തൃശൂർ പൂരം ; “ഷി പൂരം” (ശ്രീജ രാമൻ )

sponsored advertisements

sponsored advertisements

sponsored advertisements

9 May 2022

തൃശൂർ പൂരം ; “ഷി പൂരം” (ശ്രീജ രാമൻ )

“പുരുഷന്മാരെ പാപികളാക്കാൻ ദൈവം കരുതിക്കൂട്ടി പെണ്ണിനെ സൃഷ്ടിച്ചു…. അവളെ പളുങ്കുപാത്രം പോലെ പൊതിഞ്ഞുകൊണ്ടു നടക്കാൻ പുരുഷനെ ഏൽപ്പിച്ചു.”
എന്നൊക്കെ വിശ്വസിക്കുന്ന ആങ്ങളമാരും കാർന്നോമ്മാരും കാരണം മ്മ്‌ടെ പെണ്ണുങ്ങളെയൊക്കെ ആനപ്പുറത്ത് കയറ്റി വയ്‌ക്കേണ്ടി വന്നു.
താഴത്തിറങ്ങിയാൽ അപ്പൊ കിട്ടും തോണ്ടലും മാന്തലും. എങ്ങാനും തലവെട്ടം കണ്ടാൽ “കേറിപ്പോടീ..” എന്ന ആട്ടു കേൾക്കാം. എന്നിട്ടും കേറിപ്പോവാത്തവർക്കുള്ളതാകുന്നു അരുത് കളുടെ നീ……..ണ്ട ഇണ്ടാസുകളും അപവാദങ്ങളുടെ ഇരുട്ടടികളും.
ഈ ആചാരങ്ങൾ തലമുറകളിലൂടെ, അത്യാവശ്യം updating ഒക്കെയായി കൈമാറ്റം ചെയ്യപ്പെടുന്നത് കാണാം. തിരക്കുള്ള ഇടങ്ങളിൽ സ്ത്രീ ശരീരം എന്നത്, കൈവയ്ക്കാൻ ഉള്ള “മുതല്” മാത്രമായി പലരും കാണുകയാണ്. ബസിലും ട്രെയിനിലും മാർക്കറ്റിലും ഫുട്പാത്തിലും സിനിമാ തിയറ്ററിലും ഉത്സവപറമ്പുകളിലും ഭേദമില്ലാതെ.
പറഞ്ഞു വരുന്നത് പൂരപ്പറമ്പിലെ പുരുഷാരത്തെ കുറിച്ചാണ്.
കുടമാറ്റത്തിന്റെ ഫോട്ടോകളെങ്കിലും കണ്ടവർക്കറിയാം ആ പുരുഷാരത്തിനുള്ളിൽ ഒരു പെണ്ണ് വന്ന് പെട്ടാൽ പിന്നെന്തുണ്ടാവും എന്ന്.
അവിടെ നിന്നുകൊണ്ട് ഒരു പെണ്ണിന് ആണിനെപ്പോലെ സ്വയം മറന്ന് മേളത്തിൽ അലിയുക എന്നത് സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യമാണ്. “കാന്താ ഞാനും പോരാം..” എന്ന് പറയാൻ പലരും ഒന്ന് ശങ്കിക്കും.
അതുകൊണ്ട് “സ്ത്രീവിരുദ്ധമായ ആഘോഷം” എന്ന സർട്ടിഫിക്കറ്റ് പൂരത്തിന് അടിച്ചു കിട്ടിയിട്ടുണ്ട്. ആയതിനാൽ പൂരമേ വേണ്ട എന്ന നിലപാടിലേക്ക് സ്ത്രീപക്ഷവാദികൾ ചാഞ്ഞിട്ടുമുണ്ട്.
എന്നാൽ, എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ഒറ്റ സൊല്യൂഷനിൽ നിന്നും മാറി, “പൂരം കണ്ടില്ലെങ്കിൽ മരിക്കോ” എന്ന absurd ചോദ്യങ്ങളിൽ നിന്ന് മാറി, പൂരത്തെ എങ്ങനെ സ്ത്രീ സൗഹൃദമാക്കാം എന്ന് ആദ്യമായി സീരിയസ് ആയി ചിന്തിച്ചത്, അതേക്കുറിച്ചുള്ള ഒരു ഔദ്യോഗിക ചർച്ചക്ക് ഒരുമ്പെട്ടിറങ്ങിയത് തൃശൂർ കാരിയായ ഒരു സ്ത്രീ തന്നെയാണ്. “പൂരം എന്ന മഹാവിസ്മയം ലോകം മുഴുവനും കാണണം” എന്ന് റസൂൽ പൂക്കുട്ടി ലൗഡ്സ്പീക്കർ വച്ചു പറഞ്ഞപ്പോൾ പോലും “ഉവ്വാ..” എന്ന് തല വെട്ടിച്ചു കടന്നുപോയ തൃശ്ശൂർകാരികൾക്കിടയിൽ നിന്നൊരു സ്ത്രീ.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ തൃശ്ശൂർ കോർപ്പറേഷൻ കൗണ്സിൽ ഹാളിൽ കഴിഞ്ഞ ഏപ്രിൽ 23 ന് കൂടിയ ഉന്നതതല യോഗത്തിലാണ് ആതിര എന്ന തൃശൂർകാരി ആദ്യമായി ഈ വിഷയം ഉയർത്തിയത്. ശബരിമലയിൽ മാത്രം പോരാ ടൂറിസം പ്രൊമോഷൻ ചാർട്ടിൽ ആദ്യ പേരായി വരുന്ന തൃശ്ശൂർ പൂരത്തിലും വേണമല്ലോ ലിംഗസമത്വം.
