സീത (കഥ -നാരായണൻ രാമൻ )

sponsored advertisements

sponsored advertisements

sponsored advertisements


2 May 2022

സീത (കഥ -നാരായണൻ രാമൻ )

ഈ വഴി വന്നിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും സീതക്ക് സംശയമൊന്നുമില്ല. ബസ്സിറങ്ങിയാൽ ഇടത്തേക്കുള്ള രണ്ടാമത്തെ ഇടവഴി . അന്നത് ചെമ്മൺ നിരത്തായിരുന്നു. പിന്നീട് കറുത്ത കുപ്പായമണിഞ്ഞ് ഇപ്പോൾ ടൈൽ വിരിച്ചിരിക്കുന്നു. ഇരുവശത്തുമുണ്ടായിരുന്ന വേലികളിൽ പടർന്നു കയറിയ വള്ളിച്ചെടികളും സസ്യജാലവും വിവിധ നിറങ്ങളണിഞ്ഞ മതിലുകൾക്ക് വഴി മാറി. നൂറടി നടന്നാൽ പച്ചച്ചായമടിച്ച , കുറ്റിയിൽ തിരിയുന്ന ആർഭാടമൊന്നുമില്ലാത്ത ഗേറ്റു കടന്ന് സീത കണ്ണുകെട്ടിയാലും കൃത്യമായി ആ വീട്ടുമുറ്റത്ത് ചെന്ന് നിൽക്കും. സീതയുടെ നിശ്വാസവും അവൾ നനച്ചു വളർത്തിയ മുല്ലയുടേയും പനിനീർ പുഷ്പങ്ങളുടേയും സമ്മിശ്ര ഗന്ധമിയന്ന മുറ്റം. പൈപ്പും മോട്ടറുമൊക്കെ വന്നിട്ടും ഒരു പാള വെള്ളം കോരി മുഖം കഴുകി രണ്ടു മൂന്ന് കൈക്കുമ്പിൾ വെള്ളം ഇറങ്ങിയതിന്റെ കുളിര് അന്നനാളത്തിനറ്റം വരെ പടർന്നിറങ്ങുതാസ്വദിച്ചിട്ടേ അവൾ വാതിൽ തുറന്നകത്ത് കയറൂ. അത് അവൾ വീടിനോടൊപ്പം വിലപ്പെട്ടതെല്ലാം പിന്നിലുപേക്ഷിറങ്ങിയ കാലത്തെ വീട്.
പക്ഷെ, പച്ചച്ചായമടിച്ച ഗേറ്റും രണ്ടു മുറിയും ഹാളും അടുക്കളയുമുണ്ടായിരുന്ന സീതയുടെ വീടും അയൽ വക്കങ്ങളിലെ മൂന്നു നാലു വീടുകളും ഒരുമിച്ച് വാങ്ങിയ അട്ടയുടെ കണ്ണു കണ്ട ഏതോ കരാറുകാരനവിടെ അഞ്ച് നിലകളിലായി 20 ഫ്ളാറ്റുകൾ പണിതിരിക്കുന്നു. ഇരുപത് വർഷം മുമ്പ് അതിനുള്ള സമ്മത പത്രവും ഒപ്പിട്ട് കൊടുത്തതിന്റെ പിറ്റേ മാസമാണ് അവളാ പടികളിറങ്ങിയത്. പൊളിച്ചു മാറ്റിയ വീടുകളിലെ താമസക്കാർക്ക് ഫ്ളാറ്റുകൾ നൽകിയിട്ടും മുതലാളിക്ക് ലാഭം തന്നെയാവണം.
ലേശം ആയാസപ്പെട്ട് രണ്ടാം നിലയിലെത്തി എട്ടാം നമ്പർ ഫ്ളാറ്റിന് മുമ്പിൽ നിന്ന് കോളിംഗ് ബെല്ലടിക്കുമ്പോൾ അതുവരെയില്ലാതിരുന്ന ഒരു മൗഢ്യം തന്നെ വന്ന് പൊതിയുന്നതവളറിഞ്ഞു.
