അനിൽ പെണ്ണുക്കര
ജീവിതം ചിലപ്പോൾ അങ്ങനെയാണ്,
വൈകിയെത്താറുള്ള ബസ്സ്,
എന്നും വൈകിയോടുന്ന യാത്രക്കാർ
കേട്ട് മടുത്തു പോയ പാട്ട്
വൈകി മാത്രം കാണേണ്ടി വരുന്ന പുറം കാഴ്ചകൾ
ഭൂമിയിൽ സ്വന്തം ജീവിതം സ്വന്തമായി തീരുമാനിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ചില കാലങ്ങൾ തിരിച്ചെടുത്തേനേ എന്ന് കരുതുന്ന മനുഷ്യരുണ്ട്. അച്ഛനുണ്ടായിരുന്ന കാലം, അമ്മയുണ്ടായിരുന്ന കാലം, അവളുണ്ടായിരുന്ന കാലം, അവനുണ്ടായിരുന്ന, കാലം എന്നൊക്കെ ആ തിരിച്ചെടുക്കാൻ തോന്നുന്ന കാലഘട്ടത്തെ നമ്മൾ അടയാളപ്പെടുത്തും. മുഖം ബുക്സിന്റെ ലോക മലയാള കഥകളിലും, കാലഘട്ടങ്ങളെ തിരിച്ചെടുത്ത് ജീവിതം തന്റെ ചൊല്പടിയ്ക്ക് നിർത്താൻ ആഗ്രഹമുള്ള ഒരെഴുത്തുകാരിയുണ്ട്,
സരിത സുഗുണൻ.
വായിച്ച് വളരുക എന്നത് ജീവിതത്തെ എത്രമാത്രം ഭംഗിയുള്ളതാക്കുമെന്ന് തന്റെ എഴുത്തുകളിലൂടെ സരിത സുഗുണൻ തെളിയിച്ചതാണ് ലോക മലയാള കഥകളിൽ സരിത എഴുതിയ രണ്ട് കഥകളും അതിനെ അർത്ഥവത്താക്കുന്നു. വായനക്കാരനെ പുതിയ തലങ്ങൾ കൊണ്ട് തൊടുന്നതിനോടൊപ്പം തന്നെ സരിതയുടെ കഥാഖ്യാനവും മികച്ച ഒരനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ആലപ്പുഴയിലെ പൊള്ളേത്തൈ എന്ന ഗ്രാമത്തിൽ ജനിച്ച സരിത അച്ഛൻ പി ആർ സുഗുണന്റെ പുസ്തകങ്ങളോടുള്ള പ്രണയത്തിൽ നിന്നാണ് അക്ഷരങ്ങളെ അടുത്തറിഞ്ഞു തുടങ്ങുന്നത്. ജീവിതം വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും അച്ഛൻ വായിച്ചാണ് വളർന്നതെന്ന് സരിത തന്റെ ജീവിതത്തിലൂടെ ഈ ലോകത്തോട് മുഴുവൻ വിളിച്ചു പറയുന്നു.
“അച്ഛന്റെ അറിവ് മുഴുവൻ വായനയിലൂടെ കിട്ടയതായിരുന്നു. അതുകൊണ്ട് ഞങ്ങളും വായിച്ചു തന്നെ വളരണം എന്ന് അച്ഛന് നിർബന്ധമായിരുന്നു. പത്രം വായന സ്പോർട്സ്, സിനിമാ പേജുകളിൽ ഒതുങ്ങാൻ അച്ഛൻ ഒരിക്കലും സമ്മതിച്ചിട്ടില്ല. എഡിറ്റോറിയൽ വായിച്ചിരിക്കണം എന്ന് വാശിയായിരുന്നു. ചിന്തകൾക്ക് വ്യക്തത വരാനും എഴുത്തിൽ അടുക്കും ചിട്ടയും ഉണ്ടാകാനും അത് സഹായിക്കും എന്നായിരുന്നു അച്ഛന്റെ വാദം. വർഷങ്ങൾക്കു ശേഷം ഇപ്പോഴെന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമ്പോൾ അതെത്ര ശരിയാണെന്ന് ഞാനോർക്കും.
