അനിൽ പെണ്ണുക്കര
“നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചുറ്റും നിങ്ങളുടെ ജീവിതം സംഘടിപ്പിക്കുക. അവ യാഥാർത്ഥ്യമാകുന്നത് കാണുക “
നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വരുന്ന ചില മനുഷ്യരുണ്ട്. തീർത്തും വ്യത്യസ്തരായവർ. പലവിധ കഴിവുകൾ ഉള്ളവർ . അവരെയെല്ലാം നാം ഉൾക്കൊള്ളുന്നത് അവരിലെ കഴിവുകളുടെ വ്യത്യസ്തത കൊണ്ട് മാത്രം ആവില്ല. എന്തോ ഒരു പ്രത്യേകത അവരിൽ നിന്ന് നമ്മുടെ ഹൃദയത്തോട് സംവദിക്കുന്നതുകൊണ്ട് കൂടിയാണ് അത് സംഭവിക്കുന്നത്. അങ്ങനെ ഹൃദയത്തോട് സംവദിക്കുന്ന ഒരു സംഘാടകനെ , ഒരു ചിത്രകാരനെ, അതിലുപരി മാതൃരാജ്യത്തെ സേവിച്ച ഒരു പട്ടാളക്കാരനെ ഈ വഴിത്താരയിൽ കണ്ടുമുട്ടുന്നു.സതീശൻ നായർ…
ചിക്കാഗോയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ, ഏതൊരു വ്യക്തികൾക്കും മാതൃകയാക്കാവുന്ന സംഘാടകൻ ,പ്രഭാഷകൻ എന്നീ നിലകളിൽ മലയാളികളുടെ മനസിൽ ഇടം പിടിച്ച സതീശൻ നായർ ഒരു ചിത്രകാരനും, പതിനഞ്ച് വർഷം ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ച ഒരു രാജ്യസേവകൻ കൂടിയാണെന്ന് പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. കാരണം പല വ്യക്തികളുടേയും ജീവിതം തുന്നിപ്പിടിപ്പിക്കുന്നത് ഈ അപൂർവ്വതകളിലാണ്.
അറിവോളം നല്ല കൂട്ടുകാരനില്ല
കോട്ടയം കടപ്പൂര് കരുണാലയത്തിൽ കരുണാകരൻ നായരുടെയും, ഗോമതിയമ്മയുടെയും നാല് മക്കളിൽ മൂത്തപുത്രനാണ് സതീശൻ നായർ. ” ശാന്തമായ വീട് ശാന്തമായ ജീവിതം ” എന്ന ജീവിതവാക്യം പഠിപ്പിച്ച മാതാപിതാക്കളുടെ കാരുണ്യവും അനുഗ്രഹവും കൊണ്ടാണ് ജീവിത വിജയത്തിന്റെ ഓരോ പടികളും കടക്കാൻ സാധിച്ചതെന്ന് വിശ്വസിക്കുന്ന സതീശൻ നായർ ഏഴാം കടൽ കടന്നിട്ടും പിന്നിട്ട പാതകളെ വിസ്മരിക്കുന്നില്ല. ഓർമ്മയുടെ ചെപ്പിൽ ഭദ്രമായി അവയെ സൂക്ഷിക്കുന്നു.
കടപ്പൂര് ഗവ.സ്കൂളിൽ ഒന്നു മുതൽ അഞ്ച് വരെ യു.പി വിദ്യാഭ്യാസം. കാണക്കാരി ഗവ ഹൈസ്കൂളിൽ ആറ് മുതൽ പത്തുവരെ ഹൈസ്കൂൾ വിദ്യാഭ്യാസം. പാലാ സെന്റ് തോമസ് കോളജിൽ പ്രിഡിഗ്രിയും, ബി. എസ്.സി. ഡിഗ്രിയും . പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ പൊളിറ്റിക്സ്, ജോധ്‌പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ. ബി, ഫോറൻസിക് സയൻസിൽ പി.ജി ഡിപ്ലോമ, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്യൂമൻ റിസോഴ്സിൽ പി.ജി, യു.എസ് ഫിനിക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ, Oakton കമ്മ്യൂണിറ്റി കോളജിൽ നിന്ന് പ്രോഗ്രാമിംഗ് ഡിപ്ലോമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ നിന്ന് അസ്സോസിയേറ്റ് മെമ്പർഷിപ്പ് , ടെക്നോളജി മാനേജ്മെന്റിൽ ഇപ്പോൾ പി എച്ച് ഡി പഠനവും കൂടിയാകുമ്പോൾ ഒരു കാര്യം വ്യക്തം. സദാ പഠിച്ചുകൊണ്ടിരിക്കുകയും, അവയെ തന്റെ പ്രവൃത്തി മണ്ഡലത്തിലൂടെ സമൂഹത്തിലേക്ക് പകർത്തി നൽകുകയുമാണ് സതീശൻ നായർ.