തൃശൂർ എം പി ടി എൻ പ്രതാപൻ, എം എൽ എ ബാലചന്ദ്രൻ, മേയർ വർഗീസ്, ജില്ലാ കളക്ടർ ഹരിത, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, പോലീസ് മേധാവികൾ, ദേവസ്വം അധികൃതർ തുടങ്ങിയവർ പങ്കെടുത്ത ആലോചനാ യോഗത്തിൽ, ആതിര ഈ വിഷയം ചർച്ചക്ക് വച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായി നിൽക്കാൻ പ്രത്യേകം സ്ഥലം ഒരുക്കണം, കൂടുതൽ വനിതാപോലീസിനെ നിയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു. ശേഷം ആതിര നടത്തിയ ഓഫീസ് ടു ഓഫീസ് ഓട്ടങ്ങളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് വിശദമായ റിപ്പോർട്ട് കൊടുത്തിരുന്നു.
“ഓ.. ഒന്നും നടക്കില്ലെന്നെ…” എന്ന് നെഗറ്റീവ് അടിച്ചിരുന്ന ഞാനടക്കമുള്ള തൃശൂക്കാരികളെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ആതിര തന്റെ ആവശ്യങ്ങളും നിർദ്ദേശങ്ങളും സർക്കാരിലേക്ക് എത്തിക്കുകയും ഇന്നലെ അതിൽ പോസിറ്റീവ് ആയ തീരുമാനം ഉണ്ടാവുകയും ചെയ്തു.
അതനുസരിച്ച്, പൂരപ്പറമ്പിലെ പോലിസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി പ്രത്യേക പ്രദേശം വേലി കെട്ടിത്തിരിച്ചിട്ടുണ്ട് സ്ത്രീകൾക്ക് മാത്രമായി..സിസിടിവി ക്യാമറ കളുടെ എണ്ണം, വനിതാ പോലീസിന്റെ എണ്ണം എല്ലാം കൂട്ടി. പുതിയ ഹെൽപ് ലൈൻ നമ്പറുകൾ, അഞ്ച് സംഘം വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിംഗ്, ഷി ടാക്സികൾ, വിവിധ പോയിന്റുകളിൽ പോലീസ് കിയോസ്കുകൾ.. അങ്ങനെ മൊത്തം മാറ്റങ്ങളോടെയാണ് ഇത്തവണ തൃശ്ശൂർ പൂരം. ഇതിന് പുറമെ ആതിരയുടെ നേതൃത്വത്തിൽ #അപരാജിത എന്ന ഒരു സ്ത്രീ കൂട്ടായ്മ വളണ്ടിയര്മാരായി പൂരപ്പറമ്പിൽ ഉണ്ടായിരിക്കും.
ചരിത്രത്തിൽ ആദ്യമായി പൂരം വെടിക്കെട്ടിന്റെ ചുമതല ഏറ്റെടുക്കുന്ന ഷീന എന്ന സ്ത്രീയിലൂടെ, പൂരപ്പറമ്പ് സ്ത്രീ സൗഹൃദമാക്കാൻ മിനക്കെട്ടിറങ്ങിയ ആതിര എന്ന സ്ത്രീയിലൂടെ, ഈ തൃശൂർ പൂരം അങ്ങനെ സ്ത്രീ വിരുദ്ധമെന്ന ചീത്തപ്പേര് മാറ്റി “ഷി പൂരം” ആയി മാറുന്ന കാഴ്ചക്കായി കട്ട വെയ്റ്റിങ്.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്നാണ്. മഴയെ തടുക്കാൻ പറ്റുമോ ആവോ..

ചിത്രത്തിൽ ആതിരയും ഷീനയും