“കമിൻ … ”
മുഴക്കമുള്ള അതേ ശബ്ദം വർഷങ്ങൾക്ക്‌ ശേഷം ഇത്രയരികിൽ നിന്ന് കാതിലെത്തിയപ്പോൾ ഉള്ളിലുയർന്ന കുതിപ്പ് ശാസിച്ചടക്കി അവൾ അകത്ത് കടന്നു. ബെഡ്റൂമിലെ കട്ടിലിൽ ഉയർത്തി വച്ച തലയിണകളിൽ ഹാളിലേക്ക് ഉറ്റു നോക്കുന്ന ആ മുഖം.
ഷേവ് ചെയ്യാത്ത വല്ലാതെ നരപടർന്ന മുഖത്തെ തൂങ്ങിയ കവിളുകൾ. പ്രകാശം വറ്റിയ പരീക്ഷീണമായ മിഴികളിൽ അത്ഭുതമാണോ സന്തോഷമാണോ എന്ന് വേർതിരിച്ചറിയാനാത്ത ഭാവം. ഗ്രാമഫോണിൽ നിന്നു തീർന്നൊഴുകി പരക്കുന്ന ഗസലിന്റെ ഈണങ്ങൾ. ഇതിന് മുമ്പ് കണ്ടത് പത്തുവർഷം മുമ്പാണ്. അച്ഛൻ പറന്നകന്ന ദിവസം വന്നെത്തിയ അനേകരിലൊരാളായി .
“സീത ഇരിക്കൂ ”
ചുമരോട് ചേർത്തിട്ടിരുന്ന സിങ്കിൾസെറ്റി ചൂണ്ടിക്കാട്ടിയിട്ട് അയാൾ തുടർന്നു.
“വരുമോന്നെനിക്ക് സംശയമുണ്ടായിരുന്നു ”
സംശയവും തീരുമാനമില്ലായ്മയും പിന്നെ കൂടപ്പിറപ്പാണല്ലോ.
മനസ്സിലുരുവിട്ട് അവളയാളെ നോക്കി. ജന്മങ്ങൾ പിന്നിലേക്ക് വരെ നീളുന്ന ആ കൂർത്ത നോട്ടം നേരിടാനാകാതെ അയാൾ മിഴികൾ ജാലകത്തിനപ്പുറം അടിമുടി പൂവിട്ട് നിൽക്കുന്ന കൊന്നയിലേക്ക് പറിച്ചുനട്ടു.
“തനിച്ചാണോ ?”
ഉത്തരമറിയാമെങ്കിലും സീതയുടെ ചോദ്യം ഉതിർന്നു വീണു.
“ഒരു പയ്യനുണ്ട് , പുറത്ത് പോയിരിക്കുന്നു. അവൻ വന്നാലൊരു കാപ്പി തരാമായിരുന്നു. സീത കാപ്പിക്കാരിയാണല്ലോ ല്ലേ? ”
ചിരി വരുത്താൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുത്ത മുഖത്ത് നിന്നും സീതയുടെ മിഴികൾ പൊടുന്നനെ ജാലക കാഴ്ചകളിലേക്ക് തെന്നിമാറി.
“എന്തിനാണ് വരാൻ പറഞ്ഞത്?”
കണ്ണുകളിൽ ആവുന്നത്ര അപരിചിതത്വം വാരിയണിഞ്ഞ് അവൾ ചോദിച്ചു.
അയാൾ തലയിണയിലേക്ക് പൂർണ്ണമായും ചാരി കഴുത്ത് പിന്നിലേക്ക് വളച്ച് മച്ചിലേക്ക് നോക്കിക്കിടന്നു പറയാൻ തുടങ്ങി.
