ആരും പാർക്കാത്ത ഞങ്ങളുടെ വീട്ടിൽ (സെറീന)

sponsored advertisements

sponsored advertisements

sponsored advertisements

3 July 2022

ആരും പാർക്കാത്ത ഞങ്ങളുടെ വീട്ടിൽ (സെറീന)

സെറീന

നമ്മളെ കുറിച്ചു അപവാദങ്ങൾ പറയുന്ന
ആ മനുഷ്യനുണ്ടല്ലോ
അയാൾ മെനയുന്ന കഥയിൽ
നമ്മൾ പതിവായി കണ്ടുമുട്ടുന്ന
ഒരിടമുണ്ടല്ലോ നഗരത്തിൽ.

ഞാനിപ്പോൾ അവിടെയാണ്,

പണി തീരാതെ ഉപേക്ഷിക്കപ്പെട്ട,
പുല്ലും പായലും പൊതിഞ്ഞ
ഒരു ഫ്ളാറ്റിന് താഴെ.
ഒരു കാലത്ത് കുട്ടികൾ ഓടിക്കളിക്കുമെന്നും
ഊഞ്ഞാലാടുമെന്നും
വിചാരിച്ചു പണിത,
പൂന്തോട്ടമാവാതെ പോയ മുറ്റത്ത്‌.

ആളുകൾ കാറിലും കാൽനടയായും
കടന്നു പോകുമെന്നു വിചാരിച്ചു തീർത്ത
നടപ്പാതകളിൽ ഞാൻ തനിച്ച് നടന്നു.

അയാളുടെ കഥയിൽ
ആ തുരുമ്പെടുത്ത
ബെഞ്ചിലായിരിക്കണം
നമ്മളിരുന്നത്.
കഥയിലെങ്കിലും നമ്മളിരുന്ന,
തൊട്ടു തൊട്ടു നടന്ന മുറ്റം.

ആ നുണക്കഥയിലെ നമ്മളെ
ഓർത്തിരിക്കുമ്പോൾ എനിക്കയാളോട്,
ആ പരദൂഷണക്കാരനോട്
വല്ലാത്ത സ്നേഹം തോന്നി.
നമ്മളുണ്ടല്ലോയെന്നു തോന്നി.

പെട്ടെന്ന്,
ഉപേക്ഷിക്കപ്പെട്ട ആ കൂറ്റൻ കെട്ടിടത്തിന്റെ
ഏതോ നിലയിൽ നിന്ന്
ഒരു കുക്കറിന്റെ വിസിൽ മുഴങ്ങി.
അതാവർത്തിച്ചു കൊണ്ടിരിക്കെ
ഇറച്ചി വേവാൻ വെച്ച്
നീ ഉറങ്ങിപ്പോയിരിക്കു മെന്നോർത്ത്
ഞാൻ വേഗം കൈവരികളില്ലാത്ത
അതിന്റെ പടികൾ കയറാൻ തുടങ്ങി..