രാഷ്ട്രീയം നാടിന്റെ നന്മയ്ക്ക്
“എപ്പോഴും കോൺഗ്രസുകാരനായിരിക്കുക എന്നാൽ നന്മയുള്ളവനാവുക എന്നതാണ് അർത്ഥം ” എന്നാണ് സതീശൻ നായരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട്. മറ്റുള്ളവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് എന്തും ആയിക്കൊള്ളട്ടെ കോൺഗ്രസുകാരനായി പ്രവർത്തിച്ച് കോൺഗ്രസുകാരനായി തുടരുന്ന അദ്ദേഹം സ്കൂൾ കാലഘട്ടത്തിൽ കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പിച്ചവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി സജീവമായ കാലത്ത് ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ബന്ധങ്ങൾ എല്ലാം ഇന്നും തുടരുന്നു . ഉമ്മൻ ചാണ്ടിയും,രമേശ് ചെന്നിത്തലയും മുതൽ പി.സി. വിഷ്ണുനാഥ് വരെയുള്ളവരുമായി മികച്ച ഹൃദയബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു . നാട്ടിൽ അധികകാലം രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല. അവിടെയും ജീവിതത്തിലെ വ്യത്യസ്തത തന്നെ അദ്ദേഹത്തെ തേടി വന്നു.
എയർ ഫോഴ്സിലേക്ക്
ജീവിതത്തിലെ ചിലനിമിഷങ്ങൾ പല വ്യക്തികളുടെയും ജീവിതത്തെ മാറ്റിമറിക്കും എന്ന് പറയും പോലെ സതീശൻ നായരുടെ ജീവിതത്തിലേക്കും കടന്നു വന്ന നിമിഷമായിരുന്നു ഇന്ത്യൻ എയർ ഫോഴ്സിൽ ഒരു ജോലി. അങ്ങനെ ഇരുപതാമത്തെ വയസിൽ ബാംഗ്ളൂരിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായി ചേർന്നു. ഫ്ലൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത കാലം. പതിനഞ്ച് വർഷം രാജ്യസേവനത്തിൽ പരിചയപ്പെട്ട ചില മുഖങ്ങൾ ചില്ലറക്കാരല്ല. പഞ്ചാബ് ഗവർണ്ണറും, പിന്നീട് കേന്ദ്രമന്ത്രിയുമായ അർജ്ജുൻ സിംഗുമായി നല്ല ബന്ധം ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഫ്ലൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത സമയം ജീവിതത്തിലെ വിലപ്പെട്ട നിമിഷമായിരുന്നു എന്ന് സതീശൻ നായർ ഓർമ്മിക്കുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നതിനാൽ ഒരു പ്രത്യേക ഹൃദയ ബന്ധം തന്നോട് അദ്ദേഹത്തിനുണ്ടായിരുന്നു. എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തകനാകണമെന്നും അദ്ദേഹം പറയുമായിരുന്നു. പതിനഞ്ച് വർഷത്തെ എയർഫോഴ്സ് ജീവിതത്തോട് 1998 ൽ വിട പറയുമ്പോൾ ഇന്ത്യൻ സൈനിക ജീവിതം നൽകിയ ഊർജ്ജം, ജീവിതത്തിലെ കൃത്യത അതിലുപരി അവിടെ നിന്ന് ലഭിച്ച അംഗീകാരങ്ങൾ ഒക്കെ നാളിതുവരെയുള്ള ജീവിതത്തിനും കരുത്തായി.