” സീത ഏതെങ്കിലും വഴിക്കറിഞ്ഞോ എന്നറിയില്ല. എന്റെ ഹൃദയമൊന്ന് പിണങ്ങി. ആഞ്ചിയോ ചെയ്തു. ഡോക്ടേഴ്സ് പറയുന്നത് മൂന്നിലധികം ബ്ളോക്കുകളുണ്ടെന്നാണ്. ലെഫ്റ്റ് കൊറോണറി ആർട്ടറിയിലുമുണ്ടത്രെ. ഒരു ബൈപാസ് കൂടിയേ തീരൂ. ”
പ്രതികരണമറിയാനെന്നോണം അയാൾ അവളെ നോക്കി. ഇക്കുറി ഇരമ്പിയാർത്തു വന്ന തിരമാലകളെ തടയാനവൾ മിനക്കെട്ടില്ല.
“സോ ?
ആശൂപത്രിയിൽ കൂടെ നിൽക്കാനും പിന്നെ പരിചരണത്തിനും പഴയ ഭാര്യയായാൽ നന്നെന്നു തോന്നി. അല്ലേ ?”
അവൾ ഭാവ ദേദമില്ലാതെ ചോദ്യമെറിഞ്ഞു. ക്രൂരമായ സംതൃപ്തിയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
” നോ സീതാ നോ. ”
തീക്ഷ്ണ വേദനയാലെന്നോണം അയാൾ കണ്ണുകളിറുക്കിയടച്ചു. മനസ്സ് വല്ലാതൊന്ന് പിടഞ്ഞിട്ടുണ്ടാവണം.
“അതു ഞാനാഗ്രഹിച്ചില്ല. അത്രക്കുള്ള അർഹതയില്ലെന്ന ബോധം എനിക്ക് ബാക്കിയുണ്ട്. ”
“എന്റെ കുറവുകളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതറിയാവുന്നത് കൊണ്ട് വേറെ തൊഴുത്തന്വേഷിച്ചുമില്ല. എനിക്കിനിയും പ്രസവിക്കാൻ കഴിയുകയുമില്ല. ”
ആത്മരോഷം വെട്ടിത്തിളച്ച് പതഞ്ഞുയർന്ന് ലാവയായി പുറത്തേക്കൊഴുകുന്നത് തടയാനാകാതെ സീത കിതച്ചു. അഞ്ചുവർഷം ഒരുമിച്ച് ജീവിച്ചിട്ടും ഗർഭിണിയാകാത്തതിലുള്ള വീട്ടുകാരുടെ രോഷം. ഏറെ ആഗ്രഹിച്ച് വർഷങ്ങളുടെ പരിശ്രമഫലമായി കിട്ടിയ ജോലി രാജിവച്ച് ചികിൽസിക്കണമെന്ന ആജ്ഞ ധിക്കരിച്ചതിനുള്ള ശിക്ഷ. വീട്ടുകാരും ബന്ധുക്കളും ശാപവാക്കുകളും ഭീഷണിയുമായി വന്നപ്പോഴും ഒരക്ഷരം പറയാത്ത , ചേർത്തുപിടിക്കാത്ത മൂക സാക്ഷിയായി ഈ മനുഷ്യൻ ! തൊണ്ടയിൽ കുരുങ്ങിയ തേങ്ങലോടെ, പക്ഷെ ഉറച്ച കാൽവെപ്പുകളോടെ പടിയിറങ്ങിയ നാൾ മുതൽ എന്നെങ്കിലും ഈ മുഖത്തെറിയാൻ ഉരുവിട്ട് പഠിച്ച കുറേ വാക്കുകളിനിയുമുണ്ട്.
ദുർബ്ബലമായ ഇടം കയ്യുയർത്തി അവളെ തടഞ്ഞ് അയാൾ കിതച്ചു. കുതിച്ചുയരുന്ന ചുമയാൽ ശ്വാസം മുട്ടുന്നതവഗണിച്ച് അയാൾ തുടർന്നു.
