സജിത വിവേക്
തീരവും തിരകളും ചുംബിച്ചുണർത്താത്ത
തീരമായ് പുഴയിന്നു മാറി.
ശോഷിച്ചമാറിലെ ഞെട്ടിലൊരുതുള്ളി
ദാഹനീരൂറ്റികുടിച്ചു.
ശുഷ്കിച്ച നാഡിഞരമ്പിലും വിഷമയം !
ദാഹം ശമിക്കാതെ പുഴയിന്നു തേങ്ങി.
അമ്മയുടെയുദരത്തിൽ യന്ത്രവിരലുകൾ
മുറിപ്പാടു തഴുകാതെ കുത്തി നോവിക്കുന്നു
ആഡംബരത്തിന്റെ സൗധങ്ങൾ പണിയുവാൻ
ഗർഭപാത്രത്തിലും ചാലുകൾ കീറുന്നു.
കളകളംപാടിയൊഴുകിയ നദിയിന്നു
കരകളെ ചുംബിയ്ക്കാനൊരുങ്ങിയില്ല.
വർഷകാലത്തു സംഹാരരുദ്രയായ്
പിന്നെയോ ജീവനൂർദ്ധം വലിക്കുന്നു.
കേരളപ്പഴമയുടെ ചരിതങ്ങൾ മായുന്നു
പുഴയിന്നുപുസ്തകത്താളിൽ മയങ്ങുന്നു
ചാവേറു പാടിയ വീരകഥകളിൽ
മണൽത്തിട്ട മാത്രം ശേഷിച്ചിരിക്കുന്നു
കടവത്തുതോണി കമിഴ്ന്നുറങ്ങീടുന്നു
കളകളനാദത്തിൻ പൊയ്‌പ്പോയ ശ്രുതിയിലും
ചടുലവേഗത്തിന്റെ യാത്രയ്ക്കു വേണ്ടിയോ
ഹൃദയവും കീറി മുറിച്ചിടുന്നു.
ആറ്റുവഞ്ചികൾ പൂത്തുചിരിച്ചില്ല
പുഴയിലൊരു പ്രണയവും തളിർത്തതില്ല !
മനസ്സിന്റെ മണൽത്തിട്ട മരുഭൂമിയാവുന്നു
പുലരിയും സന്ധ്യയും പുഴയെ മറക്കുന്നു.
