ചിക്കാഗോ: എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ ഷാജന് ആനിത്തോട്ടത്തിന് ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ആദരം. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ദൗത്യ നിര്‍വ്വഹണത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്ക്കുവേണ്ടി അന്തര്‍ദേശീയ പ്രസിഡന്റ് ഡഗ്ലസ് അലക്സാണ്ടര്‍ ഏര്‍പ്പെടുത്തിയ ‘സര്‍വ്വീസ് ഫ്രം ദ ഹാര്‍ട്ട്’ (Service from the heart) അവാര്‍ഡാണ് ഷാജന് ആനിത്തോട്ടം കരസ്ഥമാക്കിയത്. കോവിഡ്കാലത്തെ മികവുറ്റ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. കഴിഞ്ഞ മാസം വെര്‍ണോണ്‍ ഹില്‍സില്‍ വച്ച് നടന്ന ലയണ്‍സ് ഡിസ്ട്രിക്ട് കണ്‍വെന്‍ഷന്റെ മുഖ്യാതിഥി, കെന്റക്കി സുപ്രീം കോടതി ജഡ്ജിയും ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടറുമായ ക്രിസ്റ്റഫര്‍ ഷീ നിക്കല്‍ അവാര്‍ഡ് സമ്മാനിച്ചു.
സ്കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റായ ഷാജന് ആനിത്തോട്ടം ഇപ്പോള്‍ സംഘടനയുടെ സോണ്‍ ചെയര്മാന് എന്ന ചുമതലയും നിര്‍വ്വഹിക്കുന്നു. സ്കോക്കി വില്ലേജ് ഫാമിലി സര്‍വ്വീസ് കമ്മീഷന് വൈസ് ചെയര്മാന് കൂടിയാണ്. ഡിസ്ട്രിക്ട് 69 സ്കൂള്‍ ബോര്‍ഡ് മെമ്പര്‍, ഐ.എം.എ., ലാന എന്നീ സംഘടനകളുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എം.എ. (പാലാ സെന്റ് തോമസ് കോളജ്), എം.ഫില്‍. (പോണ്ടിച്ചേരി സെന്റട്രല്‍ യൂണിവേഴ്സിറ്റി), ബി.എഡ്. (മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ്), എം.എസ്. ഡബ്ല്യൂ. (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി, ചിക്കാഗോ) ബിരുദധാരിയാണ്. ഇപ്പോള്‍ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റി(ചിക്കാഗോ)യില്‍ പി.എച്ച്.ഡി. പഠനം നടത്തുന്നു. അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് അഞ്ച് വര്‍ഷം കേന്ദ്രീയ വിദ്യാലയ അധ്യാപകനായിരുന്നു. ഹിച്ച്ഹൈക്കര്‍ (കഥകള്‍), പൊലിക്കറ്റ (കവിതകള്‍), ഒറ്റപ്പയറ്റ് (ലേഖന സമാഹാരം), പകര്‍ന്നാട്ടം (നോവല്‍) എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