“ഒരാളെ എത്ര അടുത്തറിയാമെന്ന് കരുതുമ്പോഴും നമുക്ക് കാണാനാവാത്ത ചില ഇടങ്ങളുണ്ട് സീതേ. നമ്മളിതൊക്കെ പഠിക്കാനേറെ വൈകി. നൗ ഇറ്റീസ് ടൂ ലേറ്റ്. പിന്നേ, എന്റെ ഹോസ്പിറ്റലൈസേഷനും നഴ്സിംഗുമൊക്കെ ! അതൊക്കെ വേണ്ടി വന്നാൽ തന്നെ ആരെങ്കിലുമൊക്കെ ഉണ്ടാവും. ഡോണ്ട് വറി! ”
അയാളുടെ ആർദ്രമായമുഖത്ത് നിസ്സഹായതയിൽ നിന്നുരുത്തിരിയുന്ന ഒരു തരം പുഞ്ചിരി വിടരാനൊരുങ്ങി പാതി വഴി വാടിപ്പോകുന്നതവൾ കണ്ടു. ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ച മനുഷ്യനാണ്. പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കി ഒരുപാട് സ്വപ്നങ്ങൾ പങ്കുവച്ചവനാണ്. ഈ മുഖത്തെ ദൈന്യത കണ്ടു നിൽക്കേ ഉള്ളിലെന്തോ ചോർന്നുപോകുന്നു. ഉരുക്കു പാളികളാൽ ചേർത്തടച്ച മനസ്സിന്റെ വാതിൽ ശാസനകൾ ചെവിക്കൊള്ളാതെ അനായാസം തുറന്നടയുന്നതവളറിയുന്നുണ്ട്.
അർജിത് സിംഗിന്റെ ആർദ്രമായ ശബ്ദത്തിൽ ഗസൽ ഒഴുകിക്കൊണ്ടേയിരുന്നു.
രിസ്തോം കേ സാരേ മൻസർ …
ചുപ് ചാപ് ദേഖ്ത്താ ഹും.
ഉജ്ഡാ ഹുവാ വൊ സൊ ഖർ
ചുപ് ചാപ് ദേഖ്ത്താ ഹും….
അയാൾ ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു. സൈഡ് ടേബിളിൽ നിന്ന് ഒരു ഫോൾഡറെടുത്തു നീട്ടി.
“ഞാൻ വിളിപ്പിച്ചത് ഈ ഡോക്യുമെന്റ്സ് സീതയെ ഏൽപ്പിക്കാനാണ്. ഈ ഫ്ളാറ്റ് സീതയുടെ സിങ്കിൾ ഓണർഷിപ്പിലേക്ക് മാറ്റി. പഴയ വീടിന് സീതയുടെ പങ്കുമുണ്ടല്ലോ. മാത്രമല്ല, ജോയിന്റോണർഷിപ്പാവുമ്പോൾ എന്റെ വീട്ടുകാർ അവകാശം പറഞ്ഞു വന്നെന്നു വരും. ”
ഒന്ന് നിർത്തി അയാൾ തുടർന്നു.
“സീതക്ക് തിരക്കുണ്ടാവുമല്ലേ ? പൊയ്ക്കോളൂ. അവനിങ്ങ് വന്നാൽ ഡ്രോപ് ചെയ്യാൻ പറയാം. അവൻ ഹോം നഴ്സും കുക്കും ഡ്രൈവറുമൊക്കെയാണ്. ത്രീ ഇൻ വൺ ! ”
അയാൾ വീണ്ടും പരാജയപ്പെടുമെന്നുറപ്പുള്ള ചിരി വിടർത്താൻ ശ്രമിച്ചു. പിന്നീട് തലയിണയിലേക്ക് അവശതയോടെ ചാരിയിരുന്നു.
