ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

11 April 2022

ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് പുതിയ പ്രധാനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍നിന്ന് രാജിവെച്ചു. ‘കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനാവില്ലെ’ന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്റെ രാജി. പുതിയ പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമര്‍ശം. അഴിമതിക്കാരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

അതിനിടെ, ഷഹബാസ് ഷെരീഫിന്റെയും മകന്‍ ഹംസ ഷഹബാസിന്റെയും സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യം ഏപ്രില്‍ 27 വരെ നീട്ടി കോടതി ഉത്തരവിട്ടു.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയസഭ പിരിച്ചുവിടുകയുംചെയ്തു.

ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസപ്രമേയം പാസായി, അധികാരം നഷ്ടപ്പെട്ട് പുറത്തുപോയ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിദേശ ഗൂഢാലോചന ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരുന്നു. അമേരിക്കയെ പേരെടുത്ത് പറയാതെ വിദേശ ശക്തിയുടെ ഗൂഢാലോചനയ്ക്ക് പ്രതിപക്ഷം കൂട്ട് നില്‍ക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ ആദ്യ ഘട്ടം മുതല്‍ ആരോപിച്ചിരുന്നു.

1947-ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചിരുന്നു.