എഴുതാനുള്ള മടി കാരണം മലയാളം പരീക്ഷക്ക് നീണ്ട ഉത്തരങ്ങൾ പാതി വഴി നിർത്തിയിട്ടും സ്കൂളിന് പുറത്തൊരു ഉപന്യാസ മത്സരത്തിന് പങ്കെടുപ്പിക്കാൻ എഴുതാൻ കഴിവുള്ളവർ ആരുണ്ടെന്ന ഹെഡ്മാസ്റ്റർ അലക്സാണ്ടർ സാറിൻ്റെ ചോദ്യത്തിന് എൻ്റെ പേര് കൂടി പറഞ്ഞ ലൂസി ടീച്ചർ ആണ് ഞാനെന്തിലുമൊക്കെ എഴുതും എന്ന് ആദ്യമായി എനിക്കൊരു ഉറപ്പ് തന്നയാൾ. പിന്നെ അതുവരെ സ്കൂളിൽ ഒരു എഴുത്ത് മത്സരത്തിനും പേരുപോലും കൊടുത്തിട്ടില്ലാത്ത എന്നെ, ടീച്ചറിൻ്റെ വാക്ക് കേട്ടപാതി കേൾക്കാത്തപാതി ചൊല്ലും ചിലവും തന്ന് മത്സരങ്ങൾക്ക് പറഞ്ഞു വിട്ട അലക്സാണ്ടർ സാറും. താലൂക്ക് തലത്തിൽ സഹകരണ ബാങ്ക് നടത്തിയ ഉപന്യാസ മത്സരത്തിനാണ് ആദ്യമായി സ്റ്റേജ് ഇനത്തിനല്ലാതെ ഒരു സമ്മാനം കിട്ടുന്നത്. പിന്നീട് രണ്ട് ജില്ലാതല ഉപന്യാസ മത്സരങ്ങൾക്ക് കൂടി സമ്മാനം കിട്ടി.
ഈ സമ്മാനങ്ങളുടെ ബലത്തിൽ അന്ന് ബാലരമ നടത്തിയ ഒരു കഥാമത്സരത്തിലേക്ക് ഒരു കഥയൊക്കെ അയച്ചു കൊടുത്തു. അതവരുടെ ചവറ്റുകുട്ടയിലെങ്കിലും എത്തിക്കാണുമോ എന്ന് ഇപ്പോഴും ഞാനാലോചിക്കാറുണ്ട്. ഏതായാലും അതിന് ശേഷം എഴുത്ത് പ്രേമലേഖനങ്ങളിൽ മാത്രമായി ചുരുങ്ങി. അതൊരു മത്സരയിനമല്ലാത്തതിനാൽ സമ്മാനമൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, സമൂഹത്തിന്റെ നല്ല നടപ്പിന് നിരക്കാത്തതായതു കൊണ്ട് അത്യാവശ്യം ചീത്ത വിളികൾ കിട്ടിയിട്ടുമുണ്ട്.
വർഷങ്ങൾക്കിപ്പുറം നാല്പതാം വയസ്സിൽ, ഫേസ്ബുക്കിലൂടെ എത്തിപ്പെട്ട FTGT Pen Revolution എന്ന കൂട്ടായ്മയിലെ പെണ്ണുങ്ങൾ തന്ന ആത്മബലത്തിന്റെയും ആയുസ്സിന്റെ പകുതിയിൽ കൂടുതൽ ജീവിച്ച ഞാനിനി മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്ത് ആകുലപ്പെടണോ എന്ന ചോദ്യത്തിന്റെയും പിൻബലത്തിലാണ് അന്നെന്റെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ച ഒരു ചെറിയ സംഭവം FTGT Pen Revolution പേജിൽ കുറിച്ചത്. അപ്പോഴും വായിക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്ന ചോദ്യം മുഴുവനായും മനസ്സിൽ നിന്ന് മാറാതിരുന്നത് കൊണ്ട് എന്റെ ടൈംലൈനിൽ ഷെയർ ചെയ്യാൻ ആദ്യം മടിയായിരുന്നു. അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കും മെസ്സഞ്ചറിലും വാട്സാപ്പിലും ഫോർവേഡ് ചെയ്തു കൊടുത്ത് അവരൊക്കെ കൊള്ളാമല്ലോ എന്ന് പറഞ്ഞപ്പോഴാണ് ടൈംലൈനിൽ ഷെയർ ചെയ്യാനുള്ള ധൈര്യം വന്നത്.
പിന്നീട് ഫേസ്ബുക്കിൽ സജീവമായി എഴുതിത്തുടങ്ങി. സമകാലിക സംഭവങ്ങളെക്കുറിച്ചും കാണുന്ന സിനിമകളെക്കുറിച്ചും ഒക്കെയുള്ള എന്റെ അഭിപ്രായങ്ങളാണ് കൂടുതലും എഴുതിയിരുന്നത്. പിന്നെ മനസ്സിൽ മായാതെ കിടന്നിരുന്ന ചില ഓർമ്മകളും. ഇടയ്ക്ക് കവിതയെന്ന പേരിൽ ഒന്നോ രണ്ടോ രചനകളും.