നിറയെ പൂത്ത കൊന്നയെ ചെറുതായി ഊയലാടിച്ച് ഒരു തണുത്തകാറ്റ് സീതയെ തഴുകിയകന്നു പോയി. തന്റെ പോർമുനകളെല്ലാം ഒടിഞ്ഞിരിക്കുന്നു. ഉള്ളിലെ കനലുകളണഞ്ഞ് മനസ്സിന്റെ ആഴങ്ങളിൽ ഉറവ പൊട്ടുന്നതറിയുന്നുണ്ട്. പക്ഷെ ഇത്തവണ അതൊരു അണകെട്ടിത്തടയാനവളൊരുമ്പെട്ടില്ല. അത് മണൽച്ചിറ യാവുമെന്നവൾക്ക് നന്നായറിയാം.
അവൾ സെറ്റിയിൽ നിന്നെഴുന്നേറ്റ് അയാൾക്കരികിലെത്തി. ഫോൾഡർ വാങ്ങി മേശയിൽ തന്നെ തിരിച്ച് നിക്ഷേപിച്ച് ജലമറ തീർത്ത ആ മിഴികളിലേക്കുറ്റു നോക്കി. വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടം. വരണ്ട വിറക്കുന്ന അധരങ്ങൾ. അബോധത്തിലെന്നോണം അവൾ സാരിത്തലപ്പുകൊണ്ടാ വിയർപ്പ് ഒപ്പിയെടുത്തു.
ഗുലാം അലി അപ്പോഴും പാടിക്കൊണ്ടിരുന്നു.
“ചുപ്കേ ചുപ്കേ രാത് ദിൻ
ആംസു ബഹാനാ യാദ് ഹേ…
ഹം കൊ അബ്തക് ആ ഷ്കി കാ
വോ സമാനാ യാദ് ഹേ….
വെൺപട്ടിൽ സ്വർണ്ണ നൂലുകൾ കൊണ്ടുള്ള ചിത്രപ്പണിയിൽ മുഴുകിയ ആകാശമേലാപ്പിനെ മുട്ടിയുരുമ്മുന്ന കടും നീലപ്പ് കലർന്ന പച്ചയുടുത്ത മലനിരകൾ പോക്കുവെയിലേറ്റ് തിളങ്ങുന്നു. ഒഴുകി നീങ്ങുന്ന വെൺ മേഘങ്ങൾ. സുഖകരമായ തണുത്ത കാറ്റും , പ്രശാന്തസുന്ദരമായ പ്രകൃതിയും നൽകുന്ന . ഉണർവ്വ് ചെറുതല്ല. ഇതെല്ലാം സാധ്യമാക്കുന്നത് സീതയുടെ സാന്നിധ്യവും.
തന്റെ ബൈപാസ് സർജറിക്ക്‌ ശേഷമുള്ള ആദ്യ യാത്രയാണ്. ഈ മലയടിവാരത്തിലേ ക്കാവണമതെന്ന നിർദ്ദേശം സീതയുടേതായിരുന്നു. വിവാഹശേഷം ആദ്യയാത്രയും ഇവിടേക്കായിരുന്നല്ലോ. മൂന്നു മാസങ്ങളായുള്ള അലച്ചിലും പരിചരണവും അവളെ നന്നേ തളർത്തിയിട്ടുണ്ട്. മദ്ധ്യവയസ്സിന്റെ സ്വാഭാവിക ആരോഗ്യപ്രശ്നങ്ങൾ അവൾക്കുമുണ്ട്. പരിചാരകനെ പറഞ്ഞ യക്കേണ്ടന്നതും അവളുടെ തീരുമാനമായിരുന്നു.
കൽപ്പടവുകൾ ലേശം ആയാസപ്പെട്ടാണവൾ കയറുന്നത്. എന്നാൽ നോവും പക്ഷികളുടെ ചിറകടി , ഉത്സാഹഭാവം നിലനിർത്താൻ പാടുപെടുന്ന മുഖത്ത് നിഴലിക്കുന്നതറിയാനാവുന്നുണ്ട്.
ഒപ്പമെത്തി ഓരത്തെ വലിയ കരിങ്കല്ലിലിരുന്ന് നര കയറിത്തുടങ്ങിയ മുടിയിഴകൾ മാടിയൊതുക്കി ഇന്ദ്രനീലപ്പുതപ്പണിഞ്ഞ മലനിരകളെ നോക്കി അവൾ പറഞ്ഞു.
