കോഴിക്കോട്: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമ നിര്‍മാണം വേണമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന വിഷയമാണ് ഡബ്ല്യൂസിസി കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചത്. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു.
എല്ലാതരത്തിലുമുള്ള തുല്യത ഉറപ്പുവരുത്തുന്നതിനായിട്ടുള്ള സംവിധാനം അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ പൊതുസമൂഹം നല്ല പിന്തുണ നല്‍കണം. ഇന്നും ആ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
‘ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് കമ്മീഷനല്ല. അന്വേഷണ കമ്മീഷന് നിയമപ്രകാരമുള്ള കമ്മീഷനല്ല. കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വയ്ക്കേണ്ടതില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സര്‍ക്കാരാണ് എടുക്കേണ്ടത്. നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.’ വനിതാ കമ്മീഷന് അദ്ധ്യക്ഷ വ്യക്തമാക്കി.
‘നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സമയം നല്‍കിയത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയ്ക്ക് എതിരായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഒരു സംഘടനയാണിത്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏറെക്കാലമായി അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ലെന്ന വിഷമമാണ് അവര്‍ ഞങ്ങളോട് പങ്കുവച്ചത്. സിനിമാ നിര്‍മാണ കമ്പനികള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. സമിതിയുണ്ടാക്കേണ്ടത് നിര്‍മാണ കമ്ബനിയുടെ ചുമതലയാണ്.’ സതീദേവി പറഞ്ഞു.