അമേരിക്കയിലേക്ക് ;
സംഘാടനത്തിന്റെ പുതുവഴികൾ
എയർഫോഴ്സിൽ ജോലിയിലിരിക്കെ 1992 ൽ കൊല്ലം കുണ്ടറ സ്വദേശി വിജി നായരെ വിവാഹം കഴിച്ചു. 1998 ൽ കുടുംബ സമേതം അമേരിക്കയിലേക്ക് . ചിക്കാഗോയിൽ നെറ്റ് കോം കമ്പനിയിൽ എഞ്ചിനീയറായി തുടങ്ങിയ ജോലി . പിന്നീട് പല കമ്പനികളിലേക്ക് മാറ്റം. എയ്റോ സ്പേസ് ഇൻഡസ്ട്രിയിൽ ജോലി, മെഡിക്കൽ എഞ്ചിനീയറിംഗിൽ സേവനമനുഷ്ടിച്ചു. ഇപ്പോൾ ഫൈസർ മെഡിക്കൽ ഡിവൈസ് എഞ്ചിനീയറിംഗ് കമ്പനിയിൽ സീനിയർ പ്രിൻസിപ്പൽ എഞ്ചിനീയർ ആയി ജോലി തുടരുമ്പോഴും സതീശൻ നായരെ പിന്തുടരുന്നത് ജീവിതത്തിലെ വ്യത്യസ്തതകൾ തന്നെയാണ്.
ചിക്കാഗോയിൽ താമസമായപ്പോൾ മുതൽ നാട്ടിൽ കോൺഗ്രസ് പ്രവർത്തകരായിട്ടുള്ളവരെ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് പോൾ പറമ്പിയെ പരിചയപ്പെടുന്നത്. 1998 ൽ ചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയായും പോൾ പറമ്പി പ്രസിഡന്റായും കോൺഗ്രസ് പാർട്ടി കൂട്ടായ്മയ്ക്ക് രൂപം നൽകി. പിന്നീട് സംഘടനയുടെ പ്രസിഡന്റ് ആയി. ഇപ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റാണ്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, ചെയർമാൻ, ഇപ്പോൾ ട്രസ്റ്റി ബോർഡ് മെമ്പർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻ ചിക്കാഗോ റീജിയന്റെ സജീവ പ്രവർത്തകൻ, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, നാഷണൽ വൈസ് പ്രസിഡന്റ്,ഐ. ഒ.സി ചിക്കാഗോ കൺവൻഷൻ സൂവനീർ ചീഫ് എഡിറ്റർ, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക രണ്ട് തവണ വൈസ് പ്രസിഡന്റ്, ജുഡീഷ്യൽ കൗൺസിൽ മെമ്പർ , ഹൂസ്‌റ്റൺ കൺവൻഷൻ ജനറൽ കൺവീനർ, പി.ആർ. ഒ. ട്രസ്റ്റി ബോർഡ് മെമ്പർ , ഗീതാമണ്ഡലം ചിക്കാഗോ ജനറൽ സെക്രട്ടറി, നായർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോയുടെ അഡ്വൈസറി ബോർഡ് മെമ്പർ , പത്ത് വർഷമായി ഫൊക്കാനയിൽ സജീവം , ഫൊക്കാന നാഷണൽ കമ്മറ്റി മെമ്പർ , ന്യൂജേഴ്സി കൺവൻഷൻ കൺവീനർ എന്നീ നിലകളിലെ സംഘടനാ പ്രവർത്തനത്തിലും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ.ആദ്യ ലോക കേരളസഭ മെമ്പർ ആയിരുന്നു. എല്ലാ സംഘടനകളിലും ഉത്തരവാദിത്വപ്പെട്ട നേതൃത്വമാണ് സതീശൻ നായർക്ക് ലഭിച്ചിട്ടുള്ളത്, ഏൽപ്പിക്കുന്ന ഏത് ജോലിയും സംഘടനയുടെ പ്രവർത്തന പരിധിക്കകത്ത് നിന്നു കൊണ്ട് പൂർത്തിയാക്കാൻ അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയാണ് ഇവിടെയെല്ലാം സംഘടനകളുടെ അംഗീകാരത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്.