“പണ്ട് വന്നപ്പോൾ ഇതിലും ഭംഗീണ്ടാർന്നു ”
ശരിയായിരിക്കാം. അന്ന് കരുത്തുള്ള ശരീരവും മന്മഥനാവേശിച്ച മനസ്സും കാട്ടിത്തരുന്ന കാഴ്ചകളെല്ലാം അതി മനോഹരമായിരുന്നിരിക്കണം.
താഴെ കൽപ്പടികൾ തുടങ്ങുന്നിടത്തെ മൺ നിരത്തിലൂടെ തൊട്ടുരുമ്മിയും തമ്മിൽ ചുറ്റിപ്പിടിച്ചും ഒഴുകി വരുന്ന യുവ മിഥുനങ്ങളെ നോക്കി അയാളിരുന്നു. പെൺകുട്ടി കലപിലാ സംസാരിക്കുന്നുണ്ട്. അവനാകട്ടെ അവളുടെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കി എല്ലാം കേട്ട് തലകുലുക്കുന്നു.
“എന്നാ മുമ്പ് വന്നേ ന്ന് ഓർമ്മേണ്ടോ ?
നേരീയ കിതപ്പ് അവളുടെ ശബ്ദത്തിൽ നിന്നയാൾ ഒപ്പിയെടുത്തു.. ഉയർന്നു താഴുന്ന നെഞ്ചും ശ്വാസഗതിയും തൊട്ടറിഞ്ഞ് അയാൾ കുറ്റബോധത്തിന്റെ വാൽമീകത്തിലൊളിച്ചു.
അയാൾ പറയാൻ വന്ന വാക്കുകളെ തൊണ്ടയിൽ കുരുക്കിയിട്ട് അവൾക്കരിക്കിലിരുന്ന് കരങ്ങൾ കവർന്നു.
” അന്നിത്ര തണുപ്പുണ്ടാർന്നില്ലല്ലേ ”
സ്വെറ്ററിന് മേൽ കഴുത്തും സാരിത്തലപ്പുകൊണ്ട് പൊതിഞ്ഞ് അവൾ പറഞ്ഞു.
യുവമിഥുനങ്ങൾ അവർക്കരികിലെത്തി. അവനിപ്പോഴവളെ പൊതിഞ്ഞു പിടിച്ചിട്ടില്ല. അപരിചിതരുടെ സാന്നിദ്ധ്യമറിഞ്ഞ് അവളും സങ്കോചത്തോടെ തെല്ലകന്നു നിൽക്കുകയാണ്.
“ഗുഡ് ഈവനിംഗ് ആന്റി ”
ചടുല മിഴികൾ കൊണ്ടൊന്നുഴിഞ്ഞ് നവവധു അഭിവാദ്യം ചെയ്തു. അവളാകട്ടെ പെൺകുട്ടിയുടെ കരം കവർന്ന് ഹൃദ്യമായി ചിരിച്ചു. ചിരിക്കുമ്പോഴുള്ള മിഴികളിലെ തിളക്കവും കവിളുകളിലെ അരുണിമയും അൻപതുകളുടെ ആദ്യ പാദത്തിലും മാഞ്ഞിട്ടില്ലെന്നയാൾ കണ്ടെടുത്തു.
കുട്ടികൾ വളവ് തിരിഞ്ഞ് മറയുന്നത് അയാൾ നോക്കി നിന്നു. അവളുടെ മാന്തളിർ പോലുള്ള കരങ്ങൾ വീണ്ടുമവന്റെ അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞിരിക്കുന്നു. അവനാകട്ടെ ഉറപ്പിനെന്നോണം അവളെ ഇടം കയ്യാൽ ചേർത്ത് പിടിച്ചിട്ടുണ്ട്.
തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ മുതൽ അവളെടുത്തണിഞ്ഞ മൗനം അവർക്കിടയിലൊരു നിശ്ചല തടാകമായി മാറിയിരുന്നു. അയാൾ പറഞ്ഞു.
“ഇരുപത്തിരണ്ട് വർഷങ്ങൾ സീതേ”
എന്തെന്ന് തിരിയാതെ പുരികക്കൊടികൾ ഇന്ദ്രധനുസ്സുകളാക്കി അവളയാളെ നോക്കി.
” സീത ചോദിച്ചില്ലേ? മുമ്പ് നമ്മൾ അവിടെ പോയതെന്നാണെന്ന് ? അയാൾ ചോദിച്ചു.
” ഇരുപത്തിരണ്ട് വർഷം !! അവൾ ഉരുവിട്ടു കൊണ്ടിരുന്നു. ഇരുപത്തിരണ്ട് വർഷം !
അയാൾക്ക് കടുത്ത ആത്മനിന്ദ തോന്നി. ഈ വാക്കുകൾക്ക് മുന്നിൽ നിഷ് പ്രഭമാകുന്ന അരനൂറ്റാണ്ടിലധികം കാലത്തെ തന്റെ ജീവിതം. കാൽച്ചുവട്ടിലെ ഇരുട്ടകറ്റാനാവാതെ ചുറ്റും പ്രകാശം പരത്തി ഉരുകിത്തീർന്ന മെഴുകു തിരി. വേണ്ടത് വേണ്ടപ്പോൾ പറയാനും ചെയ്യാനുമാകാതെ മൗഢ്യം പൂണ്ട് എന്തിനെന്നറിയാതെ ആഹൂതി ചെയ്യപ്പെട്ട രണ്ടു ജീവിതങ്ങൾ. തന്റെ നിഷ്ക്രിയത്വം മൂലം അവളേറ്റുവാങ്ങിയ 20 വർഷം നീണ്ട ഒറ്റപ്പെടൽ. അയാളവളെ സാകൂതം നോക്കിയിരുന്നു.
പ്രിയപ്പെട്ടവളേ നമ്മളെങ്ങിനെയാണ് പുണർന്നൊന്നായിരുന്നത് ?
ആരുമൊരു ആലിംഗനം കൊതിക്കുന്ന നിന്റെ പേലവ കരവലയത്തിലമർന്ന് ?
ഇടം കയ്യിലമർന്ന മേനി നേഞ്ചോട് ചേർത്ത് മുടിയിഴകൾ മാടിയൊതുക്കി കാതിൽ തേൻമഴ പെയ്യിച്ച് ?
മടിയിലേക്ക് ശിരസ്സ് ചായ്ച്ച് നിന്റെ ഇടംകൈ നെഞ്ചോട് ചേർത്ത് ?
മുഖത്തോട് മുഖം ചേർത്ത് മുലപ്പാൽ ഗന്ധമുള്ള നിന്റെ നിശ്വാസമേറ്റ്?
എങ്ങനെയായിരുന്ന് നമ്മളവസാനം ആലിംഗനബദ്ധരായത്?
അയാളുടെ ശിരസ്സ് കുറ്റബോധം കലർന്ന ചിന്താഭാരത്താൽ കുനിഞ്ഞിരുന്നു.
അയാളുടെ നരച്ച മുടിയിഴകളിൽ മുഖമമർത്തി കുഞ്ഞിനെയെന്നോണം നെഞ്ചോട് ചേർക്കാനൊരു നിമിഷം കുതിച്ച മനസ്സിനെ ശാസിച്ച് വരുതിയിലാക്കി സീത അയാൾക്കഭിമു ഖമായി കസേരയിലിരുന്നു. ആദ്യമായി ഇവിടെ വന്നപ്പോഴിരുന്ന അതേ കസേരയിൽ.
