അഡ്വ: ഷാജി മാത്യു,ടെക്സാസ്
എറണാകുളം ലോ കോളേജിൽ അഡ്മിഷൻ കിട്ടിയ അന്നു ഒരു ആവേശമായിരുന്നു . കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കി, എത്രയും വേഗം ലോയർ ആയി എൻഡ്രോൾ ചെയ്തു ,കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും തീർപ്പാക്കണം. പവർ പൊളിറ്റിക്സ്, അക്കാഡമിക് അച്ചീവേമെന്റ് എന്തിന് ക്രിമിനൽ ആക്ടിവിറ്റീസ് വരെ എങ്ങനെ സ്റ്റാർട്ട് ചെയ്യുന്നു എന്ന് പഠിക്കുന്ന പഠന കേന്ദ്രം. അക്ഷരങ്ങൾ സ്ഫുടമായി പറയുന്ന കാലഘട്ടം ആയിരുന്നു അന്ന്. ലോ കോളേജ് എന്നതിന് പകരം “ലാ കോളേജ്” എന്നിരുന്നാണ് മെയിൻ ഗേറ്റിൽ എഴുതി വെച്ചിരുന്നത്. കാരണം ലോ എന്ന് വായിക്കണമെങ്കിൽ ഇംഗ്ലീഷിൽ “L O W “, എന്നുവേണം.
എൻറെ സുഹൃത്ത് ബാലചന്ദ്രന് സ്വതസിദ്ധമായ ഒരു ശൈലിയുണ്ട്. ബാലന്റെ ശൈലി അറിയില്ലെങ്കിൽ ചിലപ്പോൾ ബാലൻ തമാശ ആണോ പറയുന്നത് കാര്യമാണോ പറയുന്നത് എന്ന് കൺഫ്യൂസ്ഡ് ആകും. എൻറോൾമെൻറ് കഴിഞ്ഞ് ഞങ്ങൾക്ക് മനസ്സിലായി ഈ രാജ്യം നന്നാക്കാൻ അത്ര എളുപ്പമല്ലെന്ന്. ഓരോ പോസ്റ്റ് കുറ്റിക്കും ഒരു വക്കീൽ എന്നാ കണക്കിൽ വക്കീലന്മാർ. അതിനാൽ ഒരു സ്ഥിര ജോലി ആയിരിക്കും ഭാവി സുരക്ഷിതമെന്ന് കണ്ട് ഞങ്ങൾ രണ്ടുപേരും ബാങ്കിൽ, ലീഗൽ അഡ്വൈസേഴ്സ് ആയി. ഫ്രഷ് ഗ്രാജുവേറ്റ് അഥവാ ജൂനിയേഴ്സിനെ ഇത്ര മേൽ ഡിസ്ക്രിമിനേറ്റ് ചെയ്യുന്ന വേറൊരു ഫീൽഡ് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. സീനിയർ വക്കീലിന്റെ ഫയൽ ഓർഗനൈസ് ചെയ്യുക, അവരുടെ അപ്പോയിൻമെന്റ്സ് കറക്റ്റ് ആക്കി കൊണ്ട് നടക്കുക ഇതെല്ലാം ഞങ്ങളുടെ ഉത്തരവാദിത്വം.
അന്നൊരു ദിവസം ബാങ്കിൻറെ പ്രമാതമായ ഒരു കേസ് ഉണ്ടായിരുന്നു. സീനിയർ വക്കീൽ ഹാജരായെ പറ്റൂ, പക്ഷേ അദ്ദേഹത്തിന് വേറെ ഒരു ഇംപോർട്ടന്റ് അപ്പോയിൻമെന്റ് ഉണ്ട്. സീനിയർ വക്കീൽ, ബാലൻ വക്കീലിനോട് പറഞ്ഞു കോർട്ടിൽ പോവുകയും നമ്മുടെ കേസ് വിളിക്കുമ്പോൾ പാസ് ഓവർ റിക്വസ്റ്റ് ചെയ്ത് , സീനിയർ വക്കീലിനെ വെയിറ്റ് ചെയ്യണം എന്നു പറഞ്ഞു. കോർട്ടിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു. ഏതാണ്ട് ഉച്ചയോടെ എടുത്തപ്പോൾ കേസ് വിളിച്ചു. ഈ സമയം സീനിയർ കൗൺസിൽ അവിടെ എത്തിയിരുന്നത് ബാലൻ വക്കീൽ കണ്ടില്ല.
ഉടനെ ബാലൻ വക്കീൽ എഴുന്നേറ്റു നിന്ന്, “യുവർ ഓണർ അവർ സീനിയർ കൗൺസിൽ അപ്പിയറിങ് ആൻ ഇംപോർട്ടൻസ് കേസ് അറ്റ് ലോവർ കോർട്ട് പ്ലീസ് പാസ്സ് ഓവർ. സീനിയർ വക്കീൽ പറഞ്ഞു “യുവർ ഓണർ ഐ ആം അപ്പീയറിംഗ് ദി കേസ്”. ബാലൻ വക്കീല് തിരിഞ്ഞു നോക്കിയപ്പോൾ സീനിയർ വക്കീൽ പുറകിൽത്തെ ബെഞ്ചിൽ നിന്നും മുന്നിലേക്ക് വരുന്നു. സ്വതസിദ്ധമായ ചെറുപുഞ്ചിയോട് കൂടി ബാലൻ വക്കീൽ പറഞ്ഞു, “യുവർ ഓണർ സിൻസ് സീനിയർ കൗൺസിൽ ഈസ് അപ്പീയറിംഗ് ദി കേസ്, അയാം ഡീസപ്പീറിങ് “.