മാദ്ധ്യമ പ്രവർത്തകൻ, ചിത്രകാരൻ ,
വാദ്യകലാകാരൻ , വാഗ്മി, പുസ്തക പ്രേമി,
കായികതാരം, നടൻ , ജീവകാരുണ്യ പ്രവർത്തകൻ
സതീശൻ നായർ ഒരു ബഹുമുഖപ്രതിഭയാകുമ്പോൾ അദ്ദേഹത്തിലെ സമ്പൂർണ്ണ കലാകാരനെ നാം തിരിച്ചറിയണം. അമേരിക്കയിലെ എല്ലാ മാദ്ധ്യമങ്ങളിലും നൂറ് കണക്കിന് വാർത്തകൾ എഴുതുമ്പോൾ വായനക്കാരെക്കാൾ ആ വാർത്തകൾ വായിക്കുന്നത് പത്രാധിപന്മാർ ആയിരുന്നു. അതിന് ഒരു കാരണം അദ്ദേഹത്തിന്റെ കൈയ്യക്ഷരം അത്ര മനോഹരമാണ്. ഒരു മാദ്ധ്യമ പ്രവർത്തകന്റെ കൈയ്യടക്കത്തോടെയുള്ള എഴുത്തും ശ്രദ്ധേയം. ഇതിനെല്ലാം തുടക്കം കുറിക്കുന്നത് സ്കൂൾ കാലം മുതൽക്കാണ്. നന്നായി ചിത്രം വരയ്ക്കുന്നതിനാൽ സ്കൂളിലെ താരമായിരുന്നു അദ്ദേഹം . ചിത്ര രചനയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ഹൈസ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് കാണക്കാരി വായനശാലയ്ക്ക് വേണ്ടി കൈയ്യെഴുത്തു മാസിക പുറത്തിറക്കി. എഴുത്തും വരയും എഡിറ്റിംഗും ഒക്കെയായി ഒരു കുഞ്ഞ് മാദ്ധ്യമ പ്രവർത്തകനുമായി. ഇന്ത്യൻ എയർഫോഴ്സിൽ ജോലിയിൽ പ്രവേശിച്ചപ്പോഴും തന്റെ ചിത്രരചനാ വൈഭവം തുണയായി. ബാംഗ്ളൂർ ഇന്ത്യൻ എയർ ഫോഴ്സ് ട്രയിനിംഗ് സ്കൂളിൽ സതീശൻ നായർ വരച്ച പതിനഞ്ചിലധികം ചിത്രങ്ങൾ (ഓയിൽ പെയിന്റിംഗ് -അക്കാദമിക് ) ഇപ്പോഴും കാണാം. കൂടാതെ നൂറിലധികം പെയിന്റിംഗുകൾ ചെയ്തിട്ടുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജോലിത്തിരക്കിനിടയിൽ അധികം വരയ്ക്കുവാൻ സമയം കിട്ടിയിട്ടില്ലങ്കിലും സമയം കിട്ടുമ്പോൾ ബ്രഷ് കൈയ്യിലെടുക്കാറുണ്ട്. ഏറ്റവും വലിയ കൗതുകം സതീശൻ നായർ പാതിയാക്കിയ പല ചിത്രങ്ങളും മക്കൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ആൺമക്കളും അച്ഛന്റെ ചിത്രരചനാ പാരമ്പര്യം പിന്തുടരുന്നവരാണ്. ഓങ്കാരം ചിക്കാഗോ പഞ്ചവാദ്യ സംഘത്തിലെ കൊമ്പ് ഊതുന്ന കലാകാരൻ കൂടിയാണ് സതീശൻ നായർ . ഭജന, ചെണ്ടമേളത്തിലും സജീവം. നാടക നടൻ, വോളിബോൾ താരം, അറിയപ്പെടുന്ന പ്രാസംഗികൻ എന്നീ നിലകളിലെല്ലാം തന്റേതായ കൈയ്യൊപ്പ് ചാർത്തിയ സതീശൻ നായർ നല്ലൊരു പുസ്തക വായനക്കാരൻ കൂടിയാണ്. എം.ടി. മുതൽ എസ്. ഹരീഷ് വരെയുള്ള എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥപ്പുരയെ സമ്പുഷ്ടമാക്കുന്നു. തന്റെ ചിന്തകൾക്കും എഴുത്തിനും മാറ്റുകൂട്ടുന്നു. നാട്ടുകാരുടെയും, നാടിന്റെയും ആവശ്യങ്ങളിൽ ഒരു തണൽ മരം കൂടിയാണ് അദ്ദേഹം. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം കരുണ ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനാണ് . അർഹതയുള്ളവർക്ക് സഹായം വേണ്ട സമയത്ത് അത് എത്തിച്ചു നൽകുക എന്നതാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നയം.അമേരിക്കൻ സംഘടനാ സമൂഹം തിരിച്ചറിയേണ്ട ബഹുമുഖ പ്രതിഭയാണ് എന്ന് പറഞ്ഞാൽ ഒട്ടും അത്ഭുതപ്പെടാനില്ല.കാരണം അദ്ദഹം ഒരു സമ്പൂർണ്ണ കലാകാരനാണ്. കലാകാരൻ ഒരു സമ്പൂർണ്ണ മനുഷ്യൻ കൂടിയാകുന്നു എന്നത് ചരിത്രം.
