുകാരൻ ഗോവിന്ദൻമാഷേപ്പോലുള്ളവർ എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരിക്കും. അദ്ദേഹം നിശ്ചലമാവുന്നതോടെ ചിതലിനെ ഭയക്കുന്ന പുസ്തകങ്ങളും ഇറങ്ങിയോടുന്ന കാഴ്ച വേദനയുളവാക്കുന്നു. വായന മരിക്കുന്നില്ലെന്നു പ്രസംഗിക്കുമ്പോഴും വായനശാലകളിലെ പുസ്തകങ്ങൾ പൊടിപിടിച്ചു കിടക്കുന്ന കാഴ്ചകളും നാം കാണുന്നു.

ആത്മനിയന്ത്രണം നഷ്ടപ്പെട്ടാൽ പ്രലോഭനങ്ങളിൽ മനസ്സ് കീഴ്പ്പെട്ടാൽ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടും എന്നതാണ് ജറുസലേം കന്യകയിലൂടെ വ്യക്തമാക്കുന്നത്. വിശ്വാസങ്ങളിൽ അടിമപ്പെടുന്ന മാതാപിതാക്കളുടെ വഴിപാടുകളുടെ നാമത്തിൽ കർത്താവിന്റെ മണവാട്ടികളാവാൻ നിർബന്ധിരാവുന്ന പെണ്മനസ്സിന്റെ ചാഞ്ചല്യ വികാരത്തെയാണ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്.

വലിയ വലിയ നഗരങ്ങളിലെ ചേരി നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ലക്ഷ്മിയിലൂടെ നമുക്ക് മുന്നിലെത്തുമ്പോൾ ഈ മനോഹര തീരത്തു ജനിച്ച നാം ഓരോരുത്തരും എത്ര പുണ്യം ചെയ്തവരാണെന്നു ഓർമിച്ചു പോവുന്നു.

‘ബലിമൃഗങ്ങൾ’ എന്ന കഥ വിശപ്പാണ് ലോകത്തിന്റെ തീരാവേദനയെന്നു വെളിപ്പെടുത്തുന്നു. ഇത്തരം അവസ്ഥകളിൽ ദൈവത്തെ എവിടെയാണ് തിരയേണ്ടതെന്നു ഓരോരുത്തരും ചോദിച്ചു പോവും.

‘വിഷുക്കണി’ എന്നത് ജാതിമതവർഗ വിവേചനമില്ലാത്ത ഒരു ഗ്രാമത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളെ അവിടുത്തെ നന്മയുള്ള ജനങ്ങളെ കാണിച്ചു തരുന്നു. നന്മ വറ്റാത്തവരുടെ ലോകം ഇത്തരം ഗ്രാമങ്ങളിലായിരിക്കും.

‘കളികൂട്ടുകാരി’ എന്ന കഥ വായിക്കുമ്പോൾ നാം ഓരോരുത്തരും ഇത്തരമൊരു അവസ്ഥയെ നേരിട്ടുണ്ടാവാമെന്നു തോന്നിപ്പോവുന്നു. സമാനമായ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും പിന്നീട് വളർന്നു വലുതാവുമ്പോൾ അന്വേഷിക്കാൻ പോവുന്നതും വളരെ വിഷമത്തോടെ തിരിഞ്ഞു നടക്കുന്ന അവസ്ഥയും പിന്നീടുണ്ടാവുന്ന നിരാശയും അനുഭവിച്ചറിയുന്നു

‘ബാഷ്പകണം’ എന്ന കഥ തെറ്റിൽ പശ്ചാത്തപിക്കുന്ന മനുഷ്യനെ അവതരിപ്പിക്കുന്നു.

‘നീലനിറമുള്ള ഷാൾ’ ആത്മാർത്ഥ പ്രണയത്തിന്റെ അടയാളമായി മിക്ക പ്രണയിതാക്കളും സൂക്ഷിക്കുന്ന അമൂല്യമായ അവരുടെ സ്നേഹത്തിന്റെ നാളുകളെ ഓർമിപ്പിക്കുന്ന വസ്തുവായിമാറുന്നു.

ഒരിയ്ക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞു സ്‌നേഹിക്കുമ്പോൾ അതിന്റെ ആഴവും അത്രത്തോളം കൂടുതലായിരിക്കും.ഭൂതകാല ഓർമകളിലേക്ക് കൊണ്ടുപോവുന്ന ഇത്തരം വസ്തുക്കളിൽ ഓർമകളിൽ തന്റെ പ്രണയകാലത്തെ സുവർണലിപികളിൽ കൊത്തിവെയ്ക്കുന്നു.. ഒരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടുള്ള ഓരോ മനസ്സിലും ഹൃദയത്തോട് ചേർന്ന്കിടക്കും.

‘ഉഷ്ണപ്രവാഹം’ ചതിക്ക് ചതിയെന്ന നിലപാടിനെ കാണിക്കുന്നു. വഞ്ചിക്കപ്പെടുന്ന സ്ത്രീയുടെ ആത്മരോഷം മറ്റൊരു വഞ്ചനയിലൂടെ പ്രതികാരാഗ്നിയായി ജ്വലിക്കുന്നു. പുരുഷന്മാരുടെ കണ്ണുതുറപ്പിക്കുന്ന ഒരു കഥ..ആനന്ദപുരത്തെ അരയാൽതറകൾ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഒരു വിഭാഗം ആളുകളെ വായനക്കാരിലേക്കെത്തിക്കുന്നു. വിശ്വാസത്തിന്റെ തീ ആളിക്കത്തിച്ചു അക്രമം അഴിച്ചുവിടുന്ന ഇന്നത്തെ സമൂഹത്തിനു നേർക്കുള്ള ചാട്ടുളി പ്രയോഗം.

പ്രേമലത സ്വവർഗപ്രണയത്തിന്റെ പിടിയിലമരുന്ന പെൺകുട്ടികളെ നേർവഴിക്കു നയിക്കുന്ന സൂപ്പർവൈസർ ഹരി. ഇന്നത്തെ ലോകത്തുകാണുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ ആയിരിക്കും.’ആർദ്രശില’ അത്രമാത്രം സ്നേഹിച്ച പിതാവിന്റെയും പുത്രന്റെയും ആത്മബന്ധത്തെ സ്നേഹിച്ചു കൊതിതീരാത്ത മനസ്സിന്റെ നീറ്റലായി അവശേഷിക്കുന്നു.ശ്രീ ശ്രീനി നിലമ്പൂരിന്റെ അവതാരികയിൽ മനോഹരമായ കവർ പേജിൽ പാപ്പാത്തി പുസ്തകം അണിയിച്ചൊരുക്കിയ ‘നീലനിറമുള്ള ഷാൾ’
പരുക്കൻ ജീവിത യാഥാർഥ്യങ്ങളെ അനുപമമായി ആവിഷ്‌ക്കരിച്ചു ശ്രീ വർഗീസ് വഴിത്തല വായനക്കാരുടെഹൃദയത്തിൽ ഇടംനേടിയിരിക്കുന്നു.ജീവിത പ്രശ്നങ്ങളെ ആഖ്യാനവിധേയമാക്കിയ നീല നിറമുള്ള ഷാൾ ഇനിയും ധാരാളം വായനക്കാരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു…

 

വർഗീസ് വഴിത്തല
സജിത വിവേക്