ദിവസങ്ങളായി വെട്ടിയും തിരുത്തിയും കൂട്ടിചേർത്തും മനസ്സിൽ കുറിച്ച വാക്കുകൾ പതഞ്ഞൊഴുകിയുയരുന്ന വികാരത്തിരകൾ മായ്ച്ചുകളയാനനുവദിക്കാതെ അവൾ പറയാൻ തുടങ്ങി.
“ഞാനിറങ്ങുന്നു വിനോദ്. വിനോദിനൊരു താങ്ങാവശ്യമുള്ള സമയത്ത് വന്നു. അത് കഴിഞ്ഞു. ഇനി എന്റെ ആവശ്യം ഇവിടെയില്ല ”
സ്തബ്ധനായി തന്നെ നോക്കുന്ന അയാളുടെ മിഴികളിൽ തറച്ച് നോക്കി അവൾ തുടർന്നു.
“എനിക്കെന്റെ മനസ്സാക്ഷിയോട് ഉത്തരം പറയേണ്ടതുണ്ട് വിനോദ്. ഇരുപത് കൊല്ലം മുമ്പ് ഒരു പിൻ വിളിയാഗ്രഹിച്ച മനസ്സ് കുറേയേറെക്കാലം ഞാൻ സൂക്ഷിച്ചിരുന്നു. അതുണ്ടാവില്ലെന്നുറപ്പായപ്പോൾ ഞാനത് ഏറെ പണിപ്പെട്ടാണെങ്കിലും മായ്ച്ചു കളഞ്ഞു. പിന്നെയെന്തിനിപ്പോഴെന്ന ചോദ്യമെനിക്ക് വായിക്കാനാവുന്നുണ്ട്. അഞ്ചു വർഷം ഞാനനുഭവിച്ച സ്നേഹത്തിന്റെ , സുരക്ഷിതത്വത്തിന്റെ കടപ്പാടെന്ന് കരുതിയാൽ മതി. ഒന്നോർക്കണം. ഞാൻ ദമയന്തിയല്ല, സീതയാണ്. ”
വിഹ്വല ദൃഷ്ടികളോടെ എന്തോ പറയാനൊരുങ്ങുന്ന അയാളെ വലംകയ്യുയർത്തി നിശബ്ദനാക്കി അവൾ തുടർന്നു.
“വിനോദ് തന്ന ഓണർഷിപ്പ് ഡോക്യുമെന്റ്സ് ഒന്നും എനിക്കാവശ്യമില്ല. ഇരുപത്തഞ്ച് വർഷം മുമ്പ് വിനോദിനൊപ്പം ഇറങ്ങി വന്ന വീട് എന്നെ കാത്തിരിക്കുന്നുണ്ട്. മരുന്നുകളല്ലാം മേശവലിപ്പിലുണ്ട്. കൃത്യമായി കഴിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ഇനിയും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കരുത്”
സീത നിറച്ചു വച്ച ബാഗെടുത്ത് തിരിഞ്ഞൊന്ന് നോക്കാതിരിക്കാൻ ശ്രദ്ധിച്ച് വാതിൽക്കലേക്ക് നടന്നു. പകച്ചു നിൽക്കുന്ന പരിചാരകന്റെ ചുമലിലൊന്ന് തട്ടി, വാതിൽ ചാരി. പടികളിറങ്ങി , തറയോട് പാകിയ വിശാലമായ മുറ്റം പിന്നിട്ട്, ഗേറ്റ് കടന്ന് വിജനമായ നിരത്തിലേക്ക്.
ഫ്ളാറ്റിൽ നിന്ന് തെക്കൻ കാറ്റിന്റെ കൈപിടിച്ച് ഗസലിന്റെ ദുർബ്ബലമായ വീചികൾ അവളെ പിന്തുടർന്നു.
രിസ്തോം കേ സാരേ മൻസർ …
ചുപ് ചാപ് ദേഖ്ത്താ ഹും.
ഉജ്ഡാ ഹുവാ വൊ സൊ ഖർ
ചുപ് ചാപ് ദേഖ്ത്താ ഹും….

നാരായണൻ രാമൻ