കുറിപ്പുകളൊക്കെ വായിച്ച് കഥയെഴുതിക്കൂടെ എന്ന് പലരും ചോദിച്ചിട്ടും ഒരു കഥയെഴുതാനുള്ള ഭാവനയൊന്നും കയ്യിലില്ലായിരുന്നു. അങ്ങനെ കോവിഡ് ലോക്ഡൗൺ കാലത്താണ് ആദ്യമായൊരു കഥയെഴുതുന്നത്. നേരിൽ കാണാൻ കഴിയാത്ത ഒരു കാമുകിയും കാമുകനും തമ്മിലുള്ള വാട്സ്ആപ്പ്, ഫോൺ സംഭാഷണങ്ങൾ ആയിരുന്നു കഥാതന്തു. വായിച്ചവരിൽ ചിലർക്കൊക്കെ അത് സ്വന്തം അനുഭവമായി തോന്നിയെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി.
ഈ സോഷ്യൽ മീഡിയയിലൊക്കെ ഇങ്ങനെ സമയം മിനക്കെടുത്തണോ എന്ന് പുച്ഛിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് ഒരു കമന്റ് പോലും ഇടാൻ മടിച്ചിരുന്ന എനിക്കെന്തെങ്കിലുമൊക്കെ എഴുതാനുള്ള ധൈര്യം കിട്ടിയത് ഇവിടെ നിന്നാണ്. നേരിട്ട് കണ്ടിട്ടില്ലാത്ത ഞാനെന്തെഴുതിയാലും വായിക്കാനും പ്രോത്സാഹിപ്പിക്കാനും തിരുത്താനും കൂടെ നിന്ന് കയ്യടിക്കാനും വന്ന് മനസ്സിൽ കയറിപ്പറ്റിയ ഒരുപറ്റം കൂട്ടുകാരുണ്ടിവിടെ. ”
കുട്ടിക്കാലം മുതൽക്കേ വായന തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയ സരിത പക്ഷെ അന്ന് ഒന്നും തന്നെ എഴുതാൻ തയ്യാറായിരുന്നില്ല. സമൂഹത്തിന്റെ മുൻ ധാരണകളും, തനിക്കേൽക്കാൻ സാധ്യതയുള്ള മൂർച്ചയുള്ള വാക്കുകളും ആ പെൺകുട്ടിയെ അന്ന് പിറകോട്ട് വലിച്ചു. എങ്കിലും അവൾ വായന അവസാനിപ്പിച്ചില്ല സരിത തന്നെ അടയാളപ്പെടുത്തുന്നു . ബാലരമ മുതൽ കഥാ പുസ്തകങ്ങൾ വരെ തിരഞ്ഞു പിടിച്ചു വായിച്ച കഥകൾ . ഒരു അലമാര മുഴുവൻ പുസ്തകങ്ങൾ കൂട്ടിവച്ച് അച്ഛൻ സുഗുണനും സരിതയ്ക്കൊപ്പം അവളുടെ വായനാ ലോകത്ത് വിഹരിച്ചു. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ വായിച്ചാൽ മാത്രമേ മനുഷ്യർ വളരൂ. വായിക്കാത്തിടത്തോളം മനുഷ്യർ വളഞ്ഞു അവനവനിലേക്ക് തന്നെ ചുരുങ്ങും, അറിവില്ലാത്തവനാകും
2008ൽ മരിക്കുന്നത് വരെ തന്റെ ഏറ്റവും വലിയ പിൻബലം അച്ഛൻ ആയിരുന്നുവെന്ന് സരിത സുഗുണൻ ഓർക്കുമ്പോൾ വായനയുടെ ഒരു വലിയ ശക്തിയാണ് അവിടെ വ്യക്തമാകുന്നത്. അച്ഛനെന്ന വേരിലൂടെ താൻ കണ്ട മണ്ണും ജലവും സൂര്യപ്രകാശവും എത്രത്തോളം മനോഹരമാണെന്ന് സരിതയുടെ എഴുത്തുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തെക്കുറിച്ചും എഴുത്തിനെ കുറിച്ചും കുന്നോളം ആശകൾ ഉള്ള ഒരു പ്രതിഭയാണ് സരിത സുഗുണൻ. എങ്കിലും അവർക്ക് വളരാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നതിൽ സമൂഹത്തിന് തന്നെയാണ് പങ്കുള്ളത്. ഒരു എഴുത്തുകാരിയെ വളർത്തുന്നതും തടയുന്നതും ചുറ്റുപാട് തന്നെയാണ്. ഒരു മരം വളർന്നു പന്തലിക്കാൻ പരിസ്ഥിതിയും കലാവസ്ഥയും എത്രത്തോളം പ്രധാനമാണെന്നതുപോലെ ഒരു കലാകാരൻ വളരാൻ അവന് ചുറ്റുമുള്ള ജീവിതസാഹചര്യം എത്രത്തോളം സഹായകമാണെന്ന് സരിതാ സുഗുണന്റെ ജീവിതം വ്യക്തമാക്കുന്നു.