ബന്ധങ്ങൾ, നന്മകൾ
എല്ലാ ബന്ധങ്ങളും പവിത്രമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം പറയുന്ന ഒരു കാര്യം ” ഏത് ബന്ധങ്ങളിൽ നിന്നും, പരിചയപ്പെടലുകളിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട് എന്നതാണ്. ശത്രുവാണങ്കിൽ പോലും അയാളിൽ ഒരു നന്മ കാണുവാൻ ശ്രമിച്ചാൽ നമുക്കും ആ വ്യക്തിക്കും അത് ഗുണം ചെയ്യും”
ഒരു പക്ഷെ ബന്ധങ്ങളിലെ വൈവിദ്ധ്യത തന്റെ വളർച്ചയുടെയും ഘടകമായി അദ്ദേഹം നോക്കിക്കാണുന്നുണ്ടാവും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നേടിയെടുത്ത പലബന്ധങ്ങളും അദ്ദേഹം അതേ രൂപത്തിൽ ഇന്നും കാത്തുസൂക്ഷിക്കുന്നു. എ.കെ. ആന്റണി,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് എന്നിവരുമായുള്ള അടുപ്പം ഇപ്പോഴും കാത്തുസൂക്ഷിക്കുമ്പോഴും എ.കെ. ആന്റണിയുമായുള്ള സൗഹൃദത്തിന് നൂറ് മേനി വിളവാണുള്ളത്. അദ്ദേഹം അമേരിക്കയിലെത്തിയ സമയത്ത് അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ അദ്ദേഹത്തിന് ഒരു സർപ്രൈസായി കൊണ്ടാടുവാൻ സാധിച്ചത് ഒരു അപൂർവ്വതയായിരുന്നു.
ഇതിനെല്ലാം പുറമെ നിറഞ്ഞ ഈശ്വരവിശ്വാസി കൂടിയാണ് സതീശൻ നായർ. അദൃശ്യമായ ഒരു ശക്തിയുടെ കരുതലാണ് ഓരോ വ്യക്തിയുടെയും വളർച്ചയുടെ പിൻബലം. നമ്മൾ ആ ശക്തിയിൽ മുറുക്കി പിടിക്കുക. ഒരിക്കലും ഈശ്വരൻ കൈവിടില്ല..
കുടുംബം, ശക്തി
ജീവിതത്തിന്റെ പച്ചപ്പിൽ സതീശൻ നായർ നിൽക്കുമ്പോൾ ആ പച്ചത്തുരുത്തിന് പിന്തുണ നൽകുന്നത് ഭാര്യ വിജി നായർ (സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നു) , മക്കൾ – വരുൺ നായർ കമ്പ്യൂട്ടർ സയൻസ് ബിരുദം നേടി മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്നു. നിഥിൻ നായർ കോളജ് പഠനത്തിലേക്ക് കടക്കുന്നു. രണ്ട് പേരും കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയവരും, ചിത്രകാരന്മാരുമാണ്.
അതെ സതീശൻ നായർ ഒരു പ്രതിഭയാണ് . ബഹുമുഖ പ്രതിഭ. അറിവിന്റെ കൂട്ടുകാരൻ. ഈ വഴിത്താരയിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാനായതിൽ ഭാഗ്യം. കാരണം ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച അപൂർവ്വ വ്യക്തിത്വത്തിനൊപ്പമുള്ള യാത്രകൾ നമുക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. അദ്ദേഹം ഇനിയും നിരവധി പടവുകൾ നടന്നുകയറട്ടെ. അവ നമുക്കും വരും തലമുറയ്ക്കും വഴിത്താരകളാകട്ടെ. ഈ ജീവിത കഥ ഒരു പാഠപുസ്തകമാവട്ടെ…