സീതായനം ( കവിത-ദർശന )

sponsored advertisements

sponsored advertisements

sponsored advertisements

17 April 2022

സീതായനം ( കവിത-ദർശന )

രുകിതിളയ്ക്കുന്ന രാവുകളിൽ
ഉടലൂരിയെറിഞ്ഞ് നിർമുക്തയായി,
ജാലകപ്പാളികളിൽ മുട്ടിവിളിക്കുന്ന
ലതാനികുഞ്ജങ്ങളിലേക്ക്
പതിയെ വഴുതിയിറങ്ങി കാടകങ്ങൾ
പൂകാറുണ്ടവൾ

ഇലപ്പച്ചകളുടെ കുളിരിലമർന്ന്,
പുൽമേടുകൾ കീഴടക്കേ,
ഉറക്കെ ഒച്ചവെക്കുന്ന അവൾക്കൊപ്പം
തരുനിരകൾ പൊട്ടിച്ചിരിക്കും
ഗിരികന്ദരങ്ങൾ മറുമൊഴി ചൊല്ലും
താഴ്‌വരകൾ ആലസ്യത്തിൽ നിന്നുണരും .

ഇരുളാഴങ്ങളിലെ
മരതകപ്പച്ചകളിൽ തിളങ്ങുന്ന
പ്രണയകടക്ഷങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന
അവളെ കാട് പൊതിഞ്ഞുപിടിക്കും
അവളപ്പോൾ ഇലപ്പച്ചകളിൽ
പ്രണയലേഖനങ്ങൾ എഴുതും.

ആയിരം വർണ്ണങ്ങളെയാവാഹിച്ച്
ആഭിചാരത്താൽ വസന്തം സൃഷ്ടിക്കും.
നീരൊഴുക്കിലേയ്ക്ക് അർപ്പിക്കുന്ന
പൂക്കൾക്കൊപ്പം ഉന്മാദിനിയായി
വെൺനുരകളെപ്പോൽ
ചിരിച്ചു
തെന്നിതെന്നി ഒഴുകും.
പിന്നെ പൂവരശ്ശിൻ്റെ വേരുകളിൽ
തങ്ങിനിന്നു കിതപ്പാറ്റും.

അന്നേരം ഒരു കാറ്റവളെ നെഞ്ചിലൊതുക്കി
വിണ്ണിലേക്ക് ഉയർത്തും.
ഒരു നക്ഷത്രം താണിറങ്ങിവന്നു
അരുമയോടെ ചുംബിക്കും .

അന്യമായ വനസ്ഥലികൾ തിരഞ്ഞ് ഭയലേശമന്യെ
ഒഴുകി നീങ്ങുമ്പോൾ
അവൾക്കൊപ്പമൊരു പൂവാക
നൃത്തം ചെയ്യാറുണ്ട് .
അതുകണ്ട് വനശൃംഗങ്ങളിൽ
ഒരാൺമയിൽ
പീലി വിടർത്താറുണ്ട്.
ഒരു കാട്ടാറവളെ വീണ്ടും പുൽകാൻ
കൈകൾ നീട്ടും
ഹതാശനാകുന്ന അവനെ നോക്കിച്ചിരിക്കുന്ന
കൈതോലക്കാട്ടിലേക്ക് വെള്ളം തെറ്റിച്ച്,
ഇരുളിൽ പിടയ്ക്കുന്ന മാൻമിഴിയിണകളിൽ
കുരുങ്ങി നിശ്ചയമായും അവളൊരു
അശോകവനികയിലെത്തും

പ്രണയപരവശനായ ദശമുഖനെ
കണ്ട് പതിവ്രതയായ സീതയായി സ്വയമറിയും .
അവളുടെ സ്പർശത്താൽ രക്തവർണ്ണത്തിൽ
പൂത്തുലയുന്ന അശോക വൃക്ഷച്ചുവട്ടിൽ
ധ്യാനനിരതയാകും.
ധ്യാനത്തിൻ്റെ തീവ്രതയിൽ ലങ്കാദേവി
അഗ്നിപ്രവേശം ചെയ്യും .

ഉറക്കമറ്റുപോയ രാമനപ്പോൾ
കാടകങ്ങളിൽ അവളെ തിരയുകയാവും.
അവൾ പെയ്തിറങ്ങുന്നതും കാത്ത്
ഭൂമിയുടെ ഹൃദയം പിടയ്ക്കുന്നുണ്ടാകും

ദർശന