മറ്റെല്ലാവരെയും പോലെ തന്നെ ചുറ്റുമുള്ളവർ എന്തുവിചാരിക്കും എന്ന് പേടിയാണ് സരിതാ സുഗുണനെയും ഇത്രകാലം നയിച്ചത്. സ്വന്തം കാലിൽ നിൽക്കുന്നത് വരെ സ്വന്തം ഇഷ്ടങ്ങൾ തുറന്നു പറയാൻ കഴിയാത്ത ഒരു സാമൂഹിക ചുറ്റുപാടാണ് അതിന് പ്രധാന കാരണം. അമേരിക്കയിലെ ജോലിയും തന്നെ മനസ്സിലാക്കുന്ന കുടുംബവും അതുകൊണ്ടുതന്നെ സരിതയുടെ ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. അമേരിക്കൻ ജീവിത പശ്ചാത്തലവും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളും കൃത്യമായിത്തന്നെ തന്റെ കൃതികളിൽ അടയാളപ്പെടുത്തുന്ന എഴുത്തുകാരിയാണ് സരിതാ സുഗുണൻ. ആ കാരണം കൊണ്ട് തന്നെ ലോക മലയാള കഥകളിലെ സരിതയുടെ എഴുത്തുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടും.
സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരിയായി സരിതാ സുഗുണൻ ഒരുപക്ഷേ മാറിയേനെ. തന്നെ ഒരിക്കൽ മനസ്സിലാക്കാൻ ശ്രമിച്ച അധ്യാപകരെയും, തന്നിലെ എഴുത്തുകാരിയെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ചുറ്റുമുള്ള എല്ലാ മനുഷ്യരെയും അതുകൊണ്ടുതന്നെ സരിത സുഗുണൻ ഏറ്റവും നന്ദിയോടെയാണ് ഓർക്കുന്നത്. ഹൃദയത്തിൽ വലിയ സർഗ്ഗാത്മകത ഉണ്ടായിട്ടും അതിന് പുറത്തേക്ക് ഒഴുകാൻ കഴിയാതെപോയ ഒരു പെൺകുട്ടിയുടെ ജീവിതമാണ് സരിത സുഗുണന്റേത്. ഒരുപക്ഷേ നമുക്ക് ചുറ്റുമുള്ള പല പെൺകുട്ടികളും ഇന്ന് ഇതേ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകുന്നത്. പെൺകുട്ടികൾ എന്തെങ്കിലുമൊക്കെ തുറന്നെഴുതണമെങ്കിൽ അവൾ തനിച്ചു നിൽക്കാൻ കെൽപ്പുള്ളവൾ ആയിരിക്കണം എന്ന സമൂഹത്തിന്റെ ബോധമാണ് അതിന് കാരണം.
പുതിയ എഴുത്തുകാരെ ലോകത്തിനു മുൻപിൽ പ്രതിഷ്ഠിക്കാൻ മുഖം മാസികയും മുഖം ബുക്സും തയ്യാറായത്, കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒരുപാട് മനുഷ്യരുടെ നിലവിളികൾ ചരിത്രാതീതകാലം മുതൽക്കേ കേട്ടുവളർന്നതുകൊണ്ടാണ്. സരിതയുടെ വായനാ സ്വപ്നങ്ങൾക്കും , എഴുത്തിന്റെ പുതിയ വഴികൾക്കും കാരണം ആകാൻ കഴിഞ്ഞതിൽ മുഖത്തിന് വലിയ സന്തോഷമുണ്ട്. വായിച്ചു തന്നെ അറിയേണ്ടതുണ്ട് സരിതയുടെ കഥകളെ, അവ പങ്കുവയ്ക്കുന്ന ജീവിതസാഹചര്യങ്ങളെ.
സരിത സുഗുണന്റെ കുടുംബം
=============================
അച്ഛൻ പരേതനായ പി.ആർ സുഗുണൻ.അമ്മ ഗീത എന്ന ആനന്ദവല്ലി, വീട്ടമ്മയാണ്, ഇപ്പോൾ ഇളയ സഹോദരൻ നിധീഷെന്ന കുട്ടനും കുടുംബത്തിനും ഒപ്പം നാട്ടിൽ. സരിത UST എന്ന കമ്പനിയിൽ IT ജോലിക്കായി അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സിൻസിനാറ്റിക്കടുത്ത് താമസിക്കുന്നു. ഭർത്താവ് പ്രേജിത്തും മക്കൾ നന്ദിനിയും ഭാവ്നിയും കൂടെയുണ്ട്. പ്രേം അഭിപ്രായം പറയില്ലെങ്കിലും സരിത എഴുതുന്നതൊക്കെ വായിക്കാറുണ്ട്. മക്കൾ എന്നെങ്കിലും മലയാളം വായിക്കാൻ പഠിച്ച്അമ്മ എഴുതുന്നതൊക്കെ വായിക്കും എന്നാണ് പ്രതീക്ഷ .


